ചെന്നൈ: സംസ്ഥാനത്തെ ചില്ലറ വ്യാപാര രംഗത്ത് വിദേശനിക്ഷേപം അനുവദിക്കില്ലെന്ന് തമിഴ്നാട് മുഖ്യമന്ത്രി ജയലളിത പറഞ്ഞു. സംസ്ഥാനങ്ങളോട് ആലോചിക്കാതെ രാജ്യത്ത് വിദേശനിക്ഷേപം അനുവദിക്കാനുള്ള തീരുമാനം കൈക്കൊണ്ടത് കേന്ദ്രം പിന്‍വലിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
വോള്‍മാര്‍ട്ട്, ടെസ്കോ തുടങ്ങിയ ആഗോള ഭീമന്മാരെ സംസ്ഥാനത്തു പ്രവേശിപ്പിക്കില്ലെന്നും ജയലളിത പറഞ്ഞു. രാജ്യത്തെ ചെറുകിട വ്യാപാരക്കാരെ ഒന്നടങ്കം ബാധിക്കുന്നതാണ് കേന്ദ്ര സര്‍ക്കാരിന്റെ പുതിയ തീരുമാനം.ചില്ലറ വില്‍പ്പന മേഖല ആഗോള ഭീമന്മാരുടെ കൈകളില്‍ എത്തിക്കാന്‍ തീരുമാനം വഴിവയ്ക്കും. കര്‍ഷകരെയും ഉപഭോക്താക്കളെയും അവര്‍ ചൂഷണം ചെയ്യും.
90 ശതമാനം വ്യാപാരവും പരമ്പരാഗത മേഖലയിലായതിനാല്‍ ഇത് ആ മേഖലയെ തകര്‍ക്കുന്നതിന് മാത്രമെ ഉപകരിക്കുകയുള്ളൂ. ലക്ഷണക്കണക്കിന് വരുന്ന ചെറുകിട വ്യാപാരികള്‍ക്ക് ഇരുട്ടടിയാകുന്നതാണു തീരുമാനം. സര്‍ക്കാരിന്റെ ഏകപക്ഷീയ തീരുമാനം പിന്‍വലിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
നാണ്യപ്പെരുപ്പം നിയന്ത്രിക്കുന്നതിനോ വിപണി മൂല്യം വര്‍ദ്ധിപ്പിക്കാനോ വിദേശ നിക്ഷേപം കൊണ്ട് കഴിയില്ല. ആഭ്യന്തര ഉല്പാദനവും വിതരണവും കാര്യക്ഷമമാക്കുയാണ് വേണ്ടതെന്നും ജയലളിത പ്രസ്താവനയില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: