തിരുവനന്തപുരം: വടക്കന്‍പാട്ട് സിനിമകളിലൂടെ മലയാള സിനിമാപ്രേക്ഷകരുടെ ഹരമായി മാറിയ പഴയകാല നടി വിജയശ്രീയുടെ മരണം കൊലപാതകമാണെന്ന് സ്ഥാപിച്ച് ജയരാജിന്റെ സിനിമ. സിനിമയുടെ വെള്ളിവെളിച്ചത്തില്‍ തിളങ്ങി നില്ക്കുന്ന സമയത്ത് മുപ്പത്തിയൊന്നാമത്തെ വയസ്സില്‍ വിജയശ്രീ ആത്മഹത്യ ചെയ്തുവെന്നാണ് ഇതുവരെ പുറത്തുവന്ന വാര്‍ത്തകള്‍. എന്നാല്‍ അവര്‍ എന്തിന് ആത്മഹത്യ ചെയ്തു എന്നത് ഇനിയും പുറത്തു വരാത്ത കാര്യമാണ്. വിജയശ്രീയുടെ മരണകാരണം ഇന്നും ദുരൂഹമായി തുടരുമ്പോഴാണ് തന്റെ പുതിയ ചിത്രമായ ‘നായിക’യിലൂടെ ജയരാജ് വിജയശ്രീ കൊല്ലപ്പെട്ടതാണെന്ന് സ്ഥാപിക്കുന്നത്. വിജയശ്രീയുടെ മരണത്തെ മുഖ്യപ്രമേയമാക്കി എടുത്തിരിക്കുന്ന സിനിമയിലൂടെ മലയാള സിനിമയിലെ കാരണവസ്ഥാനത്തുള്ള ചിലരെ പ്രതികളാക്കിയും ചിത്രീകരിച്ചിരിക്കുന്നു. മറ്റു പേരിലാണെങ്കിലും ചിത്രത്തിലെ നിര്‍മ്മാതാവ് സംസാരിക്കുന്നതും ചലിക്കുന്നതും കുഞ്ചാക്കോയുടെയും നവോദയ അപ്പച്ചന്റെയും രൂപഭാവങ്ങളിലാണ്.
എഴുപതുകളില്‍ മലയാള സിനിമയിലെ മദാലസ നടിയായിരുന്നു വിജയശ്രീ. പ്രേംനസീറുമൊത്ത് അവരഭിനയിച്ച നിരവധി സിനിമകള്‍ വന്‍ വിജയം വരിച്ചു. ഉദയായുടെ ബാനറില്‍ കുഞ്ചാക്കോ സംവിധാനം ചെയ്ത സിനിമകളായിരുന്നു അവയില്‍ മിക്കവയും. അക്കാലത്ത് മലയാള സിനിമയിലെ പ്രധാന ബാനറുകളായ മെരിലാന്റും ഉദയയും നിര്‍മ്മിക്കുന്ന സിനിമകളാണ് പുറത്തു വന്നുകൊണ്ടിരുന്നത്. അവര്‍ തമ്മിലുള്ള മത്സരവും രൂക്ഷമായിരുന്നു. മാദക സൗന്ദര്യത്തിലൂടെ പ്രേക്ഷകരെ ആകര്‍ഷിച്ച വിജയശ്രീ അഭിനയിച്ച സിനിമകളെല്ലാം സൂപ്പര്‍ ഹിറ്റുകളായി. അങ്കത്തട്ട്, ആരോമലുണ്ണി, പൊന്നാപുരംകോട്ട തുടങ്ങിയ ചിത്രങ്ങളൊക്കെ ഈ ഗണത്തില്‍ പെട്ടവയാണ്. പൊന്നാപുരം കോട്ട സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് വിജശ്രീയുടെ മരണത്തിന് കാരണമായതെന്നാണ് ജയരാജിന്റെ പുതിയ സിനിമ ‘നായിക’യില്‍ പറയുന്നത്.
ചിത്രത്തില്‍ പ്രേംനസീറും ഷീലയും അപ്പച്ചനും സത്യനും കുഞ്ചാക്കോയും എല്ലാവരും കഥാപാത്രങ്ങളാകുന്നു. പേരുകളില്‍ വ്യത്യാസമുണ്ടെങ്കിലും രൂപത്തിലും ഭാവത്തിലും സംസാരത്തിലുമെല്ലാം ജീവിച്ചിരുന്ന താരങ്ങളെയും സിനിമാ പ്രവര്‍ത്തകരെയും അനുസ്മരിപ്പിക്കുന്നു. ജയറാം അവതരിപ്പിക്കുന്ന സിനിമാ നടന് സംസാരിക്കുന്നതും ചലിക്കുന്നതും പ്രേംനസീറായിട്ടാണ്. സിനിമാ മേഖലയിലെ പരസ്യമായ രഹസ്യം പ്രേംനസീര്‍-ഷീല പ്രണയവും സിനിമയുടെ ഇതിവൃത്തമാകുന്നുണ്ട്. വിജയശ്രീയെ വേണിയെന്ന കഥാപാത്രമായാണ് സിനിമയില്‍ അവതരിപ്പിക്കുന്നത്. പൊന്നാപുരംകോട്ട കുന്നത്തൂര്‍ കോട്ടയുമാകുന്നു. സിനിമയുടെ നിര്‍മ്മാതാവിന്റെ വേഷത്തിലെത്തുന്ന സിദ്ധിക്കിന്റെ പേര് സ്റ്റീഫന്‍ എന്നാണെങ്കിലും നടപ്പും ഭാവവും സംസാരവും നവോദയ അപ്പച്ചന്റേതിനു സമാനം. അപ്പച്ചന് സിദ്ധിക്കിലേക്ക് പരകായ പ്രവേശം ചെയ്തതുപോലെ. ജീവിതം കുഞ്ചാക്കോയുടേതിനും.
പൊന്നാപുരംകോട്ട സിനിമയുടെ ചിത്രീകരണവേളയില്‍ വിജയശ്രീയുടെ നീരാട്ട് രംഗങ്ങള്‍ ക്യാമറയിലാക്കുമ്പോള്‍ അവരുടെ വസ്ത്രം ഒഴുക്കില്‍ പെട്ടത് വിവാദമായിരുന്നു. അത് കുഞ്ചാക്കോ ചിത്രീകരിച്ചെന്നും വിജയശ്രീ അതില്‍ പ്രകോപിതയായെന്നുമുള്ള വാര്‍ത്തകള്‍ അന്നുതന്നെ വിവാദത്തിന് വഴിവച്ചിരുന്നു. പിന്നീട് ആ രംഗങ്ങള്‍ സിനിമയിലും വന്നു. ഇപ്പോള്‍ വ്യാപകമായി വിജയശ്രീയുടെ അന്നത്തെ വിവാദ നീരാട്ട് രംഗങ്ങള്‍ യു ട്യൂബിലൂടെയും മൊബെയില്‍ ഫോണിലൂടെയും പ്രചരിക്കുന്നുണ്ട്. അന്ന് ആ രംഗങ്ങള്‍ കാട്ടി സിനിമയുടെ നിര്‍മ്മാതാവ് വിജയശ്രീയെ ബ്ലാക്മെയില്‍ ചെയ്തെന്നും തന്റെ ഇംഗിതത്തിന് അവരെ ഉപയോഗിച്ചെന്നുമാണ് ‘നായിക’യില്‍ പറയുന്നത്. നിര്‍മ്മാതാവിന്റെ തനി സ്വഭാവം നാട്ടുകാരെ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തിയപ്പോള്‍ മേക്കപ്പ്മാന്റെ സഹായത്തോടെ നടിയെ ലിപ്സ്റ്റിക്കില്‍ സയനയ്ഡ് തേച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നും പറയുന്നു.
വര്‍ഷങ്ങള്‍ക്കു ശേഷം മരണത്തിന്റെ യഥാര്‍ത്ഥ വസ്തുത മേക്കപ്പ്മാന്റെ കുമ്പസാരത്തിലൂടെ പുറത്തുവരുമ്പോള്‍ ജെ.സി ഡാനിയേല്‍ പുരസ്കാരത്തിന് അര്‍ഹനായ(ചിത്രത്തില്‍ എം.സി.ഡാനിയേല്‍) സംവിധായക നിര്‍മ്മാതാവിനെ പോലീസ് അറസ്റ്റ് ചെയ്യുന്നു. പ്രത്യക്ഷമായി തന്നെ ജെ.സി ഡാനിയേല്‍ പുരസ്കാര ജേതാവും മലയാള സിനിമയുടെ അധുനിക വല്‍ക്കരണത്തിന് വിത്തുപാകുകയും നിരവധി നല്ല സിനിമകള്‍ മലയാളിക്കു സമ്മാനിക്കുകയും ചെയ്ത നവോദയ അപ്പച്ചനെയും ഒപ്പം കുഞ്ചാക്കോയെയും വിജയശ്രീയുടെ മരണവുമായി ബന്ധപ്പെടുത്തി ആക്ഷേപിക്കുകയാണ് ചെയ്യുന്നത്. പൊന്നാപുരം കോട്ടയുടെ സംവിധായകന് കുഞ്ചാക്കോയായിരുന്നെങ്കിലും നായികയില്‍ അത് അപ്പച്ചനായിട്ടാണ് അവതരിപ്പിക്കുന്നത്. ഇതോടെ 1974 മാര്‍ച്ച് 17ന് ലോകത്തോടു വിടപറഞ്ഞ വിജയശ്രീയുടെ മരണം വീണ്ടും വിവാദമാകുന്നു. മരിച്ചു പോയ പല നടിമാരുടെയും മരണം കൊലപാതകങ്ങളാണെന്ന സൂചനയും ചിത്രം നല്‍കുന്നുണ്ട്.
ദീദി ദാമോദരന്റെ തിരക്കഥയെ ആസ്പദമാക്കിയാണ് ജയരാജ് സിനിമ ചെയ്തിരിക്കുന്നത്. സിനിമാ മേഖലയിലെ പ്രതിസന്ധിയും സമരങ്ങളും കാരണം പൂര്‍ത്തിയാക്കി മൂന്നു മാസത്തോളം പെട്ടിയില്‍ വച്ച ശേഷമാണ് കഴിഞ്ഞ ദിവസം സിനിമ റിലീസ് ചെയ്തത്. തോമസ് ബഞ്ചമിനാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്. മലയാള സിനിമയുടെ ആദ്യകാല നായികയുടെ കഥയാണ് സിനിമയിലൂടെ പറയുന്നതെന്നാണ് സിനിമയ്ക്ക് നല്കി വരുന്ന പരസ്യംതന്നെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: