തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമിക്ഷേത്രത്തില്‍ അഞ്ച് ഘട്ടങ്ങളിലായി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന അതീവസുരക്ഷാനടപടികളുടെ ആദ്യപടിയായ സിസിടിവി ക്യാമറ സംവിധാനം പ്രവര്‍ത്തനക്ഷമമായി. ക്യാമറാ സംവിധാനത്തിന്റെ സ്വിച്ച് ഓണ്‍ കര്‍മം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വ്വഹിച്ചു. നാടിന്റെ അഭിമാനമായി സംസ്കാരിക പൈതൃകത്തിന്റെ പ്രതീകമായ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വത്ത് കാത്തുസൂക്ഷിക്കുകയെന്നത് സര്‍ക്കാരിന്റെ കടമയാണെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. 25 കോടിയിലധികം രൂപ ചെലവുവരുന്ന അഞ്ചു ഘട്ടങ്ങളായി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന സുരക്ഷാനടപടികളുടെ ഭാഗമായി ഒന്‍പത് കോടി രൂപയുടെ പദ്ധതികള്‍ക്ക് ആരംഭം കുറിച്ചു കഴിഞ്ഞു. സുരക്ഷയ്ക്കായി നിയോഗിച്ച 233 പോലീസുകാര്‍ക്ക് തസ്തിക അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ ഭദ്രദീപം കൊളുത്തി ചടങ്ങ് ഉദ്ഘാടനം ചെയ്തു. വിശ്വാസികളുടെ വികാരങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ടാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നതെന്ന് ചടങ്ങില്‍ സംസാരിച്ച ദേവസ്വം മന്ത്രി വി.എസ്. ശിവകുമാര്‍ പറഞ്ഞു. അയ്യപ്പഭക്തന്മാര്ക്ക് പരമാവധി സൗകര്യങ്ങള്‍ ഒരുക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ ഡിജിപി ജേക്കബ് പുന്നൂസ്, എഡിജിപിമാരായ ഹേമചന്ദ്രന്, ചന്ദ്രശേഖരന്, വേണുഗോപാല്‍ കെ. നായര്‍, ഐ.ജി പത്മകുമാര്‍, കമ്മീഷണര്‍ മനോജ് എബ്രഹാം, കൗണ്‍സിലര്‍മാരായ ഉദയലക്ഷ്മി, പത്മകുമാര്‍ എന്നിവരും പങ്കെടുത്തു.
ക്ഷേത്രവും ചുറ്റുപാടും ആകാശവും വരെ നിരീക്ഷിക്കാവുന്ന വിധത്തില്‍ 58 ക്യാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്. 24 മണിക്കൂറും പ്രവര്ത്ത സജ്ജമായ ഈ സംവിധാനം രൂപകല്‍പ്പന ചെയ്തതും സ്ഥാപിച്ചതും വേണ്ട സാങ്കേതിക സഹായം നല്‍കുന്നതും കെല്‍ട്രോണ്‍ കരകുളം യൂണിറ്റിലെ എസ്എസ്ജി ഡിവിഷനാണ്. ഏകദേശം 1.5 കോടി രൂപയാണ് സംവിധാനത്തിനു വേണ്ടി ചെലവായിട്ടുള്ളത്.
ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയില്‍ പോലീസിന്റെ കണ്ട്രോള് റൂമില്‍ തന്നെയാണ് ക്യാമറാ സംവിധാനത്തിന്റെയും പ്രധാന കണ്ട്രോള് റൂം. ആധുനിക രീതിയില്‍ സജ്ജീകരിച്ചിട്ടുള്ള ഇവിടെ നിയന്ത്രണ സംവിധാനങ്ങള്‍ക്കായി 4 കംപ്യൂട്ടറുകളും നിരീക്ഷണത്തിനായി 40 ഇഞ്ചിന്റെ 4 എല്‍സിഡി മോണിറ്ററുകളുമാണ് ക്രമീകരിച്ചിട്ടുള്ളത്. ക്ഷേത്ര സുരക്ഷയുടെ ചുമതലയുള്ള ഡിസിപിയുടെ മുറിയിലും ഒരു എല്‍സിഡി നിരീക്ഷണ സംവിധാനവും കംപ്യൂട്ടര്‍ നിയന്ത്രണ സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ക്യാമറാ ദൃശ്യങ്ങള്‍ റെക്കോഡ് ചെയ്ത് സൂക്ഷിക്കാനും ആവശ്യമുള്ളപ്പോള്‍ തിരിച്ചെടുത്ത് പരിശോധിക്കാനും സംവിധാനം ഉണ്ട്.
ക്യാമറകള്‍ കണ്ട്രോള് റൂമുമായി ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ വഴിയാണ് ബന്ധിപ്പിച്ചിട്ടുള്ളത്. ക്യാമറകള്ക്കാവശ്യമായ വൈദ്യുതിയും ഇതേ കേബിള്‍ ശൃംഖല വഴിയാണ്. മണിക്കൂറുകളോളം വൈദ്യുതി മുടങ്ങിയാലും ക്യാമറയുടെ പ്രവര്‍ത്തനത്തെ ബാധിക്കില്ല.
പത്മതീര്‍ത്ഥക്കര, ചുറ്റുമതിലുകള്‍, നാലു പ്രവേശന കവാടങ്ങള്‍, ഇടനാഴികള്‍, ശീവേലിപ്പുര, നാലമ്പലം, ക്ഷേത്രത്തിലെ അമൂല്യനിധികള്‍ സൂക്ഷിക്കുന്ന നിലവറകള്‍, തമ്പുരാട്ടി മണ്ഡപം, ശ്രീകൃഷ്ണ നട, ക്ഷേത്രപാലന് നട, അന്നദാന മണ്ഡപം, തുലാഭാര മണ്ഡപം, തിരുവമ്പാടി ഗണപതി മണ്ഡപം, ചെമ്പകത്തിന് മൂട്, കിഴക്കേ നടക്ക് സമീപമുള്ള ക്ലോക്ക് റൂം, ഭദ്രദീപപ്പുര ശ്രീകാര്യം നട, അയ്യപ്പന് നട, ആന മണ്ഡപം, നരസിംഹമൂര്‍ത്തി, കൊടിമരം, സ്വാമിയാര് മഠം തുടങ്ങിയ സ്ഥലങ്ങളെല്ലാം ക്യാമറക്കണ്ണുകളുടെ നിരീക്ഷണത്തിലാകും.
കൂരിരുട്ടിലും ദൃശ്യങ്ങള്‍ വ്യക്തമായി കാണാവുന്നതും 360 ഡിഗ്രി കറങ്ങുന്നതും ഇന്‍ഫ്രാറെഡ് ക്യാമറകളാണ് മതിലുകള്‍ക്കു ചുറ്റും സ്ഥാപിച്ചിട്ടുള്ളത്. ആകാശത്ത് വിമാനങ്ങളോ ഹെലികോപ്റ്ററുകളോ അസ്വാഭാവികമായി കണ്ടാല്‍ നിരീക്ഷിക്കാവുന്ന തരത്തിലുള്ള നാല് സ്കൈ വാച്ച് ക്യാമറകള്‍ പ്രധാന ഗോപുരത്തിനു മുകളില്‍ സ്ഥാപിച്ചു കഴിഞ്ഞു.
ക്ഷേത്രത്തിനകത്ത് വരുന്നവരെ നിരീക്ഷിക്കാന്‍ ഓരോ സ്ഥലത്തിന്റെയും പ്രത്യേകതയ്ക്കനുസരിച്ച് വ്യത്യസ്ത തരം ക്യാമറകളാണുള്ളത്. കണ്ട്രോള് റൂമിലിരുന്നു എല്ലാ ക്യാമറകളും നിയന്ത്രിക്കാനും സംശയമുള്ളവരെ സൂം ചെയ്യാനും സംശയമുള്ളവരെ നിരീക്ഷിക്കാനും ദൃശ്യങ്ങള്‍ പകര്‍ത്തി സൂക്ഷിക്കാനും കഴിയും. സംശയം തോന്നുന്നവരെ പരിശോധിക്കാനോ ചോദ്യം ചെയ്യാനോ കണ്ട്രോള് റൂമില്‍ നിന്നും വ യര്ലസ്/പിഎ സിസ്റ്റംമുഖേന നിര്‍ദ്ദേശം നല്‍കാനും സംവിധാനമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: