വെള്ളിയാഴ്ച മലയാള സിനിമയെ സംബന്ധിച്ച് ഏറെ പ്രാധാന്യമുള്ള ദിവസമാണ്. മലയാളത്തില്‍ സിനിമകള്‍ പുറത്തിറങ്ങുന്നത് വെള്ളിയാഴ്ചകളിലാണെന്നതാണ് അതിനു കാരണം. വെള്ളിയാഴ്ച റിലീസ് ചെയ്യുന്ന സിനിമകള്‍ വെള്ളി, ശനി ദിവസങ്ങളില്‍ പ്രേക്ഷകരുടെ അഭിപ്രായങ്ങള്‍ സ്വരൂപിക്കുകയും ഞായറാഴ്ച മുതല്‍ തീയറ്ററുകളില്‍ അതിന്റെ പ്രതിഫലനം ഉണ്ടാകുകയുമാണ് പതിവ്. വെള്ളിയാഴ്ചകളെ വളരെ പ്രാധാന്യത്തോടെ സിനിമാലോകം കണ്ടിരുന്നതും അതിനാലാണ്.
മലയാള സിനിമയുടെ സുവര്‍ണ്ണകാലത്ത് ചില വെള്ളിയാഴ്ചകളില്‍ അഞ്ചുമുതല്‍ എട്ടുവരെ സിനിമകള്‍ റിലീസാകുമായിരുന്നു. ചില സിനിമകള്‍ വന്‍ ഹിറ്റുകളായി മാറും. മറ്റുചിലത് ശരാശരി നിലവാരത്തില്‍ പ്രേക്ഷകരെ ആകര്‍ഷിക്കും. എന്നാല്‍ പരാജയപ്പെട്ടു പിന്‍വാങ്ങുന്ന സിനിമകള്‍ അക്കാലത്തുണ്ടായിരുന്നില്ല എന്നതാണ് സവിശേഷതയായി എടുത്തുപറയേണ്ടത്. എഴുപതുകളും എണ്‍പതുകളുമാണ് ഇത്തരത്തില്‍ മലയാള സിനിമയുടെ സുവര്‍ണ്ണ കാലഘട്ടമായി കണക്കാക്കാവുന്നത്. അന്ന് സിനിമാലോകം ലാഭം കൊയ്യാനും പണം സമ്പാദിക്കാനും മാത്രമുള്ള മേഖലയായിരുന്നില്ല. അതിനുമപ്പുറം സിനിമയെ കലയായിക്കണ്ട് ആരാധിച്ചിരുന്നവരാണുണ്ടായിരുന്നത്. സിനിമാ അഭിനയവും സംവിധാനവും നിര്‍മ്മാണവും മറ്റ് സാങ്കേതിക പ്രവര്‍ത്തനവുമെല്ലാം കലയുടെ ഭാഗമായിരുന്നു. സിനിമാ മേഖലയാകെ ഒരു കുടുംബം പോലെ പ്രവര്‍ത്തിച്ചു. അന്ന് ഇത്രയധികം സംഘടനകള്‍ സിനിമാമേഖലയില്‍ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നില്ല. സൗത്ത് ഇന്ത്യന്‍ ഫിലിംചേമ്പേഴ്സ് എന്ന ഒരു സംഘടനമാത്രം. അതിനു കീഴില്‍ സൂപ്പര്‍ സ്റ്റാറുകള്‍ മുതല്‍ ലൈറ്റ് ബോയിവരെ ഒരു കുടുംബത്തെ പോലെ പ്രവര്‍ത്തിച്ചു. അവിടെ പരാതികളുണ്ടായിരുന്നില്ല. പരാതികളും പരിഭവങ്ങളും അവര്‍ അവിടെ തന്നെ പരിഹരിച്ചു. ഞാന്‍ വലിയവന്‍, നീ ചെറിയവന് എന്ന വലിപ്പച്ചെറുപ്പ വ്യത്യാസവുമുണ്ടായിരുന്നില്ല.
സിനിമാ നിര്‍മ്മാണത്തില്‍ കോടികളുടെ കിലുക്കത്തിനപ്പുറം കലാമേന്മയ്ക്കായിരുന്നു കൂടുതല്‍ ഊന്നല്‍ നല്‍കിയിരുന്നത്. കാമ്പുള്ള കഥകളുള്ള നല്ല സിനിമകള്‍ പ്രേക്ഷകനു മുന്നിലെത്തി. അക്കാലത്തെ സിനിമകളിലെ പാട്ടുകളും രംഗങ്ങളുമെല്ലാം ഇപ്പോഴും മലയാളിയുടെ ഓര്‍മ്മയുടെ വെള്ളിത്തിരയില്‍ സിനിമാ രംഗങ്ങളായി കടന്നു പൊയിക്കൊണ്ടിരിക്കുന്നത് അതിനാലാണ്.
ഒരു സംഘടനയ്ക്കു കീഴില്‍ കുടംബമായി ഒരുമിച്ചു കഴിഞ്ഞവര്‍ക്ക് സാമൂഹ്യ, തൊഴിലാളി ബോധം കൂടുതല്‍ ഉണ്ടായപ്പോഴാണ് സിനിമയിലേക്ക് നിരവധി സംഘടനകളും നേതാക്കളും താല്പര്യങ്ങളുമൊക്കെ കടന്നു വന്നത്. അമ്മയും മക്കളുമൊക്കെയായി തമ്മില്‍ തല്ലുതുടങ്ങിയതും അപ്പോഴാണ്. ഒരു കുടുംബമായിക്കഴിഞ്ഞവര് അണുകുടുംബങ്ങളായി. അണുകുടുംബങ്ങള്‍ തമ്മില്‍ത്തല്ലി അരങ്ങുതകര്‍ക്കുമ്പോള്‍ ഒഴുകിപ്പോകുന്നത് സ്വന്തം കാലടിയിലെ മണ്ണാണെന്ന് അവരറിഞ്ഞില്ല.
മലയാള സിനിമയില്‍ വെള്ളിയാഴ്കള് നഷ്ടപ്പെട്ടിട്ട് കാലങ്ങളായി. പണ്ട് വെള്ളിയാഴ്ചകളെ കൊതിയോടെ കാത്തിരുന്ന സിനിമാ പ്രേക്ഷകര്‍ ആ ദിവസം മറന്നു കഴിഞ്ഞു. ഓരോ വെള്ളിയാഴ്ചയും സിനിമ ആസ്വാദകനെ സംബന്ധിച്ചിടത്തോളം ആഘോഷത്തിന്റെ ദിവസങ്ങളായിരുന്നു. പുറത്തിറങ്ങുന്ന നല്ല സിനിമ കാണാമെന്ന പ്രതീക്ഷ. മേല്‍ സൂചിപ്പിച്ചതുപോലെ വെള്ളിയാഴ്ചകളില്‍ പുറത്തു വന്നിരുന്ന സിനിമകള്‍ നിരാശ നല്‍കിയിരുന്നില്ല എന്ന അവസ്ഥയ്ക്ക് മാറ്റമുണ്ടായി. പുറത്തു വന്നിരുന്ന സിനിമകളില്‍ പലതും പ്രേക്ഷകനെ ആകര്ഷിക്കാത്തതായിമാറി. നല്ല സിനിമകള്‍ക്കു പകരം തട്ടിക്കൂട്ടലുകള്‍ മാത്രമായി. വെള്ളിയാഴ്ചകളെ കാത്തിരുന്ന പ്രേക്ഷകന് വെള്ളിയാഴ്ചകള്‍ മറന്ന് വീട്ടിലെ ടെലിവിഷന്‍ പെട്ടിക്കുമുന്നിലിരുന്ന് പഴയ സിനിമകള്‍ കണ്ടാസ്വദിച്ചു.
മലയാള സിനിമയ്ക്കുമേല് സര്ഗ്ഗാത്മകതയില്ലായ്മയുടെ കരിനിഴല്‍ വീണുകിടക്കുമ്പോഴാണ് സംഘടനകളുടെ അതിപ്രസരത്തില്‍ സിനിമാമേഖല വട്ടം കറങ്ങിയത്. സമരങ്ങളും കുതികാല്‍വെട്ടലുകളും വിലക്കുകളും എല്ലാം സിനിമയെ ബാധിക്കാന്‍ തുടങ്ങി. ഒരു വശത്ത് സിനിമയെ തകര്‍ച്ചയില്‍ നിന്ന് രക്ഷിക്കണമെന്ന് വിലപിക്കുമ്പോള്‍ തന്നെ, സിനിമയെ തകര്‍ക്കുന്ന പ്രവര്‍ത്തനങ്ങളും സജീവമായി. നിരവധി സിനിമാ സമരങ്ങള്‍ക്ക് പ്രേക്ഷകര്‍ സാക്ഷികളായിട്ടുണ്ട്. എന്നാല്‍ ഇത്തവണയുണ്ടായ സമരം സിനിമയുടെ നട്ടെല്ലൊടിക്കുന്നതായിരുന്നു.
സിനിമാ മേഖലയില്‍ നിലനിന്നിരുന്ന ശീതസമരം പ്രത്യക്ഷ സമരത്തിനു വഴിമാറുകയായിരുന്നു. ഇക്കഴിഞ്ഞ നവംബര്‍ ഒന്നുമുതലാണ് പ്രതിസന്ധി കടുത്തത്. സിനിമാ തീയറ്ററുകാരും വിതരണക്കാരും സമരം തുടങ്ങി. പിന്നീട് നിര്‍മ്മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷനും സമരം ആരംഭിച്ചു. തീയറ്ററുകാരുടെ പ്രശ്നം സര്‍ക്കാര്‍ പ്രഖ്യാപിച്ച ചില നടപടികളായിരുന്നു. തീയറ്ററുകാര് പ്രേക്ഷകന്റെ പക്കല്‍ നിന്നും ടിക്കറ്റിനൊപ്പം പിരിക്കുന്ന സര്‍വ്വീസ് ചാര്‍ജ്ജ് നിര്‍ത്തലാക്കുമെന്ന സര്‍ക്കാരിന്റെ പ്രഖ്യാപനമാണ് തീയറ്റര്‍ ഉടമകളെ ചൊടിപ്പിച്ചത്. തീയറ്റുകളില്‍ പ്രേക്ഷകന് സൗകര്യങ്ങള്‍ ഒരുക്കുന്നതിനുവേണ്ടിയാണ് സര്‍വ്വീസ് ചാര്‍ജ്ജ് പിരിച്ചിരുന്നത്. എന്നാല്‍ സൗകര്യങ്ങളില്ലാത്ത തീയറ്ററുകളില്‍ എലികളെയും പാമ്പുകളെയും ഭയന്ന് സിനിമ കാണേണ്ട അവസ്ഥയായിരുന്നു പ്രേക്ഷകനുണ്ടായത്.
വൈഡ് റിലീസിംഗിന്റെ പേരില്‍ സമരം ചെയ്ത വിതരണക്കാര്‍ മലയാള സിനിമയുടെ നിലനില്‍പ്പിനെ കുറിച്ച് ചിന്തിച്ചില്ല. കോടികള്‍ മുടക്കി സിനിമ നിര്‍മ്മിക്കുന്നവര്‍ മുടക്കുമുതലെങ്കിലും തിരികെ ലഭിക്കണമെന്ന് ആഗ്രഹിക്കുമെന്ന് മനസ്സിലാക്കാന്‍ വിതരണക്കാര്‍ തയ്യാറായില്ല. സിനിമയുടെ നിര്‍മ്മാണച്ചെലവ് വര്ദ്ധിക്കുന്നതിനെതിരെയായിരുന്നു നിര്‍മ്മാതാക്കളുടെ സമരം. എല്ലാ സമരങ്ങളില്‍ നിന്നും ആകെയുണ്ടായ ഫലം മലയാള സിനിമ പുറത്തിറങ്ങിയില്ലെന്നതാണ്. ഓരോ വെള്ളിയാഴ്ചകളിലും പ്രേക്ഷകന് കാത്തിരുന്നു, ഇന്ന് പുതിയൊരു സിനിമ റിലീസാകുമെന്ന്. എന്നാല്‍ തീയറ്ററിലെത്തിയതെല്ലാം തമിഴ് സിനിമകളായിരുന്നു. അന്യഭാഷാ സിനിമകള്‍ കാണിക്കുന്നതിന് തീയറ്ററുകാര്‍ക്കും വിതരണക്കാര്ക്കുമൊന്നും ഒരുകാരണവും പ്രതിബന്ധമായില്ല.
കേരളത്തിലെ സിനിമാ നിര്‍മ്മാണത്തിന് ചെലവേറിവരുകയാണ്. ഓരോ ദിവസവും കോടികള്‍ വര്‍ദ്ധിക്കുന്നു. കേരളം പോലൊരു കൊച്ചു സംസ്ഥാനത്തിന് താങ്ങാനാകുന്നതായിരുന്നില്ല അത്. താരങ്ങളുടെ പ്രതിഫലത്തിനൊപ്പം സാങ്കേതിക വിദ്യയ്ക്കും ലൊക്കേഷന്‍ മാറ്റത്തിനുമെല്ലാം കോടികള്‍ ചെലവിടുന്നു. മുമ്പ് സ്റ്റുഡിയോയ്ക്കുള്ളില്‍ മാത്രം വിവിധ ലൊക്കേഷനുകളില്‍ ഷൂട്ട് ചെയ്തിരുന്ന സിനിമ കാലം മാറിയപ്പോള്‍ പാട്ട് വിദേശത്തും സ്റ്റണ്ട് മറ്റൊരു ദേശത്തും ചിത്രീകരിച്ചു തുടങ്ങി. നല്ല കഥയുള്ള സിനിമ എന്നതിലുപരി ചിലവിട്ട കോടികളുടെ കണക്കുപറഞ്ഞായി പരസ്യങ്ങള്‍. കേരളത്തിനു താങ്ങാനാകുന്നതായിരുന്നില്ല ഈ കോടികളുടെ അതിപ്രസരം.
സമരം അവസാനിപ്പിക്കാന്‍ പലതരത്തിലുള്ള ചര്‍ച്ചകള്‍ നടന്നു. എന്നാല്‍ കടുംപിടുത്തങ്ങള്‍ക്കും ഈഗോയ്ക്കും മുന്നില്‍ വാതിലുകളെല്ലാം അടയുകയായിരുന്നു. ഇപ്പോള്‍ വീണ്ടുമൊരു വെള്ളിയാഴ്ചകൂടി കടന്നു വരുന്നു. മലയാള സിനിമയെ സംബന്ധിച്ച് ഇന്നത്തെ വെള്ളിയാഴ്ചയ്ക്ക് ഏറെ പ്രസക്തിയുണ്ട്. സമരങ്ങള്‍ക്ക് താല്‍ക്കാലിക വിരാമമായിരിക്കുകയാണ്. പലതരത്തിലുള്ള നിബന്ധനകള്‍ ഭീഷണിയായി തലയ്ക്കുമുകളില്‍ വാള്‍പോലെ തൂങ്ങുന്നുണ്ടെങ്കിലും രണ്ടു പുതിയ സിനിമകള്‍ ഇന്ന് പുറത്തു വരുന്നു. ജയരാജ് സംവിധാനം ചെയ്ത ‘നായിക’യും കമല്‍ സംവിധാനം ചെയ്ത ‘സ്വപ്ന സഞ്ചാരി’യുമാണ് ആ ചിത്രങ്ങള്‍. നായികയുടെ പ്രവര്‍ത്തനങ്ങള്‍ മൂന്നുമാസങ്ങള്‍ക്കുമുമ്പ് അവസാനിപ്പിച്ച് ആഗസ്റ്റില്‍ സിനിമ സെന്‍സര്‍ ചെയ്ത് പ്രദര്‍ശനത്തിനു തയ്യാറായതാണ്. തോമസ് ബഞ്ചമിന് എന്ന പുതിയ നിര്‍മ്മാതാവ് സിനിമയോടുള്ള ആഗ്രഹംകൊണ്ടാണ് ആ സിനിമ നിര്‍മ്മിച്ചത്. എന്നാല്‍ ആദ്യ സിനിമയ്ക്കു തന്നെ തിക്താനുഭവങ്ങളാണ് അദ്ദേഹത്തിനു നേരിടേണ്ടി വന്നത്. ഇപ്പോള്‍ റിലീസ് ചെയ്യുന്ന തീയറ്ററുകളിലല്ലാതെ കൂടുതല്‍ തീയറ്ററുകളിലേക്ക് റിലീസിംഗ് അനുവദിക്കില്ലെന്ന ഭീഷണി നിലനില്‍ക്കുന്നുണ്ട്. സിനിമ പുറത്തിറങ്ങിക്കഴിയുമ്പോള്‍ പ്രേക്ഷകനിലൂടെ അതെല്ലാം അതിജീവിക്കാമെന്ന പ്രതീക്ഷയാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കുള്ളത്. ഈ വെള്ളിയാഴ്ചയെ പ്രേക്ഷകര്‍ക്കൊപ്പം സിനിമാപ്രവര്‍ത്തകരും പ്രതീക്ഷയോടെയാണ് കാണുന്നത്.
ആര്.പ്രദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: