കാസര്‍കോട്: കാറില്‍ കടത്തുന്നതിനിടയില്‍ പത്ത് ലക്ഷത്തോളം വരുന്ന കള്ളനോട്ടുകള്‍ പിടികൂടിയ കേസിലെ മൂന്ന് പ്രതികള്‍ക്കെതിരെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) പ്രത്യേക കോടതിയില്‍ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ചെറുവത്തൂരിലെ ഹോട്ടല്‍ വ്യാപാരിയും, കണ്ണൂര്‍ പിലാത്തറ, ചെറുതാഴം സ്വദേശിയുമായ പ്രദീപന്‍, കാഞ്ഞങ്ങാട് ഹോസ്ദുര്‍ഗ് കടപ്പുറത്തെ കമാല്‍ ഉമ്മര്‍ എന്ന കമാല്‍ ഹാജി, കണ്ണൂര്‍ മേലെ ചൊവ്വയിലെ ആശിഷ് എന്നിവര്‍ക്കെതിരെയാണ് പ്രത്യേക എന്‍ഐഎ കോടതിയില്‍ എഫ്‌ഐആര്‍ സമര്‍പ്പിച്ചത്. എന്‍ഐഎ രൂപീകരിച്ചതിനു ശേഷം രാജ്യത്ത് ഇതാദ്യമായാണ് തീവ്രവാദ ബന്ധത്തിന്റെ പേരിലുള്ള കള്ളനോട്ടുകേസില്‍ എഫ്‌ഐആര്‍ സമര്‍പ്പിച്ചത്. ഡിവൈഎസ്പി മുഹമ്മദ് താജുദ്ദീന്‍ ആണ് കേസ് അന്വേഷിക്കുന്നത്.
സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരമാണ് തളിപ്പറമ്പ് കള്ളനോട്ടുകേസ് എന്‍ഐഎ ഏറ്റെടുത്തത്. കേസിന്റെ രേഖകളെല്ലാം ലോക്കല്‍ പോലീസില്‍ നിന്നു എന്‍.ഐ.എ സംഘം ഏറ്റെടുത്തു. കൂടുതല്‍ അന്വേഷണത്തിനായി മുഹമ്മദ് താജുദ്ദീന്റെ നേതൃത്വത്തിലുള്ള സംഘം ഇന്ന് തളിപ്പറമ്പിലും കാഞ്ഞങ്ങാട്ടും എത്തും. ലോക്കല്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ സാക്ഷികളില്‍ നിന്നു മൊഴിയെടുക്കുകയാണ് അന്വേഷണ സംഘത്തിന്റെ ലക്ഷ്യം. തളിപ്പറമ്പില്‍ കള്ളനോട്ടുമായി മൂന്നുപേരെയും അറസ്റ്റുചെയ്തതിന്റെ തുടര്‍ച്ചയായി കാസര്‍കോട്ടും കാഞ്ഞങ്ങാട്ടും പോലീസ് റെയ്ഡ് നടത്തിയിരുന്നു. എന്നാല്‍ അതിനുശേഷം അന്വേഷണം മുന്നോട്ടു നീക്കാന്‍ പോലീസിനു കഴിഞ്ഞിരുന്നില്ല. ഇതേത്തടുര്‍ന്നാണ് കേസ് എന്‍.ഐ.എയ്‌ക്ക് കൈമ്രാന്‍ തീരുമാനിച്ചത്.
യഥാര്‍ത്ഥ നോട്ടുകള്‍ക്കൊപ്പം കള്ളനോട്ടുകള്‍ കലര്‍ത്തിയാണ് കമാല്‍ ഹാജിയുടെ നേതൃത്വത്തിലുള്ള സംഘം പ്രവര്‍ത്തിച്ചിരുന്നതെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. പാകിസ്ഥാനില്‍ അച്ചടിക്കുന്ന കള്ളനോട്ടുകള്‍ ഗള്‍ഫില്‍ എത്തിച്ചതിനുശേഷമാണ് ഇന്ത്യയിലേക്ക് കടത്തുന്നതെന്നു പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. കമാല്‍ ഹാജിയുടെ സഹോദരന്‍ ആണ് കള്ളനോട്ടിന്റെ സൂത്രധാരനെന്നും ഇയാളെ അഞ്ചാംപ്രതിയാക്കിയതായും പോലീസ് വ്യക്തമാക്കി. ഇയാള്‍ വര്‍ഷങ്ങളായി ദുബായിയിലാണ്. കേസ് എന്‍ഐയ്‌ക്ക് കൈമാറിയതോടെ ഇയാളെ കണ്ടെത്തുക എളുപ്പമാകുമെന്നാണ് കരുതുന്നത്. ഇതിനിടയില്‍ കള്ളനോട്ടു ഇടപാടുമായി ബന്ധമുള്ളവരെക്കുറിച്ചും എന്‍ഐഎ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അടുത്ത കാലങ്ങളിലായി ഇത്തരക്കാര്‍ വാങ്ങിക്കൂട്ടിയ സ്വത്തുവകകളെക്കുറിച്ചാണ് അന്വേഷണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: