കലകള്‍ ഈശ്വരസാക്ഷാത്ക്കാരത്തിനുള്ള വഴികളാണെന്ന് നമ്മുടെ പൂര്‍വ സൂരികള്‍ തിരിച്ചറിഞ്ഞിരുന്നു. കവി ഋഷിയാണ്. ഒരു പുതിയ ലോകത്തെ ഭാവനയില്‍ വിരിയിക്കുവാനും അതിലേക്ക് അനുവാചകനെ കൈപിടിച്ചുയര്‍ത്തുവാനും അവര്‍ക്ക് കഴിയുന്നു. ഇതിന് വേണ്ടിവരുന്ന ഏകാഗ്രത, നിരന്തരമായ കാവ്യസപര്യയിലൂടെ നേടിയെടുക്കുന്ന സിദ്ധികള്‍, ഇവ തങ്ങളുടെ വാമൊഴികള്‍ക്കും വരമൊഴികള്ക്കുമൊപ്പം പ്രപഞ്ചത്തില്‍ മാറ്റങ്ങള്‍ വരുത്താന്വരെ അവരെ പ്രാപ്തരാക്കുമെന്ന് കരുതുന്നു. നിറങ്ങളില്‍ ഒരു കലാകാരന് തേടുന്നത് സാധാരണക്കാരന്റെ മനസ്സിനപ്പുറമുള്ള സത്യത്തേയും ചൈതന്യത്തേയുമാണ്. പ്രപഞ്ച സംഗീതവുമായി താദാത്മ്യം പ്രാപിക്കാനാണ് ഗായകന്റെ ശ്രമം. സാധാരണ ശ്രുതിയില്‍നിന്ന് നിത്യമായ ശ്രുതിയുമായി ലയിക്കാനുള്ള ഈ പ്രക്രിയയുടെ പേരുപോലും സാധന എന്നാണ്. ഈശ്വരനിലേക്ക് എത്താനുള്ള മാര്‍ഗമായും അറിയപ്പെടുന്നത് സാധന തന്നെയാണല്ലോ. ഒരു നര്‍ത്തകി പ്രപഞ്ച ചലനങ്ങളുടെ ബാഹ്യഭാവങ്ങളെ അനുകരിക്കുന്നത് യഥാര്‍ത്ഥത്തില്‍ അതിന്റെ ആന്തരസത്തയിലെത്താനാണ്. ചുരുക്കത്തില്‍ കലാരൂപങ്ങളെല്ലാം ഈശ്വരനിലേക്ക്, നിത്യാനന്ദത്തിലേക്ക് എത്താനുള്ള മാര്‍ഗങ്ങള്‍ തന്നെയാണ്.
ഒരു സാധാരണക്കാരനായ ഉപാസകന് തന്റെ പ്രാര്‍ത്ഥന നടത്തുന്നത് തികച്ചും സ്വകാര്യമായ പ്രക്രിയയിലൂടെയായിരിക്കും. എന്നാല്‍ ഒരു കലാകാരന്റെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ സമൂഹത്തെക്കൂടി ഉള്‍പ്പെടുത്തിക്കൊണ്ടും ഒരു പരിധിവരെ രസിപ്പിച്ചുകൊണ്ടും മാനസികതലത്തെ മനസ്സിനകത്തലത്തെ ഉയര്ത്തിക്കൊണ്ടുമാവണം. ഇത്തരം ചിന്തകളുടെ പശ്ചാത്തലത്തില്‍ മലയാളത്തിന്റെ മഹാനായ കലാകാരന് എംടി എന്ന മാടത്തില്‍ തെക്കെപ്പാട്ട് വാസുദേവന്‍ നായരെ, ബഷീറിന്റെ നൂലന് വാസുവിനെക്കുറിച്ച്.
പാലക്കാട് ജില്ലയിലെ കൂടല്ലൂരില്‍ 1933 ജൂലൈ 15നാണ് വാസുവിന്റെ ജനനം. സമീപത്തെ കുമാരനെല്ലൂര്‍ ഹൈസ്കൂളില്‍ വിദ്യാഭ്യാസത്തിനുശേഷം പാലക്കാട് വിക്ടോറിയ കോളേജില്‍ ചേര്‍ന്ന് രസതന്ത്രത്തില്‍ ബിരുദം നേടി. 1954 ല്‍ ന്യൂയോര്‍ക്കിലെ ഹെറാള്‍ഡ് ട്രിബ്യൂണ്‍ ലോകമെങ്ങും നടത്തിയ ചെറുകഥാ മത്സരത്തിന്റെ ഭാഗമായി മാതൃഭൂമിയുമായി ചേര്‍ന്ന് നടത്തിയ മത്സരത്തില്‍ എംടിയുടെ വളര്‍ത്തുമൃഗങ്ങള്‍ എന്ന കഥയ്ക്ക് സമ്മാനം ലഭിച്ചു. ഇതോടെ വാസുദേവന്‍ നായര്‍ സാഹിത്യലോകത്ത് അറിയപ്പെടാന്‍ തുടങ്ങി. 1957ല്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ സഹപത്രാധിപരായി ചേര്‍ന്നു. ഒരു വലിയ മേശക്ക് മുകളില്‍ നിരത്തിവെച്ചിരിക്കുന്ന സാഹിത്യസൃഷ്ടികളിലേക്ക് വിരല്‍ ചൂണ്ടി അതെല്ലാം ഒന്നു നോക്കി കൊള്ളാവുന്നത് തെരഞ്ഞെടുക്കാനുള്ള കൃഷ്ണ വാരിയരുടെ വിശാല മനസ്ഥിതിയുള്ള നിര്‍ദേശമാണ് തനിക്ക് ലഭിച്ചതെന്ന് എംടി അനുസ്മരിക്കുന്നു. ഇക്കാലം പുതിയ എഴുത്തുകാരുടെ രചനകളെ വിലയിരുത്താനും അവര്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കാനും എംടി ശ്രമിച്ചു.
ചെറുപ്പത്തിലെ തുടങ്ങിയ ആര്‍ത്തിയോടെയുള്ള വായനയും മാതൃഭൂമി ഓഫീസിലെ പതിവ് സന്ദര്‍ശകരായിരുന്ന എസ്.കെ.പൊറ്റക്കാടും ബഷീറും വികെഎന്നും തിക്കൊടിയനുമായുള്ള സമ്പര്‍ക്കവും സാഹിത്യത്തിന്റെ വിശാലലോകത്തേക്ക് എംടിക്ക് തുണയായി. ദേവനും നമ്പൂതിരിയും എഎസും വരകളുടെ ലോകത്തിലൂടെ പുതിയ കലാപ്രസ്ഥാനങ്ങളെ പരിചയപ്പെടുത്തി. 1963-64 കാലഘട്ടത്തില്‍ മുറപ്പെണ്ണിന് തിരക്കഥയെഴുതിക്കൊണ്ട് ചലച്ചിത്രരംഗത്തേക്ക് കടന്നു. തിരക്കഥയെ തന്റെ സൗന്ദര്യസങ്കല്പ്പങ്ങള്ക്കനുസരിച്ച് മനോഹരമാക്കാന്‍ അദ്ദേഹം ശ്രമിച്ചു.
1973 ല്‍ തിരക്കഥ എഴുതി സംവിധാനം ചെയ്ത് പി.ജെ.ആന്റണി അഭിനയിച്ച വെളിച്ചപ്പാടിന്റെ സ്വകാര്യ വേദനകള്‍ അഭ്രപാളികളിലേക്ക് ആവാഹിച്ച നിര്‍മാല്യം ഏറ്റവും നല്ല ദേശീയ ചിത്രമായി 1974ല്‍ തെരഞ്ഞെടുക്കപ്പെട്ടു. മഞ്ഞ്, കാലം, നാലുകെട്ട്, അസുരവിത്ത്, പാതിരാവും പകല്‍ വെളിച്ചവും, രണ്ടാമൂഴം, വാരണാസി എന്നിവ പ്രധാന നോവലുകളും ഇരുട്ടിന്റെ ആത്മാവ്, ഓളവും തീരവും, കുട്ടിയേടത്തി. ഷെര്‍ലക്, നീലത്താമര, പതനം, ബന്ധനം ഇവ ചെറുകഥകളുമാണ്.
ഇതിനിടെ പൂന ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിലെ ഫാക്കല്‍റ്റിയായി അദ്ദേഹം സിനിമയെക്കുറിച്ച് മനസ്സിലാക്കാനും ലോകസിനിമകളെ അപഗ്രഥിക്കാനും സമയം കണ്ടെത്തി. ഓളവും തീരവും, മുറപ്പെണ്ണ്, നഗരമേ നന്ദി തുടങ്ങി ബനാറസിനും പഴശിരാജക്കും വരെ 54 ചിത്രങ്ങള്‍ക്ക് തിരക്കഥയെഴുതി. 1967 ല്‍ ഇരുട്ടിന്റെ ആത്മാവിനും 1974 ല്‍ നിര്‍മാല്യത്തിനും 1981 ല്‍ ഓപ്പോളിനും 1983 ല്‍ ആരൂഢത്തിനും 1990ല്‍ ഒരു വടക്കന്‍ വീരഗാഥക്കും 1992 ല്‍ കടവിനും 1993 ല്‍ സദയത്തിനും 1995 ല്‍ പരിണയത്തിനും ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ ലഭിച്ചു. 1970 ല്‍ ഓളവും തീരവും, 1973 ല്‍ നിര്‍മാല്യം, 1978 ല്‍ ബന്ധനം ഇവയ്ക്ക് സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ ലഭിച്ചു.
എംടിയുടെ കാലത്തിന് 1970ല്‍ കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു. 1995 ല്‍ മഹാഭാരതത്തിലെ ഭീമന്റെ ആത്മരോദനമായ രണ്ടാമൂഴത്തിന് ജ്ഞാനപീഠവും 1996 ല്‍ കോഴിക്കോട് സര്‍വകലാശാലയുടെ ഹോണററി ഡോക്ടറേറ്റും 2005 ല്‍ പത്മഭൂഷണ്‍ ബഹുമതിയും എംടിയെ തേടിയെത്തി. വയലാര്‍, വള്ളത്തോള്‍ പുരസ്ക്കാരങ്ങളും മാതൃഭൂമി പുരസ്ക്കാരവും ലഭിച്ചു. 1958 ല്‍ നാലുകെട്ടിനും 1982 ല്‍ ഗോപുരവാതിലിനും 1986 ല്‍ സ്വര്‍ഗം തുറക്കുന്ന സമയത്തിനും സംസ്ഥാന സാഹിത്യ അക്കാദമി പുരസ്ക്കാരങ്ങളും ലഭിച്ചു. കേരള സാഹിത്യ അക്കാദമി പ്രസിഡന്റും തുഞ്ചന്‍ സ്മാരക ട്രസ്റ്റിന്റെ സ്ഥാപകനുമായ അദ്ദേഹം തനിക്ക് ലഭിച്ച എഴുത്തച്ഛന് പുരസ്ക്കാരത്തുകപോലും ട്രസ്റ്റിന് നല്കുമെന്നറിയിച്ചു.
തനിക്കറിയാവുന്നവരുടെ ചരിത്രത്തെ കഥയുടെ രസതന്ത്രത്തിലൂടെ അനുവാചകരിലേക്കെത്തിക്കുന്ന, ഹൃദയത്തില്‍ വിഷാദത്തിന്റെ വരകള്‍ കോരിയിടുന്ന ആഖ്യാനശൈലി, പൊള്ളുന്ന ജീവിതാനുഭവങ്ങളുടെ കരുത്ത്, കഥാപാത്രങ്ങളും സമൂഹങ്ങളുമായുള്ള ബന്ധത്തെക്കുറിച്ചുള്ള ആയാസരഹിതമായ കഥനശൈലി. പുതിയ എന്തെങ്കിലും എഴുതാന്‍ തുനിയുമ്പോള്‍ പരീക്ഷയെഴുതുന്ന കുട്ടിയുടെ പരിഭ്രമം, കാഴ്ചയില്‍ പരുക്കന്‍, ചിരി മാസത്തിലൊരിക്കല്‍, ചെലവ് ചെയ്യുന്ന കാര്യത്തില്‍ സൗഹൃദങ്ങള്‍ക്ക് മുന്നില്‍ അത്യുദാരന്‍, ഒരു കരിമ്പാറക്കെട്ടിലെ നീരുറവ, നിളയെ പ്രാണനുതുല്യം സ്നേഹിക്കുന്ന മലയാളത്തിന്റെ എഴുത്തച്ഛന് എം.ടി.വാസുദേവന്‍ നായര്‍.
മാടപ്പാടന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: