തിരുവനന്തപുരം : മതം മാറ്റത്തെ പ്രോത്സാഹിപ്പിക്കുന്ന തരത്തില്‍ മതത്തിന്റെ പേരില്‍ സര്‍ക്കാര്‍ നല്കുന്ന ആനുകൂല്യങ്ങള്‍ അവസാനിപ്പിക്കണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല ടീച്ചര്‍. അഖിലേന്ത്യാ അസോസിയേഷനില്‍ ഹിന്ദു നാടാര്‍ സമാജം ലയിക്കുന്ന ലയന സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അവര്‍.
നാടാര്‍ സമുദായത്തിന് ഇന്ന് സ്വന്തം സമുദായത്തെപ്പോലും ദുരുപയോഗം ചെയ്യപ്പെടുന്ന അവസ്ഥയാണ്. ഹിന്ദുവിന് മാത്രമേ ജാതിയുള്ളൂ. ഹിന്ദുവില്‍ മാത്രമേ നാടാര്‍ എന്ന സമുദായമുള്ളൂ. ഹിന്ദുക്കള്‍ ഏറെ പഴികേട്ടിട്ടുള്ളത് ജാതി വ്യവസ്ഥയുടെ പേരിലാണ് എന്നാല്‍ ഇന്ന് മറ്റുള്ളവര്‍ ഏറ്റവും കൂടുതല്‍ ആനുകൂല്യമനുഭവിക്കുന്നതും ജാതിയുടെ പേരിലാണ്. പരിവര്‍ത്തിത ക്രൈസ്തവര്‍ എന്ന് മതം മാറ്റപ്പെട്ടവരെ പ്രത്യേക വിഭാഗമാക്കി സമുദായങ്ങളുടെ അംഗീകാരം നേടിയെടുക്കുന്നു. വഞ്ചിക്കപ്പെട്ടവരെ സ്വന്തം സമുദായത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ ഹിന്ദുക്കള്ക്കാവണം. മതേതര രാജ്യമെന്നറിയപ്പെടുന്ന ഭാരതത്തില്‍ പട്ടികജാതിക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് 140 രൂപ സ്കോളര്‍ഷിപ്പ് കിട്ടുമ്പോള്‍ മതം മാറുന്നവര്‍ക്ക് 1000 രൂപയാണ് സര്‍ക്കാര്‍ നല്‍കുന്നത്. മതം മാറ്റം സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് പരിപാടിയായി മാറുകയാണ്. മതം മാറിയാലേ ആനുകൂല്യങ്ങള്‍ ലഭിക്കൂ എന്ന അവസ്ഥയാണിന്ന്. മതം മാറ്റത്തെ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കരുത്. കാരക്കോണം മെഡിക്കല്‍ കോളേജില്‍ ലക്ഷക്കണക്കിന് രൂപ കോഴ വാങ്ങുന്ന ഒരു സഭയുടെ കീഴിലുള്ളവര്‍ക്ക് ന്യൂനപക്ഷത്തിന്റെയും പിന്നാക്ക വിഭാഗത്തിന്റെയും ജാതിയുടെ സംവരണം കിട്ടുന്നത് ആശാവഹമല്ല.
വര്‍ഗ്ഗീയ കലാപ വിരുദ്ധബില്‍ പ്രാവര്‍ത്തികമായാല്‍ ഭൂരിപക്ഷം സമുദായത്തിനുനേരെ കുറ്റകൃത്യങ്ങള്‍ നടത്തുന്നവര്‍ക്ക് ശിക്ഷായിളവ് ലഭിക്കുന്ന സ്ഥിതി വിശേഷമുണ്ടാകും. ബില്‍ നിലവില്‍ വന്നാല്‍ എല്ലാ സമുദായിക ലഹളയുടെയും ഉത്തരവാദിത്വം ഹിന്ദുവില്‍ അടിച്ചേല്‍പ്പിക്കുന്ന സ്ഥിവിശേഷമാണുണ്ടാവുകയെന്നും ശശികല ടീച്ചര്‍ പറഞ്ഞു.
ലയന സമ്മേളനം കെ. മുരളീധരന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. മാറിമാറി വരുന്ന എല്ലാ സര്‍ക്കാരുകള്‍ക്കും നാടാര്‍ സമുദായത്തെ സംരക്ഷിക്കാനുള്ള ചുമതലയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കേരള രൂപീകരണത്തിന് മുമ്പ് നാടാര്‍ സമുദായത്തിനുണ്ടായ രാഷ്ട്രീയ സ്വാധീനത്തില്‍ ക്ഷീണം സംഭവിച്ചിട്ടുണ്ട്. കേരള രൂപീകരണത്തില്‍ ചിലരുടെ ആഗ്രഹങ്ങള്‍ക്കനുസരിച്ച് ചിലത് നടന്നു.
കേരളത്തിന് നെല്ലറകള്‍ നഷ്ടപ്പെട്ടു. കേരളത്തിനോട് ചേര്‍ന്ന് തമിഴ്നാട്ടില്‍ ചേര്‍ക്കപ്പെട്ട ജില്ലകളില്‍ വികസനവുമെത്തിയില്ല. തമിഴ്നാടിന് വിട്ടുകൊടുത്ത മുല്ലപ്പെരിയാറിന്റെ ഫലം നമ്മള് അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. കേരളത്തിന് സുരക്ഷയും തമിഴ്നാടിന് വെള്ളവും ഈ പരിഗണന മറ്റൊരു സംസ്ഥാനവും കാട്ടുകയില്ലെന്നും അദ്ദേഹം പറഞ്ഞു.
അഖിലേന്ത്യാ നാടാര്‍ അസോസിയേഷന് ചെയര്മാന് ഡോ. വി. രാജീവലോചനന്‍ അധ്യക്ഷനായിരുന്നു. സുവനീര്‍ പ്രകാശനം മുന്‍ മന്ത്രി വി. സുരേന്ദ്രന്‍പിള്ള നിര്‍വ്വഹിച്ചു. ലയനപ്രഖ്യാപനം അസോസിയേഷന് ജനറല്‍ സെക്രട്ടറി കെ. വാസുദേവന്‍ നിര്‍വ്വഹിച്ചു. ആര്. ശെല്‍വരാജ് എംഎല്‍എ, മഹിളാമോര്‍ച്ച് തമിഴ്നാട് സെക്രട്ടറി അഡ്വ. എല്‍. വിക്ടോറിയ ഗൗരി, സി.പി. സുഗതന്, ആര്. നാരായണന് നാടാര്‍, എം.ആര്. പത്മകുമാര്‍, പുഞ്ചക്കരി സുരേന്ദ്രന്, പി. ശശികുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: