പാരീസ്: ഫ്രഞ്ച് കപ്പല്‍ നിര്‍മ്മാണ കമ്പനിയായ സിസിഎന്എസ് റഷ്യന്‍ നാവികസേനക്ക് യുദ്ധക്കപ്പല്‍ നിര്‍മ്മിച്ചുകൊടുക്കുന്നു. 1.2 കോടിരൂപ നിര്‍മ്മാണച്ചെലവ് വരുന്ന ഈ യുദ്ധക്കപ്പലിന്റെ നിര്‍മ്മാണത്തിനായി ആദ്യ ഗഡു റഷ്യന്‍ നാവികസേന നല്‍കിയതായി ഉദ്യോഗസ്ഥ വൃത്തങ്ങള്‍ വെളിപ്പെടുത്തി. ഇതുസംബന്ധിച്ച് ഇരുരാജ്യങ്ങളും ജൂണില്‍ കരാര്‍ ഒപ്പുവെച്ചിരുന്നു. മറ്റു കപ്പലുകളെ അപേക്ഷിച്ച് കൂടുതല്‍ സാങ്കേതികവിദ്യ ഈ യുദ്ധക്കപ്പലിനുണ്ട്.
പതിനാറ് ഹെലികോപ്റ്ററുകളും നാല് ബോട്ടുകളും 70 കവചിത വാഹനങ്ങളും വഹിക്കാന്‍ കപ്പലിന് സാധിക്കും. 460 സൈനികരെയും കപ്പലില്‍ നിയോഗിക്കാം. മുന്‍കൂര്‍ തുക ലഭിച്ചതായും കപ്പലിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്നും ഉദ്യോഗസ്ഥവൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. 2014ഓടുകൂടി ആദ്യ കപ്പലിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കി നല്‍കുമെന്നും രണ്ടാമത്തെ കപ്പലിന്റെ നിര്‍മ്മാണം 2015ഓടുകൂടി പൂര്‍ത്തീകരിക്കുമെന്നും ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി.
റഷ്യയുടെ അയല്‍രാജ്യങ്ങളായ ജോര്‍ജിയയും ലിത്വാനിയയും ഈ കരാറില്‍ ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്. റഷ്യയില്‍ സൈനികരും വ്യാവസായിക വിദഗ്ദ്ധരും കപ്പല്‍ വാങ്ങുന്നതിന്റെ സാമ്പത്തിക സൈനിക വശങ്ങളെക്കുറിച്ച് ചോദ്യമുയര്‍ത്തിയിരുന്നു. എന്നാല്‍ റഷ്യക്ക് നവീനമായ സാങ്കേതിക വിദ്യകരസ്ഥമാക്കാന്‍ ഈ യുദ്ധക്കപ്പല്‍ പ്രയോജനപ്പെടുമെന്നും നാറ്റോ സഖ്യകക്ഷിയുമായി ഉണ്ടാകാവുന്ന ഭാവി നാവികയുദ്ധങ്ങളില്‍ ശക്തിസംഭരിക്കാന്‍ ഈ കപ്പലിന് സാധിക്കുമെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: