തൃപ്പൂണിത്തുറ: ശ്രീപൂര്‍ണത്രയീശക്ഷേത്രത്തില്‍ 8 ദിവസം നീണ്ടുനില്‍ക്കുന്ന വൃശ്ചികോത്സവത്തിന് ബുധനാഴ്ച തുടക്കമായി.
സന്ധ്യക്ക് ദീപാരാധനക്കുശേഷം ക്ഷേത്രം തന്ത്രി പുലിയന്നൂര്‍ ശശി നമ്പൂതിരിപ്പാടിന്റെ മുഖ്യകാര്‍മികത്വത്തില്‍ കൊടിപൂജകള് നടത്തി. തുടര്‍ന്ന് 85 അടി ഉയരമുള്ള സ്വര്‍ണ കൊടിമരത്തില്‍ തന്ത്രി കൊടിയേറ്റ് നടത്തി. കീഴ്ശാന്തി മണികണ്ഠന് എമ്പ്രാന്തരി സഹകാര്‍മികനായി. വൃശ്ചികോത്സവത്തിന്റെ കൊടിയേറ്റ് ദര്‍ശനത്തിനായി ക്ഷേത്രത്തിനകത്തും പുറത്തും ഏറെ ഭക്തജനത്തിരുക്കാണുണ്ടായത്.
ഇന്നലെ രാവിലെ 15 ആനപ്പുറത്തുള്ള ശിവേലി എഴുന്നള്ളിപ്പിന് പെരുവനം കുട്ടന്മാരാരുടെ പഞ്ചാരിമേളം അകമ്പടിയായി. ഓട്ടന്തുള്ളല്, ഭക്തിഗാനങ്ങള്‍, പാഠകം, ചാക്യാര്‍കൂത്ത്, കോല്‍ക്കളി, തായമ്പക, 15 ആനകളെ നിരത്തിയുള്ള വിളക്കിനെഴുന്നള്ളിപ്പ്, മദ്ദളപ്പറ്റ്, കൊമ്പുപറ്റ്, കുഴല്‍പ്പറ്റ്, പഞ്ചാരിമേളം എന്നിവയും ഉണ്ടായി. നാശ്ചില് കെ.തെങ്കരൈയുടെ സംഗീതകച്ചേരി, നളചരിതം കഥകളി എന്നിവ ഊട്ടുപുരഹാളില് നടന്നു.
ഉത്സവം നാലാം ദിവസം 26ന് തൃക്കോട്ടപുറപ്പാടും സുവര്‍ണ കുംഭത്തില്‍ കാണിക്കസമര്‍പ്പണവും നടക്കും. 7-ാം ദിവസം 29നാണ് വലിയവിളക്ക്.
ശ്രീപൂര്‍ണത്രയീശ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് രാജനഗരം ദീപപ്രഭയില്‍ മുങ്ങിനില്‍ക്കുകയാണ്. ക്ഷേത്ര ഗോപുരവും, ചുറ്റുവിളക്കുകളും ദീപസ്തംഭങ്ങളും ദീപാലങ്കാരങ്ങള്‍കൊണ്ട് സ്വര്‍ണ പ്രഭ ചൊരിയുന്നു. ഉത്സവ കച്ചവടത്തിന്റെ കൊയ്ത്തിനായി വഴിയോര കച്ചവടക്കാരും തിങ്ങിനിറഞ്ഞുകഴിഞ്ഞു.
കൊടിയേറ്റിന്ശേഷം ക്ഷേത്രാങ്കണത്തില്‍ നടന്ന ചടങ്ങില്‍ കലാപരിപാടികളുടെ ഉദ്ഘാടനം എക്സൈസ് മന്ത്രി.കെ.ബാബു നിര്‍വഹിച്ചു. കൊച്ചി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം.സി.എസ്.മേനോന് അദ്ധ്യക്ഷതവഹിച്ചു. അംഗം വനജാക്ഷി, സ്പെഷ്യല്‍ കമ്മീഷണര്‍ എന്‍.സുകുമാരന്‍ എന്നിവര്‍ പ്രസംഗിച്ചു. പത്മശ്രീ കലാമണ്ഡലം ഗോപി, ചോറ്റാനിക്കര വിജയന്‍മാരാര്‍, മച്ചാട് രാമകൃഷ്ണന് നായര്‍, ചോറ്റാനിക്കര സുരേന്ദ്രമാരാര്‍ എന്നീ കലാകാരന്മാരെ ചടങ്ങില്‍ ആദരിച്ചു.
ഇന്ന് രാവിലെ ശിവേലി, പശ്ചാരിമേളം, ഓട്ടന്‍ തുള്ളല്‍, വിളക്കിനെഴുന്നള്ളിപ്പ് ഡോ.കെ.ഓമന കുട്ടിയുടെ സംഗീതക്കച്ചേരി, കഥകളി എന്നിവ ഉണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: