മരട്: ഭരണ സ്വാധീനം ഉപയോഗിച്ച് എംഎല്‍എയുടെ സഹോദരന് ഭൂമി നികത്തിയതായി ആക്ഷേപം. മരട് നഗരസഭയിലെ 30-ാം ഡിവിഷനില്‍പ്പെട്ട നെട്ടൂരിന്റെ പടിഞ്ഞാറുഭാഗത്തായാണ് കോണ്‍ഗ്രസിന്റെ പ്രമുഖ എംഎല്‍എയുടെ സഹോദരന് നിയമം ലംഘിച്ച് അനധികൃത ഭൂമി നികത്തല്‍ നടത്തിയതെന്നാണ് ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്.
റെയില്‍വേ ഗേറ്റിനപ്പുറം കോലാടത്തുതോട് സ്ലാബിട്ട് മൂടി നിര്‍മിച്ച റോഡിനരികിലാണ് അര ഏക്കറോളം ഭൂമി അധികൃതരുടെ അനുമതിയില്ലാതെ പൂഴിയിട്ട് നികത്തിയിരിക്കുന്നത്. പ്രദേശത്തെ കോണ്‍ഗ്രസ് അനുഭാവമുള്ള ഒരു ട്രേഡ്യൂണിയനുമായി ബന്ധപ്പെട്ടവരാണ് നിലം നികത്തലിന് മേല്‍നോട്ടം വഹിച്ചത്. റവന്യൂ രേഖകളില്‍ നിലം എന്നു രേഖപ്പെടുത്തിയിരിക്കുന്ന തണ്ണീര്‍ തട പ്രദേശമാണ് കച്ചവടാവശ്യം മുന്നില്‍ക്കണ്ട് നികത്തി കരയാക്കി മാറ്റിയത്.
നിലംനികത്തലിന് അനുമതിക്കായി നഗരസഭയിലോ, മറ്റ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കൊ അപേക്ഷയൊന്നും ഭൂവുടമ നല്‍കിയിരുന്നില്ലെന്നാണ് വിവരം ലഭിച്ചിരിക്കുന്നത്. നികത്തലുമായി ബന്ധപ്പെട്ട് അനുമതിക്കായി നഗരസഭയില്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടോ എന്ന കാര്യത്തില്‍ കൃത്യമായ വിവരം അധികൃതര്‍ നല്‍കിയില്ല.
കണ്ടലുകളും, തണ്ണീര്‍ തടങ്ങളും നിറഞ്ഞ നെട്ടൂരിന്റെ പടിഞ്ഞാറുഭാഗത്ത് വ്യാപകമായ തോതില്‍ നിയമംലംഘിച്ച് നികത്തലുകള്‍ നടന്നുവരുന്നതായി പരാതി ഉയര്‍ന്നിട്ടുണ്ട്. ടിപ്പര്‍ ലോറികള്‍ ഭാരമേറിയ ചെമ്മണ്ണുമായി ഓടുന്നതിനാല്‍ കോലാടത്ത് തോടിന്റെ സ്ലാബുകള്‍ക്ക് ബലക്ഷയം ഉണ്ടായതായും, റോഡ് പലേടത്തും തകര്‍ന്ന് അപകടാവസ്ഥയിലായെന്നും പ്രദേശവാസികള്‍ പരാതിപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: