ദുബായ്: സഹപ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട രണ്ട് ഇന്ത്യക്കാരുടെ ശിക്ഷ റദ്ദാക്കി. ഷാര്‍ജ ശരിയത്ത് കോടതിയാണ് ശിക്ഷ റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. മരിച്ചയാളുടെ കുടുംബത്തിന് എട്ട് ലക്ഷം രൂപ ചോരപ്പണം നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് ഇവരെ മോചിപ്പിക്കുന്നത്.
പഞ്ചാബിലെ കപൂര്‍ത്തല സ്വദേശി തല്‍വിന്ദര്‍ സിംഗ്, ഗുര്‍ദാസ്പൂര്‍ സ്വദേശി പരംജിത് സിംഗ് എന്നിവര്‍ ചേര്‍ന്ന് ഹൈദരാബാദുകാരനായ ചിന്ന ഗന്ഗണ്ണ ചെപൂരിയെ കൊലപ്പെടുത്തുകയായിരുന്നു. 2009 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഷാര്‍ജ ശരിയത്ത് കോടതിയാണ് ഈ കേസിന്റെ വാദം കേട്ടത്.
ചോരപ്പണമായി എട്ട് ലക്ഷം രൂപയാണ് നല്‍കേണ്ടത്. മറ്റ് ചെലവുകളും കണക്കാക്കി ആകെ 10 ലക്ഷം രൂപയാണ് കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് മോചനം. വധ ശിക്ഷ റദ്ദാക്കിയതിനുപുറമെ മൂന്ന് വര്‍ഷം തടവിന് വിധിച്ചിരുന്നു. ഈ കാലാവധി ഇപ്പോള്‍ത്തന്നെ പൂര്‍ത്തിയായതായി ഇന്ത്യന്‍ പഞ്ചാബി സൊസൈറ്റി പ്രസിഡന്റ് എസ്.പി.സിംഗ് ഒബ്രോയി അറിയിച്ചു.
കൊല്ലപ്പെട്ട ചിന്ന ഗന്ഗണ്ണ ചെപൂരിയുടെ കുടുംബം പ്രതികള്‍ക്ക് മാപ്പുനല്‍കിക്കൊണ്ടുള്ള കത്ത് ശരിയത്ത് കോടതി മുമ്പാകെ കഴിഞ്ഞ ദിവസം സമര്‍പ്പിച്ചിരുന്നു. ഇതെല്ലാം പരിഗണിച്ചാണ് കോടതി വധശിക്ഷ റദ്ദ് ചെയ്തത്. പത്ത് ദിവസത്തിനുള്ളില്‍ ഇവര്‍ ജയില്‍ മോചിതരാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: