കണ്ണൂര്‍: ഏഴിമല നാവിക അക്കാദമിയുടെ രണ്ടാംഘട്ട വികസനത്തിനായി കേന്ദ്രമന്ത്രിസഭ 140 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി കേന്ദ്ര പ്രതിരോധമന്ത്രി എ.കെ.ആന്റണി പറഞ്ഞു. കണ്ണൂരില്‍ പ്രസ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നടന്ന മീറ്റ് ദി പ്രസ്സ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രണ്ടാം ഘട്ടം പൂര്‍ത്തിയാകുന്നതോടെ നിലവില്‍ 750 പേര്‍ക്ക് പരിശീലനം നല്‍കുന്ന സ്ഥലത്ത് 1200 പേര്‍ക്ക് പരിശീലനം നല്‍കാന്‍ സാധിക്കും. ഇതോടെ ലോകത്തിലെ ഏറ്റവും വലിയ രണ്ടോ മൂന്നോ അക്കാദമികളില്‍ ഒന്നായി ഏഴിമലയിലെ അക്കാദമി മാറും. ഇരിണാവില്‍ സ്ഥാപിക്കുന്ന കോസ്റ്റ് ഗാര്‍ഡ് അക്കാദമി 2015 ഓടെ പ്രവര്‍ത്തനമാരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂര്‍ ആസ്ഥാനമായ ടെറിട്ടോറിയല്‍ ആര്‍മിയുടെ ആസ്ഥാനം കോഴിക്കോട്ടേക്ക് മാറ്റാന്‍ നിര്‍ദ്ദേശമുണ്ടായിരുന്നുവെങ്കിലും ഇത് തല്‍ക്കാലം മരവിപ്പിച്ചിരിക്കുകയാണ്. രാജ്യത്തെ 44 മിലിട്ടറി ആശുപത്രികള്‍ ഘട്ടംഘട്ടമായി ആധുനിക സൗകര്യങ്ങളോടെ വികസിപ്പിക്കും. ഇതില്‍ കണ്ണൂരിലെ മിലിട്ടറി ആശുപത്രിക്ക് പ്രഥമ പരിഗണന നല്‍കുമെന്നും മന്ത്രി പറഞ്ഞു.
ഇന്ത്യയുടെ പ്രതിരോധഭൂപടത്തില്‍ മലബാറിന്, പ്രത്യേകിച്ച് കണ്ണൂരിന്റെ പ്രാതിനിധ്യം വര്‍ദ്ധിച്ചുവരികയാണ്. പ്രതിരോധ വകുപ്പുമായി ബന്ധപ്പെട്ട് ഏഴോളം വ്യവസായശാലകള്‍ മലബാറില്‍ ആരംഭിച്ചിട്ടുണ്ട്. നാവിക സേനയുടെ പ്രവര്‍ത്തനമേഖല രാജ്യത്തെ വിവിധ മേഖലകളിലേക്ക് വ്യാപിപ്പിച്ചുകൊണ്ടിരിക്കുകയാണ്. 7500 ഓളം കിലോമീറ്റര്‍ വരുന്ന തീരദേശത്ത് മാത്രമല്ല, എല്ലാ മേഖലകളിലും നേവി ജാഗ്രത പാലിക്കുന്നുണ്ട്. സുരക്ഷിതമായ വിദേശവ്യാപാരത്തിന് തടസ്സമാകുന്ന നിലയില്‍ കടല്‍ക്കൊള്ളക്കാരുടെയും മറ്റും ഭീഷണി വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ നേവിയുടെ ദൗത്യം വളരെ വലുതാണെന്നും ആന്റണി പറഞ്ഞു. ഇതിനനുസൃതമായി ഉദ്യോഗസ്ഥരുടെയും ആധുനിക ഉപകരണങ്ങളുടെയും എണ്ണം വര്‍ദ്ധിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രസേനയില്‍ മലയാളികളുടെ എണ്ണം കുറയുകയാണെന്നത് വാസ്തവ വിരുദ്ധമാണ്. അയല്‍ രാജ്യമായ പാക്കിസ്ഥാനുമായി പല പ്രശ്നങ്ങളിലും അഭിപ്രായഭിന്നതയുണ്ടെങ്കിലും നല്ല ബന്ധമാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. പാക്കിസ്ഥാനില്‍ കെട്ടുറപ്പും സമാധാനവും ഉണ്ടാകണമെന്നാണ് ഇന്ത്യയുടെ ആഗ്രഹം. എന്നാല്‍ അവിടത്തെ സ്ഥിതിഗതികള്‍ ആശങ്കയുണ്ടാക്കുന്നതാണെന്നും അവ നിരീക്ഷിച്ചുവരികയാണെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: