ന്യൂയോര്‍ക്ക്: പോലീസ് വാഹനങ്ങളും പോസ്റ്റ് ഓഫീസുകളും ബോംബ് വെക്കാന്‍ ഗൂഢാലോചന നടത്തിയതായി സംശയിക്കുന്ന ഒരു ന്യൂയോര്‍ക്ക് നിവാസിയെ അറസ്റ്റ് ചെയ്തു. ഭീകരവാദവുമായി ബന്ധപ്പെട്ട കുറ്റങ്ങളാണ് പിടിയിലായ ജോസ് പിമെന്റലിന്(27) മേല്‍ ആരോപിക്കപ്പെടുന്നതെന്ന് ന്യൂയോര്‍ക്ക് മേയര്‍ മൈക്കല്‍ ബ്ലും ബെര്‍ഗ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വിദേശത്തുനിന്ന് വരുന്ന അമേരിക്കന്‍ സൈനികരേയും ഇയാള്‍ ലക്ഷ്യമിട്ടിരുന്നതായി മേയര്‍ പറഞ്ഞു. അല്ഖ്വയ്ദയില്നിന്നാണ് ഇയാള്‍ക്ക് പ്രചോദനം ലഭിച്ചത്.
കഴിഞ്ഞ സപ്തംബറില്‍ യെമനില്‍ അമേരിക്കന്‍ പെയിലറ്റില്ലാ വിമാനത്തിന്റെ അക്രമണത്തില്‍ കൊല്ലപ്പെട്ട അന്‍വര്‍ അല്‍ അവ്ലാക്കി എന്ന ഭീകരന് പ്രസിദ്ധീകരിച്ചിരുന്ന അല്‍ഖ്വയ്ദയുടെ മാസികയില്‍നിന്നാണ് ഇയാള്‍ക്ക് പൈപ്പ് ബോംബ് നിര്‍മാണത്തിനുള്ള വിവരങ്ങള്‍ ലഭിച്ചത്. മാസികയിലെ ഒരു ലേഖനം നിങ്ങളുടെ അമ്മക്കായി അടുക്കളയില്‍ ബോംബുണ്ടാക്കുന്നതെങ്ങനെ എന്ന തലക്കെട്ടിലായിരുന്നുവെന്ന് മേയര്‍ ചൂണ്ടിക്കാട്ടി.
പിമെന്റല്‍ ഇറാക്കില്‍നിന്നും അഫ്ഗാനിസ്ഥാനില്‍നിന്നും മടങ്ങിവരുന്ന അമേരിക്കന്‍ സൈനികരെ വധിക്കുന്നതിനെക്കുറിച്ച് സംസാരിച്ചതായും മേയര്‍ കൂട്ടിച്ചേര്‍ത്തു. വാഷിംഗ്ടണ്‍ നഗരപ്രാന്തത്തിലുള്ള പോസ്റ്റ് ഓഫീസുകള്‍ ബോംബുവെക്കുന്നതിനെക്കുറിച്ചും ന്യൂയോര്‍ക്കിലെ പോലീസ് വാഹനങ്ങളും ന്യൂ ജേഴ്സിയിലെ പോലീസ് സ്റ്റേഷനും ആക്രമിക്കുന്നതിനെക്കുറിച്ചും അയാള്‍ സംസാരിച്ചിരുന്നു. എന്നാല്‍ ഇയാളുടെ പ്രവൃത്തികള്‍ വലിയൊരു ഗൂഢാലോചനയുടെ ഭാഗമായിരുന്നില്ലെന്ന് പോലീസ് വെളിപ്പെടുത്തി. പിമെന്റല്‍ നിര്‍മിച്ചതായി ആരോപിക്കപ്പെടുന്ന പൈപ്പ് ബോംബിന്റെ മാതൃക പരീക്ഷണാര്‍ത്ഥം പോലീസ് നിര്‍മിച്ചു. മെയ് 2009 മുതല്‍ ഇയാളെ പോലീസ് നിരീക്ഷിച്ചു വരികയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: