അടുക്കളയിലെ കുക്കിങ്ങിനിടയില്‍ കുറിച്ചിട്ട സുല്‍ഫത്ത് ബഷീറിന്റെ രചനകള്‍ ജീവിതാനുഭവത്തിന്റെ രുചിക്കൂട്ടുകളാണ്. കവിതകളും ചെറുകഥകളും ഗസലും മാപ്പിളപ്പാട്ടുമെല്ലാം ഏറെയും പിറവിയെടുക്കുന്നത് പാചകത്തിനിടയിലാണ്. വീട്ടുകാര്യങ്ങള്‍ക്കിടയില്‍ പിറവിയെടുത്ത രചനകളില്‍നിന്നുള്ള ഗസല്‍ ഗാനങ്ങള്‍ ‘നിലാപക്ഷി’യെന്ന പേരില്‍ ആല്‍ബമായി വിപണിയിലെത്തുമ്പോള്‍ 50കാരിയായ സുല്‍ഫത്തിന്റെ മനസ്സില്‍ ഒരേയൊരു ആഗ്രഹം മാത്രം സുഗതകുമാരിയെ നേരിട്ട് കാണണം.
അടുക്കളയില്‍ കറിക്കൂട്ടുകള്‍ക്കും കറിപാത്രങ്ങള്‍ക്കുമൊപ്പം നോട്ടുപുസ്തകവും പേനയും സുല്‍ഫത്ത് ബഷീര്‍ കരുതിയിരിക്കും. മക്കള്‍ക്കും ഭര്‍ത്താവിനും ഭക്ഷണമൊരുക്കുന്നതിനിടയില്‍ മനസ്സിലുയരുന്ന ആശയങ്ങളെ വരികളാക്കി പുസ്തകത്താളുകളില്‍ കുറിച്ചിടുമ്പോള്‍ സുല്‍ഫത്ത് കരുതിയിരുന്നില്ല കാലം തനിക്ക് നല്‍കുന്നത് ‘കവയത്രി’ നാമധേയമാണെന്ന്. നാല് പതിറ്റാണ്ടിന്റെ രചനാ ജീവിതത്തില്‍ ഇടവേളകള്‍ ഏറെയുണ്ടായെങ്കിലും സുല്‍ഫത്ത് ബഷീറിന്റെ സൃഷ്ടികള്‍ എണ്ണമറ്റവയാണ്. ഗദ്യം-പദ്യം രൂപത്തിലുള്ള 800ഓളം കവിതകളടക്കം കവിതാ സമാഹാരസംഖ്യ ആയിരം താണ്ടുന്നു. ചെറുകഥകള്‍ 22, ഗസലുകള്‍ നൂറ്, മാപ്പിളപ്പാട്ടുകള്‍ നൂറിലേറെ.
ഫോര്‍ട്ടുകൊച്ചി തുരുത്ത് ചേരിയില്‍ ഹമീദ്-ഐശുമ്മ ദമ്പതികളുടെ മകളായാണ് സുല്‍ഫത്ത് ജനിച്ചത്. പരമ്പരാഗതമായി സാഹിത്യബന്ധമൊന്നുമില്ലാത്ത സുല്‍ഫത്തിന് അവകാശപ്പെടാവുന്ന പൂര്‍വിക ബന്ധം. പിതാവിന്റെ അച്ഛന് തുര്‍ക്കിയിലെ പട്ടാളക്കാരനും അല്‍പ്പം രചനാ ആസ്വാദകനുമായ അന്‍വര്‍ പാഷായുടേത് മാത്രം. അഞ്ചാംക്ലാസില്‍ വച്ചായിരുന്നു ആദ്യ കാവ്യസൃഷ്ടി.
“തീരാത്ത മോഹമാണ് എന്നും ജീവിതം
തോരാത്ത കണ്ണുനീരാണ് അനുരാഗം
വറ്റാത്ത പുഴപോലെയാണ് മാതൃത്വം
ഒടുങ്ങാത്ത ഓളങ്ങളാണ് ഓര്‍മ്മകള്‍”
സുല്‍ഫത്തിന്റെ കവിതകള്‍ വായിച്ചറിഞ്ഞ സ്കൂള്‍ അധ്യാപകന് അബ്ദുള്‍ റഹ്മാനും ഉമ്മ ഐശുമ്മയും പ്രോത്സാഹനം നല്‍കിയതോടെ സ്കൂള്‍ വിദ്യാഭ്യാസത്തിനിടയില്‍ സുല്‍ഫത്ത് നേടിയ സമ്മാനങ്ങളേറെ. പഠനം കഴിഞ്ഞതോടെ തുറമുഖത്ത് ജീവനക്കാരനായ ബഷീറുമായി നിക്കാഹ്. ദാമ്പത്യ കുടുംബജീവിതത്തിനിടയിലും സുല്‍ഫത്ത് കാവ്യരചന തുടര്‍ന്നു.
ജീവിതപ്രാരാബ്ധങ്ങള്‍ക്കിടയില്‍ സ്വന്തം അനുഭവങ്ങളും സാമൂഹിക വിഷയങ്ങളും കേട്ടുകേള്‍വിയുമെല്ലാം സുല്‍ഫത്തിന്റെ രചനകളില്‍ വിഷയങ്ങളായെത്തി. പരിസ്ഥിതി, സ്ത്രീത്വം, പ്രണയം, മാതൃത്വം, അസൂയ, സംഘര്‍ഷം, മനോ വിഷമതകള്‍ തുടങ്ങിയ ജീവിതാനുഭവങ്ങളെയെല്ലാം രചനകള്‍ക്ക് ഇതിവൃത്തമാക്കിയപ്പോള്‍ സുല്‍ഫത്തിന്റെ സൃഷ്ടികള്‍ക്ക് കാലത്തിന്റെ അതിര്‍വരമ്പുകളില്ലാതായി. വായനയിലും പഴയകാല സിനിമാഗാനങ്ങള്‍ കേള്‍ക്കുന്നതിലും ഏറെ താല്‍പ്പര്യമുള്ള സുല്‍ഫത്ത് ഇന്നും സംതൃപ്തി കണ്ടെത്തുന്നത് റേഡിയോയിലൂടെയാണ്. വൈക്കം മുഹമ്മദ് ബഷീര്‍, എം.ടി.വാസുദേവന്‍ നായര്‍, മുട്ടത്തുവര്‍ക്കി തുടങ്ങിയവരെയെല്ലാം ആരാധനപാത്രമാക്കിയ സുല്‍ഫത്ത് ഇതുവരെയും പ്രമുഖരായ സാഹിത്യകാരന്മാരെ ആരെയും നേരില്‍ കണ്ടിട്ടില്ല. കൊച്ചിക്കാരനായ ഗാനഗന്ധര്വന് യേശുദാസിനെപ്പോലും. കുടുംബജീവിതത്തിലെ പ്രാരാബ്ധങ്ങള്‍ക്കിടയില്‍ ഒന്നിനും നേരം കിട്ടുന്നില്ലെന്ന് സുല്‍ഫത്ത് ബഷീര്‍ പറയുന്നു.
സാമൂഹികമായ സംഭവവികാസങ്ങളും സുല്‍ഫത്ത് കവിതയ്ക്ക് വിഷയമാക്കിക്കഴിഞ്ഞു. ഇന്നത്തെ സാമൂഹികസ്ഥിതി സ്ത്രീ സമൂഹത്തിന് വിപത്തായി മാറുകയാണ്. സ്ത്രീയെ അപമാനിക്കുന്ന സാമൂഹ്യവിരുദ്ധരെ ഒറ്റയടിക്ക് വധിക്കുകയല്ല. ഇഞ്ചിഞ്ചായി കൊല്ലുകയാണ് വേണ്ടത്, സുല്‍ഫത്ത് പറയുന്നു. തീവണ്ടിയില്‍ പീഡനശ്രമത്തിനിടെ ദാരുണമായി കൊല്ലപ്പെട്ട സൗമ്യക്ക് വേണ്ടിയും സുല്‍ഫത്ത് സ്വന്തം തൂലികയാല്‍ പ്രതികരിച്ചു.
‘എറുമ്പല്ലിവള്‍ ഊതി പറപ്പിക്കാന്‍
എറിഞ്ഞുടയ്ക്കാന്‍ മണ്‍പാത്രമല്ല
അബലയാണിവള്‍ സഹനമാണിവള്‍
കൈതൊട്ടാല്‍ പൊള്ളും സ്ത്രീത്വത്തിന്
കനലാണിവള്‍’.
സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളില്‍ സമൂഹമനസ്സാക്ഷി ഉണരേണ്ടിയിരിക്കുന്നു. ദിനംപ്രതിയെത്തുന്ന മാധ്യമവാര്‍ത്തകള്‍ നമ്മുടെ നാടിന്റെ ഭാവിയെക്കുറിച്ചുള്ള ആശങ്കയാണുയര്‍ത്തുന്നത്.
മതത്തിന്റെയും ജാതിയുടെയും അതിര്‍ത്തിയുടെയും പേരിലുള്ള കലഹങ്ങളും ഭീകരവാദവുമെല്ലാം ഇല്ലാതാകണം. സ്നേഹം എല്ലാവരിലും വളരണം, സുല്‍ഫത്ത് പറയുന്നു.
ഒരു ജാതി, ഒരുമതം, ഒരുദൈവം എന്നുപറഞ്ഞ ശ്രീനാരായണഗുരുവിനെ വാഴ്ത്തിക്കൊണ്ടുള്ളതാണ് സുല്‍ഫത്തിന്റെ ഏറ്റവും പുതിയ കവിത. ‘എല്ലാം ശാന്തം, ശാന്തമയം’ എന്ന കവിതയില്‍ സുല്‍ഫത്തിന്റെ മനോഗതം പ്രകടമാണ്.
സുല്‍ഫത്ത്-ബഷീര്‍ ദമ്പതികള്‍ക്ക് മൂന്ന് മക്കളാണ്. ഷൈജു ബഷീര്‍, ഷബാസ് ബഷീര്‍, സഫ്വാന് ബഷീര്‍. സാഹിത്യലോകത്ത് 40 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ പാചകത്തിനിടയിലെ കവിതയെഴുത്തിന് ഇന്ന് സുല്‍ഫത്തിന് കൂട്ടായി ബഷീറും മരുമകള്‍ സബീനയും പേരക്കുട്ടി പര്‍വീന ആസ്മിയുമുണ്ട്.
എസ്.കൃഷ്ണകുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: