ന്യൂദല്‍ഹി: വിദേശ ബാങ്കുകളില്‍ നിക്ഷേപമുള്ള ഇന്ത്യക്കാര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കണമെന്ന് സിബിഐ ഡയറക്ടറോട് ജനതാപാര്‍ട്ടി പ്രസിഡന്റ് സുബ്രഹ്മണ്യന് സ്വാമി ആവശ്യപ്പെട്ടു. സിബിഐ ഡയറക്ടര്‍ എ.പി. സിംഗിനെ സന്ദര്‍ശിച്ചാണ് സ്വാമി ഈ ആവശ്യം ഉന്നയിച്ചത്. തങ്ങളുടെ പരിധിയില്‍പ്പെടുന്നതാണെങ്കില്‍ ഇക്കാര്യത്തില്‍ നടപടികളെടുക്കാമെന്ന് സിബിഐ ഡയറക്ടര്‍ സ്വാമിക്ക് ഉറപ്പുനല്‍കി.
സുബ്രഹ്മണ്യന് സ്വാമി കഴിഞ്ഞ ദിവസം സിബിഐ ഡയറക്ടറെ സന്ദര്‍ശിക്കാന്‍ അനുമതി ചോദിച്ചിരുന്നു. വിദേശ ബാങ്കുകളില്‍ അനധികൃത നിക്ഷേപമുള്ള ഇന്ത്യക്കാരെക്കുറിച്ച് ഒരു പരാതിയും അദ്ദേഹം നല്കി. സിബിഐയുടെ പരിധിയില്‍പ്പെടുന്നതാണെങ്കില്‍ ഇക്കാര്യത്തില്‍ നടപടികളെടുക്കാമെന്ന് ഡയറക്ടര്‍ അറിയിച്ചുവെന്നും സിബിഐ വക്താവ് ധരിണി മിശ്ര അറിയിച്ചു.
രണ്ടാഴ്ചക്കുള്ളില്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാമെന്ന് സിബിഐ മേധാവി തനിക്ക് ഉറപ്പുനല്‍കിയതായി സുബ്രഹ്മണ്യന് സ്വാമി അറിയിച്ചു. അടുത്തകാലത്ത് കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് ജര്‍മ്മന്‍ അധികൃതരില്‍ നിന്ന് ലഭിച്ച 18 പേരുടെ പട്ടിക സിബിഐക്ക് കൈമാറിയിരുന്നു. ഇവര്‍ക്കെതിരെ ഏതെങ്കിലും കേസുകള്‍ നിലനില്‍ക്കുന്നുണ്ടോ എന്ന് പരിശോധിക്കുകയായിരുന്നു ലക്ഷ്യം. ഇതില്‍ ഒരാള്‍ക്കെതിരെ കേസുള്ളതായി സിബിഐ കേന്ദ്ര പ്രത്യക്ഷനികുതി ബോര്‍ഡിനെ അറിയിക്കുകയും ചെയ്തു.
1999-ല്‍ ഈ വ്യക്തിക്കെതിരെ ഒരു പ്രാഥമിക അന്വേഷണം നടത്തിയതായും എന്നാല്‍ തെളിവില്ലാത്തതിനാല്‍ അത് ഉപേക്ഷിച്ചതായും സിബിഐ അറിയിച്ചു. ജര്‍മ്മന്‍ അധികൃതര്‍ കൈമാറിയ വിവരങ്ങളുടെ പശ്ചാത്തലത്തില്‍ എല്‍ജിടി ബാങ്കില്‍ അക്കൗണ്ട് ഉള്ള 18 പേരില്‍ നിന്ന് 24.66 കോടിരൂപ പിഴ ഈടാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: