Categories: Ernakulam

അങ്കമാലിയിലെ സംഘട്ടനം: ഇരുന്നൂര്‍പേര്‍ക്കെതിരെ കേസ്‌

Published by

അങ്കമാലി: അങ്കമാലി പട്ടണത്തില്‍ ചൊവ്വാഴ്ച രാത്രി ഫയര്‍ ഫോഴ്സിന്റെ വാഹനവും ലോറിയും കൂട്ടിയിടിച്ചതുമായി ബന്ധപ്പെട്ടുണ്ടായ സംഘട്ടനത്തില്‍ അങ്കമാലി പോലീസ്‌ കണ്ടാലറിയാവുന്ന 200 പേരുടെ പേരില്‍ കേസെടുത്തു. പോലീസിന്റെ കൃത്യനിര്‍വഹണത്തെ തടസ്സപ്പെടുത്തുകയും ഫയര്‍ഫോഴ്സിന്റെ വാഹനത്തിന്റെ ചില്ലുകളും മറ്റും തകര്‍ക്കുകയും ചെയ്തതുമായി ബന്ധപ്പെട്ടാണ്‌ പോലീസ്‌ കേസെടുത്തിരിക്കുന്നത്‌.

ചൊവ്വാഴ്ച രാത്രി 8-30 ന്‌ ടൗണില്‍ വച്ച്‌ ഫയര്‍ഫോഴ്സിന്റെ വാഹനവും ലോറിയും കൂട്ടിയിടിച്ചപ്പോള്‍ ഉണ്ടായ സംഘര്‍ഷത്തിനിടെ ലോറി ഡ്രൈവറെ ഫയര്‍ഫോഴ്സ്‌ ഉദ്യോഗസ്ഥര്‍ മര്‍ദ്ദിച്ചെന്നാരോപിച്ചായിരുന്നു സംഘര്‍ഷത്തിനു തുടക്കം. സംഭവമറിഞ്ഞെത്തിയ പോലീസിന്‌ നേരെയും ഫയര്‍ ഫോഴ്സ്‌ ജീവനക്കാര്‍ക്ക്‌ നേരെയും നാട്ടുകാര്‍ സംഘമായി ഭീഷണി ഉയര്‍ത്തി. ഇതിനിടെ പോലീസിന്റെ മര്‍ദ്ദനവും ചിലര്‍ക്ക്‌ ഏല്‍ക്കേണ്ടിവന്നു. വേണ്ടത്ര പോലീസ്‌ സംഘം ഇല്ലാത്തതുകൊണ്ടും ജനങ്ങളുടെ സംഘടിതമായ നീക്കത്തെ ചെറുക്കാന്‍ പോലീസിന്‌ കഴിഞ്ഞില്ല. രണ്ട്‌ മണിക്കൂറോളം പട്ടണത്തില്‍ ഗതാഗതത്തിനും തടസം നേരിട്ടു. ഫയര്‍ഫോഴ്സ്‌ വാഹനം തകര്‍ക്കുന്നത്‌ കണ്ട്‌ പോലീസിന്‌ നോക്കിനില്‍ക്കേണ്ടിവന്നു. ഇതിനിടെ ഫയര്‍ഫോഴ്സിലെ ജീവനക്കാര്‍ മദ്യപിച്ചിരുന്നതായി നാട്ടുകാര്‍ ആരോപിച്ചു.
എന്നാല്‍ ഡ്രൈവറെ മെഡിക്കല്‍ പരിശോധന നടത്തിയപ്പോള്‍ മദ്യപിച്ചിട്ടില്ലെന്ന്‌ ബോധ്യപ്പെട്ടു. ഈ സംഘര്‍ഷത്തിനിടെ പോലീസ്‌ മര്‍ദ്ദിച്ചെന്നാരോപിച്ച്‌ അജോ ജോസ്‌ എന്നയാളെ അങ്കമാലി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by