ശബരിമല: ശ്രീകോവിലിന് മുന്നില്‍ നിറകണ്ണുകളോടെ ശബരീശനെ വണങ്ങിനിന്ന മാതാവ് മകനില്‍ നിന്നും ഭഗവത് പ്രസാദം സ്വീകരിക്കുന്ന അപൂര്‍വ്വ സന്ദര്‍ഭത്തിന് ഇന്നലെ സന്നിധാനം സാക്ഷ്യം വഹിച്ചു.
ശബരിമല മേല്‍ശാന്തി എന്‍.ബാലമുരളിയുടെ മാതാവ് തിരുവനന്തപുരം മണികണ്ഠേശ്വരം ഇടമനയില്ലത്ത് ശ്യാമളാദേവി അന്തര്‍ജ്ജനമാണ് കന്നിമല ചവിട്ടി മകന്‍ പാദപൂജചെയ്യുന്ന ധര്‍മ്മശാസ്താവിന്റെ തിരുനടയില്‍ ദര്‍ശനത്തിനെത്തിയത്. മേല്‍ശാന്തിയുടെ മകന്‍ ജാതവേദനും ബന്ധുക്കളുമടങ്ങിയ പത്തംഗം സംഘം ഇന്നലെ പുലര്‍ച്ചെ ഇടമനയില്ലത്തിന് സമീപമുള്ള മണികണ്ഠേശ്വരം ക്ഷേത്രത്തില്‍ നിന്നും ഇരുമുടിക്കെട്ട് നിറച്ചാണ് ദര്‍ശനത്തിനായി സന്നിധാനത്തേ തിരിച്ചത്. പമ്പയില്‍ നിന്നും മലകയറി രണ്ടുമണിയോടെ സന്നിധാനത്ത് എത്തി. വൈകിട്ട് 3 മണിക്ക് നടതുറന്നപ്പോള്‍ ആദ്യം പതിനെട്ടാംപടി ചവിട്ടി സന്നിധിയിലെത്തി ദര്‍ശനം നടത്തി. മാതാവിനും ബന്ധുക്കളും മേല്‍ശാന്തി എന്‍.ബാലമുരളി ഭഗവത് പ്രസാദം നല്‍കി. തുടര്‍ന്ന ്മാളികപ്പുറത്തും ദര്‍ശനം നടത്തി. മേല്‍ശാന്തിയുടെ മുറിയില്‍ വിശ്രമിച്ചു.
മേല്‍ശാന്തിയുടെ ഇളയച്ഛനും ബാലഗോകുലം സംസ്ഥാന ഉപാദ്ധ്യക്ഷനുമായ ഡി.നാരായണ ശര്‍മ്മയും, മേല്‍ശാന്തിയുടെ ഭാര്യാമാതാവ് ഗിരിജാദേവിയും തീര്‍ത്ഥാടകസംഘത്തില്‍ ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: