കൊച്ചി: മലയാളക്കരയിലിത് ഉത്സവകാലം. ക്ഷേത്ര ഉത്സവങ്ങളും പള്ളിപ്പെരുന്നാളുകളും ചന്ദന കുടം നേര്‍ച്ചകളും ആകര്‍ഷകമാക്കുന്ന വെടിക്കെട്ടുകളുടെ ഹരമുണര്‍ത്തുന്ന വേള. കണ്ണുകളില്‍ വിസ്മയവും കാതുകളില്‍ ശബ്ദപ്രകമ്പനങ്ങളുമായി ആകാശത്ത് അഗ്നിരൂപങ്ങള്‍ തീര്‍ക്കുന്ന വെടിക്കെട്ട്. ഇതിനായി ചെലവഴിക്കുന്നത് കോടിക്കണക്കിന് രൂപയും.
കേരളത്തിലെ ഉത്സവകാലങ്ങളില്‍ പൊട്ടിച്ച് തീര്‍ക്കുന്നത് അന്‍പത് കോടിയിലേറെ രൂപയുടെ പടക്കങ്ങള്‍. ഉത്സവാഘോഷത്തിന്റെ ചെലവുകളുടെ നല്ലൊരു ഭാഗവും വെടിക്കെട്ടിനായി ചെലവഴിക്കപ്പെടുമ്പോള്‍ നേട്ടം കൊയ്യുന്നത് അതിര്‍ത്തിക്കപ്പുറത്തുള്ളവര്‍. ക്ഷേത്ര ഉത്സവകാലങ്ങള്‍ക്കായി മാസങ്ങള്‍ക്കുമുമ്പേ പടക്കനിര്‍മാണ ശാലകള്‍ സജീവമാകും. തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളിലും ആന്ധ്ര, കര്‍ണാടക, ഗുജറാത്ത് സംസ്ഥാനങ്ങളില്‍നിന്നുമാണ്. കേരളത്തില്‍ പടക്കങ്ങളിലേറെയും എത്തുന്നത്. ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളില്‍നിന്നും വ്യത്യസ്തമായി കേരളീയരുടെ ഉത്സവകാല ആകര്‍ഷകങ്ങളിലൊന്നാണ് വെടിക്കെട്ട്. കണ്ണില്‍ വിസ്മയങ്ങള്‍ തീര്‍ക്കുന്ന നിറങ്ങളുമായി പൊട്ടുന്ന അമിട്ടുകളും കാതുകളില്‍ ശബ്ദപ്രകമ്പനം ചെലുത്തുന്ന ഗുണ്ടുകളും ഇടതടവില്ലാതെ ശബ്ദകോലാഹലം നടത്തുന്ന ഓലപടക്കവുമെല്ലാം മലയാളികള്‍ക്ക് ഹരം ഉണര്‍ത്തുന്ന വെടിക്കെട്ടിനങ്ങളാണ്. ഉത്സവനാളുകളില്‍ ഓരോ ദിക്ക് തിരിഞ്ഞും പക്ഷം ചേര്‍ന്നുള്ള വെടിക്കെട്ടിനായി മണിക്കൂറുകള്‍വരെ ചിലയിടങ്ങളില്‍ നീക്കിവെയ്ക്കാറുണ്ട്.
കുടമാറ്റത്തിന്റെ പെരുമയുള്ള തൃശ്ശൂര്പ്പൂരത്തിലെ തിരുവമ്പാടി-പാറമേക്കാവ് ദേവസ്വങ്ങളുടെ വെടിക്കെട്ടും പാലക്കാട് നെന്മാറ വെടിക്കെട്ടും മരട് താലപ്പൊലി, പുതിയകാവ് താലപ്പൊലി, ഉത്രാളിക്കാവ് പൂരം, തിരുവില്വാമല താലപ്പൊലി, കുന്നിശ്ശേരി പൂരാഘോഷം, കണ്ണമ്പ്രയിലെ വേലകളി തുടങ്ങി എണ്ണമറ്റ ക്ഷേത്ര ഉത്സവങ്ങളിലെ വെടിക്കെട്ടും പട്ടാമ്പി പള്ളിനേര്‍ച്ച, കൊരട്ടി പെരുന്നാള്‍, മലനടക്കമ്പം, ബീമാപ്പള്ളി ചന്ദനക്കുടം തുടങ്ങി ഒട്ടേറെ പെരുന്നാളാഘോഷങ്ങളും കൂടാതെ കുമ്മാട്ടി, വേലക്കളി എന്നിങ്ങനെ വെടിക്കെട്ടുകളാല്‍ പ്രശസ്തമായ ആഘോഷങ്ങളാല്‍ സമൃദ്ധമാണ് കേരളം.
നൂറ്റാണ്ടുകളുടെ പഴമയും പെരുമയുമുള്ള വെടിക്കെട്ടുകളുടെ ഉത്സവങ്ങളാണ് മലയാളക്കരയിലുള്ളത്. ഉത്സവച്ചെലവുകളുടെ 30 മുതല്‍ 60 ശതമാനംവരെ വെടിക്കെട്ടിനായി ചെലവഴിക്കുന്ന ആഘോഷകമ്മറ്റികള്‍ പക്ഷെ ഇതിന്റെ മറുപുറത്തെക്കുറിച്ചൊന്നും ചിന്തിക്കാറില്ലെന്നതാണ് യാഥാര്‍ത്ഥ്യം. ഇന്ത്യയില്‍ വെടിക്കെട്ടുത്സവങ്ങള്ക്ക് ഇത്രയേറെ പ്രാധാന്യം നല്കുന്ന സംസ്ഥാനമില്ലെന്നാണ് ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ പറയുന്നത്.
ആദ്യകാലങ്ങളില്‍ ശബ്ദപ്രകമ്പനങ്ങളാല് മുഖരിതമായിരുന്നു ഉത്സവകാല വെടിക്കെട്ടുകള്‍. എന്നാലിന്നിത് നിയന്ത്രണങ്ങളുടേയും നിയമങ്ങളുടേയും ചുവടുപിടിച്ച് വര്‍ണങ്ങള്‍ വിതറുന്ന, വിസ്മയങ്ങള്‍തീര്‍ക്കുന്ന മിന്നാമിനുങ്ങിന്റെ തീപാറുന്ന വെടിക്കെട്ടായാണ് രൂപമാറ്റം വന്നിരിക്കുന്നത്. ചൈനീസ് പടക്കങ്ങള്‍ എന്നറിയപ്പെടുന്ന വര്ണപ്പടക്കങ്ങളും മാലപ്പടക്കങ്ങളും ചെറുകതിനകളുമെല്ലാം വെടിക്കെട്ടിന്റെ ഭൂരിഭാഗവും കവര്‍ന്നെടുക്കുകയാണ്.
കോടികളാണ് ഉത്സവകാലങ്ങളിലെ വെടിക്കെട്ടാഘോഷത്തിനായി മലയാളക്കര ചെലവഴിക്കുന്നത്. 90 കളില്‍ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ചെറുകിട കേന്ദ്രങ്ങളില്‍ നിര്‍മിക്കുന്ന പടക്കങ്ങളായിരുന്നു സംസ്ഥാനത്ത് ഉപയോഗിക്കുന്നവയിലേറെയും. 2000-മാണ്ടില്‍ പടക്കനിര്‍മാണ-പ്രയോഗ കേന്ദ്രങ്ങളുടെ നിയന്ത്രണങ്ങളും അപകടങ്ങളുടെ തീവ്രതയും ജനവാസ കേന്ദ്രങ്ങളുടെ വ്യാപനവുമെല്ലാം പടക്കനിര്മാണശാലകളൊന്നൊന്നായി പൂട്ടിത്തുടങ്ങി. കഴിഞ്ഞ ഒരു വ്യാഴവട്ടത്തിനിടയില്‍ വെടിക്കെട്ട്നിര്മാണ ശാലകളില്‍ അപകട പൊട്ടിത്തെറികളിലൂടെ 100 ലേറെ ജീവനുകള്‍ ഇല്ലാതായതാണ് കണക്ക്. വെടിക്കെട്ട് അസംസ്കൃത വസ്തുക്കളുടെ ലഭ്യത കുറവും കൂലി വര്‍ധനവും ഇതര ചെലവുകളും ഏറിയതോടെ വെടിക്കെട്ടുല്പ്പന്നങ്ങളുടെ വിലയിലും കുതിച്ചുച്ചാട്ടമുണ്ടായി. കഴിഞ്ഞ നാലുവര്‍ഷത്തിനകം ശരാശരി 60 ശതമാനത്തിലേറെ വില വര്‍ധനവാണ് പടക്ക വില്‍പ്പന കേന്ദ്രങ്ങളിലുണ്ടായതെന്ന് ആഘോഷ കമ്മറ്റി ഭാരവാഹികള്‍ സമ്മതിക്കുന്നു.
തമിഴ്നാട്ടിലെ ശിവകാശിയാണ് ഇന്നും പടക്കനിര്‍മാണ കേന്ദ്രങ്ങളില്‍ പ്രധാനി. വിവിധയിനം രാസപദാര്‍ത്ഥ കൂട്ടുകളുടെ പടക്കങ്ങള്‍ നിര്‍മിക്കുന്നതില്‍ ഇവിടങ്ങളിലെ തൊഴിലാളികള്‍ ഏറെ പ്രാഗത്ഭ്യം നേടിക്കഴിഞ്ഞു. ഇറക്കുമതി ചെയ്യുന്ന ചൈനീസ് പടക്കങ്ങളെ വെല്ലുന്ന രീതിയിലുള്ള പടക്കങ്ങളാണ് ഇവിടെ നിര്‍മിക്കുന്നത്. കേരളത്തില്‍ അതിര്‍ത്തി കടന്നെത്തുന്ന പടക്ക വില്‍പ്പനയിലൂടെ സര്‍ക്കാരിന് ലഭിക്കുന്ന നികുതിവരുമാനമാകട്ടെ നാമമാത്രമാണെന്നാണ് പറയുന്നത്. മറുനാട്ടുകാര്‍ക്ക് വിഷുവും ദീപാവലിയും പടക്കങ്ങളുടെ ആഘോഷകാലമാണെങ്കില് മലയാളികള്‍ക്കിത് ക്ഷേത്ര ഉത്സവങ്ങളും പെരുന്നാളുകളുമാണ്. ഇതിലൂടെ അതിര്‍ത്തി കടക്കുന്നതാകട്ടെ കോടികളും.
എസ്.കൃഷ്ണകുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: