നൂറ്റിയറുപതുപേരുടെ മരണത്തിനിടയാക്കിയ മുംബൈ ഭീകരാക്രമണത്തിന്റെ മൂന്നാം വാര്‍ഷികത്തില്‍ പ്രതികരണത്തിന്റെ ബാറ്റണ്‍ കയ്യിലേന്തിയത് വിദേശകാര്യമന്ത്രി എസ്.എം.കൃഷ്ണയാണ്. “മുംബൈയില്‍ ബുദ്ധിശൂന്യമായ ആക്രമണം കെട്ടഴിച്ചുവിട്ട കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ പാക്കിസ്ഥാന്‍ നിശ്ചയദാര്‍ഢ്യത്തോടെ പെരുമാറുന്നത് കാത്തിരിക്കുകയാണ് ഞങ്ങള്‍”- എന്നാണ് കൃഷ്ണ പ്രതികരിച്ചത്. ഭീകരവാദം ഭരണകൂടത്തിന്റെ നയമായി ഉപയോഗിക്കുന്നതിന് ഇന്നത്തെ ലോകത്ത് യാതൊരു പ്രസക്തിയുമില്ലെന്നും അത് ആത്മനാശത്തിന് കാരണമാകുമെന്ന് തിരിച്ചറിയണമെന്നും പാക് ഭരണാധികാരികളെ കൃഷ്ണ ഉപദേശിച്ചു. മുംബൈ ആക്രമണത്തിന്റെ അന്വേഷണവുമായി ബന്ധപ്പെട്ടവരില്‍നിന്ന് വിവരങ്ങള്‍ തേടുന്നതിനായി ഇന്ത്യയിലെത്തുന്ന പാക്കിസ്ഥാന്‍ ജുഡീഷ്യല്‍ കമ്മീഷണനെ സ്വാഗതം ചെയ്ത കൃഷ്ണ, മേഖലയിലെ പുരോഗതിക്കും സമൃദ്ധിക്കുംവേണ്ടി എല്ലാ അയല്‍ രാജ്യങ്ങളുമായും സമാധാനപരവും സൗഹാര്‍ദ്ദപരവും സഹകരണാത്മകവുമായ ബന്ധത്തിന് ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന് പാക് ഭരണാധികാരികളെ വിനയപുരസ്സരം അറിയിക്കുകയും ചെയ്യുന്നു.
ആഗോള ഇസ്ലാമിക ഭീകരത ലക്ഷ്യമിടുന്ന അനിസ്ലാമിക രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയില്‍ എന്തുകൊണ്ട് ഭീകരാക്രമണങ്ങളുടെ പരമ്പര തന്നെ ഉണ്ടാകുന്നു എന്നതിന്റെ ഉത്തരം എസ്.എം.കൃഷ്ണയുടെ ഈ പ്രതികരണത്തിലുണ്ട്. ഇന്ത്യയ്‌ക്ക് കൂടി പങ്കാളിത്തമുള്ള ആഗോള ഭീകരതക്കെതിരായ പോരാട്ടത്തില്‍ അമേരിക്കയും ബ്രിട്ടനും ഫ്രാന്‍സും അയല്‍രാജ്യമായ ചൈനപോലും ഗണ്യമായി വിജയിച്ചുകൊണ്ടിരിക്കുമ്പോള്‍ സ്വന്തം മണ്ണില്‍ ഇന്ത്യയ്‌ക്ക് ദയനീയമായി പരാജയപ്പെടേണ്ടിവരുന്നത്. രാജ്യസ്നേഹത്തിന്റെയും രാഷ്‌ട്രീയ ഇച്ഛാശക്തിയുടേയും സ്ഥാനത്ത് മതപ്രീണനത്തിലും അമേരിക്കന്‍ സാമ്രാജ്യത്വ ദാസ്യത്തിലും ആണ്ടുമുങ്ങിയ ഭരണാധികാരികള്‍ അധികാരം കയ്യടക്കി വെച്ചിരിക്കുന്നു എന്ന ഒറ്റക്കാരണം കൊണ്ടാണ്. ഡോ.മന്‍മോഹന്‍സിംഗും സോണിയാഗാന്ധിയും നേതൃത്വം നല്‍കുന്ന ഭരണമെന്ന അസംബന്ധനാടകത്തില്‍ മന്ത്രി കൃഷ്ണ ഒറ്റപ്പെട്ട പ്രതീകമല്ല എന്നര്‍ത്ഥം.
പാക്കിസ്ഥാന്‍ പരിശീലിപ്പിച്ചുവിട്ട പത്ത് ഇസ്ലാമിക ഭീകരര്‍ മുംബൈയില്‍ നടത്തിയ ആക്രമണത്തിന് മുന്നില്‍ ഇന്ത്യയ്‌ക്ക് തലകുനിക്കേണ്ടി വന്നതിന്റെ അപമാനഭാരവുമായി ശിവരാജ് പാട്ടീലിന് ആഭ്യന്തരമന്ത്രിക്കസേരയില്‍നിന്ന് ഇറങ്ങിപ്പോകേണ്ടിവന്നപ്പോള്‍ പകരക്കാരനായെത്തിയതാണ് അന്ന് ധനകാര്യമന്ത്രിയായിരുന്ന പി.ചിദംബരം. ആഭ്യന്തരമന്ത്രിയായി ചുമതലയേറ്റശേഷം ആദ്യം പങ്കെടുത്ത പൊതുപരിപാടിയില്‍ ചിദംബരം പ്രഖ്യാപിച്ചത് “മുംബൈയിലേത് ഇന്ത്യയുടെ നിലനില്‍പ്പിന് എതിരായ ആക്രമണമായിരുന്നു” എന്നാണ്. “മതേതരവും സഹിഷ്ണുതയുള്ളതും ഉദാരവും തുറന്നതുമായ നമ്മുടെ സമൂഹം ഇത്തരം നിന്ദകളെ തീക്ഷ്ണമായി ചെറുക്കാനുള്ള ശക്തി നല്‍കുന്നു”-ചിദംബരം അവകാശപ്പെട്ടു. ഇന്ത്യന്‍ മണ്ണില്‍നിന്ന് ഭീകരവാദത്തെ ഇതാ ഒരു ഭരണാധികാരി തുടച്ചുനീക്കാന്‍ പോകുന്നു എന്ന പ്രതീതിയാണ് ചിദംബരത്തിന്റെ പ്രഖ്യാപനം സൃഷ്ടിച്ചത്. ഈ പ്രഖ്യാപനത്തിന്റെ തുടര്‍ച്ചയെന്നോണം ലോക്സഭയില്‍ നടത്തിയ പ്രസംഗത്തില്‍ മഹത്തായ ചില നിര്‍ദ്ദേശങ്ങളും ആവശ്യങ്ങളും അഭിപ്രായങ്ങളും ചിദംബരം മുന്നോട്ടുവെച്ചു. “ദേശീയ അന്വേഷണ ഏജന്‍സി വേണം, സുരക്ഷ ശക്തിപ്പെടുത്താനുള്ള എല്ലാ ബില്ലുകളും നടപ്പ് സമ്മേളനത്തില്‍ പാസ്സാക്കണം, വന്‍ നഗരങ്ങളില്‍ പ്രാദേശിക എന്‍എസ്ജി ഹബ്ബുകള്‍ സ്ഥാപിക്കണം, തീരദേശ കമാന്റ് രൂപീകരിക്കണം, രഹസ്യാന്വേഷണ ഏജന്‍സികളിലെ ഒഴിവുകള്‍ നികത്തണം, രാജ്യത്ത് ഭീകരവിരുദ്ധ പരിശീലത്തിനുള്ള 20 സ്കൂളുകള്‍ സ്ഥാപിക്കണം, ഭീകരവാദമാണ് നാം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി, ഇന്ത്യക്കെതിരായ ഭീകരാക്രമണങ്ങള്‍ക്ക് പാക്കിസ്ഥാന്റെ മണ്ണ് ഉപയോഗിക്കുന്നുവെന്നതിന് വേണ്ടത്ര തെളിവുണ്ട്. രഹസ്യാന്വേഷണ ഏജന്‍സികള്‍ ശേഖരിച്ച വിവരങ്ങള്‍ അനിഷേധ്യമാണ്, രഹസ്യന്വേഷണ ഏജന്‍സികളുടെ പ്രവര്‍ത്തനം എന്റെ നിരീക്ഷണത്തിലാണ്”-എന്നൊക്കെയാണ് ചിദംബരം കാര്യഗൗരവത്തോടെ സംസാരിച്ചത്.
മുംബൈ ഭീകരാക്രമണത്തിന്റെ ഒന്നാംവാര്‍ഷികം അടുത്തപ്പോള്‍ ചിദംബരം സ്വരം ഒന്നുകൂടി കടുപ്പിച്ചു. ഇന്ത്യയോട് കളിക്കരുതെന്ന് പാക്കിസ്ഥാന് മുന്നറിയിപ്പ് ന്‍ലകിയ ചിദംബരം മുംബൈ ആക്രമണം അവസാനത്തേതായിരിക്കണമെന്ന് താക്കീത് ചെയ്യാനും മറന്നില്ല. “പാക്കിസ്ഥാനില്‍നിന്നുള്ള ഭീകരര്‍ ഇനിയും ഇന്ത്യയില്‍ ഏതെങ്കിലും തരത്തിലുള്ള ആക്രമണത്തിന് മുതിര്‍ന്നാല്‍ അവരെ പരാജയപ്പെടുത്തുമെന്ന് മാത്രമല്ല, ശക്തമായ തിരിച്ചടി നല്‍കുകയും ചെയ്യും”-എന്നാണ് മധുരയിലെ ഒരു പൊതുപരിപാടിയില്‍ ചിദംബരം പ്രഖ്യാപിച്ചത്. എന്നാല്‍ ചിദംബരം നടത്തിയ പ്രഖ്യാപനങ്ങള്‍ക്കും നല്‍കിയ മുന്നറിയിപ്പുകള്‍ക്കും യാതൊരു ഫലവുമുണ്ടായില്ല. മുംബൈ ആക്രമണത്തിനുശേഷം രാജ്യത്തിന്റെ വിവിധഭാഗങ്ങളിലായി ആറ് ഭീകരാക്രമണങ്ങളാണ് നടന്നത്. സഹായധനം പ്രഖ്യാപിക്കല്‍, അന്വേഷണത്തിന് ഉത്തരവിടല്‍, അക്രമികളെന്ന് കരുതപ്പെടുന്നവരുടെ രേഖാചിത്രം തയ്യാറാക്കല്‍, വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിക്കല്‍ എന്നിവയൊക്കെ നടന്നെങ്കിലും അധികം കേസുകളിലും അന്വേഷണ ഏജന്‍സികള്‍ക്ക് വ്യക്തമായ പുരോഗതിയുണ്ടാക്കാന്‍ കഴിഞ്ഞില്ല. മുംബൈ ആക്രമണം അവസാനത്തേതായിരിക്കണമെന്ന ചിദംബരത്തിന്റെ മുന്നറിയിപ്പ് പാക്കിസ്ഥാന്‍ ചവറ്റുകൊട്ടയിലിട്ടു. ഇതിന്റെ ഏറ്റവും പുതിയ തെളിവാണ് ഇക്കഴിഞ്ഞ സപ്തംബര്‍ ഏഴിന് ദല്‍ഹി ഹൈക്കോടതിക്ക് മുന്നില്‍ ഭീകരര്‍ നടത്തിയ സ്ഫോടനം. ഇതില്‍ 11 പേര്‍ കൊല്ലപ്പെടുകയും 76 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
വാസ്തവത്തില്‍ 2001 ലെ പാര്‍ലമെന്റ് ആക്രമണക്കേസില്‍ കുറ്റവാളിയായ അഫ്സല്‍ ഗുരുവിന്റെ വധശിക്ഷ നടപ്പാക്കാതെ ജയിലില്‍ സുഖവാസം അനുവദിക്കുന്ന ചിദംബരത്തിനും കൂട്ടര്‍ക്കും ഭീകരര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് പാക്കിസ്ഥാനോട് ആവശ്യപ്പെടാന്‍ ധാര്‍മികാവകാശമില്ല. വിചാരണക്കോടതിയുടെ വിധി സുപ്രീംകോടതി 2004ല്‍ ശരിവെച്ചതോടെ 2006 ഒക്ടോബര്‍ 20 ന് അഫ്സലിന്റെ വധശിക്ഷ നടപ്പാക്കേണ്ടതായിരുന്നു. “രാഷ്‌ട്രത്തെ ഒന്നടങ്കം ഞെട്ടിച്ച ഈ സംഭവത്തില്‍ കുറ്റവാളിക്ക് വധശിക്ഷ നല്‍കിയാല്‍ മാത്രമേ സമൂഹ മനഃസാക്ഷി സംതൃപ്തമാകൂ” എന്നാണ് വിധിന്യായത്തില്‍ രേഖപ്പെടുത്തിയത്. എന്നാല്‍ കോടതിക്ക് ഇങ്ങനെയൊക്കെ പറയാം, ഞങ്ങള്‍ക്ക് സ്വന്തം രാഷ്‌ട്രീയ താല്‍പ്പര്യം സംരക്ഷിക്കേണ്ടതുണ്ട് എന്നാണ് യുപിഎ സര്‍ക്കാരിന്റെ നിലപാട്.
വധശിക്ഷയില്‍ ഇളവ് നല്‍കണമെന്ന് അഭ്യര്‍ത്ഥിച്ച് അഫ്സല്‍ ഗുരുവിനായി ദയാഹര്‍ജി സമര്‍പ്പിക്കപ്പെട്ടതിന്റെ പ്രേരണാശക്തി യുപിഎ സര്‍ക്കാര്‍ തന്നെയാണ്. ജമ്മുകാശ്മീര്‍ മുന്‍മുഖ്യമന്ത്രിയും ഇപ്പോഴത്തെ കേന്ദ്രമന്ത്രിയുമായ ഗുലാംനബി ആസാദ് അഫ്സല്‍ ഗുരുവിന് മാപ്പ് നല്‍കണമെന്ന പക്ഷക്കാരനാണ്. അഫ്സലിന് കേന്ദ്രസര്‍ക്കാര്‍ മാപ്പ് നല്‍കണമെന്ന് വിഘടനവാദ നിലപാട് എടുക്കുന്ന കാശ്മീരിലെ പിഡിപി നേതാവ് മെഹ്ബൂബ മുഫ്തിയും ആവശ്യപ്പെടുകയുണ്ടായി. സുപ്രീം കോടതിപോലും ഒന്നിലധികം തവണ കടുത്ത അതൃപ്തി പ്രകടിപ്പിച്ചിട്ടും അഫ്സലിന്റെ ദയാഹര്‍ജിയില്‍ തീരുമാനമെടുക്കാതെ വെച്ചുതാമസിപ്പിച്ച് ഭീകരവാദത്തോട് മാനസികാഭിമുഖ്യം പുലര്‍ത്തുന്നവര്‍ക്ക് വില പേശാന്‍ സാവകാശം നല്‍കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നത്.
2001 ഡിസംബര്‍ 13 ന് പാക് ഭീകരസംഘടനയായ ലഷ്ക്കറെ തൊയ്ബയും പാക് പിന്തുണയോടെ കാശ്മീരില്‍ പ്രവര്‍ത്തിക്കുന്ന ജയ്ഷെ മുഹമ്മദും ചേര്‍ന്ന് ആക്രമണം അഴിച്ചുവിട്ടത് ഇന്ത്യയുടെ പാര്‍ലമെന്റിന് നേര്‍ക്കാണ്. ഭീകരര്‍ വെല്ലുവിളിച്ചത് ഏതെങ്കിലും ഒരു വ്യക്തിയെയോ രാഷ്‌ട്രീയ പാര്‍ട്ടിയെയോ അല്ല; ഇന്ത്യന്‍ റിപ്പബ്ലിക്കിനെയാണ്. തങ്ങളുടെ ശ്രമത്തില്‍ ഭീകരര്‍ വിജയിച്ചിരുന്നുവെങ്കില്‍ ഇന്ത്യന്‍ പാര്‍ലമെന്റ് ജനപ്രതിനിധികള്‍ കൂട്ടത്തോടെ കൊല ചെയ്യപ്പെടുന്ന മറ്റൊരു ജാലിയന്‍വാലാബാഗ് ആകുമായിരുന്നു. എന്‍ഡിഎ സര്‍ക്കാരിന്റെ കാലത്ത് നടന്ന കര്‍ശനമായ അന്വേഷണമാണ് അഫ്സല്‍ ഗുരുവിനെ ശിക്ഷിക്കാന്‍ കാരണം. പാര്‍ലമെന്റാക്രമണം നടത്തിയ ഭീകരരുമായി അഫ്സല്‍ ഗുരു നിരന്തരമായി ഫോണില്‍ബന്ധപ്പെട്ടുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തുകയുണ്ടായി. കൊല്ലപ്പെട്ട ഭീകരരുടെ പക്കല്‍ അഫ്സലിന്റെ മൊബെയില്‍ നമ്പര്‍ ഉണ്ടായിരുന്നു. യുപിഎ ഭരണകാലത്തായിരുന്നു ഈ കേസ് അന്വേഷിച്ചിരുന്നതെങ്കില്‍ പ്രതികള്‍ ശിക്ഷിക്കപ്പെടുമെന്ന് കരുതാനാവില്ല. അഫ്സല്‍ ഗുരുവിന്റെ ദയാഹര്‍ജി വെച്ച് ആഭ്യന്തരമന്ത്രാലയം നടത്തുന്ന കള്ളക്കളി ഇതിന് തെളിവാണ്. ദയാഹര്‍ജി നിരസിക്കണമെന്ന് 2010 ജൂണ്‍ 23 ന് രാഷ്‌ട്രപതി ഭവനോട് ശുപാര്‍ശ ചെയ്തുവെന്നാണ് ആഭ്യന്തരമന്ത്രാലയം അവകാശപ്പെട്ടിരുന്നത്. എന്നാല്‍ ഇതു സംബന്ധിച്ച ഫയല്‍ രാഷ്‌ട്രപതി ഭവനില്‍ ഇല്ലെന്ന് 2011 ജനുവരി ഏഴിന് ഒരു വെബ്സൈറ്റ് വെളിപ്പെടുത്തി. ഇക്കാര്യം ഫെബ്രുവരി 23 ന് ആഭ്യന്തരമന്ത്രാലയം സ്ഥിരീകരിക്കുകയും ചെയ്തു. ‘ഇന്ത്യാ ടുഡെ’ വാരിക നടത്തിയ അഭിപ്രായ വോട്ടെടുപ്പില്‍ 78 ശതമാനം ഇന്ത്യക്കാരും അഫ്സലിനെ തൂക്കിലേറ്റണമെന്ന പക്ഷക്കാരാണെന്ന് തെളിഞ്ഞു.
ഇസ്ലാമിക ഭീകരവാദത്തെ അടിച്ചമര്‍ത്താന്‍ യുപിഎ സര്‍ക്കാര്‍ കാണിക്കുന്ന വൈമുഖ്യമാണ് അഫ്സല്‍ ഗുരുവിന്റെ രക്ഷക്കെത്തുന്നത്. 2004ല്‍ യുപിഎ ആദ്യം അധികാരത്തിലേറിയപ്പോള്‍ തന്നെ എന്‍ഡിഎ സര്‍ക്കാര്‍ കൊണ്ടുവന്ന ഭീകരവിരുദ്ധ നിയമമായ ‘പോട്ട’ റദ്ദാക്കിയതിന്റെ തുടര്‍ച്ചയാണ് ഈ നയം. ഭീകരവാദ കേസുകളില്‍ ആരോപണ വിധേയരാകുന്നവരുടെ താല്‍പ്പര്യം സംരക്ഷിക്കാന്‍ വേണ്ടിയായിരുന്നു ഇത്. “ശക്തമായ നിയമം കൊണ്ടുമാത്രം ഭീകരാക്രമണത്തെ ചെറുക്കാനാവില്ല” എന്നായിരുന്നു ന്യായീകരണം. എന്നാല്‍ മുംബൈ ഭീകരാക്രമണത്തെത്തുടര്‍ന്ന് ‘പോട്ട’ നിയമത്തിലെ ചില വകുപ്പുകള്‍ ഉള്‍പ്പെടുത്തി 1967 ലെ നിയമവിരുദ്ധ പ്രവര്‍ത്തനം തടയല്‍ നിയമം ഭേദഗതി ചെയ്യേണ്ടിവന്നു. ന്യൂയോര്‍ക്കിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിനുശേഷം ഭീകരവാദത്തെ ചെറുക്കാന്‍ അമേരിക്ക ‘ഹോംലാന്റ് സെക്യൂരിറ്റി’ എന്ന പേരില്‍ ഒരു പുതിയ മന്ത്രാലയം തന്നെ രൂപീകരിച്ചു. ‘യുഎസ്‌എ പാട്രിയോട്ട് ആക്ട്’ എന്ന പുതിയ നിയമം കൊണ്ടുവന്നു. യൂറോപ്പും ഇസ്രായേലുമൊക്കെ ഇതേ മാതൃകയില്‍ നിയമനിര്‍മാണം നടത്തി. എന്നാല്‍ ഈ രാജ്യങ്ങളെക്കാളേറെ ഭീകരാക്രമണങ്ങള്‍ നേരിടുമ്പോഴും റദ്ദാക്കിയ ‘പോട്ട’ നിയമത്തിന് പകരം പുതിയ ഭീകരവിരുദ്ധ നിയമം കൊണ്ടുവരാത്തത് എന്തുകൊണ്ടാണെന്ന് യുപിഎ സര്‍ക്കാര്‍ ഇതുവരെ വിശദീകരിച്ചിട്ടില്ല. ഈ ചോദ്യത്തിന് ഒരു ഉത്തരമേയുള്ളൂ. ഇസ്ലാമിക ഭീകരവാദത്തിന്റെ കാര്യം വരുമ്പോള്‍ മന്‍മോഹന്‍സിംഗും ചിദംബരവുമല്ല, ഭീകരാക്രമണക്കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ടിട്ടും ശിക്ഷ നടപ്പാക്കാതെ തിഹാര്‍ ജയിലില്‍ കഴിയുന്ന അഫ്സല്‍ഗുരുവാണ് ഇന്ത്യ ഭരിക്കുന്നത്!
മുരളി പാറപ്പുറം
പ്രതികരിക്കാൻ ഇവിടെ എഴുതുക: