തൃപ്പൂണിത്തുറ: ശ്രീപൂര്‍ണ്ണത്രയീശ ക്ഷേത്രത്തില്‍ വൃശ്ചികോത്സവം പ്രധാനമായ തൃക്കേട്ട പുറപ്പാടിന് ശനിയാഴ്ച രാത്രി കാണിക്ക സമര്‍പ്പിച്ച് ദര്‍ശനം നടത്തുന്നതിന് ക്ഷേത്രത്തില്‍ തിരക്കേറി.
ദീപരാധനക്കുശേഷം മൂന്ന് ആനപ്പുറത്തുള്ള എഴുന്നള്ളിപ്പ് വാദ്യമേളങ്ങളോടെ ക്ഷേത്രത്തിന് പ്രദക്ഷിണം വെച്ചശേഷം ആനപ്പന്തലില്‍ 15 ആനകളുമായി കൂട്ടി എഴുന്നള്ളിപ്പ് തുടങ്ങിയതോടെ 8 മണിക്ക് കാണിക്കയിടല്‍ ആരംഭിച്ചു.
പാരമ്പര്യ ആചാരപ്രകാരം കൊച്ചി രാജകുടുംബാംഗം രണ്ടാം സ്ഥാനീയനായ ഇളയതമ്പുരാന്‍ രവിവര്‍മ്മയാണ് എഴുന്നള്ളിപ്പിന് മുന്നില്‍ പീഠത്തില്‍ വെച്ച സുവര്‍ണ്ണ കുംഭത്തില്‍ ആദ്യ കാണിക്ക സമര്‍പ്പിച്ചത്. തുടര്‍ന്ന് കൊച്ചി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം.സി.എസ്. മേനോന്, ഓംബുഡ്സ്മാന് ജസ്റ്റിസ് ആര്. ഭാസ്ക്കരന്‍ നായര്‍, നടന് ജയറാം, ബോര്‍ഡ് അംഗം വനജാക്ഷി, സെക്രട്ടറി പി. രമണി, ഉദ്യേഗസ്ഥര്‍ തുടങ്ങിയവരും ഭക്തജനങ്ങളും കാണിക്ക സമര്‍പ്പിച്ച് ദര്‍ശനം നടത്തി.
തൃക്കേട്ട നാളിലെ കാണിക്ക സമര്‍പ്പണം രാത്രി 11.30വരെ നീണ്ടുനിന്നു. ചാറ്റല്‍ മഴയുടെ അന്തരീക്ഷത്തിലും കാണിക്ക സമര്‍പ്പിച്ച് ദര്‍ശനം നടത്താന്‍ ജനത്തിരക്കേറെയുണ്ടായി. പെരുവനം കുട്ടന്മാരാരുടെ പഞ്ചാരിമേളം, മദ്ദളപ്പറ്റ്, കൊമ്പുപറ്റ്, കുഴല്‍പ്പറ്റ് എന്നിവയും ഉണ്ടായി.
ഉച്ചക്ക് തിരുവഞ്ജനം ചാര്‍ത്തല്‍, ഓട്ടന്തുള്ളല്, സുഭദ്ര കണ്ണന്റെ അഷ്ടപദി, യു.പി. രാജു-നാഗമണി എന്നിവരുടെ മാന്‍ഡലിന്‍ കച്ചേരി, കഥകളി എന്നിവയും തൃക്കേട്ട ഉത്സവനാളില്‍ നടന്നു.
ഇന്ന് രാവിലെ ശീവേലി, പഞ്ചാരിമേളം, ഒാട്ടന്തുള്ളല്, രാത്രി കാണിക്കയിടല്‍, ശ്വേത രാജ്യം സിസ്റ്റേഴ്സിന്റെ സംഗീത കച്ചേരി, 12 മുതല്‍ കല്യാണസൗഗന്ധികം, ദുര്യോധന വധം കഥകളി എന്നിവയും ഉണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: