ആലപ്പുഴ: ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ പ്രസിദ്ധമായ പൊങ്കാല മഹോത്സവം ഇന്ന്. പുലര്‍ച്ചെ 3.30ന് നിര്‍മാല്യദര്‍ശനത്തോടെ ചടങ്ങുകള്‍ ആരംഭിക്കും. 8.30ന് വിളിച്ചുചൊല്ലി പ്രാര്‍ഥന. 9ന് ദേവസ്വം മന്ത്രി വി.എസ്.ശിവകുമാര്‍ പൊങ്കാല ഉദ്ഘാടനം ചെയ്യും. വിശ്വഹിന്ദു പരിഷത്ത് അഖിലേന്ത്യ വൈസ് പ്രസിഡന്റ് കെ.വി.മദനന്‍ ഭദ്രദീപ പ്രകാശനം നിര്‍വഹിക്കും. 9.30ന് ക്ഷേത്ര സന്നിധിയില്‍ തയാറാക്കിയിരിക്കുന്ന പണ്ടാര പൊങ്കാല അടുപ്പിലേക്ക് ശ്രീകോവിലില്‍ നിന്നും കൊളുത്തിയ ദീപം മുഖ്യകാര്യദര്‍ശി രാധാകൃഷ്ണന്‍ നമ്പൂതിരി പകരും. 10.30ന് കാര്യദര്‍ശി മണിക്കുട്ടന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ 350ഓളം ശാന്തിമാര്‍ നാല്‍പത് ജീവതകളിലായി പൊങ്കാല സ്ഥലങ്ങളില്‍ തീര്‍ഥം തളിച്ച് നിവേദിക്കും. ഉച്ചയ്‌ക്ക് 12.30ന് ദിവ്യാഭിഷേകവും ഉച്ചദീപാരാധനയും.
വൈകിട്ട് 6ന് സാംസ്കാരിക സമ്മേളനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും. തോമസ്ചാണ്ടി എംഎല്‍എ അധ്യക്ഷത വഹിക്കും. രാധാകൃഷ്ണന്‍ നമ്പൂതിരി അനുഗ്രഹ പ്രഭാഷണം നടത്തും. തുടര്‍ന്ന് കാര്‍ത്തിക സ്തംഭത്തില്‍ ഡോ.സി.വി.ആനന്ദ്ബോസ് അഗ്നി പകരും. വിപുലമായ സൗകര്യങ്ങളാണ് വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ നേതൃത്വത്തില്‍ പൊങ്കാലയ്‌ക്കെത്തുന്ന ഭക്തര്‍ക്കായി ഒരുക്കിയിട്ടുള്ളത്. കെഎസ്‌ആര്‍ടിസി പ്രധാന ഡിപ്പോകളില്‍ നിന്ന് ഇവിടേക്ക് പ്രത്യേക സര്‍വീസും നടത്തുന്നുണ്ട്. പൊങ്കാല പ്രമാണിച്ച് തിരുവല്ല, ചെങ്ങന്നൂര്‍, മാവേലിക്കര, കുട്ടനാട് താലൂക്കുകളില്‍ പ്രാദേശിക അവധിയും കലക്ടര്‍മാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: