ഋതുഭേദങ്ങള്‍ക്കനുസരിച്ച് മനുഷ്യന്റെ ശാരീരിക മാനസിക ആരോഗ്യത്തിലും മാറ്റങ്ങള്‍ സംഭവിക്കുന്നു. പ്രകൃതിയോട് ഇണങ്ങും തോറും ആളുകള്‍ വളരെ ഉന്മേഷഭരിതരാകുന്നു. പ്രഭാതത്തില്‍ പുല്‍നാമ്പുകളിലെ നീര്‍ത്തുള്ളികളില്‍ തട്ടി സൂര്യരശ്മികള്‍ പുഞ്ചിരിക്കുന്ന കാഴ്ച എത്ര ഹൃദയഹാരിയാണ്.
പാശ്ചാത്യസാഹിത്യത്തില്‍ കവികള്‍ സൂര്യനെക്കുറിച്ചും മനുഷ്യനെ ഊര്‍ജ്ജസ്വലമാക്കാനുള്ള അതിന്റെ കഴിവിനെക്കുറിച്ചും പരാമര്‍ശിക്കുന്നു. മനോവികാരങ്ങള്‍ക്ക് സൂര്യരശ്മിയുമായുള്ള ബന്ധത്തെക്കുറിച്ച് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടത് 1980കളുടെ തുടക്കത്തിലായിരുന്നു. അതുകൊണ്ടുതന്നെ മഞ്ഞുകാലത്ത് സൂര്യപ്രകാശത്തിന്റെ അളവിലെ നേരിയ വ്യതിയാനം പോലും വിഷാദരോഗത്തിനും നൈരാശ്യത്തിനും കാരണമാകുന്നത് വൈദ്യശാസ്ത്രമേഖല തിരിച്ചറിഞ്ഞു.
സൂര്യപ്രകാശം താരതമ്യേന കുറവായ ശൈത്യകാലത്ത് ധാരാളം ഭക്ഷണം കഴിക്കുക, കൂടുതല്‍ ഉറങ്ങുക, എന്നിവ പൊതുവെ കാണപ്പെടുന്ന സ്വഭാവവ്യത്യാസങ്ങളാണ്. ചുരുക്കത്തില്‍ കുറച്ചു കാലത്തേക്കെങ്കിലും മനുഷ്യന്റെ വ്യക്തിത്വത്തില്‍ പൊതുവായി കണ്ടുവരുന്ന സ്വാഭാവിക പ്രതിഭാസമാണിത്. തണുപ്പുകാലം കഴിഞ്ഞ് വസന്തകാലാരംഭത്തോടെ മനുഷ്യര്‍ കൂടുതല്‍ ഉന്മേഷഭരിതരാകുന്നു. തണുപ്പുകാലത്തെ കുറഞ്ഞ പകല്‍ സമയവും കൂടിയ രാത്രികാലവും ഇത്തരം വൈകാരികമായ അസന്തുലിതാവസ്ഥ ഉണ്ടാക്കുന്നതായി നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്തിലെ ശാസ്ത്രജ്ഞന്മാര് കണ്ടെത്തി.
ഋതുഭേദങ്ങള്‍ക്കനുസരിച്ചുള്ള ഇത്തരം മാറ്റങ്ങളെക്കുറിച്ച് 1981ല്‍ പഠനം നടത്തിയ ഡോ. നോര്‍മന്‍ റോസ്തല് സീസണല്‍ അഫക്ടീവ് ഡിസോര്‍ഡര്‍ (സാഡ്) എന്നിതിന് നാമകരണം നല്കി. ബ്രിട്ടണില്‍ മൂന്നു ശതമാനം ആളുകള്‍ക്ക് നിരാശ രോഗം ബാധിച്ചിട്ടുണ്ടെന്നും 20% അളുകള്‍ രോഗത്തിന്റെ വക്കിലാണെന്നും പഠനം തെളിയിക്കുന്നു. സൂര്യപ്രകാശം എങ്ങിനെയാണ് ഈ അവസ്ഥയ്ക്ക് പരിഹാരമാകുന്നതെന്ന് പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. പീനിയല്‍ ഗ്രന്ഥിയുടെ പ്രവര്‍ത്തനത്തില്‍ പ്രകാശത്തിനുള്ള പങ്ക് വളരെ വലുതാണ്. മനുഷ്യശരീരത്തിലെ വൈറ്റല്‍ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നതില്‍ ഇത് നിര്‍ണ്ണായക പങ്കുവഹിക്കുന്നു. ഉറക്കം, ഉണര്‍വ്വ്, ഉന്മേഷം തുടങ്ങിയ അവസ്ഥകളെ സ്വാധീനിക്കുന്നതോടൊപ്പം ശരീരത്തിലെ പ്രകാശമാപിനിയായും ടൈമറായും ഈ ഗ്രന്ഥി നിലകൊള്ളുന്നു. ശരീരത്തിലെ ആന്തരിക പ്രവര്‍ത്തനങ്ങളെ ജീവിക്കുന്ന അന്തരീക്ഷത്തിലെ പ്രകൃതിയുമായി സമതുലിതപ്പെടുത്തുവാന് ഈ ഗ്രന്ഥി സഹായിക്കുന്നു. സ്വാഭാവിക പ്രകാശത്തിന്റെ അഭാവം ഇതിന്റെ പ്രവര്‍ത്തനങ്ങളെ വ്യതിചലിപ്പിക്കുകയോ നശിപ്പിക്കപ്പെടുകയോ ചെയ്യുന്നു. ഡോ. ഓട്ടിന്റെ (ചെയര്മാന് ആന്റ് ഡയറക്ടര്‍ ഓഫ് എന്‍വയോണ്‍മെന്റല്‍ ഹെല്‍ത്ത് ആന്റ് ലൈറ്റ് റിസേര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട്, സരസോട്ട, ഫ്ലോറിഡ), ഹെല്‍ത്ത് ആന്റ് ലൈറ്റ് എന്ന പുസ്തകത്തില്‍ മനുഷ്യാരോഗ്യത്തില്‍ ലൈറ്റിന്റെ പ്രയോജനത്തെപ്പറ്റി ധാരാളം ലേഖനങ്ങളുണ്ട്. പ്രകാശം കണ്ണുകളിലൂടെ പ്രവേശിച്ച് ഹൈപ്പോതലാമസ് പിറ്റിയുട്ടറി, പീനിയല്‍ എന്നീ ഗ്രന്ഥികളിലൂടെ കടന്നുപോകുമ്പോള്‍ ആരോഗ്യത്തിനും പ്രതിരോധശക്തിക്കും സഹായകരമായി മാറുന്നു. ലൈറ്റ് തെറാപ്പി ചികിത്സ നടത്തിയ ജോണ്‍ റോക്ക്, എഡ്മണ്ട ഡിവോണ്‍ എന്നിവര്‍, സ്വാഭാവികമായ ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്ക് പ്രകാശം അത്യന്താപേക്ഷിതമാണെന്ന് കണ്ടെത്തി. സൂര്യപ്രകാശത്തിന് മനുഷ്യമനസ്സിലും ശരീരത്തിലുമുള്ള സ്വാധീനത്തെക്കുറിച്ച് ഇതില്‍നിന്ന് വ്യക്തമാണല്ലോ.
– സൂര്യാജി
പ്രതികരിക്കാൻ ഇവിടെ എഴുതുക: