കേരളത്തിലെ ജനത ആശങ്കയുടെ മുന്മുനയില് നില്ക്കുമ്പോള്, അണക്കെട്ടിലെ ജലനിരപ്പ് കുറയ്ക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയും അണക്കെട്ട് പൊട്ടിയാലുണ്ടാകാവുന്ന ദുരന്തത്തെപ്പറ്റിയും പ്രധാനമന്ത്രിയെ ധരിപ്പിച്ച് നടപടികളുണ്ടാക്കാന്‍ കേരള മുഖ്യമന്ത്രി ദല്‍ഹിയില്‍ നീക്കം നടത്തിക്കൊണ്ടിരിക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് വിശദീകരിച്ച് അഡ്വക്കേറ്റ് ജനറല്‍ ഹൈക്കോടതിയില്‍ അണക്കെട്ട് സുരക്ഷയെപ്പറ്റി ചെയ്ത പ്രസ്താവന കേരളത്തിലെ ജനങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്. അണക്കെട്ട് തകര്‍ന്നാല്‍ ജനങ്ങളെ രക്ഷിക്കാന്‍ സര്‍ക്കാര്‍ എന്തുചെയ്തു എന്ന ഹൈക്കോടതിയുടെ ചോദ്യത്തിന് മറുപടി നല്‍കിക്കൊണ്ട് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയ എജി പറഞ്ഞത് അണക്കെട്ടിലെ ജലനിരപ്പും സുരക്ഷയുമായി യാതൊരു ബന്ധവുമില്ലെന്നും ജലനിരപ്പ് 142 ആയാലും 120 ആയാലും അണക്കെട്ടിന്റെ സുരക്ഷയെ ബാധിക്കില്ലെന്നും അഥവാ അണക്കെട്ട് തകര്‍ന്നാലും വെള്ളം കുളമാവ്, ചെറുതോണി, ഇടുക്കി അണക്കെട്ടുകള്‍ക്ക് താങ്ങാനുള്ള ശേഷിയുണ്ടെന്നുമാണ്. കുളമാവ് ചെറുതോണി അണക്കെട്ട് തുറന്നാല്‍ വെള്ളം അറബിക്കടലിലേക്ക് ഒഴുകിപ്പോകും എന്നും ജനങ്ങള്‍ സുരക്ഷിതരായിരിക്കുമെന്നും ആണ്. ഇപ്പോള്‍ തിളച്ചുമറിയുന്ന ആശങ്ക മാധ്യമസൃഷ്ടിയാണെന്നും എജി പറഞ്ഞുവെച്ചു. ഇത് മുല്ലപ്പെരിയാര്‍ ജലനിരപ്പ് 120 അടി ആക്കാനും പുതിയ അണക്കെട്ട് നിര്‍മ്മിക്കണമെന്നും ആവശ്യപ്പെട്ട് കേരളത്തില്‍ നിരാഹാരമിരിക്കുന്ന ജനപ്രതിനിധികളെയും പാര്‍ലമെന്റിന് മുമ്പില്‍ ധര്‍ണ ഇരിക്കുന്ന കേരള എംപിമാരെയും പ്രധാനമന്ത്രിയെ കാണാനെത്തിയ മുഖ്യമന്ത്രിയെയും ഞെട്ടിച്ചിരിക്കുകയാണ്.
അഡ്വക്കേറ്റ് ജനറലിന്റെ കോടതി മുമ്പാകെയുളള പ്രസ്താവന തമിഴ്നാടുമായി ഈ വിഷയത്തില്‍ കോടതിയില്‍ കേസ് നടത്തുന്ന സാഹചര്യത്തില്‍ കേരളത്തിന്റെ നിലപാട് ദുര്‍ബലമാക്കുന്നതാണ്. യാതൊരു സാങ്കേതിക അടിസ്ഥാനവുമില്ലാത്ത എജിയുടെ പ്രസ്താവന സാമാന്യബുദ്ധിക്ക് നിരക്കാത്തതാണ്. സത്യവാങ്മൂലത്തില്‍ ഇല്ലാത്ത വസ്തുതയാണ് എജി സര്‍ക്കാര്‍ നിലപാടായി കോടതിയില്‍ പ്രഖ്യാപിച്ചത്. ഇടുക്കി ഭൂകമ്പബാധിത മേഖലയാണെന്നും അണക്കെട്ട് സ്ഥിതിചെയ്യുന്ന പ്രദേശത്ത് 3.5 വരെ തീക്ഷ്ണതയുള്ള 26 ഭൂകമ്പങ്ങള്‍ ഉണ്ടായിക്കഴിഞ്ഞു എന്നും നാലില്‍ കൂടിയ ഭൂകമ്പമുണ്ടായാല്‍ അണക്കെട്ട് തകര്‍ന്നാല്‍ ഇടുക്കി അണക്കെട്ടിന് ജലപ്രവാഹം താങ്ങാന്‍ ശേഷിയില്ലെന്നും ഇടുക്കി തകര്‍ന്നാല്‍ നാല് ജില്ലകള്‍, 35 ലക്ഷം ജനങ്ങള്‍ നാമാവശേഷമാകുമെന്നും കേരളം വാദിക്കുന്നു. സുര്‍ക്കിയും ചുണ്ണാമ്പും ഉപയോഗിച്ച് നിര്‍മിച്ച ഡാമിലെ സുര്‍ക്കി 41 ശതമാനം അലിഞ്ഞില്ലാതായി.
ഗുജറാത്തിലെ മോര്‍വിയില്‍ സുര്‍ക്കിയില്‍ നിര്‍മിച്ച ഡാം തകര്‍ന്ന് ജനനാശം സംഭവിച്ച ദൃഷ്ടാന്തം നമ്മുടെ മുമ്പിലുണ്ട്. വേറെ 18 അണക്കെട്ടുകള്‍ തകര്‍ന്ന ചരിത്രവുമുണ്ട്. എന്നിട്ടും യാതൊരു മനചാഞ്ചല്യവും ഇല്ലാതെ സ്വന്തം താല്പര്യം മാത്രം ലക്ഷ്യമിടുന്ന തമിഴ്നാട് വാദിക്കുന്നത് അണക്കെട്ട് സുരക്ഷിതമാണെന്നും ജലനിരപ്പ് 142 അടിയാക്കണമെന്നും കേരളം അനാവശ്യ ആശങ്ക പരത്തുന്നത് തടയണമെന്നുമാണ്. ഈ പശ്ചാത്തലത്തില്‍ കേരള എജി നടത്തിയ കോടതി പരാമര്‍ശം ദുരൂഹത ഉയര്‍ത്തുന്നു. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ദുര്‍ബലാവസ്ഥ തെളിയിക്കുന്നതില്‍ കേരള രാഷ്ട്രീയനേതാക്കളും ഉദ്യോഗസ്ഥരും പരാജയപ്പെടുന്നത് അവരുടെ വായ് മൂടിക്കെട്ടുവാന്‍ തമിഴ്നാട് ഒഴുക്കിയ കോടികളുടെ ബലമാണെന്ന ആരോപണം നിലനില്‍ക്കെയാണ് എജിയുടെ പ്രസ്താവന.
അണക്കെട്ടിലെ അറ്റകുറ്റപ്പണിക്ക് മുടക്കിയതിനേക്കാള്‍ കൂടുതല്‍ തുക കേരള നേതാക്കളെയും ഉദ്യോഗസ്ഥരെയും സ്വാധീനിക്കാന്‍ തമിഴ്നാട് ചെലവാക്കിയിട്ടുണ്ടത്രേ. ഇത് വിശ്വസനീയമാകുന്നത് കേരളത്തെ പ്രതിനിധീകരിക്കുന്നവര്‍ കോടതിയിലായാലും പുറത്തായാലും കേരളം അഭിമുഖീകരിക്കുന്ന ദുരന്തത്തിന്റെ യഥാര്‍ത്ഥ രൂപം സുപ്രീംകോടതിയെയും കേന്ദ്രത്തെയും ധരിപ്പിക്കുന്നതില്‍ പരാജയപ്പെട്ട സാഹചര്യത്തിലാണ്. ഏറ്റവും ഒടുവില്‍ കേരളത്തിനനുകൂല നിലപാടെടുത്ത മനുഷ്യാവകാശ കമ്മീഷന് പോലും മലക്കംമറിഞ്ഞ് അണക്കെട്ടിനെപ്പറ്റിയുള്ള ആശങ്ക അസ്ഥാനത്താണെന്നും ഇത് മാധ്യമസൃഷ്ടിയാണെന്നും പറഞ്ഞിരിക്കുന്നല്ലോ. കേരള നേതാക്കള്‍ക്ക് തമിഴ്നാട്ടില്‍ ഏക്കറുകണക്കിന് സ്ഥലം ഉണ്ടത്രേ. ഇപ്പോള്‍ തമിഴ്നാട്ടില്‍ ഭൂമിയുള്ളവരുടെ പേരുവിവരങ്ങള്‍ ശേഖരിച്ച് പുറത്തുവിടും എന്ന ഭീഷണി തമിഴ്നാട് ഉയര്‍ത്തുമ്പോള്‍ കേരളജനതക്ക് തങ്ങളുടെ ദുര്‍വിധിയെപ്പറ്റി കേഴാന് മാത്രമേ സാധ്യമാകൂ. ഗുജറാത്തിലെ മോര്‍വി തകര്‍ന്ന നാള് മുതല്‍ മുല്ലപ്പെരിയാര്‍ സുരക്ഷിതമല്ല എന്ന കാര്യം പൊതുചര്‍ച്ചയിലും കോടതികളിലും വന്നതാണ്. പക്ഷെ കേരള രാഷ്ട്രീയ-ഉദ്യോഗസ്ഥ നേതാക്കള്‍ വായ്ത്താരി പാടുന്നതല്ലാതെ തമിഴ്നാടിന്റെ ദുര്‍വാശിയില്‍ അടിയറവ് പറഞ്ഞ് ഡാം തകര്‍ന്നാല്‍ സുരക്ഷക്കുള്ള നടപടികള്‍ പോലും ചര്ച്ചാവിധേയമാക്കിയിട്ടില്ല. ‘ഡാം ബ്രേക്ക് അനാലിസിസ്’ നടത്തി വ്യാപ്തി ലഘൂകരിക്കാനോ മറ്റ് സാഹചര്യങ്ങള്‍ വിശകലനം ചെയ്യാനോ തയ്യാറായിട്ടില്ല എന്നത് ഇവിടെ നിലനില്‍ക്കുന്ന രാഷ്ട്രീയ നിസ്സംഗതക്ക് ഉദാഹരണമാണ്.
തമിഴര്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ കോലം കത്തിക്കുമ്പോഴും കേരളത്തില്‍ ജയലളിതയുടെ കോലം കത്തിച്ചതില്‍ ബന്ധപ്പെട്ട മന്ത്രി തമിഴില്‍ പേശി കരയുന്ന നാണംകെട്ട ദൃശ്യവും കേരളത്തിന് കാണേണ്ടിവന്നു. ഡാം തകര്‍ന്നാല്‍ പെരിയാര്‍ തീരത്തെ 35000 നിവാസികള്‍ ഒലിച്ചുപോകും. ഈ പ്രശ്നത്തില്‍ കേന്ദ്രവും നിസ്സംഗത പുലര്‍ത്തുന്നത് കേന്ദ്രത്തിന് തമിഴ്നാടും കേരളവും ഒരുപോലെയാണെന്ന വാദത്തിലാണ്. പക്ഷെ അണക്കെട്ടിന്റെ പ്രയോജനം പൂര്‍ണമായി അനുഭവിക്കുന്ന തമിഴര്‍ സുരക്ഷിതരായിരിക്കുമ്പോള്‍ ജീവന് ഭീഷണി നിലനില്‍ക്കുന്നത് 35 ലക്ഷം മലയാളികള്‍ക്കാണ് എന്ന വസ്തുത താരതമ്യത്തിനതീതമല്ലെ.
ഇവിടെ അണക്കെട്ടില്ലെങ്കിലും കേരളത്തിന് നഷ്ടമില്ല. കാരണം ഇതിലെ ജലം കേരളം ഉപയോഗിക്കുന്നില്ല. ഇതില്‍നിന്ന് കുടിവെള്ളവും ജലസേചനവും വൈദ്യുതിയും നാമാത്രമായ ചെലവില്‍ ലഭിക്കുന്ന തമിഴ്നാടിന് അത് നല്കുന്ന സംസ്ഥാനത്തോട് മനുഷ്യത്വപരമായ സമീപനം പോലും ഇല്ല എന്ന് വ്യക്തമാക്കുന്നതാണ് വൈക്കോയുടെ വാഹന തടയല്‍ സമരം. കേരളം നശിച്ചാലും തങ്ങള്‍ക്ക് കൃഷി എന്ന ഏക ലക്ഷ്യം തമിഴ്നാട് പുലര്‍ത്തുമ്പോള്‍ എല്ലാ സംസ്ഥാനങ്ങളെയും ഒരുപോലെ കാണുന്ന കേന്ദ്രത്തിന്റെ ദൃഷ്ടിയില് ദുരന്തസാധ്യതകള്‍ എന്തുകൊണ്ട് വരുന്നില്ല? കേരളത്തിന്റെ ഇവിടത്തെ രാഷ്ട്രീയ നേതാക്കളുടെ ബലഹീനതയും തോല്‍ക്കാനുള്ള സന്നദ്ധ മനോഭാവവുമാണ് അണക്കെട്ട് തകര്‍ച്ചയേക്കാള്‍ ഭീമമായ ദുരന്തം. തമിഴ്നാടിന് രാജ്യതാല്പര്യമാണെങ്കില് കേരള രാഷ്ട്രീയ-ഉദ്യോഗസ്ഥ മാഫിയകള്‍ക്ക് സ്വാര്ത്ഥതാല്പര്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: