മാധ്യമ പുരസ്ക്കാരങ്ങള്‍ ഇന്ന് സര്‍വസാധാരണമാണ്. പംക്തിയെഴുതുന്നതിന് പക്ഷെ പുരസ്ക്കാരം പതിവില്ല. എന്നാല്‍ ഈ പംക്തിയ്‌ക്ക് കഴിഞ്ഞയാഴ്ച ഒരു പുരസ്ക്കാരം ലഭിച്ചു. മലയാള മാധ്യമ രംഗത്ത് അടുത്ത കാലത്ത് മാത്രം കാല്‍കുത്തിയ എനിക്ക് ആ രംഗത്തെ പ്രവര്‍ത്തനത്തിന് കിട്ടുന്ന ആദ്യത്തെ അംഗീകാരവുമാണത്. ഏതാനും മാസം മുമ്പ്, ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ നിലവറകള്‍ തുറന്നതിനെത്തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ വിലയിരുത്തി ഈ പംക്തിയിലെഴുതിയ ‘നിലവറയിലെ നിര്‍മാല്യ രഹസ്യങ്ങള്‍’ ആണ് എനിക്ക് റീജന്റ് റാണി സേതുലക്ഷ്മീഭായി പുരസ്ക്കാരം നേടിത്തന്നത്. അതെനിക്ക് കൈമാറിയ ഉത്രാടം തിരുനാള്‍ ശ്രീ മാര്‍ത്താണ്ഡവര്‍മയെ അന്നാദ്യമായാണ് ഞാന്‍ അടുത്ത് കാണുന്നതും സംസാരിക്കുന്നതും. തിരുവിതാംകൂര്‍ രാജകുടുംബത്തിലെ മുഴുവന്‍ അംഗങ്ങളും സംബന്ധിച്ച ആ പുരസ്ക്കാര ചടങ്ങ് വ്യക്തിപരമായി എനിക്ക് ഒരവിസ്മരണീയ അനുഭവമായി.
മാധ്യമ അവാര്‍ഡുകളെ പറ്റിയോ എനിക്ക് കിട്ടിയ അവാര്‍ഡിനെ പറ്റിയോ അല്ല ഇവിടെ പറഞ്ഞു വരുന്നത്. ആമുഖമായി, വിഷയാവതരണത്തിന് അവാര്‍ഡ് ലബ്ധിയെപ്പറ്റി പറഞ്ഞുവെന്നേ ഉള്ളൂ. ഒപ്പം ഒരു വ്യക്തിപരതയ്‌ക്കു വേണ്ടിയും. അവാര്‍ഡിന് നന്ദി പ്രകാശിപ്പിച്ച് ഞാനവിടെ നടത്തിയ പ്രസംഗത്തിലും ആമുഖമായി പറഞ്ഞത് മാധ്യമവിസ്ഫോടനത്തിന്റെ ഈ കാലഘട്ടത്തില്‍, അതോടൊപ്പം സംഭവിച്ചുകൊണ്ടിരിക്കുന്ന മാധ്യമ പുരസ്ക്കാരങ്ങളുടെ വര്‍ധനയെപ്പറ്റിയാണ്. അതിനു കാരണം മാധ്യമമാണ് സന്ദേശം എന്നതിനാലാണെന്നും ഞാന്‍ പറഞ്ഞു. മാധ്യമമാണ് സന്ദേശം എന്ന് ആദ്യം പറഞ്ഞത് മാര്‍ഷല്‍ മക്ലുഹാന്‍ ആണെന്നും ഞാനവിടെ പറഞ്ഞുവെച്ചു. പരിപാടിയില്‍ പങ്കെടുക്കാനെത്തിയവരില്‍ ഒരാള്‍ പിന്നീട് സ്വകാര്യ സംഭാഷണത്തില്‍ എന്നോട് ചോദിച്ചത് ആരാണീ മാര്‍ഷല്‍ മക്ലുഹാന്‍ എന്നാണ്. മാധ്യമമാണ് സന്ദേശമെന്ന് മക്ലുഹാന്‍ എന്തുകൊണ്ട്, എവിടെ, എന്തര്‍ത്ഥത്തില്‍ പറഞ്ഞുവെന്നും.
മാധ്യമവിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസുകള്‍ എടുക്കുമ്പോഴും മാധ്യമസെമിനാറുകളിലും ഞാന്‍ പതിവായി മാര്‍ഷല്‍ മക്ലുഹാന്‍ എന്ന മഹാപ്രതിഭയുടെ മഹദ്‌വചനങ്ങള്‍ ഉദ്ധരിക്കാറുണ്ട്. പുരസ്ക്കാര ദാന വേദിയിലും അതാവര്‍ത്തിച്ചുവെന്നേ ഉള്ളൂ. പക്ഷെ അന്ന് ആ സദസ്സിലൊരാള്‍ ഉന്നയിച്ച ആ ചോദ്യം ഇന്ന് വളരെയേറെ പ്രസക്തമാണെന്ന് തോന്നി. പ്രത്യേകിച്ചും മക്ലുഹാന്റെ ജന്മശതാബ്ദി വര്‍ഷമായ ഈയവസരത്തില്‍. മാധ്യമപഠനത്തിനും പരിശീലനത്തിനും മറ്റും മൗലികത നല്‍കിയ മക്ലുഹാന്റെ ജന്മശതാബ്ദി ആരവങ്ങളോ ആഘോഷങ്ങളോ കൂടാതെയാണ് നമ്മുടെ നാട്ടില്‍ കടന്നുപോവുന്നത്. മാധ്യമപ്രവര്‍ത്തകര്‍പോലും അതെന്തോ മറന്നുപോയ പോലെ.
“എന്തിനേയും ഏതിനേയും നിയന്ത്രണോപാധികളായി വേര്‍തിരിച്ചെടുക്കുകയും വിഭജിക്കുകയും ചെയ്യുന്ന നമ്മുടേതുപോലൊരു സംസ്കൃതിയില്‍, പ്രയോഗത്തിലും പ്രവൃത്തിയിലും മാധ്യമമാണ് സന്ദേശമെന്ന വസ്തുത ഓര്‍മിപ്പിക്കുന്നത് ചിലപ്പോള്‍ അല്‍പ്പം ഞെട്ടലുളവാക്കുന്നതാവാം” എന്ന പ്രസ്താവനയോടെയാണ് മാര്‍ഷല്‍ മക്ലുഹാന്‍ തന്റെ വിഖ്യാത പുസ്തകം ‘മാധ്യമങ്ങളെ മനസ്സിലാക്കുമ്പോള്‍’ ആരംഭിക്കുന്നത്. ഏതാണ്ട് അരനൂറ്റാണ്ട് മുമ്പ്, ആയിരത്തിത്തൊള്ളായിരത്തി അറുപത്തിനാലില്‍ മക്ലുഹാന്‍ എഴുതിയ ഈ ഗ്രന്ഥത്തിലെ ആദ്യവരികളില്‍നിന്നാണ് ‘മാധ്യമമാണ് സന്ദേശം’ എന്ന ആപ്തവാക്യം ലോകമാസകലമുള്ള മാധ്യമവിദ്യാര്‍ത്ഥികള്‍ അന്നും ഇന്നും ഉദ്ധരിക്കുന്നത്. അത്ര ലളിതമല്ല മക്ലുഹാന്റെ വാക്കുകളും അവയുടെ പൊരുളും. പലപ്പോഴും പ്രഥമദൃഷ്ട്യാ പരസ്പ്പര വിരുദ്ധമെന്ന പ്രതീതി ജനിപ്പിക്കുന്നവ പറയുകയും അതുവഴി അറിഞ്ഞോ അറിയാതെയോ ആശയക്കുഴപ്പമുണ്ടാക്കുകയും ആയിരുന്നു അദ്ദേഹത്തിന്റെ പതിവ് ശൈലി. വിഗ്രഹഭഞ്ജനമായിരുന്നു അദ്ദേഹത്തിന്റെ വിനോദം. പ്രകോപിപ്പിക്കുകയെന്നത് പതിവ് രീതിയും.
പക്ഷെ ഇങ്ങനെ പറഞ്ഞുവെച്ച പലതും മക്ലുഹാനെ മാധ്യമരംഗത്ത് പ്രാതസ്മരണീയനാക്കി. അവയ്‌ക്ക് അപാരമായ അര്‍ത്ഥതലങ്ങളുണ്ടായിരുന്നു. പലപ്പോഴും പ്രവചന സ്വഭാവവും. ‘ആഗോളഗ്രാമം’ എന്ന് ആദ്യമായി പറഞ്ഞത് അദ്ദേഹമാണ്. ലോകത്തെ മുഴുവന്‍ കൂട്ടിയിണക്കുന്ന ഇന്റര്‍നെറ്റിന്റെ ആവിര്‍ഭാവത്തിന് മൂന്നിലേറെ പതിറ്റാണ്ടുകള്‍ മുമ്പാണ് മക്ലുഹാന്‍ ഈ പ്രതിഭാസം പ്രവചിച്ചത്. ഉന്നതവും ഉദാത്തവുമായ നിര്‍വചനമാണ് മക്ലുഹാന്‍ മാധ്യമത്തിന് നല്‍കിയത്. മാധ്യമമാണ്, അതിന്റെ ഉള്ളടക്കമല്ല സന്ദേശമെന്ന് പ്രഖ്യാപിച്ച മക്ലുഹാന്‍ മാധ്യമത്തിന്റെ സ്വഭാവ സവിശേഷതകളിലൂടെ തന്നെ സമൂഹം സ്വാധീനിക്കപ്പെടുന്നുവെന്ന് സ്ഥാപിച്ചു. മാധ്യമത്തെ അദ്ദേഹം ഒരു ബള്‍ബിനോട് ഉപമിച്ചു.സാന്നിദ്ധ്യംകൊണ്ട് മാത്രം ഒരന്തരീക്ഷം സൃഷ്ടിച്ചെടുക്കുന്ന ബള്‍ബ് പോലെയാണ് മാധ്യമമെന്ന് മക്ലുഹാന്‍ വാദിച്ചു.
ചിന്തോദ്ദീപകമാണ് മക്ലുഹാന്റെ മിക്ക വാചകങ്ങളും. ആധുനിക ഇലക്ട്രോണിക് പരസ്പ്പരാശ്രയത്വം ഒരു ആഗോള ഗ്രാമത്തിന്റെ പ്രതിഛായയില്‍ പുനഃസൃഷ്ടിക്കപ്പെടുന്നുവെന്നും നാമിന്ന് ജീവിക്കുന്നത് ഒരാഗോള ഗ്രാമത്തിലാണെന്നും അദ്ദേഹം പ്രസ്താവിച്ചു. പണത്തെ പാവപ്പെട്ടവന്റെ ക്രഡിറ്റ് കാര്‍ഡ് എന്നദ്ദേഹം വിശേഷിപ്പിച്ചു. പിന്‍ഭാഗം കാണാവുന്ന കണ്ണാടിയിലൂടെയാണ് നാം വര്‍ത്തമാനകാലത്തെ വീക്ഷിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ഭാവിയിലേക്ക് നാം പിന്നോട്ട് അടിവെച്ചടിവെച്ച് നീങ്ങുന്നു എന്നത് ചിരിയ്‌ക്കും ചിന്തയ്‌ക്കും വക നല്‍കുന്ന മറ്റൊരു വാചകമാണ്. നാം ആദ്യം നമ്മുടെ ഉപകരണങ്ങള്‍ക്ക് രൂപം നല്‍കുന്നു, പിന്നീട് ആ ഉപകരണങ്ങള്‍ നമ്മെ രൂപപ്പെടുത്തുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഒരു ടൈപ്‌റൈറ്റര്‍ ആശയത്തെ ആവിഷ്ക്കരിക്കുകയല്ല രേഖപ്പെടുത്തുകയാണ് ചെയ്യുന്നതെന്ന് അദ്ദേഹം വാദിച്ചു. ഇന്നത്തെ ചോദ്യങ്ങള്‍ക്ക് ഇന്നലത്തെ ഉത്തരങ്ങളാണ് രാഷ്‌ട്രീയത്തിനുള്ളതെന്ന് അദ്ദേഹം വിശ്വസിച്ചു. ഇങ്ങനെ സനാതനവും സര്‍വകാല പ്രസക്തവുമായിരുന്നു മക്ലുഹാന്‍ സൂക്തങ്ങള്‍ – മാധ്യമ സമൂഹത്തിനു മാത്രമല്ല സമസ്തലോകത്തിനു തന്നെയും.
പരസ്യങ്ങളെ വിശകലനം ചെയ്യാനും വിമര്‍ശിക്കാനും മാത്രമല്ല പരസ്യവാചകങ്ങളെഴുതാനും മക്ലുഹാന്‍ പ്രത്യേക വിരുതുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ‘യാന്ത്രിക വധു’ എന്ന പ്രസിദ്ധ പുസ്തകം പരസ്യങ്ങളെ സംബന്ധിക്കുന്നതാണ്. രസകരമായിരുന്നു മക്ലുഹാന്റെ പരസ്യവാചകങ്ങള്‍. ‘ടൈം’ മാസികയുടെ ഒരു പരസ്യത്തെപ്പറ്റിയുള്ള ലേഖനത്തില്‍ ‘വാര്‍ത്ത മണത്തറിയാന്‍ കഴിവുള്ള മൂക്കും മദ്യപിക്കാന്‍ കഴിവുള്ള വയറും’ എന്നാണ് അദ്ദേഹം ശീര്‍ഷകം നല്‍കിയത്. റേഡിയോയുടെ വില്‍പ്പനയ്‌ക്ക് ‘ആസ്വദിക്കാനുള്ള സ്വാതന്ത്ര്യം, അദ്ധ്വാനിക്കാനും’ എന്നാണ് അദ്ദേഹം പരസ്യവാചകമെഴുതിയത്. അദ്ധ്വാനിക്കുന്നതിനിടെ ഒരു കുടുംബം ഒപ്പം റേഡിയോ ആസ്വദിക്കുന്ന ചിത്രമാണ് പരസ്യത്തില്‍ ഉപയോഗിച്ചിരുന്നത്. ആട്ടോയോ കാറോ ബസോ ഓടിക്കുന്നവരും അടുക്കളയില്‍ പണിയെടുക്കുന്നവരും മറ്റും അതോടൊപ്പം റേഡിയോ പരിപാടികള്‍ ആസ്വദിക്കുന്ന സമകാലിക ചിത്രമാണ് എഫ്‌എം ചാനലുകളെ കുറിച്ച് ചിന്തിക്കുന്നതിന് വളരെക്കാലംമുമ്പ് മക്ലുഹാന്‍ വരച്ചു കാട്ടിയത്.
മക്ലുഹാനെ മനസ്സിലാക്കാന്‍ അക്കാലത്ത് അധികമാര്‍ക്കും കഴിഞ്ഞില്ല. മനസ്സിലായി എന്നവകാശപ്പെട്ടവരും മനസിലായിയെന്ന് നടിക്കുക മാത്രമായിരുന്നത്രെ. വിശദീകരണത്തിനോ വ്യാഖ്യാനത്തിനോ മക്ലുഹാന്‍ വിസമ്മതിച്ചു. മാത്രമല്ല വെല്ലുവിളിക്കപ്പെടുമ്പോള്‍ വിഷയങ്ങള്‍ കൂടുതല്‍ സങ്കീര്‍ണവും ദുരൂഹവുമാക്കാനാണ് മക്ലുഹാന്‍ മുതിര്‍ന്നത്. വിയോജിക്കുന്നവരോട് നിങ്ങള്‍ക്ക് എന്റെ നിഗമനങ്ങളെയും നിരീക്ഷണങ്ങളെയും കുറിച്ച് “ഒന്നുമറിയില്ലെ”ന്ന് അദ്ദേഹം വിധിയെഴുതിയിരുന്നു.
തൊള്ളായിരത്തി പതിനൊന്ന് ജൂലായ് 21 ന് കാനഡയില്‍ ജനിച്ച ഹെര്‍ബെര്‍ട്ട് മാര്‍ഷല്‍ മക്ലുഹാന്റെ തുടക്കം ഒരു ഇംഗ്ലീഷ് അദ്ധ്യാപകനായാണ്. അതേയവസരത്തില്‍, സാഹിത്യ വിമര്‍ശകനും തത്വജ്ഞാനിയും പണ്ഡിതനും പ്രഭാഷകനുമൊക്കെ ആയി പില്‍ക്കാലത്ത് അദ്ദേഹം. ആശയവിനിമയരംഗത്തെ വിവാദസൈദ്ധാന്തികന്‍ എന്ന നിലയ്‌ക്കാണ് മക്ലുഹാനെ ലോകമറിഞ്ഞത്. ഇന്റര്‍നെറ്റിന്റെ ആവിര്‍ഭാവത്തോടെ അദ്ദേഹത്തിന് അംഗീകാരമേറി. അക്കാദമിക് രംഗത്ത് അദ്ദേഹം ഒരതികായനായി. പക്ഷെ, ഭാര്യ കൊറീനയും ആറ് കുട്ടികളും അടങ്ങിയ കുടുംബത്തെ പരിപാലിക്കാന്‍ മക്ലുഹാന് കുറെ കഷ്ടപ്പെടേണ്ടി വന്നു. എഴുപത്തൊമ്പത് സപ്തംബറില്‍ അദ്ദേഹത്തിന്റെ ശരീരത്തിന്റെ ഒരു വശമാകെ തളര്‍ന്നുപോയി. ആ ആഘാതത്തില്‍നിന്ന് അദ്ദേഹം പിന്നെ എഴുന്നേറ്റില്ല. ഒരു വര്‍ഷത്തിനുള്ളില്‍, തൊള്ളായിരത്തി എണ്‍പത് ഡിസംബര്‍ മുപ്പത്തൊന്നിന് ഉറങ്ങിക്കിടക്കവേ മക്ലുഹാന്‍ മരിച്ചു. മരണശേഷം മക്ലുഹാന്റെ വാക്കുകള്‍ മനസിലാക്കാന്‍ എളുപ്പമായി – മാധ്യമം തന്നെ സന്ദേശം.
ഹരി എസ്. കര്‍ത്താ
പ്രതികരിക്കാൻ ഇവിടെ എഴുതുക: