ഇന്റര്‍നെറ്റ് മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന കേന്ദ്ര ടെലികോംമന്ത്രി കപില്‍ സിബലിെന്റ പ്രസ്താവന ഇന്ത്യയൊട്ടാകെ കടുത്ത പ്രതിഷേധം ക്ഷണിച്ചുവരുത്തിയിരിക്കുകയാണ്. മാധ്യമനിയന്ത്രണം എന്നത് ഇന്ത്യന്‍ ജനതക്ക് അരോചകമാകുന്നത് ഇന്ദിരാഗാന്ധി പ്രഖ്യാപിച്ച അടിയന്തരാവസ്ഥക്കാലത്ത് പത്രമാധ്യമങ്ങളുടെ വായ് മൂടിക്കെട്ടിയ ചരിത്രത്തിന്റെ പശ്ചാത്തലത്തിലാണ്. ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ ഇങ്ങനെ ഒരു നീക്കം നടത്താനുള്ള കാരണം സോണിയാഗാന്ധിയെയും പ്രധാനമന്ത്രി മന്മോഹന്സിംഗിനെയുംപറ്റി ചില സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റുകളില്‍ വന്ന മോശമായ പരാമര്‍ശങ്ങളാണത്രെ.
പക്ഷെ കപില്‍ സിബലിന്റെ വിശദീകരണം ആക്ഷേപകരവും മതവിദ്വേഷവും ജനിപ്പിക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ ഗൂഗിള്‍, ഫേസ്ബുക്ക്, യാഹൂ മുതലായ വെബ്സൈറ്റുകള്‍ നിയന്ത്രിക്കണമെന്നായിരുന്നു. പക്ഷെ മേല്‍പ്പറഞ്ഞ കമ്പനികളെ ചര്‍ച്ചക്ക് വിളിച്ചപ്പോള്‍ അവര്‍ വിദ്വേഷകരമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കാന്‍ സാധ്യമല്ല എന്നു പറഞ്ഞ പശ്ചാത്തലത്തിലാണത്രെ നിയന്ത്രണം എന്ന ഉപാധി വച്ചത്. സോഷ്യല്‍ നെറ്റ്വര്ക്കിംഗ് സൈറ്റുകള്‍ തല്‍ക്ഷണ സംവാദത്തിന് വേദിയൊരുക്കുന്നവയാണ്. പക്ഷെ നിയന്ത്രണം എന്ന തത്വം പ്രായോഗികമാക്കാന്‍ അസാധ്യമാകുന്നത് ഇന്ത്യ ലോകത്തെ മൂന്നാമത്തെ ഇന്റര്‍നെറ്റ് ഉപഭോക്താവാണ് എന്ന വസ്തുതയുടെ പശ്ചാത്തലത്തിലാണ്.
ലോകത്ത് പലയിടങ്ങളില്‍നിന്നും പോസ്റ്റ് ചെയ്തുവരുന്ന സന്ദേശങ്ങള്‍ക്കെതിരെ, അല്ലെങ്കില്‍ പോസ്റ്റ് ചെയ്യുന്നവര്‍ക്കെതിരെ നടപടിയെടുക്കാന്‍ സാധ്യമാകാത്തത് അവര്‍ മറ്റ് രാജ്യങ്ങളിലെ പൗരന്മാരായതിനാലാണ്. ഈ പൗരന്മാരുടെ വ്യക്തമായ വിവരങ്ങള്‍ നല്‍കാനും നെറ്റ്വര്‍ക്ക് സൈറ്റുകള്‍ വിസമ്മതിച്ചു. ഇവര്‍ക്കെതിരെ നിയമനടപടി എടുക്കാന്‍ ശ്രമിച്ചാല്‍ ഉണ്ടാകാവുന്ന പ്രക്ഷോഭങ്ങളും പ്രതികരണങ്ങളും കാരണമാണ് നിയന്ത്രണമെന്ന ആശയം കപില്‍ സിബല്‍ ഉന്നയിക്കുന്നത്. കപില്‍ സിബല്‍ പ്രസ്താവന നടത്തിയതോടെ അദ്ദേഹത്തിനെതിരെ വരുന്ന സൈറ്റുകളിലെ പ്രതിഷേധക്കൊടുങ്കാറ്റുതന്നെ ഈ നടപടി എത്ര അസ്വീകാര്യമാണെന്ന് വ്യക്തമാക്കുന്നതാണ്. 1,76,000 കോടി രൂപയുടെ അഴിമതി നടന്ന 2 ജി സ്പെക്ട്രം കേസില്‍ ഖജനാവിന് ഒരു നഷ്ടവും ഉണ്ടായിട്ടില്ലെന്ന് പ്രഖ്യാപിച്ച ടെലികോംമന്ത്രി കപില്‍ സിബലിന് വിശ്വാസ്യതയില്ല എന്നതും വസ്തുതയാണ്. ഇപ്പോള്‍ സെന്‍സറിംഗ് വേണമെന്നല്ല വിവിധ ജനങ്ങളുടെ മതവികാരങ്ങളെ വ്രണപ്പെടുത്തുന്ന നടപടി തടയാനാണ് ഉള്ളടക്കം നിയന്ത്രിക്കാന്‍ ശ്രമിക്കുന്നതെന്ന സിബലിന്റെ പ്രസ്താവന വിശ്വസനീയമാകാത്തത് സോണിയാഗാന്ധിക്കെതിരെ നടക്കുന്ന ദുഷ്പ്രചാരണത്തിന് തടയിടാനുള്ള ശ്രമമാണ്. സോഷ്യല്‍ നെറ്റ്വര്ക്കിംഗ് സൈറ്റുകള്‍ നിയന്ത്രിക്കാനുള്ള നീക്കത്തിന് പ്രേരകമായത് ദൃശ്യമാധ്യമങ്ങളും ഇന്റര്‍നെറ്റും അണ്ണാ ഹസാരെ സമരത്തിന് നല്കിയ പിന്തുണയില്‍ ആ സംരംഭത്തിന് ലഭിച്ച അംഗീകാരമാണത്രേ. മറ്റൊരു വസ്തുത അറബ് വസന്തത്തിന്റെ വിജയമാണ്. അതിന് പിന്നിലും നെറ്റ്വര്ക്കിംഗ് സൈറ്റുകളുടെ സ്വാധീനം പ്രകടമാണ്.
നെറ്റ്വര്ക്കിംഗ് സൈറ്റുകളും ഇന്റര്‍നെറ്റ് പൊതുവെയും ലക്ഷ്യമിടുന്നത് വിവരങ്ങളും വാര്‍ത്തകളും കഴിയുന്നത്ര അധികം ആളുകളില്‍ എത്തിക്കാനാണ്. വാര്‍ത്തകള്‍ വ്യത്യസ്തമായി റിപ്പോര്‍ട്ട് ചെയ്തെന്നിരിക്കാം. നെറ്റ്വര്ക്കിംഗ് സൈറ്റുകളും ഇന്റര്‍നെറ്റും ചൈന നിരോധിച്ചപോലെ ഇന്ത്യയും നിരോധിക്കാന്‍ നീക്കം നടത്തുകയാണെങ്കില്‍ അത് ശക്തമായ പ്രതിഷേധം ക്ഷണിച്ചുവരുത്തുമെന്നുറപ്പാണ്. ഇന്ത്യയില്‍ 25 ദശലക്ഷം ഫേസ്ബുക്ക് ഉപഭോക്താക്കളുണ്ട്. ഈ സൈറ്റുകളുടെ നിയന്ത്രണം പത്രസ്വാതന്ത്ര്യത്തിനെതിരെയും അഭിപ്രായസ്വാതന്ത്ര്യത്തിനെതിരെയുമുള്ള നീക്കമായി മാത്രമേ വ്യാഖ്യാനിക്കാന്‍ സാധ്യമാകുകയുള്ളൂ. സര്‍ക്കാരിന് എങ്ങനെ ഇന്റര്‍നെറ്റിന്റെ ഉള്ളടക്കം റെഗുലേറ്റ് ചെയ്യാനാകുമെന്ന ചോദ്യമാണുയരുന്നത്. ലോക്പാല്‍ ബില്ലില്‍ ക്ലാസ് മൂന്നും നാലും ജീവനക്കാരെ ഒഴിവാക്കിയത് അവരുടെ വൈപുല്യം കണക്കിലെടുത്താണെന്നിരിക്കെ അതിലും എത്രയോ വിപുലമായ, ലോകത്തൊട്ടാകെ വ്യാപിച്ചിട്ടുള്ള സോഷ്യല്‍ നെറ്റ്വര്ക്കിംഗ് സൈറ്റുകള്‍ എങ്ങനെ നിയന്ത്രിക്കാന്‍ കഴിയും എന്ന മറുചോദ്യവും ഉയരുന്നു.
ഇന്ത്യയില്‍ മാധ്യമ നിയന്ത്രണം എന്നത് ഒരു ആശയമായി രൂപപ്പെടുന്നതില്‍ ജനങ്ങള്‍ ആശങ്ക പുലര്‍ത്തുന്നുണ്ട്. ദൃശ്യമാധ്യമങ്ങള്‍ അതിര് കടക്കുന്നു എന്നും ചര്‍ച്ചാവിഷയങ്ങള്‍ എപ്പോഴും ജനോപകാരപ്രിയങ്ങളല്ല, ജനപ്രിയകരങ്ങളാണ് എന്നതും അണ്ണാ ഹസാരെ, മുംബൈ ആക്രമണം മുതലായ 24 മണിക്കൂര്‍ കവറേജ് നല്കിയതും വാര്‍ത്തകള്‍ പൊലിപ്പിച്ച് കാണിച്ചതും എല്ലാം വിമര്ശനവിധേയമാക്കിയപ്പോള് മാധ്യമങ്ങള്‍ക്ക് സ്വയം നിയന്ത്രണമാകാമെന്ന അഭിപ്രായമാണ് രൂപപ്പെട്ടത്.
മാധ്യമങ്ങള്‍ വാര്‍ത്തകളെ നിസ്സാരവല്ക്കരിക്കുന്നതും താരങ്ങളുടെ വാര്‍ത്തകള്‍ക്ക് അമിതപ്രാധാന്യം നല്‍കുന്നതും പൈങ്കിളിവല്ക്കരിക്കുന്നതും സ്വാഗതാര്‍ഹമല്ല. ഇപ്പോള്‍ പ്രസ് കൗണ്‍സില്‍ ചെയര്മാന് ജസ്റ്റിസ് മാര്‍ക്കണ്ഡേയ കാട്ജു നടന് ദേവാനന്ദിന്റെ മരണം ഒന്നാം പേജ് വാര്‍ത്തയാക്കിയതും ന്യൂസ്പ്രിന്റും സമയവും ഈ വിഷയത്തിന് കൂടുതല്‍ നല്കിയതും വിമര്‍ശനവിധേയമാക്കിയിട്ടുണ്ട്.
മാധ്യമങ്ങള്‍ മധ്യവര്‍ഗ സമൂഹത്തിന്റെ വിനോദോപാധിയാണ്. 300 ദശലക്ഷം മധ്യവര്‍ഗക്കാരാണ് ടിവി ഉപഭോക്താക്കള്‍. മാധ്യമങ്ങള്‍ കോടി ജനങ്ങളുടെ ശബ്ദമായി മാറണമെന്ന് പറഞ്ഞത് മുന്‍പ്രസിഡന്റ് അബ്ദുള്‍ കലാമാണ്. പക്ഷെ ടിവി ഇന്നും ടിആര്‍പി റേറ്റിംഗ് പോയിന്റില്‍ ലക്ഷ്യമിടുന്നത് പരസ്യവരുമാനമാണ്. അതിന് പരിപാടികള്‍ ജനപ്രിയമാക്കേണ്ടതുണ്ട്. അതുകൊണ്ടുതന്നെ വിനോദവും ആഡംബരജീവിത ശൈലികളും ബിസിനസ് വാര്‍ത്തകളും ഇടം നേടുന്നു. ബോളിവുഡ് ഗോസിപ്പുകളും അപ്രധാന കാര്യങ്ങളും പ്രത്യക്ഷപ്പെടുന്നു. ഇതെല്ലാം ശരിയാണെങ്കിലും സര്‍ക്കാര്‍ നിയന്ത്രണം ഒരു മാധ്യമത്തിനും സോഷ്യല്‍ നെറ്റ്വര്ക്കിംഗ് സൈറ്റുകള്‍ക്കും അഭികാമ്യമല്ല. ഇന്ത്യയെ ഒരു ബന്ധനസ്ഥ സമൂഹമായി മാറ്റാനുള്ള ശ്രമമായി മാത്രം ജനങ്ങള്‍ ഇതിനെ കണ്ടെന്നുവരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: