രണ്ടായിരത്തി പതിനൊന്ന് ഡിസംബര്‍ പത്തിന് ദേശീയ മാധ്യമങ്ങളില്‍ കേരള മക്കള്‍ വായിച്ചറിയുവാന്‍ തമിഴ്നാട് മുഖ്യമന്ത്രി കുമാരി ജയലളിത മുല്ലപ്പെരിയാര്‍ ഡാം സുരക്ഷിതമാണെന്ന ഒരു മുഴുവന്‍ പേജ് അഭ്യര്‍ത്ഥന നടത്തിയിരുന്നു. ഭയം മൂലം ഉറക്കം നഷ്ടപ്പെട്ട 30 ലക്ഷം ആളുകളുടെ ആശങ്കയകറ്റുവാന്‍ ഈ അഭ്യര്‍ത്ഥന പര്യാപ്തമല്ല എന്നതാണ് വാസ്തവം. ഭൂചലനം എപ്പോള്‍ നടക്കും അപ്പോള്‍ മുല്ലപ്പെരിയാര്‍ ഡാം പൊട്ടും. മുല്ലപ്പെരിയാറിനും അറബിക്കടലിനുമിടയില്‍ സ്വരുക്കൂട്ടിയ സമ്പത്തും വീടും ജീവനും കടലിലെത്തുമെന്ന് വിശ്വസിച്ചിരിക്കുന്ന കേരളക്കരയിലെ ഒരു വലിയ ജനക്കൂട്ടത്തിന് തെല്ലും ആശ്വാസം നല്കുന്ന അഭ്യര്‍ത്ഥനയല്ല കുമാരി ജയലളിതയുടേത്. 1886 ല്‍ 999 വര്‍ഷത്തേയ്ക്ക് ഇരു കൂട്ടര്‍ക്കും സമ്മതമാണെങ്കില്‍ ഇനിയും 999 വര്‍ഷത്തേയ്ക്ക് കൂടി പുതുക്കാം എന്ന വ്യവസ്ഥയോടുകൂടിയ ഒരു കരാര്‍ ലോകത്ത് എവിടെയെങ്കിലുമുണ്ടോ? ഇന്ത്യാ രാജ്യം വെള്ളക്കാരുടെ അടിമത്വത്തിലും നാട്ടുരാജാക്കന്മാരുടെ മേല്ക്കോയ്മയിലും കഴിഞ്ഞിരുന്ന ഒരു കാലത്ത് രൂപം കൊടുത്ത ഈ കരാര്‍ രാജഭരണം അവസാനിച്ച് വെള്ളക്കാരില്‍നിന്നും രാജ്യം സ്വതന്ത്രമായിട്ടും എങ്ങനെ നിലനിന്നുവെന്ന് തമിഴ്നാട് മുഖ്യമന്ത്രി ചിന്തിക്കണം. ഇക്കാര്യത്തില്‍ മലയാളിയുടെ മഹാമനസ്കത തമിഴ്നാട് മുഖ്യമന്ത്രി അംഗീകരിക്കണം. 1970 മെയ് 29 ന് കേരളം മലയാളിയുടെ കറുത്ത ദിനമായിക്കാണുന്ന അന്നാണ് 1886 ലെ മുല്ലപ്പെരിയാര്‍ പാട്ടക്കരാര്‍ പുതുക്കുന്നത്.
കുമാരി ജയലളിത സമ്മതിച്ചതുപോലെ ഏക്കറിന് വെറും 5 രൂപ പാട്ടം എന്നത് 30 രൂപ ആക്കിയതും തമിഴ്നാടിനെ മുല്ലപ്പെരിയാറില്‍നിന്നും പെരിയാര്‍ നദിയുടെ ഗതിമാറ്റം വരുത്തി കൊണ്ടുപോകുന്ന ജലത്തില്‍നിന്നും വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നതിന് അനുമതി നല്കിയതും അന്നാണ്. അതായത് 1886 മുതല്‍ 1970വരെ കേരളത്തിന്റെ 8100 ഏക്കര്‍ സ്ഥലത്ത് വീണിരുന്ന മഴ വെള്ളം തമിഴ്നാട് കൊണ്ടുപോയതിന് ഏക്കറിന് 5 രൂപ മാത്രമാണ് കേരളത്തിന് ലഭിച്ചിരുന്നത് എന്നര്‍ത്ഥം. ഈ തുക തന്നെ ലഭിച്ചിരുന്നുവോ എന്ന് ആര്‍ക്കറിയാം? കരാറുണ്ടായതു മുതല്‍ 1970 വരെ തമിഴ്നാട് നടത്തിയ കരാര്‍ ലംഘനങ്ങള്‍ കേരളം പുതുക്കിയ കരാറിലൂടെ സാധൂകരിക്കപ്പെട്ടു. 1941 ലെ അമ്പയറുടെ വിധിയെക്കുറിച്ച് മുഖ്യമന്ത്രി മിണ്ടിയില്ല. ജലസേചനത്തിന് മാത്രമായുണ്ടാക്കിയ കരാര്‍ ലംഘിച്ച് ജലവൈദ്യുത പദ്ധതി ആരംഭിച്ചതും ബേബി ഡാം ഉള്‍പ്പെടെ കേരളത്തിന്റെ അനുമതിയില്ലാതെ കെട്ടിപ്പൊക്കിയ നിര്‍മിതികളും കൂടുതല്‍ ജലം സംഭരിക്കുവാന്‍ ഉണ്ടാക്കിയ സംവിധാനങ്ങളുമൊക്കെ കരാര്‍ ലംഘനങ്ങളായിരുന്നു. ഇന്ന് ജലസേചനത്തിനായുണ്ടാക്കിയ കരാറിന്റെ മറവില്‍ തമിഴ്നാടിന് 140 മെഗാവാട്ട് സ്ഥാപിതശേഷിയുള്ള ജലവൈദ്യുത പദ്ധതി വഴി മുല്ലപ്പെരിയാര്‍ ജലമുപയോഗിച്ച് പ്രവര്‍ത്തിപ്പിച്ച് പ്രതിവര്‍ഷം ഉദ്ദേശം 500 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുന്നുണ്ട് എന്ന് നന്ദിപൂര്‍വം കുമാരി ജയലളിത സ്മരിക്കണമായിരുന്നു. അതുകൊണ്ട് കുമളിയില്‍ പവര്‍കട്ടുള്ളപ്പോള്‍ തമിഴ്നാട് അതിര്‍ത്തി പ്രകാശിക്കുന്നുവെന്ന വിരോധാഭാസം നിലനില്ക്കുന്നു.
തമിഴ്നാട് വൈദ്യുതി ഉല്പ്പാദിപ്പിക്കുവാന് എടുക്കുന്ന ജലം ഉദ്ദേശം 9 ടിഎംസി ഉപയോഗിച്ച് ഇടുക്കി ജലവൈദ്യുത പദ്ധതി ഒന്നരമാസം പ്രവര്ത്തിപ്പിക്കാനാകാം. ഈ വൈദ്യുതിയുടെ വിലയായി കേരളത്തിന് ലഭിക്കുന്നത് തുച്ഛമായ തുകയാണ്. യൂണിറ്റിന് നമുക്ക് ലഭിക്കുന്ന തുകയേക്കാള്‍ പലമടങ്ങ് വര്‍ധിച്ച തുകനല്കിയാണ് കേരളം കേന്ദ്രപൂളില്‍നിന്നും വൈദ്യുതി വാങ്ങുന്നത് എന്നോര്‍ക്കണം. കേരളത്തിലെ കഴിവുകെട്ട ഭരണനേതൃത്വം കരാര്‍ പുതുക്കിയതില്‍ കേരളത്തിലെ ജനങ്ങള്‍ക്ക് പങ്കില്ല. കരാറനുസരിച്ച് തമിഴ്നാട് കൊണ്ടുപോകുന്ന ജലത്തിനല്ല കേരളത്തിന് പണം ലഭിക്കുന്നത് മറിച്ച് സ്ഥലത്തിന് മാത്രമാണ് പാട്ടം ലഭിക്കുന്നത്. 8100 ഏക്കര്‍ സ്ഥലത്ത് വീഴുന്ന ജലം കൊണ്ടുപോയി തമിഴ്നാട് 2.23 ലക്ഷം ഏക്കര്‍ സ്ഥലത്താണ് പച്ചക്കറി കൃഷി ചെയ്ത് കോടികളുടെ ലാഭം കൊയ്യുന്നത്. സത്യത്തില്‍ കരാറനുസരിച്ച് കേരളത്തില്‍നിന്നും മുല്ലപ്പെരിയാര്‍ ഡാം വഴി തമിഴ്നാട് കൊണ്ടുപോകുന്ന ജലത്തിനും ശരിയായ വില ലഭിക്കുന്നില്ല. തമിഴ്നാട് നടത്തുന്ന വൈദ്യുതി ഉല്‍പ്പാദനത്തിനും കേരളത്തിന് ശരിയായ വില ലഭിക്കുന്നില്ല. 1970 ലെ കരാറില്‍ കരാര്‍ ലംഘനങ്ങള്‍ സാധൂകരിക്കുകയും ചെയ്തു. എന്നിട്ടാണ് ഡാമിലെ മീന്‍പിടിക്കാനുള്ള അവകാശം കേരളത്തിന് നല്‍കിയെന്ന് തമിഴ്നാട് മുഖ്യമന്ത്രി വലിയ കാര്യമായി എടുത്തു കാട്ടുന്നത്.
മുല്ലപ്പെരിയാര്‍ ഡാം പണിതത് കരിങ്കല്ല്, കുമ്മായം, മണല്‍, കരിമ്പിന് നീര്, മുട്ടയുടെ വെള്ള ചേര്‍ത്ത സുര്‍ക്കി മിശ്രിതം ഉപയോഗിച്ച് 1896 ഫെബ്രുവരിയിലാണ്. അന്ന് അണക്കെട്ട് നിര്‍മാണത്തിന്റെ സാങ്കേതിക വിജ്ഞാനവും പ്രായോഗിക പരിജ്ഞാനവും പ്രാരംഭദിശയിലായിരുന്നു. അന്നാണ് 1200 അടി നീളവും 140 അടി വീതിയും 176 അടി ഉയരവുമുള്ള സാമാന്യം വലിയ ഈ ഡാം പണിതീര്‍ത്തത്. ഈ അണക്കെട്ടിന് എണ്ണിയാലൊടുങ്ങാത്ത പരിമിതികളുണ്ട്. ഡ്രൈനേജ് ഗാലറികള്‍, അപായ സംവിധാനങ്ങള്‍, ഭൂചലനത്തെ പ്രതിരോധിക്കുവാനുള്ള നടപടികള്‍ അണക്കെട്ട് നിര്‍മിക്കുവാന്‍ ഉപയോഗിച്ചിട്ടുള്ള സാധനങ്ങളുടെ സങ്കോച വികാസങ്ങള്‍ മൂലം ഉണ്ടായേക്കാവുന്ന വിള്ളല്‍ തടയുവാനുള്ള സാങ്കേതിക വിദ്യ എന്നിവയൊന്നും അണക്കെട്ടിനില്ല. 120 അടി ഉയരത്തില്‍ മാത്രമാണ് അണക്കെട്ടിന് സിമന്റ് പോയിന്റിംഗ് ഉള്ളൂ. അതിന് മുകളില്‍ ജലം നിര്‍ത്തുന്നതുതന്നെ അപകടമാണ്. അണക്കെട്ടില്‍ 114 അടിയ്ക്ക് മുകളില്‍ ജലനിരപ്പ് ഉയരുമ്പോഴാണ് അണക്കെട്ടിന് 60 ശതമാനം ചോര്‍ച്ചയുണ്ടാകുന്നത്. വസ്തുതകള്‍ ഇതായിരിക്കെ 1911 ല്‍ അമേരിക്കയില്‍ റൂസ്വെല്‍റ്റ് ഡാം, 1905 ല്‍ ഫ്രാന്‍സില്‍ ജോക്സ് ഡാം എന്നിവ ബലപ്പെടുത്തി ജലം ശേഖരിക്കുന്ന കാര്യമാണ് 1896 ല്‍ പണിതീര്‍ത്ത മുല്ലപ്പെരിയാറിനെ ബലപ്പെടുത്തിയതുമായി ബന്ധപ്പെടുത്തി തമിഴ്നാട് മുഖ്യമന്ത്രി നിരത്തുന്നത്. മുല്ലപ്പെരിയാര്‍ അണക്കെട്ട് റിക്ടര്‍ സ്കെയിലില്‍ 6 ന് മുകളില്‍ ഭൂചലനം ഉണ്ടായേക്കാവുന്ന ഫാള്‍ട്ട് സോണിലാണെന്ന കാര്യം തമിഴ്നാട് മുഖ്യമന്ത്രി മറച്ചുവെച്ചിരിക്കുന്നു. വിദഗ്ദ്ധ സമിതിയുടെ ബലപ്പെടുത്തല്‍ ശുപാര്‍ശകള്‍ ഉള്‍ക്കൊണ്ടുകൊണ്ട് മുല്ലപ്പെരിയാറിനെ ബലപ്പെടുത്തിയെന്നും അതുകൊണ്ട് 1896ല്‍ പൂര്‍ത്തിയാക്കിയ ഡാമിന്റെ ആയുസ്സ് നീട്ടികിട്ടിയിട്ടുണ്ട് എന്ന് സ്ഥാപിക്കാനാണ് കുമാരി ജയലളിത ശ്രമിക്കുന്നത്.
കുമാരി ജയലളിത ഉദാഹരണമായി നിരത്തിയിട്ടുള്ള ഒരൊറ്റ അണക്കെട്ടും ഭൂചലന സാധ്യതയുള്ള ഫോള്‍ട്ട് സോണിലല്ല. അതുകൊണ്ടുതന്നെ അവ പൊട്ടുമെന്ന ഭീതി ആര്‍ക്കുമില്ല. അമേരിക്കയിലും ഫ്രാന്‍സിലേയും യുകെയിലേയും ഇത്തരം ബലപ്പെടുത്തിയ ഡാമിന് താഴെയൊന്നും 30 ലക്ഷത്തോളം ആളുകള്‍ താമസിക്കുന്നില്ല എന്നതും മുഖ്യമന്ത്രി സൗകര്യപൂര്‍വം ഒളിച്ചുവച്ചു. മുല്ലപ്പെരിയാര്‍ അണക്കെട്ട് തമിഴ്നാട് ബലപ്പെടുത്തിയിട്ടുണ്ടാകാം എന്നാല്‍ ഭൂമികുലുക്കത്തെ പിടിച്ചുനിര്‍ത്തുവാന്‍ കുമാരി ജയലളിതയ്ക്കു കഴിയുമോ? അതിനാല്‍ തന്നെ ബലപ്പെടുത്തിയെന്ന് തമിഴ്നാട് അവകാശപ്പെടുന്ന 1896 ല്‍ പരിമിതമായ സാങ്കേതിക വിദ്യ ഉപയോഗിച്ച് പണി തീര്‍ത്ത മുല്ലപ്പെരിയാര്‍ അണക്കെട്ട് പൊട്ടില്ലെന്ന് സ്ഥാപിച്ച് 30 ലക്ഷം ആളുകളുടെ ആശങ്ക അകറ്റുവാന്‍ എങ്ങനെ തമിഴ്നാട് മുഖ്യമന്ത്രിയ്ക്കാകും. ഒരു ജനാധിപത്യ രാജ്യത്ത് നിയമവാഴ്ച നിലനില്‍ക്കുന്ന ഒരു രാജ്യത്തുള്ള എല്ലാ നിയമങ്ങളും കരാറുകളും ഒരുപക്ഷേ തമിഴ്നാടിന് അനുകൂലമായിരിക്കാം. എന്നാല്‍ ഇതൊന്നും ജനങ്ങളുടെ ആശങ്ക അകറ്റുവാന്‍ പര്യാപ്തമാകുന്നില്ല. തമിഴ്നാട് ഉദ്യോഗസ്ഥരുള്ള സെന്‍ട്രല്‍ വാട്ടര്‍ കമ്മീഷന് നിരത്തുന്ന തെളിവുകളും ഭാരതം ഭരിച്ച തമിഴ്നാട്ടില്‍നിന്നുള്ള പരിസ്ഥിതി മന്ത്രിമാരും തമിഴ്നാടിന് അനുകൂലമായി എന്തെങ്കിലും മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ചെയ്തിട്ടുണ്ടാകുമോ എന്നുപോലും കേരളം ഒരുകാലത്തും സംശയിച്ചിട്ടില്ല. കേരളത്തിലെ ജനങ്ങള്‍ കോടതികളെയും ഉന്നതാധികാര സമിതികളെയും വിശ്വസിക്കുന്നുണ്ട്. എന്നാല്‍ 116 കൊല്ലം പഴക്കമുള്ള ഒരു അണക്കെട്ടിന്റെ താഴെ കോടതി വിധിയുടേയും അധികാരസമിതികളുടേയും ഉത്തരവനുസരിച്ച് തുടരെ തുടരെ അനുഭവപ്പെടുന്ന ഭൂചലനത്തിന്റെ പശ്ചാത്തലത്തില്‍ ജീവിക്കാനാകുമോ?
മുല്ലപ്പെരിയാര്‍ അണക്കെട്ട് പൊട്ടിയാല്‍ ഇടുക്കി അണക്കെട്ട് താങ്ങുമെന്ന് പറയുന്ന വാദം കേരളത്തിലെ ജനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാനാകുന്നില്ല. മുല്ലപ്പെരിയാറിനും ഇടുക്കിയ്ക്കും ഇടയിലുള്ള 50 കി.മീ. ദൂരത്തില്‍ ജീവിക്കുന്ന ആയിരക്കണക്കിന് ആളുകളെ തമിഴ്നാട് സര്‍ക്കാര്‍ എന്തുകൊണ്ട് കണ്ടില്ലെന്ന് നടിക്കുന്നു. അവര്‍ മരിച്ചാലും തങ്ങള്‍ക്ക് വെള്ളം മതിയെന്ന ഒരു ചിന്ത തമിഴ്നാടിന് ഉണ്ടാകുവാനിടയില്ല. അതുകൊണ്ടാണ് മുല്ലപ്പെരിയാറിലെ ജലനിരപ്പ് കുറയ്ക്കുവാന്‍ കേരളം ആവശ്യപ്പെടുന്നത്. പെരിയാറ്റില്‍ ആവശ്യത്തില്‍ കൂടുതല്‍ ജലമുണ്ടെന്ന വാദവും ശരിയല്ല. കാരണം പെരിയാറ്റിലെ നീരൊഴുക്ക് കുറയുമ്പോഴാണല്ലോ കേരളം പെരിയാറ്റിലെ പാതാളത്തും പുറപ്പിള്ളിക്കാവിലും ബണ്ട് നിര്‍മിച്ച് വ്യവസായശാലകളെയും കൃഷിയെയും നിലനിര്‍ത്തുന്നത്. ഒരു ഓരോ വര്‍ഷവും കോടിയിലേറെ തുക ചെലവഴിച്ചാണ് രണ്ട് ബണ്ടുകള്‍ വേലിയേറ്റ സമയത്തെ ഉപ്പുവെള്ള കയറ്റത്തെ ചെറുക്കുവാന്‍ കേരളം നിര്‍മിച്ചുകൊണ്ടിരിക്കുന്നത്. ഈ ബണ്ടുകള്‍ നിര്‍മിച്ചില്ലെങ്കില്‍ വിശാല കൊച്ചിയടക്കം വലിയ ഒരു പ്രദേശത്തെ 55 ലക്ഷത്തിലധികം ആളുകളുടെയാണ് കുടിവെള്ളം മുട്ടുക.
പെരിയാറ്റില്‍ ആവശ്യത്തിന് വേലിയേറ്റത്തെ ചെറുക്കുവാനുള്ള ജലം ഒഴുകുവാനുണ്ടെങ്കില് ബണ്ടുകളുടെ ആവശ്യമില്ലായിരുന്നു. കേരളം നഷ്ടം സഹിച്ചാണ് സംസ്ഥാനത്തിന് ജലം ആവശ്യമുണ്ടായിട്ടും മുല്ലപ്പെരിയാര്‍ വഴി തമിഴ്നാടിന് ജലം നല്‍കുന്നത്. മുല്ലപ്പെരിയാര്‍ ഡാമില്‍ 142 അടി ജലനിരപ്പ് നിര്‍ത്തുവാന്‍ സുപ്രീംകോടതി ഉത്തരവുണ്ടായിട്ടും തമിഴ്നാട് 136 അടി ജലം നിര്‍ത്തിയതിനുശേഷം പുറത്തുവന്ന സ്ഥലത്ത് കേരളത്തിലെ ഭൂമി കയ്യേറ്റക്കാര്‍ തമിഴ്നാടിന്റെ പാട്ട പ്രദേശത്ത് റിസോര്‍ട്ടുകളും കെട്ടിടങ്ങളും പണിതീര്‍ത്തിരിക്കുന്നു എന്ന തമിഴ്നാട് മുഖ്യമന്ത്രിയുടെ ആരോപണം തികച്ചും അപലപനീയവും വസ്തുതകള്‍ക്ക് നിരക്കാത്തതുമാണ്. മുല്ലപ്പെരിയാര്‍ ഡാം പ്രദേശത്തേക്ക് തന്നെ കേരളത്തില്‍നിന്ന് ആളുകളും ഉദ്യോഗസ്ഥരും ചെല്ലുന്നതുപോലും തടയുന്ന തമിഴ്നാട് സര്‍ക്കാരിന്റെ പാട്ട ഭൂമിയില്‍ കേരളത്തില്‍ ഭൂമി കയ്യേറ്റക്കാര്‍ റിസോര്‍ട്ട് പണിതിട്ടുണ്ടെന്നത് വിശ്വസിപ്പിക്കുവാന്‍ പ്രയാസമാണ്. ഒരുപക്ഷെ മുല്ലപ്പെരിയാര്‍ ഡാം പൊളിക്കുവാന്‍ ആവശ്യപ്പെടുന്നതിന്റെ പിന്നില്‍ ഈ കയ്യേറ്റക്കാരുടെ ആവശ്യവും ഉണ്ടാകാം എന്ന് തമിഴ്നാട് മുഖ്യമന്ത്രി സൂചിപ്പിച്ചിരിക്കുന്നത് ദുരുദ്ദേശ്യപരമാണ്.
കേരളം തമിഴ്നാടിന്റെ പാട്ട ഭൂമിയില്‍ കെട്ടിടം പണിയാന്‍ അനുവാദം നല്‍കുമെന്ന പ്രചാരണം അടിസ്ഥാന രഹിതമാണ്. കരാര്‍ പുതുക്കി കിട്ടിയ നിലയ്ക്ക് തമിഴ്നാടിന് ഈ റിസോര്‍ട്ടുകളും കെട്ടിടങ്ങളും പൊളിക്കുവാനുള്ള അവകാശം നിലനില്‍ക്കെ പഴി കേരളത്തിന്റെ പേര്‍ക്ക് വച്ചത് ബാലിശമായിപ്പോയി. കേരളത്തിലെ വെള്ളം എടുക്കുന്നതിന് സംസ്ഥാനം ഒരിക്കലും എതിരുനിന്നിട്ടില്ല. എന്നിട്ടും വെള്ളം കൊടുക്കുവാനുള്ള കേരളത്തിന്റെ എതിര്‍പ്പായി മുല്ലപ്പെരിയാര്‍ പ്രശ്നം ഉയര്‍ത്തിക്കാട്ടി രാഷ്ട്രീയ മുതലെടുപ്പിന് തമിഴ്നാട്ടിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ ശ്രമിക്കുന്നത് വേദനാജനകവും ദുഃഖകരവുമാണ്. മുല്ലപ്പെരിയാറിലെ ജലനിരപ്പ് കുറച്ച് ജനങ്ങളുടെ ആശങ്കയകറ്റുവാന്‍ തമിഴ്നാട് തയ്യാറാകണം. നിയമത്തില്‍ പിടിച്ച് കത്തിക്കയറാതെ ഭാരതത്തിലെ ജനങ്ങളുടെ ജീവന് തമിഴ്നാട് വില നല്‍കണം.
ഡോ.സി.എം.ജോയി
പ്രതികരിക്കാൻ ഇവിടെ എഴുതുക: