കൊച്ചി: റവന്യൂ ജില്ലാ സ്കൂള്‍ കായികമേളയുടെ രണ്ടാം ദിനത്തില്‍ കോതമംഗലം സ്കൂളുകള്‍ തമ്മിലുള്ള പോരാട്ടത്തില്‍ മാര്‍ ബേസില്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ മുന്നേറ്റം തുടരുന്നു. സീനിയര്‍ ആണ്‍കുട്ടികളുടെ 200 മീറ്ററിലും പോള്‍വാള്‍ട്ടിലും സംസ്ഥാന റെക്കോഡിനെക്കാള്‍ മികച്ച പ്രകടനമാണ് നടന്നത്. ട്രാക്കിലും ഫീല്‍ഡിലും ആവേശം നിറഞ്ഞ പോരാട്ടത്തില്‍ 23 സ്വര്‍ണവും 24 വെള്ളിയും 16 വെങ്കലവും നേടി 203 പോയിന്റുമായാണ് മാര്‍ ബേസില്‍ സ്കൂള്‍ മുന്നിട്ടു നില്‍ക്കുന്നത്. 22 സ്വര്‍ണവും 14 വെള്ളിയും 23 വെങ്കലവുമായി 174.3 പോയിന്റോടെ കോതമംഗലം സെന്റ് ജോര്‍ജ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ രണ്ടാം സ്ഥാനത്തും മേഴ്സിക്കുട്ടന്‍ അക്കാദമിയുടെ കരുത്തില്‍ 23 പോയിന്റോടെ തേവര എസ്എച്ച് സ്കൂള്‍ മൂന്നാം സ്ഥാനത്തുമാണ്.
വിദ്യാഭ്യാസ ഉപജില്ല വിഭാഗത്തില്‍ 422.3 പോയിന്റോടെ കോതമംഗലം ഉപജില്ല ഒന്നാം സ്ഥാനത്തും 60.3 പോയിന്റോടെ അങ്കമാലി ഉപജില്ലാ രണ്ടാമതും 32 പോയിന്റോടെ എറണാകുളം ഉപജില്ലാ മൂന്നാമതും 20 പോയിന്റോടെ പിറവം ഉപജില്ലാ നാലാംസ്ഥാനത്തും നില്ക്കുന്നു.
രണ്ടാം ദിനത്തില്‍ സീനിയര്‍ ആണ്‍കുട്ടികളുടെ 200 മീറ്ററിലും പോള്‍വാള്‍ട്ടിലും സംസ്ഥാന റെക്കോഡിനെക്കാള്‍ മികച്ച പ്രകടനം നടന്നു. കോതമംഗലം സെന്റ് ജോര്‍ജ് സ്കൂളിലെ വിഷ്ണു ഉണ്ണിയാണ്(4.20മീ.) സംസ്ഥാന റെക്കോഡിനെക്കാള്‍(4.16മീറ്റര്ാമികച്ച പ്രകടനം നടത്തിയത്. ആദ്യദിനത്തില്‍ സീനിയര്‍ ആണ്‍കുട്ടികളുടെ 100 മീറ്ററില്‍ ദേശീയ റെക്കോഡിനൊപ്പമെത്തിയ കോതമംഗലം മാര്‍ ബേസില്‍ സ്കൂളിലെ ജിജിന് വിജയന് 200 മീറ്ററിലും(21:9:0) സംസ്ഥാന റെക്കോഡിനേക്കാള്‍ (22:01:00) മികച്ച പ്രകടനം നടത്തി ഇരട്ട സ്വര്‍ണം സ്വന്തമാക്കി. സെന്റ് ജോര്‍ജ് സ്കൂളിലെ സൗന്ദര്‍രാജും അമല്‍ ജോര്‍ജും വെള്ളിയും വെങ്കലവും നേടി.
നാല് പേര് ഇരട്ട സ്വര്‍ണ നേട്ടം സ്വന്തമാക്കി രണ്ടാം ദിനത്തിലെ താരങ്ങളായി. കോതമംഗലം സെന്റ് ജോര്‍ജ് സ്കൂളിലെ വി കെ ശാലിനി(സബ് ജൂനിയര്‍ പെണ്), എം എന്‍ നസിമുദീന്‍ (ജൂനിയര്‍ ആണ്), മാര്‍ ബേസില്‍ സ്കൂളിലെ ജിജിന് വിജയന്, അനില്‍ഡ തോമസ്(സീനിയര്‍) എന്നിവരാണ് ഇരട്ട നേട്ടത്തിന് അര്‍ഹരായത്.
സീനിയര്‍ പെണ്‍കുട്ടികളുടെ 100 മീറ്ററില്‍ സ്വര്‍ണം നേടി മീറ്റിലെ എറ്റവും വേഗമേറിയ താരമായ മാര്‍ ബേസില്‍ സ്കൂളിലെ ഹിമ രാമചന്ദ്രനെ 200 മീറ്ററിലും 400 മീറ്ററിലും രണ്ടാം സ്ഥാനത്തേയ്ക്ക് പിന്തള്ളി മാര്‍ ബേസിലിലെ തന്നെ അനില്‍ഡ തോമസ് ഇരട്ട നേട്ടം കൊയ്ത്തു. 100 മീറ്ററില്‍ രണ്ടാം സ്ഥാനവും അനില്ഡക്കാണ്. സബ് ജൂനിയര്‍ പെണ്‍കുട്ടികളുടെ 400 മീറ്ററിലും 200 മീറ്ററിലും സ്വര്‍ണം നേടിയ സെന്റ് ജോര്‍ജ് സ്കൂളിലെ വി കെ ശാലിനിയും ഇരട്ട കനകം സ്വന്തമാക്കി. സെന്റ് ജോര്‍ജ് സ്കൂളിലെ എം എന്‍ നസിമുദീന്‍ ജൂനിയര്‍ ആണ്‍കുട്ടികളുടെ ലോങ്ങ്ജംപിലും 100മീറ്റര്‍ ഹര്‍ഡില്‍സിലും ഇരട്ട വിജയം നേടി. 100 മീറ്ററില്‍ മൂന്നാം സ്ഥാനവും നസിമുദീനാണ്.
ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും എല്ലാ വിഭാഗങ്ങളിലെയും 100 ഹര്‍ഡില്‍സില്‍ മത്സരത്തില്‍ സ്വര്‍ണവും വെള്ളിയും നേടി കോതമംഗലം സെന്റ് ജോര്‍ജ് സ്കൂള്‍ ആധിപത്യം പുലര്‍ത്തി. മീറ്റ് ഇന്ന് സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: