ടെഹ്‌റാന്‍: ടെഹ്‌റാനില്‍ കഴിഞ്ഞ ദിവസം ബ്രിട്ടീഷ് നയതന്ത്ര കാര്യാലയത്തിനു നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് തങ്ങളുടെ പ്രതിനിധികളെ പിന്‍വലിക്കാന്‍ ബ്രിട്ടന്‍ തീരുമാനിച്ചതായി നയതന്ത്രവൃത്തങ്ങള്‍ വെളിപ്പെടുത്തി. ആദ്യ സംഘം നയതന്ത്രകാര്യാലയ ഉദ്യോഗസ്ഥര്‍ മുംബൈയ്‌ക്ക് തിരിച്ചതായി വിവരം ലഭിച്ചു. കുറച്ചു ജീവനക്കാര്‍ അവരുടെ സുരക്ഷയ്‌ക്കായി പോകുന്നുവെന്നു മാത്രമാണ് ബ്രിട്ടന്റെ വിദേശകാര്യാലയം അറിയിച്ചത്. എന്നാല്‍ എല്ലാ നയതന്ത്ര പ്രതിനിധികളേയും പിന്‍വലിക്കുന്നുണ്ടോ എന്നത് വ്യക്തമല്ല. ആണവപദ്ധതികളില്‍ ഇറാന് കൂടുതല്‍ നികുതി ചുമത്താനുള്ള ബ്രിട്ടന്റെ തീരുമാനത്തെത്തുടര്‍ന്നാണ് എംബസിക്കുനേരെ അക്രമം നടന്നത്. വിദ്യാര്‍ത്ഥികളെന്ന് വിശേഷിപ്പിക്കപ്പെട്ട നൂറുകണക്കിന് പ്രക്ഷോഭകര്‍ ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനിലെ ബ്രിട്ടീഷ് നയതന്ത്രകാര്യാലയത്തില്‍ ഇക്കഴിഞ്ഞ ചൊവ്വാഴ്ച അതിക്രമിച്ച് കയറി ഗേറ്റുകള്‍ക്ക് നാശമുണ്ടാക്കുകയും കാറും ബ്രിട്ടീഷ് പതാകയും അഗ്നിക്കിരയാക്കുകയുമുണ്ടായി. വടക്കന്‍ ടെഹ്‌റാനിലുള്ള മറ്റൊരു ബ്രിട്ടീഷ് നയതന്ത്ര കെട്ടിടത്തിനു നേരെയും അക്രമമുണ്ടായി.
സംഭവത്തില്‍ ഖേദം രേഖപ്പെടുത്തിയ ഇറാന്‍ ഒരു ചെറിയ കൂട്ടം ആളുകളുടെ പ്രവര്‍ത്തിയാണിതെന്ന് പറഞ്ഞു. തങ്ങളുടെ ജീവനക്കാരുടേയും കുടുംബാംഗങ്ങളുടേയും സുരക്ഷിതത്വത്തിനാണ് പ്രഥമ പരിഗണനയെന്ന് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി വില്ല്യം ഹേഗ് അറിയിച്ചു. കഴിഞ്ഞ ദിവസത്തെ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ചില ഉദ്യോഗസ്ഥര്‍ ടെഹ്‌റാന്‍ വിടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ സംഭവത്തിനെതിരെ ഗുരുതരമായ പ്രത്യാഘാതമുണ്ടാവുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ വെളിപ്പെടുത്തി. ഈ സംഭവത്തെ അമേരിക്കയും യൂറോപ്യന്‍ യൂണിയനും ഐക്യരാഷ്‌ട്ര രക്ഷാസമിതിയും അപലപിച്ചു.
അതേസമയം ഐക്യരാഷ്‌ട്ര സഭയുടെ സുരക്ഷ കൗണ്‍സിലിന്റെ പ്രകടനം തിടുക്കത്തിലുള്ളതായെന്ന് ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ അലി ലരിജാനി കുറ്റപ്പെടുത്തി.
കഴിഞ്ഞ ഞായറാഴ്ച ബ്രിട്ടനുമായുള്ള നയതന്ത്രബന്ധങ്ങള്‍ കുറക്കാന്‍ ഇറാന്‍ പാര്‍ലമെന്റ് തീരുമാനമെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: