പഞ്ചാബ്: പഞ്ചാബില്‍ സര്‍ക്കാരും കര്‍ഷകരും തമ്മില്‍ സംഭാഷണത്തിന് വഴി തെളിഞ്ഞില്ല. ഈ സാഹചര്യത്തില്‍ കര്‍ഷകര്‍ അവരുടെ ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിനായി നാല് ദിവസമായി ഇവിടെ ട്രെയിന്‍ ഉപരോധം തുടരുകയാണ്. പതിനേഴ് കര്‍ഷക സംഘടനാപ്രവര്‍ത്തകരാണ് റെയില്‍ പാളങ്ങളില്‍ കുത്തിയിരിപ്പ് സമരം നടത്തുന്നത്.
പ്രതിമാസം 200 യൂണിറ്റ് വൈദ്യുതി കര്‍ഷകര്‍ക്കും പാവങ്ങള്‍ക്കും സൗജന്യമായി നല്‍കുക, വൈദ്യുതി കുടിശിക എഴുതിത്തള്ളുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കര്‍ഷക സംഘങ്ങള്‍ സമരം നടത്തുന്നത്. ഇതേത്തുടര്‍ന്ന് ബത്തിന്‍ഡ-അംബാല മേഖലകളിലേക്കുള്ള തീവണ്ടി ഗതാഗതം സ്തംഭിച്ചിരിക്കുകയാണ്. ഉപരോധത്തെത്തുടര്‍ന്ന് പന്ത്രണ്ടിലധികം ട്രെയിനുകളാണ് സര്‍വീസ് നിര്‍ത്തിവച്ചിരിക്കുന്നത്. ആവശ്യങ്ങള്‍ അംഗീകരിക്കുന്നതുവരെ റെയില്‍ പാളങ്ങളില്‍ കുത്തിയിരിപ്പ് സമരം തുടരും എന്ന നിലപാടിലാണ് സമരക്കാര്‍.
അമൃത്സര്‍-ജലാന്തര്‍ ദേശീയപാതയും പ്രക്ഷോഭകര്‍ ഉപരോധിച്ചിരിക്കുകയാണ്. ആത്മഹത്യ ചെയ്ത കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍പോലും പഞ്ചാബ് സര്‍ക്കാര്‍ ശ്രമിച്ചിട്ടില്ലെന്ന് പ്രക്ഷോഭകര്‍ ആരോപിക്കുന്നു. കഴിഞ്ഞ ദിവസം പെയ്ത കനത്തമഴയെപ്പോലും അവഗണിച്ചാണ് ഉപരോധം തുടരുന്നത്. പോലീസ് സേനയെ വിന്യസിപ്പിച്ച് പ്രക്ഷോഭകരെ നീക്കാനാണ് ശ്രമമെങ്കില്‍ അത് വിജയിക്കില്ലെന്ന് സംഘടനാ നേതാക്കള്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: