കൊച്ചി: ഇന്റര്‍ മെഡിക്കല്‍ കലോത്സവത്തിന് ഇന്ന് കളമശ്ശേരി സഹകരണ മെഡിക്കല്‍ കോളജില്‍ തുടക്കം. ഡിസംബര്‍ നാല് വരെ നീണ്ടുനില്‍ക്കുന്ന കലോത്സവം സഹകരണ മന്ത്രി സി.എന്‍. ബാലകൃഷ്ണന് അധ്യക്ഷതയില്‍ ഇന്ന് വൈകിട്ട് നാലിന് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യുമെന്ന് കളമശ്ശേരി സഹകരണ മെഡിക്കല്‍ കോളജ് ഡയറക്ടര്‍ ഡോ മോഹന്‍ പി. സാം പത്രസമ്മേളനത്തില്‍ പറഞ്ഞു. ചടങ്ങില്‍ പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹീംകുഞ്ഞ്, എക്സൈസ് മന്ത്രി കെ. ബാബു എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. ഡിസംബര്‍ നാലിന് വൈകിട്ട് സമാപന സമ്മേളനം പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന് ഉദ്ഘാടനം നിര്‍വഹിക്കും. കേന്ദ്രമന്ത്രി കെ.വി. തോമസ് അധ്യക്ഷതവഹിക്കും.
സംസ്ഥാനത്തെ അഞ്ച് സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകള്‍ രണ്ട് സഹകരണ മെഡിക്കല്‍ കോളജുകള്‍, പതിനാല് സ്വാശ്രയ മെഡിക്കല്‍ കോളജുകള്‍ ഉള്‍പ്പെടെ 21 മെഡിക്കല്‍ കോളേജുകളില്‍ നിന്നുള്ള മുവായിരത്തോളം കലാകായിക പ്രതിഭകള്‍ 99 ഇനങ്ങളിലായി നടക്കുന്ന കലാമേളയില്‍ മാറ്റുരയ്ക്കും.
ആറ് വേദികളിലായിട്ടാണ് കലാമത്സരങ്ങള്‍ അരങ്ങേറുന്നത്. വിവിധ ഗ്രൗണ്ടുകളില്‍ കായികമത്സരങ്ങളും നടക്കും.
ലോക എയ്ഡ്സ് ദിനമായ മേളയുടെ ആദ്യ ദിവസം എയ്ഡ്സ് ബോധവത്ക്കരണ പരിപാടികളും നടക്കും. ദേശീയ മലിനീകരണ വിരുദ്ധദിനമായി ആചരിക്കുന്ന ഡിസംബര്‍ രണ്ടിന് കലാമത്സരങ്ങള്‍ക്ക് പുറമേ അന്താരാഷ്ട്ര പരിസര മലിനീകരണത്തിനെതിരെ സന്ദേശമുയര്‍ത്തി വിവിധ പരിപാടികളും നടക്കും. ലോക വികലാംഗദിന സന്ദേശമുയര്‍ത്തിയാണ് മൂന്നാം ദിനത്തിലെ മത്സരങ്ങള്‍ ആരംഭിക്കുക. സമാപന ദിവസമായ ഡിസംബര്‍ നാലിന് വൈകിട്ട് ഏഴ്മുതല്‍ മട്ടന്നൂര്‍ ശങ്കരന്‍കുട്ടിയും സംഘവും അവതരിപ്പിക്കുന്ന തരംഗം എന്ന മ്യൂസിക് ഫ്യൂഷന്‍ പരിപാടി ഒന്നാം വേദിയില്‍ അരങ്ങേറും.
കലോത്സവത്തിനോടനുബന്ധിച്ച് കൊമേഴ്സ്യല്‍ സ്റ്റാളുകളും, ഭക്ഷ്യമേളയും ഒരുങ്ങുന്നുണ്ട്. നോര്‍ത്ത് ഇന്ത്യന്‍, കോണ്ടിനെന്റല്, അറേബ്യന്‍ വിഭവങ്ങള്‍ക്ക് പുറമേ നാടന്‍ കുട്ടനാടന്‍ വിഭവങ്ങളും ഭക്ഷ്യമേളയില്‍ ഉണ്ടായിരിക്കും.
പി. രാജീവ് എംപി ചെയര്‍മാനായും, കളമശ്ശേരി നഗരസഭാ ചെയര്മാന് ജമാല്‍ മണക്കാടന് ഓര്‍ഗനൈസിംഗ് സെക്രട്ടറിയുമായുള്ള സംഘാടക സമിതിയാണ് കലോത്സവത്തിന് നേതൃത്വം നല്‍കുന്നത്. കളമശ്ശേരി മുനിസിപ്പല്‍ ചെയര്മാന് എ.കെ. ബഷീര്‍, പ്രിന്‍സിപ്പല്‍ ഡോ ഗിരീഷന്, ജനറല്‍ കണ്‍വീനര്‍ ജില്‍സ് ജോര്‍ജ്ജ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: