സാധകന് തന്റെ ലക്ഷ്യത്തെ പ്രാപിക്കണമെങ്കിലും ശാസ്ത്രജ്ഞന് തന്റെ ഗവേഷണത്തില്‍ വിജയിക്കണമെങ്കിലും ഏകാഗ്രതയാണ് മുഖ്യമായി വേണ്ടത്. ശാസ്ത്രജ്ഞന്റെ ജീവിതവും ഒരുതരത്തില്‍ സാധന തന്നെയാണ്. പക്ഷേ, ഒരു വ്യത്യാസം മാത്രം. ഗവേഷണം ചെയ്യുന്ന ആള് ഒരു വസ്തുവിനെ പറ്റിയാണ് ചിന്തിക്കുന്നത്. ഒരു കമ്പ്യൂട്ടറിനെപ്പറ്റി പഠിക്കുമ്പോള്‍ അവരുടെ ധ്യാനവിഷയം ആ കമ്പ്യൂട്ടര്‍ മാത്രമായിരിക്കും. അതിനെപ്പറ്റി ചിന്തിച്ചുചിന്തിച്ച് അയാള്‍ അതിനെ അറിയുന്നു. റിസര്ച്ചുചെയ്യുന്ന സമയത്ത് മാത്രമേ ശാസ്ത്രജ്ഞന്റെ മനസ്സ് ആ വിഷയത്തില്‍ ഏകാഗ്രമാകുന്നുള്ളൂ. അതിനുശേഷം നാനാവിധമായ വിഷയങ്ങളിലേക്ക് മനസ്സു പായുന്നു. പ്രാകൃതമായ കാര്യങ്ങളില്‍ ബന്ധപ്പെടുന്നു. അതുകൊണ്ട് അനന്തമായ ശക്തി അവരില്‍ ഉണരുന്നില്ല. എന്നാല്‍ ഒരു തപസ്വി അങ്ങനെയല്ല. എല്ലാം ഒന്നായിട്ടു കണ്ടുകൊണ്ട് സാധനചെയ്യുകയാണ്. അതിനാല്‍ എല്ലാറ്റിനെയും ഒരുപോലെ സാക്ഷാത്കരിക്കുവാന്‍ കഴിയുന്നു. സര്‍വ്വതിലും അടങ്ങിയിരിക്കുന്നത് ഏതൊന്നാണോ, അതിനെ സാക്ഷാത്കരിക്കുവാനുള്ള ശ്രമത്തിലാണവര്‍. അതിനെ സാക്ഷാത്കരിച്ച് കഴിയുമ്പോള്‍ സര്‍വകഴിവുകളും അവര്‍ നേടിക്കഴിഞ്ഞു. അവര്‍ക്ക് പിന്നെ മറ്റൊന്നും അറിയേണ്ടതായിട്ടില്ല.
ഉപ്പുനിറഞ്ഞ ഒരു കുളത്തിന്റെ ഒരു വശത്തുകുറെ വെള്ളമൊഴിച്ചാല്‍ അത്രയും നേരത്തേക്ക് അവിടെ ഉപ്പുമാറിക്കിട്ടും. എന്നാല്‍ ഒരു മഴ വരുകയാണെങ്കില്‍ എല്ലായിടത്തും ഒരുപോലെ മാറ്റംവരുത്തുവാന്‍ സാധിക്കും. അതുപോലെ ഒരു തപസ്വി വിശാലമനസ്സോടെ തപസ്സ് ചെയ്യുന്നതുകൊണ്ട് അയാളില്‍ അനന്തമായ ശക്തിവിശേഷമുണരുന്നു. സര്‍വ്വതിനെയും സാക്ഷാത്കരിക്കുവാന്‍ കഴിയുന്നു. ഈയൊരു സ്വഭാവമല്ല ശാസ്ത്രജ്ഞനിലുള്ളത്.
– മാതാ അമൃതാനന്ദമയി
പ്രതികരിക്കാൻ ഇവിടെ എഴുതുക: