ആയിരത്തിത്തൊള്ളായിരത്തി അന്‍പതുകളുടെ ആദ്യപകുതിയില്‍ തിരുവനന്തപുരത്തെ യൂണിവേഴ്സിറ്റി കോളേജ് അതിപ്രഗത്ഭന്മാരുടേയും ഭാവിയില്‍ പ്രഗത്ഭന്മാരാകേണ്ടവരുടെയും വലിയൊരു നിരയുടെ സങ്കേതമായിരുന്നു. ശാസ്ത്രീയ രംഗത്തും ഭരണ രംഗത്തും അധ്യാപന മേഖലയിലും സാഹിത്യരംഗത്തും ഗവേഷണത്തിലും സാമൂഹ്യ സേവനത്തിലും കലാവേദികളിലുമെല്ലാമുള്ള ഒന്നാംകിടക്കാരെ തട്ടാതെ നടക്കാന്‍ സാധിക്കാത്ത അവസ്ഥയായിരുന്നു അന്നുണ്ടായിരുന്നത്. ഡോ.സി.എസ്.വെങ്കിടേശ്വരന് എന്ന ഭൗതികശാസ്ത്രജ്ഞന്‍, പ്രിന്‍സിപ്പല്‍ ഡോ.കെ.ഭാസ്കരന് നായര്‍, ശൂരനാട്, ഇളങ്കുളം കുഞ്ഞന്പിള്ളമാര്, ഡോ.എച്ച്.പരമേശ്വരന്, എസ്.ഗുപ്തന്നായര്, ആനന്ദക്കുട്ടന്, ജി.കുമാരപിള്ള, അയ്യപ്പപ്പണിക്കര്‍, ശ്രീനി തുടങ്ങിയ അധ്യാപകരുടെ നിര. ഒ.എന്‍.വി.കുറുപ്പ്, വിഷ്ണുനാരായണന്‍ നമ്പൂതിരി, സുഗതകുമാരി, ഹൃദയകുമാരി, നളിനകുമാരി സഹോദരിമാര്‍, എം.എസ്.ചന്ദ്രശേഖരവാര്യര്‍, ചെമ്മനം ചാക്കോ, പുതുശ്ശേരി രാമചന്ദ്രന്, എം.കെ.സാനു, ഏറ്റുമാനൂര്‍ സോമദാസന് തുടങ്ങിയ അധ്യേതാക്കള്‍; അങ്ങനെ പറഞ്ഞാലും ഓര്‍ത്താലും അവസാനിക്കാത്തത്ര പ്രഗത്ഭര്‍. അവര്‍ക്കിടയില്‍ രണ്ടുവര്‍ഷം ആ കലാലയത്തില്‍ കഴിയാന്‍ അവസരമുണ്ടായത് വലിയൊരു സൗഭാഗ്യമാണ്. റിസര്‍വ് ബാങ്ക് ഗവര്‍ണറായിരുന്ന എസ്.വെങ്കിട്ടരമണനും മലയാറ്റൂര്‍ രാമകൃഷ്ണനും കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറിമാരായിരുന്ന സി.വി.സുബ്രഹ്മണ്യനും പി.എസ്.കൃഷ്ണനും മറ്റും ഞാന്‍ എത്തുന്നതിനുമുമ്പുതന്നെ പഠനം കഴിഞ്ഞുപോയിരുന്നു. പരമേശ്വര്‍ജിയും എം.എ.സാറും അതിനും മുമ്പ് പ്രചാരകന്മാരുമായി. അക്കാദമിക മേന്മയുടെ പ്രൗഢമായൊരന്തരീക്ഷം അന്ന് യൂണിവേഴ്സിറ്റി കോളേജില്‍ നിലനിന്നു. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന്റെ ഗതി തെമ്മാടിത്തമായിത്തുടങ്ങിയിരുന്നില്ല അക്കാലത്ത്.
കവിയും നോവലിസ്റ്റും ഗവേഷകനും അധ്യാപകനുമൊക്കെയായിരുന്ന പ്രൊഫസര്‍ ഏറ്റുമാനൂര്‍ സോമദാസന്റെ ആകസ്മിക നിര്യാണ വാര്‍ത്തയറിഞ്ഞപ്പോള്‍ ഉണ്ടായ മനസ്സിന്റെ പിന്നാക്കം പോക്കാണ് മേല്‍ വിവരിച്ചത്. സോമദാസനും ഞാനും ഏതാണ്ടൊരേ പ്രായക്കാരായിരുന്നു. ബിഎസ്സി ഫിസിക്സ് ക്ലാസ്സില്‍ ഒരേ ബഞ്ചില്‍ അല്ലെങ്കില്‍ തൊട്ടുമുന്നിലും പുറകിലുമായി രണ്ടുവര്‍ഷക്കാലം പഠിച്ച ഓര്‍മകള്‍ അങ്ങനെ തികട്ടിവരികയാണ്. സി.വി.ലക്ഷ്മണന് എന്ന സ്വയംസേവകനും നടരാജനെന്ന കോണ്‍ഗ്രസുകാരനും നീലകണ്ഠയ്യര്‍ എന്ന എസ്എഫ്ഐക്കാരനുമായിരുന്നു അടുത്തിരുന്ന മറ്റുള്ളവര്‍. ഞങ്ങളെ നാലുപേരെയും ചേര്‍ത്ത് ഗാങ്ങ് ഓഫ് ഫോര്‍ എന്ന് സോമദാസന് പരിഹസിക്കുമായിരുന്നു. ആ പ്രയോഗത്തിന്റെ ഉത്പത്തി എവിടെയാണെന്നോര്മയില്ല. വളരെ വര്‍ഷങ്ങള്‍ക്കുശേഷം ചീനയിലെ മാവോ സേ തൂങ്ങിന്റെ അവസാനകാലത്ത് അവിടത്തെ സര്‍ക്കാരിന്റേയും പാര്‍ട്ടിയുടേയും നിയന്ത്രണം കരസ്ഥമാക്കിയവരെ ഉദ്ദേശിച്ചാണ് ഗാങ്ങ് ഓഫ് ഫോര്‍ എന്ന വിശേഷണം പ്രസിദ്ധമായത്. ദുഷ്ടചതുഷ്ടയം എന്ന് ആരോ അതിനൊരു മലയാള വാക്കും കണ്ടെത്തി. ഞങ്ങള്‍ നാലുപേരെ ദുഷ്ടന്മാരായി ആരും കണ്ടില്ലെന്നതാണ് സത്യം. അന്നുതന്നെ സോമദാസന്റെ കവിതകള്‍ കൗമുദിപോലുള്ള പ്രസിദ്ധീകരണങ്ങളില്‍ കാണാറുണ്ട്. അന്ന് മിക്ക യുവകവികളുടേയും മാതൃക ചങ്ങമ്പുഴയായിരുന്നല്ലൊ. ചങ്ങമ്പുഴ അന്തരിച്ച് അഞ്ചുവര്‍ഷമേ ആയുള്ളൂവെന്നതിനാല്‍ അതു സ്വാഭാവികമായിരുന്നുതാനും. പുതുശ്ശേരി രാമചന്ദ്രനും ഒഎന്‍വിയും അന്നുതന്നെ തങ്ങളുടേതായ സരണിയില്‍ പ്രയാണം ആരംഭിച്ചിരുന്നു. പരമേശ്വര്‍ജിയാകട്ടെ കവിതയേയും എഴുത്തിനേയും തന്റെ ജീവിത ദൗത്യത്തിനുള്ള സഹായിയാക്കിക്കഴിഞ്ഞിരുന്നു. ചന്ദ്രശേഖരവാര്യരിലെ കവി കൂടുതലായി പത്രപ്രവര്‍ത്തനത്തിലേക്ക് തിരിഞ്ഞു. വിഷ്ണുനാരായണന്‍ നമ്പൂതിരി കവിതാരംഗത്ത് വേറിട്ടൊരു ശൈലിയും ആശയാവിഷ്ക്കാരവും സാധ്യമാക്കി. കുമാരപിള്ളസാറും അയ്യപ്പപ്പണിക്കര്‍ സാറും ആധുനികതയുടെ പുതിയ വഴിത്താരകള്‍ സൃഷ്ടിച്ചു. ഈ മൂന്നുപേരും ഇംഗ്ലീഷ് അധ്യാപകരായിരുന്നുവെന്നതും ശ്രദ്ധേയമാണ്. വിഷ്ണുനാരായണന്‍ നമ്പൂതിരി ഭാരതത്തിന്റെ ധാര്‍മിക പൈതൃകത്തില്‍ അടിയുറച്ച ആശയങ്ങളാണ് ആവിഷ്ക്കരിച്ചത്. ചെമ്മനം ചാക്കോയാകട്ടെ പിന്നീട് ആക്ഷേപഹാസ്യ കവിതകളുടെ പരമ്പരതന്നെ സൃഷ്ടിച്ചു.
സോമദാസന് ഞങ്ങളുടെ ക്ലാസിലെ പ്രിയപ്പെട്ട കവിയായി. കോളേജ് മാഗസിന് നടത്തിയ രണ്ടു കവിതാമത്സരങ്ങളിലും ഒന്നാം സ്ഥാനം നേടിയതദ്ദേഹമായിരുന്നു. അതിനിടെ തെരഞ്ഞെടുപ്പു വന്നപ്പോള്‍ ഞങ്ങളുടെ ക്ലാസ് പ്രതിനിധിയുടെ സ്ഥാനത്തേക്ക് സോമദാസന് മത്സരിച്ചു. എസ്എഫ് സ്ഥാനാര്ത്ഥിയായിട്ടാണദ്ദേഹം മത്സരിച്ചത്. ഞങ്ങള്‍ ചിലര്‍ നടരാജനെ മത്സരിപ്പിച്ചു. ഗാങ്ങ് ഓഫ് ഫോര്‍ നടരാജന് വേണ്ടി പ്രവര്‍ത്തിച്ചു. എസ്എഫ് അനുഭാവിയായിരുന്ന നീലകണ്ഠയ്യരും തന്റെ വാക്കു പാലിച്ചുകൊണ്ട് സോമദാസനെ പിന്തുണയ്ക്കാതെ പ്രവര്‍ത്തിച്ചു. സോമദാസന് തന്നെ ജയിച്ചു. പക്ഷേ ഞങ്ങള്‍ക്കിടയിലുണ്ടായിരുന്ന ഹൃദ്യമായ അടുപ്പത്തിന് അതു മങ്ങലേല്‍പ്പിച്ചു. എങ്കിലും അത് മെല്ലെ മെല്ലെ ഇല്ലാതായി. അതിനിടെ അദ്ദേഹത്തിന്റെ ഒരു ചെറു നോവല്‍ കോട്ടയത്തെ സാഹിത്യപ്രവര്‍ത്തകസഹകരണ സംഘം പ്രസിദ്ധീകരിച്ചു. സഖി എന്നായിരുന്നു പേര്. അതിന് പ്രതിഫലമായി കൊടുത്തത് നൂറു കോപ്പിയായിരുന്നു. ഒരു രൂപവിലയുള്ള ആ പുസ്തകം ഞങ്ങളൊക്കെ വാങ്ങുകയും പലര്‍ക്കും വിറ്റു പണം സോമദാസനു കൊടുക്കുകയും ചെയ്തു. മാനസികമായ അകല്‍ച്ച മാറിയത് അതോടെയായിരുന്നു.
പഠനം കഴിഞ്ഞ് അധികം കഴിയുന്നതിനുമുമ്പ് ഞാന്‍ പ്രചാരകനായി പല സ്ഥലങ്ങളിലുമായി കഴിഞ്ഞു. പിന്നീട് കോട്ടയം ജില്ലാ പ്രചാരകനായി 1964 ല്‍ ചങ്ങനാശ്ശേരി കേന്ദ്രമായി കഴിയവേ, അവിടുത്തെ ഹെഡ് പോസ്റ്റോഫീസില്‍ പോയ അവസരത്തില്‍ സോമദാസനെ കണ്ടെത്തി. തപാല്‍വകുപ്പില്‍ ജോലി ചെയ്യുകയാണ്. അവിടെ സെന്റ് ബെര്ക്ക്മെന്ഡ് കോളേജില്‍ ഉലഹന്നാന് മാപ്പിള സാറിന്റെ പ്രിയശിഷ്യനായി മലയാളം എംഎയ്ക്കു ചേര്‍ന്നിരിക്കയാണ്.
ഉലഹന്നാന് മാപ്പിള സാറിന്റെ മറ്റൊരു പ്രിയ വിദ്യാര്ത്ഥിയായിരുന്നല്ലൊ പരമേശ്വര്‍ജി. ഏതു ശാസ്ത്ര വിഷയത്തിലും നിഷ്പ്രയാസം പ്രവേശനം ലഭിക്കാന്‍ തക്ക മാര്‍ക്കുണ്ടായിരുന്നിട്ടും ചരിത്രം മതിയെന്ന് ഒപ്ഷന്‍ കൊടുത്താണ് അദ്ദേഹം ഇന്റര്‍മീഡിയറ്റിന് ചേര്‍ന്നത്. മലയാള ഭാഷയിലെ പ്രാഗത്ഭ്യം മാപ്പിള സാറിനെ ആകര്‍ഷിച്ചു. സോമദാസന് എസ്ബി കോളേജില്‍ പ്രവേശനം ലഭിച്ചപ്പോഴാണ് ചങ്ങനാശ്ശേരിക്ക് മാറ്റം വാങ്ങിയത്. സന്മനസ്സുള്ള തപാല്‍ മേലുദ്യോഗസ്ഥന് കോളേജില്‍ പോകാന്‍ തക്കവിധം, പോസ്റ്റോഫീസില്‍ സ്പ്ലിറ്റ് ഡ്യൂട്ടി തരമാക്കിക്കൊടുത്തു. അങ്ങനെ ജോലിയും പഠിപ്പും ഒരുമിച്ച് നടത്തുകയും സര്‍വകലാശാലയില്‍ റിക്കാര്‍ഡ് മാര്‍ക്കുകള്‍ വാങ്ങി എംഎ പാസ്സാകുകയും ചെയ്തു. മലയാളം പഠിച്ച്, പരീക്ഷയെഴുതി മാര്‍ക്കു വാങ്ങാന്‍ മറ്റേതു വിഷയത്തെക്കാള്‍ പ്രയാസമുള്ള കാലമായിരുന്നു അത്. എംഎ ബിരുദം നേടിയശേഷം തന്റെ ഇഷ്ടപ്രവൃത്തിയായ മലയാളം പഠിപ്പിക്കല്‍ ആരംഭിച്ചു. എന്‍എസ്എസ് കോളേജുകളില്‍ പലയിടത്തും ജോലി ചെയ്ത് പെരുന്നയിലെത്തി.
വര്‍ഷങ്ങള്‍ക്കുശേഷം ഞാന്‍ ജനസംഘം സംഘടനാ കാര്യദര്‍ശിയായിരിക്കെ പെരുന്നയിലൂടെ പോകുമ്പോള്‍ സോമദാസന്റെ മുന്നില്‍പെട്ടു. അദ്ദേഹത്തിന്റെ സന്തോഷത്തിനതിരില്ലായിരുന്നു. ഞാന്‍ പ്രചാരകനായിത്തന്നെ കഴിയുകയാണെന്നറിഞ്ഞ് വിസ്മയം പ്രകടിപ്പിച്ചു. പെരുന്നയില്ത്തന്നെ വീടുവെച്ചു താമസിക്കുന്ന കാലമാണ്. വീട്ടില്‍ കൂട്ടിക്കൊണ്ടുപോയി. ഭാര്യ തുളസി ടീച്ചറെ പരിചയപ്പെടുത്തി. മകള്‍ ഓടിവന്ന് സോമദാസന്റെ മടിയില്‍ കയറി. പേരു ചോദിച്ചപ്പോള്‍ കവിത എന്നു പറഞ്ഞു. അല്‍പ്പനേരം കുശലം പറഞ്ഞു ലഘുഭക്ഷണവും കഴിച്ച് പിരിഞ്ഞു.
പിന്നീട് അദ്ദേഹത്തെപ്പറ്റി വിവരമില്ലായിരുന്നു. ഇടയ്ക്കിടെ ആനുകാലികങ്ങളില്‍ അദ്ദേഹത്തിന്റെ കൃതികള്‍ വായിച്ചാസ്വദിക്കുമായിരുന്നു. അങ്ങനെ വര്‍ഷങ്ങള്‍ പോയി. ഞാന്‍ ജന്മഭൂമിയിലെ സേവനത്തിനുശേഷം വിരമിച്ചു. ആനിക്കാട് പള്ളിക്കത്തോട്ടിലെ അരവിന്ദ വിദ്യാപീഠത്തിന്റെ പ്രാരംഭകാലത്തെ വാര്‍ഷികത്തില്‍ പങ്കെടുക്കണമെന്ന് നിര്‍ദ്ദേശിച്ച് ബാലഗോകുലം അധ്യക്ഷനായിരുന്ന പ്രൊഫ.സിഎന്‍.പുരുഷോത്തമന് വിളിച്ചു. ചടങ്ങില്‍ പ്രഭാഷണം നടത്താനായി പ്രൊഫ.ഏറ്റുമാനൂര്‍ സോമദാസനുമുണ്ട് എന്നദ്ദേഹം പറഞ്ഞു. ഞങ്ങള്‍ ഒരേ ബഞ്ചിലിരുന്ന് പഠിച്ചവരാണെന്നറിയിച്ചത് പുരുഷോത്തമന് മാസ്റ്റര്‍ക്കും വിസ്മയമായി. മാസ്റ്റര്‍ എസ്ബി കോളേജിലെ അധ്യാപകനായിരുന്നു. അവരിരുവരും എസ്ബി ‘അലുമിന’കളാണല്ലൊ. വര്‍ഷങ്ങള്‍ക്കുശേഷം ഒരിക്കല്‍ക്കൂടി പുരുഷോത്തമന് മാസ്റ്ററുടെ ഇല്ലത്ത് ഞങ്ങള്‍ ഒരുമിച്ചുകൂടി. ആഹ്ലാദകരങ്ങളായ ഒട്ടേറെ പഴംപുരാണങ്ങള്‍ പങ്കുവെച്ചു. അദ്ദേഹത്തിന്റെ മനസ്സില്‍നിന്നും സോഷ്യലിസ പ്രത്യയശാസ്ത്രത്തിന്റെ നേര്‍ത്തപാടകള്‍ പൊഴിഞ്ഞു പോകുകയാണെന്ന് ആ സംഭാഷണത്തില്‍നിന്ന് മനസ്സിലായി. വിദ്യാഭ്യാസ രംഗത്തും രാഷ്ട്രീയ രംഗത്തും പൊതുജീവിതത്തിലും വന്നുചേര്‍ന്ന അപചയങ്ങള്‍ ആ മനസ്സില്‍ ആശങ്കകളുണ്ടാക്കുന്നുവെന്ന് മനസ്സിലായി. തികച്ചും സംഘത്തിന്റെ ഭാഗമായ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ആഘോഷങ്ങളില്‍ മുഖ്യാതിഥിയായി വരുന്നതില്‍ അദ്ദേഹത്തിന് ചാഞ്ചല്യമേതുമുണ്ടായില്ല. മലയാള വിദ്യാപീഠം എന്ന സ്ഥാപന ബിരുദാനന്തര പഠന സൗകര്യങ്ങളോടെ നടത്തുകയായിരുന്നു അദ്ദേഹം.
നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് അദ്ദേഹം ഭാഷാ വിജ്ഞാനം പകര്‍ന്നു നല്കി. അവര്‍ക്കൊക്കെ മാതൃകാ ആചാര്യനായി സന്തുഷ്ട കുടുംബനാഥനായി കഴിഞ്ഞു.
പഠനവും വിജയവുംപോലെ ജീവന് മുക്തിയും അനായാസമായിരുന്നുവെന്നുകണ്ട് പ്രഭാതസവാരി കഴിഞ്ഞു “അനായാസേന മരണം” ആരെയും കൊതിപ്പിക്കുന്നതാണ്. അന്നത്തെ ബഞ്ചിലെ അടുത്ത സീറ്റുകാരെ ആരേയും ഇപ്പോള്‍ ബന്ധപ്പെടാറില്ല.
എന്നാലും സോമദാസന്റെ സീറ്റ് ഒഴിഞ്ഞുവെന്നറിഞ്ഞപ്പോള് മനസ്സില്‍ ഒരു സ്പന്ദനം നഷ്ടപ്പെട്ടതുപോലെ തോന്നി. ആ പ്രേഷ്ഠ സഹപാഠിക്കു ആദരാഞ്ജലികള്‍!
പി. നാരായണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: