തഥാതന് ജീവിതത്തെ നിഷേധിക്കുകയല്ല, ‘ജീവിക്കുവിന്‍’ എന്ന് തന്നെയാണ് തഥാതന്റെ ആഹ്വാനം. പക്ഷേ, എങ്ങനെ ജീവിക്കണം എന്ന അറിവോടുകൂടി ജീവിക്കാനാണ് തഥാതന് പറയുന്നത്. വിദ്യാഭ്യാസവും, ജോലിയും വിവാഹവും, വീടും ഒക്കെ വേണ്ടതുതന്നെ. എന്നാല്‍ വിദ്യാഭ്യാസം എന്തിന്, ജോലി എന്തിന്, വിവാഹവും വീടും സന്താനങ്ങളും എന്തിന് എന്ന അറിവോടുകൂടി വേമം അവയെ സ്വീകരിക്കാന്‍. സമൂഹത്തിന്റെ അന്ധമായ രീതികളെ നമ്മളും പിന്തുടരുന്നതില് അര്‍ത്ഥമില്ല. ‘അതാണ് പ്രകൃതി ലക്ഷ്യബോധ പൂര്വ്വകം ജീവിതവ്യം മാനവേന’ എന്ന സൂത്രത്തിന്റെ സന്ദേശം.
പ്രകൃതിയുടെ ലക്ഷ്യമറിഞ്ഞ് ജീവിക്കുമ്പോള്‍ വിദ്യാഭ്യാസത്തിന് അതിന്റേതായ മഹിമയുണ്ട്. അതുപോലെ വിവാഹത്തിനും ജോലിക്കും സന്താനത്തിനും എല്ലാം എത്രയോ മഹിമകളുണ്ട്. അതറിഞ്ഞാണ് നിങ്ങള്‍ ജീവിക്കുന്നതെങ്കില്‍ പിന്നെ ഇവിടെ പ്രശ്നമേ ഇല്ല. ഇന്ന് നാം വിദ്യാഭ്യാസത്തില്‍ തൃപ്തരല്ല, ജോലിയില്‍ തൃപ്തരല്ല, ഭാര്യയിലും ഭര്‍ത്താവിലും തൃപ്തരല്ല, സന്താനങ്ങളില്‍ തൃപ്തരല്ല…. പ്രകൃതിയുടെ ലക്ഷ്യം അറിഞ്ഞാണ് നിങ്ങള്‍ ജീവിക്കുന്നതെങ്കില്‍ ഇപ്രകാരം സംഭവിക്കില്ല. അതുകൊണ്ടാണ് ജീവിക്കാനുള്ള അറിവ്, ജ്ഞാനം നമുക്ക് കൈവന്നില്ലെന്ന് പറയുന്നത്. ജനങ്ങള്‍ കാണിക്കുന്ന ദുരാചാരങ്ങളില്‍ നിന്ന് സുഖംകിട്ടും എന്ന് തെറ്റിദ്ധരിച്ച് അതില്‍ ചാടി വീഴുകയാണ് നാം ചെയ്യുന്നത്. ഇന്ന് നാട്ടില്‍ ഏറ്റവും തകൃതിയായ ബിസിനസ് മദ്യവില്പനയാണ്. മദ്യത്തില്‍ ജനം സുഖം തേടുന്നു.
മദ്യം കഴിക്കുമ്പോള്‍ സ്വബോധം നഷ്ടപ്പെടുന്നു. അപ്പോള്‍ ഒരു സുഖം. കാരണം നമ്മുടെ മനസ്സിനെ അഭിമുഖീകരിക്കാനുള്ള ശക്തി നമുക്കില്ല. അതുകൊണ്ട് മനസ്സിനെ മയക്കി കിടത്താന്‍ മദ്യപിക്കുന്നു. ഒടുക്കം നിത്യരോഗിയും ഭ്രാന്തനും നാടിനും വീടിനും കൊള്ളാത്തവനും ആയി തീര്‍ന്ന് നശിക്കുന്നു. മദ്യം കഴിക്കാതെ തന്നെ, നമ്മുടെ മനസ്സിനെ മാറ്റിയെടുത്താല്‍, നാം അന്വേഷിക്കുന്ന സുഖം കിട്ടും. പിന്നെ എന്തിന് മദ്യക്കുപ്പിയില്‍ ജീവിതം ഹോമിക്കണം. അതാണ് ജീവിക്കാനുള്ള അറിവ്. ആ അറിവാണ് നാം നേടേണ്ട ഏറ്റവും വലിയ ധനം. ആ ധനം നമ്മോടൊപ്പം ഉണ്ടായാല്‍ ലോകജീവിതത്തില്‍ പിന്നെ ദുഃഖിക്കേണ്ടിവരില്ല.
– തഥാതന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: