മുല്ലപ്പെരിയാര്‍ അണക്കെട്ട് സ്ഥിതി ചെയ്യുന്ന മേഖലയില്‍ കൂടുതല്‍ തീവ്രതയേറിയ ഭൂചലനത്തിന് സാധ്യതയുണ്ടെന്ന് സ്ഥലം സന്ദര്‍ശിച്ച് പരിശോധന നടത്തിയ വിദഗ്ധര്‍ മുന്നറിയിപ്പ് നല്കിയപ്പോള് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എറണാകുളം ജില്ലയിലുള്ളവരുടെ പരാതികള്‍ കാക്കനാട് കളക്ടറേറ്റില്‍ പരിഹരിക്കുകയായിരുന്നു. ഭൂചലനത്തെത്തുടര്‍ന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ രൂപപ്പെട്ടിട്ടുള്ള വിള്ളലും ചോര്‍ച്ചയും ആശങ്കാജനകമല്ലെന്നും അതേസമയം ഗൗരവത്തോടെ കാണുമെന്നുമാണ് മൂന്നരക്കോടിയോളം വരുന്ന ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്കാന് ബാധ്യസ്ഥനായ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രതികരിച്ചത്. മുല്ലപ്പെരിയാര്‍ അണക്കെട്ട് സ്ഥിതി ചെയ്യുന്ന ഇടുക്കിയില്‍ റിക്ടര്‍ സ്കെയിലില്‍ തീവ്രത ആറുവരെ വരാവുന്ന ശക്തിയേറിയ ഭൂചലനം അനുഭവപ്പെടാന്‍ സാധ്യത ഏറെയാണെന്നാണ് സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് സ്റ്റഡീസ് നടത്തിയ പരിശോധനയില്‍ വ്യക്തമായത്. അണക്കെട്ട് പ്രദേശത്ത് ഇക്കഴിഞ്ഞ വെള്ളിയാഴ്ച പുലര്‍ച്ചേയുണ്ടായ ഭൂചനലത്തെക്കുറിച്ച് പഠിക്കുന്നതിന് മുല്ലപ്പെരിയാറ്റിലെത്തിയ സെസ്സ് ഡയറക്ടര്‍ ജോണ്‍ മത്തായിയാണ് ഇടുക്കിയില്‍ സ്ഥിതിഗതികള്‍ ഗുരുതരമാണെന്ന വ്യക്തമായ സൂചനകള്‍ നല്‍കിയത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തികുറഞ്ഞ ഭൂചലനത്തില്‍ പോലും ഡാമിന് കാര്യമായ വിള്ളലാണ് സംഭവിച്ചിട്ടുള്ളത്.
ശക്തികൂടിയ ഒരു ചലനമുണ്ടായാല്‍ എന്തും സംഭവിക്കാം എന്ന നിലയിലാണ് അണക്കെട്ട്. തീവ്രത കുറഞ്ഞ ഭൂചലനങ്ങള്‍ ഉണ്ടായപ്പോള്‍ അതിന്റെ പ്രഭവസ്ഥാനം മറ്റിടങ്ങളിലായിരുന്നു. എന്നിട്ടും ഡാമിന് കാര്യമായ വിള്ളല്‍ സംഭവിച്ചുവെങ്കില്‍ പ്രഭവസ്ഥാനം മുല്ലപ്പെരിയാറോ തൊട്ടടുത്ത പ്രദേശമോ ആകുന്ന ഒരു ഭൂചലനമുണ്ടായാല്‍ അത് വഴിവയ്ക്കുന്ന ദുരന്തം രാജ്യം ഇതുവരെ ദര്‍ശിക്കാത്ത വിധത്തിലുള്ള ഒന്നായിരിക്കും. ഡാമിന്റെ നിലവിലെ സ്ഥിതി തീര്‍ത്തും ആശങ്കാജനകമാണ്. ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രത്തില്‍ അതിന് തീവ്രത വളരെ കൂടുതലാണ് താനും. ഇടയ്ക്കിടെയുണ്ടാകുന്ന ചെറുചലനങ്ങള്‍ ഈ പ്രദേശത്തിലുണ്ടാകാവുന്ന അപകടസാധ്യത കുറയ്ക്കുമെന്നു വിദഗ്ദ്ധര്‍ ആശ്വസിപ്പിക്കുന്നുണ്ടെങ്കിലും റിക്ടര്‍ സ്കെയിലില്‍ അഞ്ചോ അതിന് മുകളിലോ തീവ്രതയുള്ള ചലനമുണ്ടായാല്‍ മുല്ലപ്പെരിയാറിനെപ്പോലെ തന്നെ ഇടുക്കി ഡാമിനും അതു വലിയ ഭീഷണിയായിരിക്കും. കേരളത്തിന് ഭൂചലനം പുത്തരിയല്ലെങ്കിലും വന്‍ ദുരന്തത്തിന് വഴിവെച്ച സംഭവങ്ങളൊന്നും ഉണ്ടായിട്ടില്ല. ഇതൊരു ഭാഗ്യമായേ കണക്കാക്കാനാവൂ. ആദ്യ ഭൂചലനം 1984 ല്‍ രേഖപ്പെടുത്തിയതിനുശേഷം ഇതുവരെ അമ്പതോളം വന്‍ ചലനങ്ങളുണ്ടായതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇവയൊന്നും റിക്ടര്‍ സ്കെയിലില്‍ ആറ് കടന്നിട്ടില്ല. തൃശൂര്‍ ജില്ലയിലെ തലപ്പള്ളിയില്‍ നിരന്തരം ഉണ്ടാകുന്ന ഭൂചലനത്തെത്തുടര്‍ന്ന് ആളുകള്‍ക്ക് വീടുകളില്‍ കഴിയാന്‍തന്നെ ഭയമായിരുന്നു.
പഴയ കണക്കുകള്‍വച്ച് ആശ്വസിക്കാവുന്ന അവസ്ഥയിലല്ല ഇപ്പോള്‍ കേരളമുള്ളത്. 200 കിലോമീറ്ററിലധികം നീളത്തില്‍ കേരളത്തിന്റെ അന്തര്‍ഭാഗത്തുകൂടി കടന്നുപോകുന്ന കേരള ഭ്രംശരേഖ എന്ന ഭൂഗര്‍ഭ പാളിയിലെ വിള്ളല്‍ 2000ല്‍ ഈരാറ്റുപേട്ടയിലും മറ്റും ഭൂചലനത്തിനു കാരണമായിരുന്നു. ഈ വിള്ളലിനു മുകളില്‍ അണക്കെട്ടോ വന്‍ കെട്ടിടങ്ങളോ നിര്‍മിച്ചാല്‍ അപകടമാണ്.ഗുജറാത്ത് മുതല്‍ കന്യാകുമാരി വരെ പടിഞ്ഞാറന്‍ തീരവും, വിശാഖപട്ടണം മുതല്‍ പോണ്ടിച്ചേരി വരെ കിഴക്കന്‍ കൊറോമാണ്ടല്‍ തീരവും കേരളത്തെപ്പോലെ ഭൂകമ്പ സാധ്യതയുള്ള സോണ്‍ മൂന്നായി അടുത്തകാലത്ത് പ്രഖ്യാപിച്ചു. വന്‍ദുരന്തത്തിനു കാത്തുനില്‍ക്കാതെ മുന്‍കരുതലിന് കേരളം തയ്യാറെടുക്കേണ്ടതിന്റെ സൂചനകളാണ് തുടര്‍ച്ചയായുണ്ടാകുന്ന ഇത്തരം ഭൂചലനങ്ങളെന്നും സാമാന്യ ബുദ്ധിയുള്ളവര്‍ക്കൊക്കെ മനസ്സിലാക്കാവുന്നതാണ്. തിരുവനന്തപുരം തീരത്തോട് ചേര്‍ന്ന് 340 കിലോമീറ്റര്‍ അകലെ കടലിനടിയില്‍ റിക്ടര്‍ സ്കെയിലില്‍ 4.7 രേഖപ്പെടുത്തിയ ഭൂചലനം ജനങ്ങളെ ഒന്നുകൂടി പരിഭ്രാന്തരാക്കിയിരിക്കുകയാണ്. ആശങ്കപ്പെടാനില്ലെന്ന പതിവ് പല്ലവി അധികൃതര്‍ ആവര്‍ത്തിക്കുന്നുണ്ടെങ്കിലും ഇന്തോനേഷ്യ പ്രഭവശേഷിയായി ഉണ്ടായ ഭൂചലനം സൃഷ്ടിച്ച സുനാമി ദുരന്തത്തെക്കുറിച്ച് അറിയാവുന്ന ജനങ്ങളെ ഈ ഉറപ്പുകളൊന്നും ആശ്വസിപ്പിക്കില്ല.
2008 ലെ സുനാമിയുടെ അലകള്‍ കന്യാകുമാരിയില്‍ വരെ എത്തിയ സത്യത്തിനുനേര്‍ക്ക് ആര്‍ക്കും കണ്ണടക്കാനാവില്ല. ഇപ്പോഴുണ്ടായതിനേക്കാള്‍ അല്‍പ്പംകൂടി തീവ്രതയേറിയ ഭൂചലനം കേരളത്തിന്റെ തീരത്തെ ആഴക്കടലിലുണ്ടായാല് അതുണ്ടാക്കുന്ന ഭവിഷ്യത്തുകള്‍ പ്രവചനാതീതമായിരിക്കും. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ കാര്യത്തില്‍ കേരളത്തില്‍ മാറിമാറി അധികാരത്തില്‍വന്ന സര്‍ക്കാരുകള്‍ ജനങ്ങളെ വഞ്ചിക്കുക മാത്രമല്ല അവരുടെ ജീവന്‍വച്ച് പന്താടുകയുമായിരുന്നു. സി.അച്യുതമേനോന് മുഖ്യമന്ത്രിയായിരുന്നകാലത്ത് തമിഴ്നാടുമായുള്ള കരാറിന്റെ കാര്യത്തില്‍ സംസ്ഥാനത്തിന്റെ കാര്യത്തില്‍ ചില നീക്കങ്ങള്‍ നടത്തിയെങ്കിലും അവയൊന്നും വിജയം കണ്ടില്ല. ഏറ്റവുമൊടുവില്‍ കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരില്‍ ജലവിഭവമന്ത്രിയായിരുന്ന പ്രേമചന്ദ്രന് വളരെയധികം ഒച്ചവെക്കുകയുണ്ടായെങ്കിലും വഞ്ചി തിരുനക്കരത്തന്നെ നിന്നു. ഇപ്പോഴിതാ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഊഴമെത്തിയിരുന്നു. ഭൂചലനത്തിന്റെ ഫലമായി അണക്കെട്ടിന്റെ നിലനില്‍പ്പിനെക്കുറിച്ച് വന്‍തോതില്‍ ആശങ്ക ഉയര്‍ന്നിട്ടും അവസരത്തിനൊത്തുയരാന്‍ അദ്ദേഹത്തിനും കഴിയുന്നില്ല. ശപിക്കപ്പെട്ട ഒരുദിവസം അണക്കെട്ടില്‍ എന്തെങ്കിലും സംഭവിച്ചാല്‍ നാല് ജില്ലകളിലെ ഇരുപത്തിയഞ്ച് ലക്ഷത്തിലേറെവരുന്ന ജീവിതങ്ങളെയാണ് തുടച്ചുനീക്കപ്പെടുക.
ഇങ്ങനെയൊരു വിപത്ത് സംഭവിക്കാതിരിക്കാനുള്ള നടപടികളും മുന്‍കരുതലും എടുക്കുന്നതിനേക്കാള്‍ വലുതാണോ ഒരു ജില്ലയിലുള്ളവരുടെ ചില പരാതികള്‍ എഴുതിവാങ്ങിച്ച് പരിഹാരം കാണുന്നത്! മുല്ലപ്പെരിയാറില്‍നിന്ന് ആശങ്കാജനകമായ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്ന് പറയുന്ന മുഖ്യമന്ത്രിക്ക് ആരാണ് ഇതുസംബന്ധിച്ച വിവരം നല്‍കിയതെന്ന് അറിയാന്‍ ജനങ്ങള്‍ക്ക് താല്‍പ്പര്യമുണ്ട്. അമ്പത് വര്‍ഷം മാത്രം ആയുസ്സ് കല്‍പ്പിച്ച അണക്കെട്ടാണ് മുല്ലപ്പെരിയാറിലേത്. ഇതില്‍നിന്ന് ജലം കൊണ്ടുപോകാന്‍ എങ്ങനെയാണ് 999 വര്‍ഷത്തെ കരാര്‍ ഒപ്പുവെച്ചത്. ഇതിനകം 116 വര്‍ഷം പിന്നിട്ട അണക്കെട്ടിന്റെ സുരക്ഷിതത്വത്തിന്റെ കാര്യത്തില്‍ ഇപ്പോഴും ഊറ്റംകൊള്ളുന്ന ഭരണാധികാരികള്‍ സ്വബോധമുള്ളവര്‍ തന്നെയാണെന്ന് എങ്ങനെ കരുതും. ഇരുപത്തിയഞ്ച് ലക്ഷം വരുന്ന ജനങ്ങളുടെ ജീവന് യാതൊരു വിലയും കല്‍പ്പിക്കാതെ രാഷ്ട്രീയം കളിക്കുന്ന തമിഴ്നാടിന്റെ ഹുങ്കിന് കീഴടങ്ങുന്നത് എത്ര ഭീരുത്വമാണെന്ന് ഇനിയാരാണ് നമ്മുടെ ഭരണാധികാരികളെ പഠിപ്പിക്കുക. ഒരു കാര്യം വ്യക്തമാണ്. തമിഴ്നാടുമായി ചേര്‍ന്ന് നടത്തുന്ന ചര്‍ച്ചകള്‍ക്കും നിയമയുദ്ധങ്ങള്ക്കുമൊന്നും മുല്ലപ്പെരിയാര്‍ അണക്കെട്ടിനെ ബലപ്പെടുത്താനാവില്ല. അതിന്റെ സുരക്ഷ ഉറപ്പുവരുത്താനുമാവില്ല. എത്രയും വേഗം പുതിയ അണക്കെട്ട് നിര്‍മിക്കുക മാത്രമാണ് ഒരേയൊരു പോംവഴി. ഇതിന് തമിഴ്നാട് ഭരണാധികാരികളുടെ അനുവാദത്തിനും കേന്ദ്രസര്‍ക്കാരിന്റെ അനുരഞ്ജനത്തിനും കാത്തുനില്‍ക്കുന്നവര്‍ക്ക് കേരളത്തിലെ ജനങ്ങള്‍ ഒരിക്കലും മാപ്പ് നല്‍കില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: