ഇസ്ലാമാബാദ്: നാറ്റോ വ്യോമാക്രമണത്തില്‍ 24 പാക് സൈനികര്‍ കൊല്ലപ്പെട്ട സാഹചര്യത്തില്‍ യു.എസ്- നാറ്റോയുമായുള്ള രാജ്യാന്തര കരാറുകള്‍ പുന:പരിശോധിക്കുമെന്ന് പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനി വ്യക്തമാക്കി. നാറ്റോ ആക്രമണത്തിന് ശേഷം ഈ വിഷയം വളരെ ഗൗരവപരമായാണ് എടുത്തിട്ടുള്ളതെന്നും ഗിലാനി അറിയിച്ചു.
സൈന്യവും രാഷ്ട്രീയ നേതൃത്വും ഉറച്ച പിന്തുണയാണ് ഇത്തരമൊരു നീക്കത്തിന് വാഗ്ദാനം ചെയ്തിട്ടുള്ളതെന്നും ഗിലാനി പറഞ്ഞു. പര്‍വേസ് മുഷറഫ് ഭരണക്കാലത്ത് യു.എസ്, നാറ്റോ, യു.എന്‍ എന്നിവയുമായും അന്തര്‍ദേശീയ സുരക്ഷാ സഹായ സൈന്യ (ഐ.എ.എസ്.എഫ്) യുമായി ഉണ്ടാക്കിയ ഉഭയകക്ഷി, സുരക്ഷാ കരാറുകളാണ് പുന:പരിശോധിക്കുന്നതെന്ന് ഗിലാനി വ്യക്തമാക്കി.
ഡിഫന്‍സ് കമ്മിറ്റി ഒഫ് ദി കാബിനറ്റ് (ഡി.സി.സി) ഉള്‍പ്പെടെയുള്ള സൈനിക, രാഷ്ട്രീയ നേതൃത്വം ഇരുരാജ്യങ്ങളും തമ്മിലുള്ള എല്ലാ കരാറുകളെയും പുനര്‍നിര്‍വചിക്കാനുള്ള അവസരമായിട്ടാണ് നാറ്റോ ആക്രമണത്തെ വിലയിരുത്തുന്നതെന്നും യുദ്ധവും തീവ്രവാദവുമുള്പ്പെടെയുള്ള ദേശീയ, അന്തര്‍ദേശീയ പ്രശ്നങ്ങളില്‍ പുനര്‍വിചിന്തനം നടത്തണമെന്നുമാണ് ഇപ്പോഴത്തെ തീരുമാനമെന്നും ഗിലാനി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: