കോട്ടയം: നഗരത്തിലോടുന്ന ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ ഒരേ ദൂരത്തിന് പലകൂലി വാങ്ങുന്നതായി പരാതി. കോട്ടയത്തുനിന്നും കഞ്ഞിക്കുഴി വരെ യാത്രചെയ്താല്‍ ചില ഓട്ടോഡ്രൈവര്‍മാര്‍ 25 രൂപ വാങ്ങുമെങ്കില്‍ മറ്റുചിലര്‍ പത്തുരൂപകൂടി ഉയര്‍ത്തും. യാത്രക്കാരന് സ്ഥലപരിചയമില്ലാത്തവരാണെന്ന് മനസിലാക്കിയാല്‍ ചാര്‍ജ്ജ് വീണ്ടും 50ലേക്കും 60ലേക്കും ഉയരും. ഇത് കഞ്ഞിക്കുഴി യാത്രയില്‍ മാത്രമല്ല മറ്റെവിടേക്കാണെങ്കിലും യാത്രക്കാരന് ഓട്ടോ ചാര്‍ജ്ജിലെ ഏകീകരണമില്ലായ്മ വിനയാകുന്നണ്ട്. കൃത്യമായി യാത്രയ്ക്കുളള പണം കരുതിവരുന്ന യാത്രികരാണ് ഏറെ ബുദ്ധിമുട്ടനുഭവിക്കുന്നത്. നേരായ മാര്‍ഗ്ഗത്തിലൂടെ പോകാമെന്നിരിക്കെ വളഞ്ഞ വഴിയിലൂടെ ഓട്ടോ ഓടിച്ച് കൊണ്ടുനടന്ന് പണം പിടുങ്ങുന്ന ഓട്ടോക്കാരും നഗരത്തിലുണ്ട്. ഇതിനെതിരെ യാതൊരു നടപടിയും അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ല. പരാതിപ്പെട്ടിട്ടും വലിയ കാര്യമില്ലെന്ന നിലപാടിലാണ് ഓട്ടോയാത്രക്കാര്‍. മറ്റെല്ലാ ജില്ലകളിലും ഓട്ടോറിക്ഷകളില്‍ മീറ്റര്‍ നിര്‍ബ്ബന്ധമാക്കിയിട്ടുണ്ടെങ്കിലും കോട്ടയം നഗരത്തിലെ ഒറ്റ ഓട്ടോറിക്ഷയ്ക്കു പോലും മീറ്ററില്ല. മീറ്ററില്ലാത്തതിനാല്‍ പല ഓട്ടോറിക്ഷാ ഡ്രൈവര്‍മാരും തോന്നുന്നതുപോലെയാണ് യാത്രക്കാരനില്‍ നിന്നും ചാര്‍ജ്ജ് ഈടാക്കുന്നത്. ഇതിണ്റ്റെ പേരില്‍ യാത്രക്കാരും ഓട്ടോഡ്രൈവര്‍മാരും തമ്മിലുള്ള അകലം വര്ദ്ധിക്കാനുമിടയാക്കും. റെയില്‍വേ സ്റ്റേഷനില്‍ പ്രീപെയ്ഡ് ഓട്ടോസംവിധാനം ഏര്‍പ്പെടുത്തിയത് വിജയകരമായിരുന്നു. ആ സംവിധാനം കലക്ട്രേറ്റിനു മുന്നിലും ജില്ലാ ആശുപത്രിക്കു മുന്നിലും തിരുനക്കരയിലും തുടങ്ങുന്നത് യാത്രക്കാരുടെ ചൂഷണം തടയുന്നതുപോലെതന്നെ ഓട്ടോഡ്രൈവര്‍മാരുടെ സുരക്ഷിതത്തിനും ഉപകരിക്കും. മറ്റു പ്രധാന ഇടങ്ങളില്‍ക്കൂടി ഇത്തരം പ്രീപെയ്ഡ് കൗണ്ടര്‍ സംവിധാനം തറക്കണമെന്നാണ് ജനകീയാവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: