മുംബൈ: മഹാരാഷ്ട്ര ഭീകര വിരുദ്ധ സ്ക്വാഡ് ജീവനക്കാരുടെ എണ്ണം കുറഞ്ഞു. ഭീകരാക്രമണങ്ങള്‍ ചെറുക്കുന്നതിന് 2004 ല്‍ ആണ് ഭീകരവിരുദ്ധ സ്ക്വാഡ്(എടിഎസ്) രൂപംകൊണ്ടത്. ആകെ 732 പോസ്റ്റുകളാണ് എടിഎസിലുള്ളത്. ഇതില്‍ 283 എണ്ണം ഇപ്പോള്‍ ഒഴിഞ്ഞാണ് കിടക്കുന്നതെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. 2011 സപ്തംബര്‍ ഒന്നിലെ കണക്ക് പ്രകാരമാണിത്.
1993 മുതല്‍ നിരവധി ഭീകരാക്രമണങ്ങള്‍ക്കാണ് രാജ്യം സാക്ഷ്യം വഹിച്ചത്. ഇതില്‍ ഏറ്റവും പ്രധാനം 2008 നവംബര്‍ 26 ന് രാജ്യത്തെ നടുക്കിയ ഭീകരാക്രമണമായിരുന്നു. 495 പോലീസ് കോണ്‍സ്റ്റബിള്‍മാരെയാണ് എടിഎസിനുവേണ്ടി അനുവദിച്ചിരിക്കുന്ന്ത്. എന്നാല്‍ 354 കോണ്‍സ്റ്റബിള്‍മാരാണ് ഇപ്പോഴുള്ളത്. മധ്യനിര ഓഫീസര്‍മാരുടെ എണ്ണത്തിലും കാര്യമായ കുറവാണുള്ളത്. അംഗീകാരം ലഭിച്ചിട്ടുള്ള നാല് പോസ്റ്റുകളില്‍ രണ്ട് പോലീസ് സൂപ്രണ്ടന്റ്മാരാണ് സേവനം അനുഷ്ഠിക്കുന്നത്. 10 അസിസ്റ്റന്റ് കമ്മീഷണര്‍മാരെ ആവശ്യമുണ്ടെങ്കിലും മൂന്ന് പേര് മാത്രമേയുള്ളുവെന്നും ഭീകരവിരുദ്ധ സ്ക്വാഡ് അധികൃതര്‍ പറയുന്നു. 50 ഇന്‍സ്പെക്ടര്‍മാര്‍ വേണ്ട സ്ഥാനത്ത് 38 പേരാണുള്ളത്.
2008 നവംബര്‍ 26 നുണ്ടായ ഭീകാരക്രമണത്തെക്കുറിച്ച് പഠിച്ച റാം പ്രധാന് കമ്മറ്റി റിപ്പോര്‍ട്ട് 2009 ഏപ്രിലാണ് സമര്‍പ്പിച്ചത്. ഈ റിപ്പോര്‍ട്ടില്‍ എടിഎസിനെ കുറിച്ച് പരാമര്‍ശിച്ചിരുന്നു. അജ്മല്‍ അമീര്‍ കസബ് ഉള്‍പ്പടെ ഒമ്പത് ഭീകരര്‍ കടല്‍ മാര്‍ഗ്ഗമെത്തി താജ്മഹല്‍ ഹോട്ടല്‍, നരിമാന് ഹൗസ്, ഒബ്രോയ് ഹോട്ടല്‍, സിഎസ്ടി റയില്‍വേ സ്റ്റേഷന് എന്നിവിടങ്ങളില്‍ നടത്തിയ ആക്രമണത്തില്‍ 166 പേരാണ് കൊല്ലപ്പെട്ടത്. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. വരുന്ന 26 ന് ഇന്ത്യയെ നടുക്കിയ ഈ ഭീകരാക്രമണത്തിന്റെ മൂന്നാം വാര്‍ഷികമാണ്. രാജ്യത്ത് ഭീകരാക്രമണങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ നേരിടാന്‍ ആവശ്യമായ സജ്ജീകരണങ്ങള്‍ ഒരുക്കുക വളരെ അത്യാവശ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: