കൊച്ചി: ശിവപഞ്ചാക്ഷരിമന്ത്രങ്ങളാല്‍ ധന്യമായഎറണാകുളത്തപ്പന്റെ പുണ്യഭൂമിയില്‍ വിജ്ഞാനത്തിന്റെ അമൃതഗംഗാ പ്രവാഹമായി മാറിക്കഴിഞ്ഞു പതിനൊന്നാമത് അന്താരാഷ്‌ട്ര പുസ്തകോത്സവം. ആറ് ദിനങ്ങള്‍ പിന്നിട്ട അറിവിന്റെ വസന്തോത്സവത്തിലേക്ക് വിജ്ഞാനകുതുകികള്‍ ഒഴുകിയെത്തുകയാണ്.
പെന്‍ഗ്വിന്‍ പോലെയുള്ള വിദേശ പുസ്തകപ്രസാധകര്‍മുതല്‍ ഒറ്റ പുസ്തകം പ്രസിദ്ധീകരിച്ച വിഷ്ണുദാസ്‌എന്ന വിദ്യാര്‍ത്ഥിക്ക് വരെ സ്റ്റാളുണ്ട്. വ്യത്യസ്തങ്ങളായ ഇരുനൂറോളം സ്റ്റാളുകളാണ് മേളയുടെ പ്രത്യേകത. കുരുക്ഷേത്രയുടെ സ്റ്റാളില്‍ അഞ്ച് രൂപയുടെ ജ്ഞാനപ്പാന മുതല്‍ 3335 രൂപ വിലയുള്ള ക്രിട്ടിക്കല്‍ കീയര്‍ നഴ്സിംഗ് സിനര്‍ജി ഓപ്ഷണല്‍ വരെയുള്ള പുസ്തകങ്ങളുണ്ട്.
പഞ്ചതന്ത്രമാണ് ഇവിടെ വില്‍പ്പനയില്‍ മുന്നില്‍. സാഗ്നികം അതിരാത്രം, ഭഗവദ്ഗീത, ഹൈന്ദവ ആചാരാനുഷ്ഠാനങ്ങള്‍, ഒരു പത്രപ്രവര്‍ത്തകന്റെ കയ്യൊപ്പ്, അര്‍ത്ഥശാസ്ത്രം എന്നിവക്ക് ഏറെ ആവശ്യക്കാരുണ്ട്് ശ്രീനാരായണഗുരുദേവന്‍, ചട്ടമ്പിസ്വാമികളുടെ ക്രിസ്തുമതഛേദനം എന്നിവ തേടിയും ധാരാളം പേര്‍ എത്തുന്നു. കുട്ടികള്‍ക്കായുള്ള വിവിധ പ്രസിദ്ധീകരണങ്ങള്‍, പറയിപെറ്റ പന്തിരുകുലം, ആരോഗ്യസംരക്ഷണ പുസ്തകങ്ങള്‍ തുടങ്ങി വ്യത്യസ്ത വിഭവങ്ങളാണ് കുരുക്ഷേത്ര ഒരുക്കിയിരിക്കുന്നത്.
ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ സ്റ്റാളില്‍ അശ്വതിതിരുനാള്‍ ഗൗരി ലക്ഷ്മിഭായ് എഴുതിയ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ചരിത്രത്തെക്കുറിച്ചുള്ള പുസ്തകത്തിന്റെ രണ്ടാമത്തെ എഡിഷനും തീരാറായി. മഹര്‍ഷി ശ്രീനാരായണ ഗുരുദേവന്‍ എന്ന പുസ്തകം വില്‍പനയില്‍ റെക്കോഡ് സൃഷ്ടിച്ചു. ശ്രീനാരായണ ഗുരുദേവനെക്കുറിച്ചുള്ള പുസ്തകങ്ങള്‍ പൂര്‍ണമായും തീര്‍ന്നു. നാല് വാള്യങ്ങളടങ്ങിയ ദക്ഷിണേന്ത്യന്‍ സംഗീതം, പിജിയുടെ വൈജ്ഞാനിക വിപ്ലവം, ആത്മോപദേശശതകം, കൊച്ചിയും പാലിയത്തച്ചനും, ഡോ. അംബേദ്ക്കറുടെ സമ്പൂര്‍ണ കൃതികള്‍, ഡോ. സുകുമാര്‍ അഴീക്കോടിന്റെ ഭാരതീയവും സാഹിത്യവും, കേരളത്തിന്റെ വനസസ്യങ്ങള്‍, ഇന്ത്യന്‍ ഭരണഘടന, ഭാരതബൃഹച്ചരിതം എന്നിവക്ക് ഏറെ ആവശ്യക്കാരുണ്ട്. ഡോ. കരുണന്‍ കണ്ണംപൊയിലില്‍ എഴുതിയ വൃക്കകള്‍ എന്ന പുസ്തകത്തിനും നല്ല വില്‍പ്പനയുണ്ട്. 20 മുതല്‍ 60 ശതമാനം വരെ വിലക്കുറവുണ്ട് മിക്ക പുസ്തകങ്ങള്‍ക്കും.
ഗാന്ധിജിയുടെ ആത്മകഥ, 1200 രൂപ വിലയുള്ള ശ്രീകണ്ഠേശ്വരത്തിന്റെ ശബ്ദതാരാവലി, മലയാള ക്ലാസിക്കുകളായ ഒ. ചന്തുമേനോന്റെ ശാരദ, ഇന്ദുലേഖ എന്നിവയും പത്ത് വയസില്‍ വിവാഹമോചിതയായ പെണ്‍കുട്ടിയുടെ ആത്മകഥ ഞാന്‍ നുജദ്, ലോകസാഹിത്യത്തിലെ 10 മികച്ച ആത്മകഥകളില്‍ ഒന്നായ യെവ്തുഷെങ്കോയടെ ആത്മകഥ, തസ്ലീമ നസ്‌റിന്റെ ലജ്ജ, ഓഷോയുടെ, ബര്‍ട്രാന്റ് റസ്സലിന്റെ പുസ്തകങ്ങള്‍ എന്നിവയെല്ലാം തേടി നിരവധി പേര്‍ എത്തുന്നുണ്ട്.
നാല് വേദങ്ങളും 108 ഉപനിഷത്തുക്കളും ഒരുമിച്ച് 3500 രൂപ വിലയുള്ളത് 1925 രൂപയുടെ ഓഫറാണ് ഏകലവ്യ പബ്ലിക്കേഷന്‍സ് നല്‍കിയിട്ടുള്ളത്. ശ്രീരാമകൃഷ്ണന്റെ സ്റ്റാളില്‍ മഠത്തിന്റെ പുസ്തകങ്ങളും വിവേകാനന്ദസാഹിത്യ സര്‍വസ്വം, ശ്രീരാമകൃഷ്ണ വചനാമൃതം തുടങ്ങി അമൂല്യഗ്രന്ഥങ്ങളുടെ നിരയാണുള്ളത്. സുരുചി പ്രകാശന്‍, ദല്‍ഹിയിലെ ഡബ്ല്യൂഎച്ച്‌ഒ, ആഗ്ര സാഹിത്യഭവന്‍ തുടങ്ങി ദേശീയ പ്രസാധകരുടെ സ്റ്റാളുകളുമുണ്ട്. കമ്പ്യൂട്ടര്‍ പുസ്തകങ്ങളും സിഡികളും തുടങ്ങി വിജ്ഞാനത്തിന്റെ എല്ലാ സമ്പത്തും ഇവിടെ നിറഞ്ഞൊഴുകുകയാണ്.
എംടിയടെ ബെയര്‍ വിത്ത് മി, മദര്‍ എന്ന ഇംഗ്ലീഷ് പുസ്തകമാണ് വിവ ബുക്സ് നല്‍കുന്നത്. കുട്ടികള്‍ക്കായുള്ള പഠനസഹായികളാണ് എസ്. ചന്ദിന്റെ സ്റ്റാളിലുള്ളത്. അമ്മയുടെ സ്നേഹം പകര്‍ന്ന് അമൃത ബുക്സ്റ്റാളുമുണ്ട്.
അപൂര്‍വമായ വിജ്ഞാന ശേഖരങ്ങളുടെ ഒത്തുചേരലാണ് കൊച്ചി അന്താരാഷ്‌ട്ര പുസ്തകോത്സവം. 11 ന് സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: