കേരളത്തിലെ കോടതി വിചാരണകളിലൂടെ സ്ത്രീപീഡന വിഷയം വീണ്ടും സജീവമായിരിക്കുകയാണ്. വിദ്യാലയങ്ങളിലേക്ക് സ്വകാര്യ വാടക വാഹനങ്ങളില്‍ തങ്ങളുടെ കൊച്ചുമക്കളെ അയക്കുന്ന മാതാപിതാക്കള്‍പോലും ഇന്ന് ആകുലരാണ്. പുരുഷവര്‍ഗം നിന്ദാപാത്രങ്ങളായിക്കൊണ്ടിരിക്കുകയാണ്.
ഈ പീഡനങ്ങള്‍ക്കെതിരായി സ്ത്രീ ലേഖികമാരുടെ ലേഖനങ്ങള്‍ പത്രങ്ങളിലൂടെ മലയാളികള്‍ വായിക്കുന്നു. പീഡനങ്ങള്‍ക്കെതിരായ പ്രഭാഷണം പൊതുജനങ്ങള്‍ നേരിട്ടു കേള്‍ക്കുന്നു. അച്ചടി-ശ്രവ്യ-ദൃശ്യ മാധ്യമങ്ങളിലൂടെ മനസ്സിലാക്കുന്നു. എന്നാല്‍ പീഡനം തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. ഇതിനു പരിഹാരമില്ലേയെന്ന ചോദ്യം പൊന്തിവരുന്നു, സന്മനസ്സുകാരില്.
ഭാരത പുരാണങ്ങള്‍, രണ്ടു ഇതിഹാസങ്ങള്‍ എന്നിവകളിലും ലൈംഗിക ലക്ഷ്യത്തോടെ നടന്ന സ്ത്രീ പീഡന സംഭവങ്ങള്‍ പ്രതിപാദിച്ചിട്ടുണ്ട്. പീഡനകര്ത്താക്കള്ക്ക് തക്ക ശിക്ഷ ലഭിക്കുമെന്ന് സാധാരണക്കാര്‍പോലും അറിയുവാന്‍ വേണ്ടിയായിരിക്കണം ആ സംഭവങ്ങള്‍ പ്രതിപാദിക്കപ്പെട്ടത്. ഭര്‍തൃമതിയായ സീതയെ അപഹരിച്ച് ഭാര്യയാക്കുവാന്‍ ശ്രമിച്ച രാവണനെ രാമന്, പാഞ്ചാലിയെ നഗ്നയാക്കുവാന്‍ ഉത്സാഹിച്ച ദുശ്ശാസനനെ ഭീമന്, ആ ഉത്സാഹത്തെ പ്രോത്സാഹനം നല്കിയ കര്‍ണനെ അര്ജ്ജുനന് എന്നിവര്‍ നിഗ്രഹിച്ച സംഭവങ്ങള്‍ പ്രതിപാദിക്കപ്പെട്ടത് സദ്ദുദ്ദേശ്യത്തോടെ തന്നെയായിരുന്നു. പാഞ്ചാലി നഗ്നയാകാതിരിക്കാന്‍ ഭഗവാന് ശ്രീകൃഷ്ണന് ചെയ്ത സല്‍പ്രവൃത്തി ഭാരതീയര്ക്കേവര്ക്കും അറിവുള്ളതാണ്. സ്ത്രീയുടെ മാന്യതാസംരക്ഷണം ഒരു പുരുഷന്റെ കടമയാണെന്ന ഉദ്ഘോഷമാണീ സംഭവങ്ങളില്‍നിന്നും മനസ്സിലാകുന്നത്.
കേരളത്തില്‍ സ്ത്രീ പീഡനം-ലൈംഗികമോ ശാരീരികമോ ആയ പീഡനം വര്‍ദ്ധിക്കുവാനുള്ള മുഖ്യ കാരണം മദ്യം, മയക്കുമരുന്ന് എന്നിവയുടെ ഊഹിക്കുവാന്‍പോലും കഴിയാത്ത ഉപഭോഗാധിക്യം മൂലമാണെന്നത് ഒരു വസ്തുതയാണ്. പണ്ട് സിനിമാശാലകള്ക്കുമുന്നിലും വിശേഷദിവസങ്ങളില്‍ തുറക്കുന്ന സിവില്‍സപ്ലൈസ് പലവ്യഞ്ജന അങ്ങാടികള്ക്കുമുന്നിലും നിന്നിരുന്ന നീണ്ടനിരകളെക്കാള് എത്രയോ മടങ്ങ് നീണ്ട നിരകളാണ് ഇന്ന് കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബിവറേജസ് കോര്‍പ്പറേഷന്റെ ചില്ലറ വില്‍പ്പനശാലകള്‍ക്കു മുന്നില്‍ കാണുന്നത്. പ്രായഭേദമൊന്നുമില്ലാതെയുള്ളവരെ ഈ നിരകളില്‍ കാണാം. കൊച്ചു കൊച്ചു നക്ഷത്രഹോട്ടലുകളിലെ വശത്തുള്ള കൊച്ചു മുറികളില്‍ അതിരാവിലെ ചെന്ന് മദ്യം കുടിച്ച് ജോലിക്കു പോകുന്ന മുനിസിപ്പല്‍ ശുചിത്വ ജീവനക്കാര്‍, ഓട്ടോറിക്ഷാ ഓടിക്കുന്നവര്‍ എന്നിവരെ രാവിലെ നടത്തത്തിനായി പോകുന്നവര്‍ കാണുന്നത് നിത്യ കാഴ്ചയാണ്.
സര്‍ക്കാര്‍, ബാങ്ക്, ഇന്‍ഷുറന്‍സ്, ഐടി മേഖലകള്‍ എന്നിവയിലെ സ്ഥിര ജോലിക്കല്ലാതെ ഹോട്ടല്‍ ജീവനക്കാരായോ, കെട്ടിടനിര്മാണത്തൊഴിലാളികളായോ, തെങ്ങില്‍ തേങ്ങയിടാനായുള്ള ജോലിക്കായോ മലയാളി യുവാക്കളെ കിട്ടുകയെന്നത് ഇന്ന് സാധ്യമല്ലാതായിരിക്കുന്നു. അച്ഛന്, ഭര്‍ത്താവ് എന്നിവര്‍ മദ്യപന്മാരായി ജോലിക്കു പോകാത്തതിനാല്‍ കുടുംബം പുലര്‍ത്താനായി കുടുംബശ്രീ ജോലിക്കാരായി യുവതികള്‍ പോകേണ്ടിവരുന്നുവെന്നത് ഇവിടെ മറക്കുന്നില്ല. നിത്യകാര്യങ്ങള്ക്ക് നാട്ടിലെ തൊഴിലാളികള്‍ ലഭ്യമല്ലാത്തതിനാല്‍ തമിഴ്നാട്, ബീഹാര്‍, ബംഗാള്‍ (ബംഗാളിന്റെ മറവില്‍ ബംഗ്ലാദേശ്) എന്നിവിടങ്ങളില്‍നിന്നും ആയിരങ്ങളാണ് ഇന്ന് തൊഴിലാളികളായിട്ടുള്ളത്; നിത്യവും എത്തുന്നത്. മലയാളികള്‍ പണ്ട് മദ്രാസ്, ബോംബെ, കൊല്‍ക്കത്ത എന്നിവിടങ്ങളിലും അതിനുശേഷം ഗള്‍ഫ് മേഖലയിലും ചെന്നിരുന്നതുപോലെ കരുതിയാല്‍ പോരെയെന്ന് ചോദിക്കുന്നവരുണ്ട്. എന്നാല്‍ ഗള്‍ഫ് രാജ്യങ്ങളില്‍ മദ്യസേവക്ക് നിയന്ത്രണമുണ്ട്. കേരളത്തിലതില്ല. ഇതര സംസ്ഥാനങ്ങളില്‍നിന്നുമെത്തിയ തൊഴിലാളികള്‍ക്കു മദ്യ ഉപയോഗത്തിന് ഇവിടെ യാതൊരു നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടില്ലല്ലോ.
കേരളത്തെ സ്ത്രീ പീഡനങ്ങളില്‍നിന്നും മുംബൈയിലും കൊല്‍ക്കത്തയിലുമുള്ള ചുവന്ന തെരുവുകള്‍ കേരള നഗരങ്ങളില്‍ ഉത്ഭവിക്കുന്നതില്നിന്നും രക്ഷിക്കണമെങ്കില്‍ സന്മനസ്സും ധൈര്യവുമുള്ള പുരുഷന്മാരുടെ ശ്രമം മാത്രം പോരാ; വിദ്യാഭ്യാസവും ചങ്കുറപ്പുമുള്ള സ്ത്രീ ജനങ്ങളുടെ ശ്രമവും അത്യന്താപേക്ഷിതമാണ്. എല്ലാ തലത്തിലുമുള്ള സജ്ജനങ്ങള്‍ മദ്യനിരോധനത്തിനായി മുന്നോട്ടിറങ്ങണം. മദ്യനിരോധന ശ്രമങ്ങള്‍ക്ക് ഭാരതീയ ചതുരുപായ രീതികളായ സാമം, ദാനം എന്നിവ സന്മനസ്സുള്ള പൊതുജനങ്ങളും ഭേദം, ദണ്ഡം എന്നീ രീതികള്‍ സര്‍ക്കാരും കോടതികളുമാണ് വിനിയോഗിക്കേണ്ടതെന്നത് ഇത്തരുണത്തില്‍ വിസ്മരിക്കരുത്.
മദ്യനിരോധനം ഏര്‍പ്പെടുത്തിയാല്‍ കേരള സര്‍ക്കാരിന്റെ നികുതി വരുമാനം ഗണ്യമായി കുറയുമെന്നും ആയിരക്കണക്കിലുള്ള മദ്യ വില്‍പ്പന ജീവനക്കാര്‍ക്ക് ജോലിനഷ്ടപ്പെടുമെന്ന വാദമുയര്ത്തിക്കാട്ടിയാണ് സര്‍ക്കാര്‍ മദ്യനിരോധന ശ്രമത്തില്‍നിന്നും മാറി നില്ക്കുന്നതെന്നു പറഞ്ഞു കേള്‍ക്കുന്നു. അങ്ങനെയെങ്കില്‍ പൂര്ണമദ്യനിരോധനമുള്ള ഗുജറാത്ത് സംസ്ഥാനം പുരോഗതിയില്‍നിന്നും പുരോഗതിയിലേക്ക് നീങ്ങുന്നതെങ്ങിനെയെന്ന് മദ്യനിരോധനത്തെ എതിര്‍ക്കുന്നവര്‍ വിശദീകരിക്കേണ്ടത് ന്യായമായ ആവശ്യമാണ്.
അനാവശ്യ സമരങ്ങളും വിദ്യാഭ്യാസ മികവിനാല്‍ ലഭിച്ച ദുരഭിമാനവുമാണ് കേരളത്തില്‍ വ്യവസായങ്ങള്‍ വരാത്തതും ഉള്ളവ വളരാത്തതും പല വ്യവസായ സ്ഥാപനങ്ങള്‍ ഇല്ലാതായതും. നെല്‍പ്പാടങ്ങള്‍ ഉണ്ടായിട്ടും അവിടെ കൃഷി നടത്താന്‍ കഴിയാത്തത് കര്‍ഷകത്തൊഴിലാളികളുടെ അഭാവവും കൃഷി യന്ത്രങ്ങളുപയോഗിച്ച് കൃഷി നടത്താമെന്നുവെച്ചാല്‍ ചില തൊഴില്‍ സംഘടനകള്‍ ആ രീതി എതിര്ക്കുന്നതുമൂലവുമാണ്. കൃഷിയും വ്യവസായങ്ങളും വര്‍ധിച്ചാല്‍ കേരള സംസ്ഥാനത്തിന്റെ വരുമാനം വര്ധിക്കുമെന്നതുറപ്പാണ്. മദ്യനിരോധനം കൊണ്ടുണ്ടാകുന്ന വരുമാനനഷ്ടവും ജീവനക്കാരുടെ തൊഴില്‍ നഷ്ടവും നികത്താന്‍ കൃഷി-വ്യവസായ വര്‍ധനവിനാല്‍ സാധിക്കുമെന്നത് തീര്‍ച്ചയാണ്.
കൃഷിയെക്കുറിച്ച്, ഈയിടെ കൊയിലാണ്ടിയിലെ ഒരു സെമിനാറില്‍ പങ്കെടുത്ത് പ്രഭാഷണം നടത്തവെ, പ്രശസ്ത സാമ്പത്തികകാര്യ വിദഗ്ദ്ധനായ എസ്.ഗുരുമൂര്‍ത്തി പറഞ്ഞത് ഉദ്ധരിക്കുകയാണ്. ” മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഫലഭൂയിഷ്ഠമായ ഭൂമിയും അനുകൂല സാഹചര്യങ്ങളുമുള്ള കേരളത്തിന്റെ കാര്‍ഷിക മേഖല പുനരുജ്ജീവിപ്പിക്കണം” എന്നാണ് അദ്ദേഹം ഉദ്ബോധിപ്പിച്ചത്. കൃഷി വളര്‍ച്ചയിലൂടെ വ്യാപാരം വര്‍ധിക്കും. വ്യവസായങ്ങള്‍ ആരംഭിക്കുവാനുള്ള സാമ്പത്തിക അടിത്തറ ഉണ്ടാകും. സാധാരണ ജനങ്ങളുടെ വരുമാനം കൂടും. പച്ചക്കറികള്‍ക്ക് ഇതര സംസ്ഥാനങ്ങളെ ആശ്രയിക്കാതെയായാല് നിത്യോപയോഗ സാധനങ്ങളുടെ വില താനെ കുറയും. സമ്പാദ്യം വര്‍ധിക്കും. കൃഷി കാര്യമായുള്ള കാലഘട്ടത്തിലാണ് കേരളത്തില്‍ ധാരാളം വാണിജ്യബാങ്കുകള്‍ (ലോര്‍ഡ് കൃഷ്ണ ബാങ്ക്, നെടുങ്ങാടി ബാങ്ക്, ഫെഡറല്‍ ബാങ്ക് എന്നിവ ഉദാഹരണത്തിന്) ആരംഭിക്കുവാനുള്ള സാമ്പത്തിക പശ്ചാത്തലമുണ്ടായത്. ഗള്‍ഫ് മേഖല അന്ന് നിര്ജ്ജീവമായിരുന്നുതാനും; ധനത്തിന്റെ ഒഴുക്ക് അവിടെനിന്നും ആരംഭിച്ചിരുന്നില്ല.
മദ്യനിരോധന കാര്യത്തില്‍ വിദ്യാഭ്യാസമതികളായ സ്ത്രീജനങ്ങളുടെ പ്രസംഗങ്ങളും സെമിനാറും പ്രതിജ്ഞകളും മാത്രം മതിയാകുകയില്ല. വിദ്യാഭ്യാസത്തില്‍നിന്നും ലഭിച്ച ബുദ്ധിയും യുക്തിയും ഉപയോഗിക്കണം. അവയുടെ കൂടെ ആവശ്യമെങ്കില്‍ ശക്തിയും പ്രയോഗിക്കണം. അതായത് ബുദ്ധിയെ പ്രതിനിധീകരിക്കുന്ന സരസ്വതിയേയും ശക്തിയെ പ്രതിനിധീകരിക്കുന്ന പാര്‍വതിയേയും അവര്‍ യഥാസമയം സ്വാംശീകരിക്കണം. ഈ രണ്ടു ദിവ്യതകളെ സ്വാംശീകരിച്ചു കഴിഞ്ഞാല്‍ ധനത്തെ പ്രതിനിധീകരിക്കുന്ന ലക്ഷ്മി ജനങ്ങളില്‍ സ്വയം എത്തിച്ചേരുമെന്നത് ഉറപ്പാണ്. ഗുജറാത്ത് സംസ്ഥാനം ഇതിന് ദൃഷ്ടാന്തമാണ്.
സ്ത്രീ ശക്തിയെക്കുറിച്ച് സ്വാമി വിവേകാനന്ദന്, 19-ാം നൂറ്റാണ്ടിന്റെ അവസാന ദശാബ്ദത്തില്‍ ഭഗിനി നിവേദിതയ്ക്ക് എഴുതിയ എഴുത്തില്‍ കുറിച്ചത് ഇപ്രകാരമാണ്.
“ഭാരതത്തിന് പ്രത്യേകിച്ച് ഇവിടുത്തെ സ്ത്രീ സമുദായത്തിന്, ഇന്ന് പുരുഷനെ അപേക്ഷിച്ച് സ്ത്രീയുടെ ധീരവനിതയുടെ ആവശ്യമാണ് ഞാന്‍ കാണുന്നത്”, എന്നാണ്!
കേരളത്തില്‍ ധീരവനിതകളുടെ കുറവ് തീരെയില്ല. അവര്‍ തങ്ങളുടെ ശക്തി അറിഞ്ഞ് മുന്നോട്ടുവരേണ്ട കാലഘട്ടമാണിത്. കൊല്ല(മലയാള)വര്‍ഷത്തിന്റെ ഈ പന്ത്രണ്ടാം നൂറ്റാണ്ട്, മാതാ അമൃതാനന്ദമയീ ദേവിയെ പോലുള്ളവരെ കേരളത്തിന് സംഭാവന ചെയ്തത് പാഴായിപ്പോവുകയില്ലായെന്നത് നിശ്ചയമാണ്.
വാ.ലക്ഷ്മണ പ്രഭു
പ്രതികരിക്കാൻ ഇവിടെ എഴുതുക: