കൊച്ചി: ഏഷ്യയിലെ മികച്ച ഗ്യാലറികളില്‍ ഒന്നായി നവീകരിച്ച കേരള ലളിതകലാ അക്കാദമിയുടെ എറണാകുളം ദര്‍ബാര്‍ ഹാള്‍ കലാകേന്ദ്രം 27ന് വൈകീട്ട് 4ന് സാംസ്കാരിക വകുപ്പ് മന്ത്രി കെ.സി.ജോസഫിന്റെ അദ്ധ്യക്ഷതയില്‍ കൂടുന്ന യോഗത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാഷ്ട്രത്തിന് സമര്‍പ്പിക്കും. കേരളീയ ചിത്ര-ശില്പകലാ ചരിത്രത്തിലെ നാഴികകല്ലായി മാറുന്ന ഗ്യാലറിയില്‍ പ്രമുഖരായ നൂറിലേറെ കലാകാരന്മാരുടെ സൃഷ്ടികള്‍ ഉള്‍പ്പെടുത്തി 20 ദിവസം നീണ്ടുനില്‍ക്കുന്ന ‘നിറപൊരുള്’ യില്‍ പ്രദര്‍ശനവും അക്കാദമി ഒരുക്കിയിട്ടുണ്ട്. ചടങ്ങില്‍ ടൂറിസം വകുപ്പ് മന്ത്രി പ്രൊഫ.കെ.വി.തോമസ്, എക്സൈസ് വകുപ്പ് മന്ത്രി കെ.ബാബു, പൊതുമരാമത്ത് വകുപ്പ് മന്ത്രി ഇബ്രാഹിം കുഞ്ഞ്, മേയര്‍ ടോണി ചമ്മണി എന്നിവരോടൊപ്പം ജില്ലയിലെ എല്ലാ എംഎല്‍എ മാരും പങ്കെടുക്കും.
ദര്‍ബാര്‍ ഹാള്‍ കലാകേന്ദ്രത്തിന് വിപുലമായ ചരിത്ര പശ്ചാത്തലമാണുള്ളത്. ആദ്യകാലത്ത് കൊച്ചി മഹാരാജാവിന്റെ ദര്ബാറായിരുന്ന ഈ മനോഹരസൗധം, പിന്നീട് കോടതിയായി രൂപപെട്ടപ്പോള്‍ പ്രശസ്തമായ ഓട്ടേറെ ന്യായവിസ്താരങ്ങളും നിയമയുദ്ധങ്ങളും സവിശേഷമായ വിധി പ്രസ്ഥാവങ്ങളും ഇവിടെയുണ്ടായി. സ്വാതന്ത്ര്യാനന്തരകാലഘട്ടത്തിലെ ആദ്യനാളുകളില്‍ നാഷണല്‍ കേഡറ്റ് കോര്‍പ്സിന്റെ (എന്‍സിസി) പ്രധാനകേന്ദ്രവും ഇതായിരുന്നു. പിന്നീട്, ആര്‍ക്കിയോളജി വകുപ്പിന് കീഴിലാക്കപ്പെട്ട ദര്‍ബാര്‍ഹാള്‍’ പരീക്ഷിത്ത് തമ്പുരാന് മ്യൂസിയം’ എന്ന പേരില്‍ അറിയപ്പെടുകയും ചെയ്തു. 1989 മുതല്‍ ഉടമസ്ഥാവകാശം കേരള ലളിതകലാ അക്കാദമിക്ക് ലഭിച്ചതോടെ’ദര്‍ബാര്‍ഹാള്‍ കലാകേന്ദ്രം’ എന്ന പേരില്‍ അഭിമാനാര്‍ഹമായ ഒരു ഗ്യാലറിയായി ഈ മന്ദിരം മാറി. വിവിധ രീതികളില്‍ ഉപയോഗപ്പെട്ടപ്പോഴും വാസ്തുശില്പ സൗന്ദര്യത്തിന് കോട്ടം സംഭവിക്കാതിരിക്കാന്‍ അധികൃതര്‍ ശ്രദ്ധ കാണിച്ചു. ഡച്ച് വാസ്തു ശില്പത്തിന്റെ മഹനീയ മാതൃകയായി ഇന്നും ടൂറിസ്റ്റുകളെ ഈ കെട്ടിടം ആകര്‍ഷിക്കുന്നു.
നവീകരിക്കപ്പെട്ട ഗ്യാലറിയില്‍ നൂതന പ്രകാശ സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്. ഊര്‍ജ്ജനഷ്ടം ഉണ്ടാകാത്തവിധം എല്‍ഇഡി ലൈറ്റുകളാണ് ഉപയോഗിച്ചിട്ടുള്ളത്. ചിത്രപ്രദര്‍ശനത്തിന് കൂടുതല്‍ ഇടം ലഭിക്കാനായി ഫാള്സ്വാള് നിര്‍മിച്ചിരിക്കുന്നത് ശീതീകരണ സംവിധാനത്തോടെയായതിനാല് കലാസൃഷ്ടികള്‍ സുരക്ഷിതമാംവിധം കാലാവസ്ഥാനിയന്ത്രിതമാണ്.
നവീകരിച്ച ഗ്യാലറി കൂടുതല്‍ പേര്‍ക്ക് ഒരേസമയം ചിത്രശില്പ പ്രദര്‍ശനങ്ങള്‍ക്ക് ഉതകും വിധം ആറ് ഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. 300 രൂപ വാടകയ്ക്കായിരിക്കും ചിത്രപ്രദര്‍ശനത്തിന് ഇവ നല്‍കുകയെന്ന് ലളിതകലാ അക്കാദമി ചെയര്മാന് കെ.എ.ഫ്രാന്‍സീസും സെക്രട്ടറി ശ്രീമൂലനഗരം മോഹനും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: