നവംബര്‍ അഞ്ച് മുതല്‍ എട്ട് വരെ ശബരിമല ശുചീകരണ യജ്ഞം നടക്കുകയുണ്ടായി. അമ്മയുടെ നിര്‍ദ്ദേശമനുസരിച്ച് മക്കള്‍ ആ ദൗത്യം ഏറ്റെടുത്തു. അമൃതാനന്ദമയി മഠത്തില്‍ നിന്നും ലഭിച്ച നിര്‍ദ്ദേശമനുസരിച്ച് വെളുപ്പിന് നാല് മണിക്ക് ഞങ്ങള്‍ കരുനാഗപ്പള്ളിയില്‍നിന്നും കാറില്‍ ശബരിമലയിലേക്ക് തിരിച്ചു. ഞങ്ങളുടെ സംഘത്തില്‍ ഉള്‍പ്പെട്ട കുറെമക്കള് തലേദിവസം വൈകിട്ട് തന്നെ ശബരിമലയിലേക്ക് ബസ്സില്‍ പുറപ്പെട്ടിരുന്നു. ബ്രാഹ്മ മുഹൂര്‍ത്തത്തിലുള്ള യാത്രയായതിനാല്‍ അന്തരീക്ഷം പൊതുവേ ശാന്തമായിരുന്നു. റോഡില്‍ വാഹനങ്ങള്‍ വളരെ കുറവ്. ശബരിമലയിലേക്കുള്ള കാനനപാതയില്‍ പ്രവേശിച്ചപ്പോള്‍ കിളികളുടെ കിലുകിലാരവവും ഞങ്ങളെ തഴുകിയ മന്ദമാരുതന്റെ സുഖശീതളതയും യാത്ര സുഖപ്രദമാക്കി. കൂറ്റന്‍ മലനിരകളും നിബിഡവനങ്ങളും ഇടക്കിടെ കാണപ്പെട്ട മഞ്ഞുനിരകളും കണ്ണിന് കുളിര്‍മയേകി. മഴയില്ലാതിരുന്നത് യാത്ര സുഗമമാക്കി. ഇടക്ക് കാട്ടുകോഴികളും അണ്ണാറക്കണ്ണന്മാരും കാഴ്ചയില്‍പ്പെട്ടു. ഏഴ് മണിയോടെ ഞങ്ങള്‍ പമ്പയില്‍ എത്തി. സീസണ് അല്ലാത്തതിനാല്‍ പമ്പയില്‍ തിരക്ക് തീരെ കുറവ്. മാലിന്യമുക്തമായ പമ്പാനദി ആര്‍ത്തുല്ലസിച്ചുകൊണ്ട് പാഞ്ഞൊഴുകുകയായിരുന്നു. പമ്പയുടെ കരകള്‍ ചെറിയ മെറ്റിലുകള്‍ നിരത്തി മനോഹരമാക്കിയിരുന്നു. അവ മാലിന്യമുക്തവും. പാലം കയറി ഞങ്ങള്‍ മുകള്‍ഭാഗത്ത് സ്ഥിതി ചെയ്യുന്ന മെഡിക്കല്‍ സെന്ററില്‍ എത്തി. അവിടെ പലരുടേയും കൈകളില്‍ പണിയായുധമുണ്ടായിരുന്നു.
രജിസ്ട്രേഷന് കൗണ്ടറില്‍നിന്ന് ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡുകള്‍ വാങ്ങി ഞങ്ങള്‍ പ്രഭാത ഭക്ഷണം കഴിക്കാനായി പോയി. അതിനുശേഷം പമ്പാഗണപതിക്ഷേത്രത്തില്‍ ദര്‍ശനം നടത്തി തേങ്ങയുടച്ച് പ്രാര്‍ത്ഥിച്ചു. ഏറ്റെടുത്ത ദൗത്യം നിര്‍വഹിക്കാനുള്ള സങ്കല്‍പ്പം മനസ്സില്‍ നിറച്ച് ഞങ്ങള്‍ നീലിമല കയറി. ഇടക്ക് മരാമത്തു പണികള്‍ നടക്കുന്നു. തീര്‍ത്ഥാടനകാലം തുടങ്ങുന്നതിന് മുന്‍പ് കടകള്‍ നിര്‍മിക്കുന്നതിനുള്ള തത്രപ്പാടിലായിരുന്നു ചിലര്‍.
തലച്ചുമടുകളായും, താഴെയുള്ള സ്വാമി അയ്യപ്പന് റോഡുവഴിയും സാധനങ്ങള്‍ സന്നിധാനത്തേക്ക് എത്തിച്ചുകൊണ്ടിരുന്നു. വൈദ്യുതി വിളക്കുകള്‍ സ്ഥാപിക്കുന്നതിനുള്ള ജോലികളും പുരോഗമിച്ചുകൊണ്ടിരുന്നു. എട്ട് മണിയോടെ ഞങ്ങള്‍ സന്നിധാനത്തെത്തി. പതിനെട്ടാം പടിക്ക് താഴെനിന്ന് സ്വാമി അയ്യപ്പനെ വണങ്ങി, ‘തത്വമസി’ എന്ന മന്ത്രം മനസ്സില്‍ ആവാഹിച്ചുകൊണ്ട് ഞങ്ങള്‍ ശബരിമല ശുചീകരണ യജ്ഞത്തിന്റെ നോഡല്‍ ഓഫീസായി പ്രവര്‍ത്തിക്കുന്ന കൈലാസ് പില്‍ഗ്രിം സെന്ററില്‍ എത്തിച്ചേര്‍ന്നു. കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍നിന്ന് എത്തിച്ചേര്ന്നവര്, മറ്റു പല സംസ്ഥാനങ്ങളില്‍നിന്ന് എത്തിച്ചേര്‍ന്ന അമ്മയുടെ ഭക്തര്‍, വിദേശീയരായ മക്കള്‍ അങ്ങനെ ഒരു വലിയ സമൂഹം അവിടെ ഞങ്ങള്‍ക്ക് കാണാന്‍ കഴിഞ്ഞു. അവിടെനിന്ന് ലഭിക്കുന്ന നിര്‍ദ്ദേശമനുസരിച്ച് പല ഗ്രൂപ്പുകളും പ്രവര്‍ത്തനനിരതമായി. ശബരിമലയെ പല മേഖലകളാക്കി തിരിച്ച് ഓരോ ഗ്രൂപ്പുകള്‍ക്കും നിര്‍ദ്ദേശങ്ങള്‍ നല്കി. ഞങ്ങള്‍ക്ക് നല്കിയ പ്രദേശം പാണ്ടിത്താവളമായിരുന്നു. കയ്യുറകള്‍, ഷൂസുകള്‍, പണിയായുധങ്ങള്‍ എന്നിവയോടൊപ്പം അട്ട കടിക്കാതിരിക്കാന്‍ വേണ്ടി കാലുകളില്‍ പുരട്ടാന്‍ വേപ്പെണ്ണയും കടിച്ചാല്‍ ആ ഭാഗത്ത് ഇടുവാനായി ഉപ്പുപൊടിയും നല്കി. ആദ്യമായി പ്ലാസ്റ്റിക് കുപ്പികളും, മറ്റ് പ്ലാസ്റ്റിക് സാധനങ്ങളും നീക്കം ചെയ്യാനുള്ള നിര്‍ദ്ദേശങ്ങളാണ് നല്‍കിയത്. ഈ ശുചീകരണ യജ്ഞത്തില്‍ അമ്മമാരും വിദ്യാര്‍ത്ഥികളും യുവാക്കളും പ്രായം ചെന്നവരുമുണ്ടായിരുന്നു.
തികഞ്ഞ അര്‍പ്പണബുദ്ധിയോടെ ചെയ്ത ഈ യജ്ഞത്തില്‍ പങ്കെടുത്തവരില്‍ പ്രായവ്യത്യാസം ഒരു പ്രശ്നമായിരുന്നില്ല. പൂര്‍ണ സന്തോഷത്തോടെ, തികഞ്ഞ ആത്മസംതൃപ്തിയോടെ എല്ലാവരും തങ്ങളുടെ ജോലിയില്‍ വ്യാപൃതരായി. ആരും ക്ഷീണിതരായി കണ്ടില്ല. ഏത് അഴുക്ക് പ്രദേശത്ത് ഇറങ്ങിയും മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ ആര്‍ക്കും മടിയില്ലായിരുന്നു. പ്ലാസ്റ്റിക് കുപ്പികളും കവറുകളും മറ്റ് പ്ലാസ്റ്റിക് സാധനങ്ങളും ശേഖരിച്ച് ചാക്കുകളില്‍ നിറച്ചു. വര്‍ഷങ്ങളായി മണ്ണിനടിയില്‍ കിടന്ന പ്ലാസ്റ്റിക് വസ്തുക്കള്‍ മണ്ണ് നീക്കി ശേഖരിച്ചു. കുറ്റിക്കാടുകള്‍ വെട്ടിത്തെളിച്ചു. കുഴികള്‍ നികത്തി തറ നിരപ്പാക്കി. വെള്ളമൊഴുകുന്ന അഴുക്കുചാലുകള്‍ വൃത്തിയാക്കി. കക്കൂസുകളും കുളിപ്പുരകളും വെടിപ്പുള്ളതാക്കി. ഇതിനിടയില്‍ അനേകം പേര്‍ക്ക് അട്ടയുടെ കടിയേറ്റു. പലരുടേയും കാലുകളില്‍നിന്ന് രക്തമൊഴുകി. പക്ഷെ, ഇതൊന്നും ജോലിയെ ബാധിച്ചില്ല. ഇടക്ക് കുടിവെള്ളം, ബംഗളൂരുവില്‍നിന്ന് വന്ന ഭക്തര്‍ കൊണ്ടുവന്ന ഓറഞ്ച് എന്നിവ വിതരണം ചെയ്തുകൊണ്ടിരുന്നു. പാണ്ടിത്താവളത്തില്‍ ഞങ്ങള്‍ ആദ്യം ശുചീകരണം നടത്തിയ സ്ഥലങ്ങള്‍ക്ക് താഴെ വളരെ താഴ്ചയില്‍ മാലിന്യങ്ങള്‍ കുന്നുകൂടി കിടന്നിരുന്നു. ആദ്യമായി അവിടേക്ക് ഇറങ്ങാനുള്ള പാത വെട്ടിത്തെളിച്ചു. കുറെ മക്കള്‍ വലിയ വടംകെട്ടി, അതില്‍ തൂങ്ങി അവിടേക്ക് ഇറങ്ങി. ഒഴിഞ്ഞ അരവണ പാത്രങ്ങളും പ്ലാസ്റ്റിക് കുപ്പികളുമൊക്കെയായി വലിയൊരു മാലിന്യക്കൂമ്പാരം അവിടെയുണ്ടായിരുന്നു. അവ ശേഖരിച്ച് വളരെ പണിപ്പെട്ട് മുകളിലെത്തിച്ചു. അപ്പോഴും ആ ചുണ്ടുകളില്‍ നറുപുഞ്ചിരിയും മുഖങ്ങളില്‍ സംതൃപ്തിയും മനസ്സില്‍ അമ്മ ഞങ്ങളോടൊപ്പം ഉണ്ടെന്നുള്ള ആത്മവിശ്വാസവുമായിരുന്നു. ആ സങ്കല്‍പ്പത്തിന്റെ ശക്തിയില്‍ ആര്‍ക്കാണ് ആത്മധൈര്യം നഷ്ടപ്പെടുന്നത്?
ഉച്ചയ്ക്ക് ഒരു മണിക്ക് ആഹാരം കഴിക്കുന്നതിനുവേണ്ടി താല്‍ക്കാലികമായി ജോലി നിര്‍ത്തിവച്ചു. ദേവസ്വം ബോര്‍ഡ് ഒരുക്കിയ പ്രസാദം ഭക്ഷിച്ചു. അതിനുശേഷം മൂന്നുമണിവരെ വിശ്രമമായിരുന്നു. ഈ സമയത്ത് ശബരിമല മേല്‍ശാന്തി ഏഴിക്കോട് ശശി നമ്പൂതിരിയെ അദ്ദേഹത്തിന്റെ മുറിയില്‍ ദര്‍ശിക്കാനുള്ള ഭാഗ്യമുണ്ടായി. ഗുരുവായൂരിലും ശബരിമലയിലും മേല്‍ശാന്തിമാരാകാന്‍ ഭാഗ്യം മൂന്ന് പേര്‍ക്കെ ലഭിച്ചിട്ടുള്ളൂ. അതില്‍ മൂന്നാമനാണ് അദ്ദേഹം. “ഈ മഹായജ്ഞത്തില്‍ പങ്കെടുക്കാന്‍ സാധിച്ചത് മഹാഭാഗ്യം. മുമ്പൊരിക്കലും ചെയ്തിട്ടില്ലാത്ത ഒരു മഹാസംരംഭമാണ് ഇവിടെ നടക്കുന്നത്”, അദ്ദേഹം പറഞ്ഞു. എത്ര അര്‍ത്ഥവത്താണ് ഈ വാക്കുകള്‍! മാളികപ്പുറം മേല്‍ശാന്തി ധനഞ്ജയന് നമ്പൂതിരിയേയും കണ്ടു. സന്നിധാന പരിസരത്ത് നില്ക്കുമ്പോള്, അരവണപ്പായസം ഉണ്ടാക്കുന്നതിനുവേണ്ടി നെയ്യും ശര്‍ക്കരയും ചൂടാക്കുമ്പോള്‍ ഉണ്ടാകുന്ന മണം മൂലം നാവില്‍ കൊതിയൂറി. മൂന്ന് മണിയോടെ വീണ്ടും ശുചീകരണ യജ്ഞത്തില്‍ പങ്കാളിയായി. അഞ്ചരയോടെ ജോലി നിര്‍ത്തി. ശരീരശുദ്ധി വരുത്തി മനഃശുദ്ധി വരുത്താനുള്ള സാധനകളില്‍ എല്ലാവരും പങ്കാളികളായി. സന്നിധാനത്തിന് പുറക് വശത്തായുള്ള ഹാളില്‍ സന്ധ്യക്ക് ദീപം തെളിച്ചു. ‘ഓം’കാര മന്ത്രോച്ചാരണത്തിന് ശേഷം അമ്മയുടെ സ്വരൂപധ്യാനശ്ലോകം ചൊല്ലി. ലളിതാസഹസ്രനാമം ചൊല്ലി. അതിനുശേഷം ഭജനയായിരുന്നു. മംഗള ആരതിയ്ക്ക് ശേഷം എല്ലാവരും ഭക്ഷണത്തിനായി പുറപ്പെട്ടു.
അടുത്ത ദിവസം വെളുപ്പിനെ അര്‍ച്ചന തുടങ്ങി. അതിന് ശേഷം വീണ്ടും യജ്ഞത്തില്‍ പങ്കാളികളായി. ആദ്യദിനം തന്നെ ഏകദേശം അറുപത് ശതമാനം മാലിന്യങ്ങളും നീക്കം ചെയ്യാന്‍ സാധിച്ചിരുന്നു. രണ്ടാംദിവസം വെളുപ്പാന്‍ കാലം മുതല്‍ ശരണം വിളികളുമായി അമ്മയുടെ ഭക്തര്‍ എത്തിക്കൊണ്ടിരുന്നു. സന്നിധാനവും പരിസരങ്ങളും യജ്ഞത്തില്‍ പങ്കെടുക്കാനെത്തിയ മക്കളെക്കൊണ്ട് നിറഞ്ഞിരുന്നു. യജ്ഞത്തില്‍ ഭാഗഭാക്കാകാനുള്ള വ്യഗ്രതയും അവരുടെ മുഖങ്ങളില്‍ കാണാമായിരുന്നു. രണ്ട് ഈശ്വരീയ ശക്തികള്‍-അയ്യപ്പനും അമ്മയും-ഒരുമിച്ചപ്പോള്‍ സംഭവിച്ച അത്ഭുതത്തില്‍ ഭാഗഭാക്കാകാന്‍ കഴിഞ്ഞത് മക്കളുടെ പൂര്‍വജന്മസുകൃതം! 85ശതമാനം മാലിന്യങ്ങളും നീക്കം ചെയ്യാന്‍ ഉച്ചയോടെ സാധിച്ചു. ഉച്ചയൂണിന് ശേഷം മേല്‍ശാന്തി എല്ലാവര്ക്കും പ്രസാദം നല്കി. ഈ വേളയില്‍ ഒരു ഭക്തന് അദ്ദേഹത്തോട് പറഞ്ഞു “തിരുമേനിയുടെ അനുഗ്രഹമുണ്ടാകണം” അപ്പോള്‍ അദ്ദേഹം ചോദിച്ചു “ആര് പറഞ്ഞിട്ടാണ് നിങ്ങള്‍ ഈ യജ്ഞത്തില്‍ പങ്കെടുത്തത്?” മറുപടി “അമ്മ.” അദ്ദേഹം ചോദിച്ചു അതിലും വലിയ അനുഗ്രഹം നല്കാന് ആര്‍ക്ക് സാധിക്കും? മനസ്സ് മന്ത്രിച്ചു.
ഈശ്വരനെ മനസ്സിലാക്കാന്‍ മഹാത്മാവിനെ കഴിയൂ! പ്രസാദവുമായി മുറിയിലെത്തി മടക്കയാത്രക്കുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങി. മുറിയില്‍ നിന്ന് ഇറങ്ങിയപ്പോള്‍ മഴ തുടങ്ങി;ശുദ്ധീകരണം പൂര്‍ത്തീകരിക്കാന്‍ ഈശ്വരന് പുണ്യാഹം തളിക്കുന്നതുപോലെ. പതിനെട്ടാംപടിക്ക് താഴെനിന്ന് ഉള്ളുരുകി പ്രാര്‍ത്ഥിച്ചു. ‘ഈശ്വരാ’, ഈ മഹായാഗത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞത് അവിടുത്തേയും ഗുരുക്കന്മാരുടേയും അനുഗ്രഹം ഒന്നുകൊണ്ടുമാത്രമാണ്.
പഞ്ചസാരക്ക് മധുരമാണ്. അത് രുചിച്ച വ്യക്തിയോട് പഞ്ചസാര കഴിക്കാത്ത വ്യക്തി ആ മധുരമൊന്ന് വര്‍ണിക്കാന്‍ ആവശ്യപ്പെട്ടാല്‍ സാധിക്കില്ല. കൂടി വന്നാല്‍ ഇത്രയും പറയാന്‍ കഴിയും, ‘സുഖമുള്ള രുചി’ യഥാര്‍ത്ഥ രുചി അനുഭവിച്ചറിയുക തന്നെ വേണം. അത് വിവരണാതീതമാണ്.
ജഗദംബികയുടെ ലീലാവിലാസങ്ങളില്‍ പങ്കാളികളാണ് മക്കളായ നാമെല്ലാം. അമ്മയില്‍ പൂര്‍ണമായി സമര്‍പ്പണം ചെയ്ത മക്കള്‍ക്കു മാത്രമേ അവിടുത്തെ സങ്കല്‍പ്പം യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയുകയുള്ളൂ. കൃഷ്ണനായിരുന്നു അര്‍ജ്ജുനന്റെ ശക്തി. അമ്മയുടെ ശക്തി ഒന്നുമാത്രമാണ് മക്കളുടെ പ്രയ്തനശേഷി. അമ്മയുടെ അനുഗ്രഹം ഒന്നുകൊണ്ടു മാത്രമാണ് പുല്‍നാമ്പുപോലും ചലിക്കുന്നത്. ആ കാരുണ്യമാണ് മക്കള്‍ക്ക് ശക്തി നല്‍കുന്നത്. അമ്മയുടെ കാലഘട്ടത്തില്‍, അമ്മയോടൊപ്പം ജീവിക്കാന്‍ സാധിക്കുന്ന നമ്മള് എത്ര അനുഗ്രഹീതര്‍!
ഡോ.ബി.ബാലചന്ദ്രന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: