Categories: Kerala

പഴമയുടെ പുണ്യവുമായി പാവക്കഥകളി ഗ്രാമങ്ങളിലേക്ക്‌

Published by

തൃശൂര്‍ : പഴമയില്‍ ചവിട്ടിയരയ്‌ക്കപ്പെടുകയും അവഗണിക്കപ്പെടുകയും ചെയ്ത പാവക്കഥകളിയെന്ന കലയ്‌ക്ക്‌ പുതുജീവന്‍ നല്‍കുന്നു. പ്രമുഖ കൂടിയാട്ടം കലാകാരന്‍ കൂടിയായ വേണുജിയുടെ നേതൃത്വത്തിലാണ്‌ പാവകഥകളിയെ നാട്ടിന്‍പുറങ്ങളിലേക്ക്‌ വീണ്ടും എത്തിക്കുന്നത്‌.

നാടോടികളായ ആണ്ടിപ്പണ്ടാരങ്ങളുടെ വിരല്‍ത്തുമ്പില്‍ പാവകളായി ആടിയിരുന്ന കഥകളിവേഷങ്ങള്‍ നാട്ടുവഴികളിലൂടെയും വീട്ടരങ്ങുകളിലൂടെയും വീണ്ടുമൊരു സഞ്ചാരം നടത്താനൊരുങ്ങുകയാണ്‌. ഇരിങ്ങാലക്കുട നടന കൈരളിയുടെ നേതൃത്വത്തില്‍ കൂടിയാട്ട കലാകാരന്‍ വേണുജീയാണ്‌ ഈ ശ്രമത്തിന്‌ തയ്യാറെടുത്തിരിക്കുന്നത്‌. കഴിഞ്ഞ മൂന്നുപതിറ്റാണ്ടുകളിലായി നടനകൈരളിയുടെ പ്രവര്‍ത്തനങ്ങളിലൂടെ ലോകശ്രദ്ധ നേടിയ ഈ കലാരൂപം വീണ്ടും ഗ്രാമപ്രദേശങ്ങളിലെത്തിക്കുകയാണ്‌ യാത്രയുടെ ലക്ഷ്യമെന്ന്‌ വേണുജി വ്യക്തമാക്കി.

പാവക്കഥകളിയുടെ ഈറ്റില്ലമെന്ന്‌ കരുതപ്പെടുന്ന പരുത്തിപ്പുള്ളിഗ്രാമത്തില്‍ നിന്നും ഡിസംബര്‍ മൂന്നിന്‌ ആരംഭിക്കുന്ന യാത്ര ഇരിങ്ങാലക്കുട നടനകൈരളിയില്‍ ഡിസംബര്‍ 11ന്‌ സമാപിക്കും. ശില്‍പശാലയും രംഗാവതരണങ്ങളുമായിട്ടാണ്‌ യാത്ര. നാട്ടിന്‍പുറങ്ങളിലെ അവതരണവും യാത്രയും സമ്പൂര്‍ണമായും ഡോക്യുമെന്ററിയും ചെയ്യുന്നുണ്ട്‌. കെ.വി. രാമകൃഷ്ണന്‍, കെ.സി. രാമകൃഷ്ണന്‍, രവിഗോപാലന്‍ നായര്‍, കെ. ശ്രീനിവാസന്‍, വി. തങ്കപ്പന്‍, കലാനിലയം രാമകൃഷ്ണന്‍, കലാനിലയം ഉണ്ണിക്കൃഷ്്ണന്‍, കലാനിലയം ഹരിദാസ്‌ എന്നീ കലാകാരന്‍മാര്‍ കല്യാണസൗഗന്ധികം, ദുര്യോധനവധം, ദക്ഷയാഗം എന്നീ കഥകള്‍ അവതരിപ്പിക്കും.

ആന്ധ്രാപ്രദേശില്‍ നിന്നും തമിഴ്‌നാട്‌ വഴി കേരളത്തില്‍ നൂറ്റാണ്ടുകള്‍ക്കു മുമ്പ്‌ കുടിയേറിപ്പാര്‍ത്ത ആണ്ടിപ്പണ്ടാര കുടുംബങ്ങളിലെ ചില കലാകാരന്‍മാരാണ്‌ ഈ കലാരൂപത്തിന്‌ തുടക്കം കുറിച്ചത്‌. ഏതാണ്ട്‌ പൂര്‍ണമായും അന്യംനിന്നുപോകുമെന്ന അവസ്ഥയില്‍ കലാരൂപത്തെ പുനരുജ്ജീവിപ്പിക്കാന്‍ വേണുജിയുടെ നേതൃത്വത്തില്‍ നടനകൈരളിയുടെ പരിശ്രമങ്ങള്‍ ആരംഭിച്ചതിന്റെ 30-ാ‍ം വാര്‍ഷികത്തോടനുബന്ധിച്ചാണ്‍്ഗ്രാമങ്ങളിലുടെ ഈ കലയുമായി യാത്ര നടത്തുന്നത്‌.

ലോകത്ത്‌ എല്ലായിടത്തും പാവകളിക്ക്‌ പ്രാധാന്യമുണ്ട്‌. കുട്ടികളിലേക്ക്‌ കലാരൂപത്തെ പെട്ടെന്ന്‌ സന്നിവേശിപ്പിക്കാന്‍ ഇവയ്‌ക്കാകും. കേരളത്തിലും പാവക്കഥകളിക്ക്‌ രണ്ടുമൂന്നു സംഘങ്ങളെ വാര്‍ത്തെടുക്കുകയെന്ന ഉദ്ദേശം കൂടി ഈ യാത്രയ്‌ക്കുണ്ടെന്ന്‌ വേണുജി പറഞ്ഞു. ഡിസംബര്‍ നാലിന്‌ കൊടുമ്പിലും അഞ്ചിന്‌ പൂമുള്ളിമനയിലും ആറിന്‌ കോതറമനയിലും ഏഴിന്‌ കുലുക്കല്ലൂരിലും എട്ടിന്‌ കോട്ടയ്‌ക്കലിലും ഒമ്പതിന്‌ ആഴ്‌വാഞ്ചേരി മനയിലും പത്തിന്‌ തവനൂര്‍ മനയിലും 11ന്‌ രാവിലെ കുഴിക്കാട്ടുശേരിയിലെ ഗ്രാമികയിലും വൈകീട്ട്‌ അഞ്ചിന്‌ നടനകൈരളിയിലുമാണ്‌ അവതരണങ്ങള്‍. ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി നാഷണല്‍ സെന്റര്‍ ഫോര്‍ ദി ആര്‍ട്സ്‌ വേണുജിയുടെ യാത്രയ്‌ക്ക്‌ സഹായവുമായി രംഗത്തുണ്ട്‌.

കൃഷ്ണകുമാര്‍ ആമലത്ത്‌

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by