മാധ്യമങ്ങളില്‍, റിപ്പോര്‍ട്ട് ചെയ്തു വരുംപ്രകാരം സോണിയാ ഗാന്ധി കോണ്‍ഗ്രസിലെ മേല്‍ക്കോയ്മയുടെ ബാറ്റണ്‍ സ്വന്തം മകനും കിരീടാവകാശിയുമായ രാഹുല്‍ഗാന്ധിയുടെ അശക്ത കരങ്ങളിലേക്ക് ഏല്‍പ്പിക്കുവാന്‍ യഥാര്‍ത്ഥത്തില്‍ ഒരുമ്പെട്ടിരിക്കുന്നുവെങ്കില്, അതിന് ഹേതുഭൂതമാകുന്നത് അവരുടെ ആരോഗ്യസ്ഥിതിയല്ലാതെ മറ്റൊന്നുമാകാന്‍ വഴിയില്ല. ഈ കാര്യകാരണവിചാരം തന്നെ അടിസ്ഥാനം വേണ്ടത്രയില്ലാത്ത വെറും ഊഹാപോഹമാണ്; എന്തെന്നാല്‍, കോണ്‍ഗ്രസ് പ്രസിഡന്റിന്റെ ആരോഗ്യത്തിന്റെ ഇരുപ്പുവശം-ഇന്ത്യയുടെ ആണവകാര്യങ്ങള്‍ മാതിരിയോ, അതിലേറെയോ പരമരഹസ്യമായി കാത്തുവെക്കുന്നതാകുന്നു. ലോകത്തെ ഏറ്റവും സുതാര്യസമൂഹങ്ങളിലൊന്നായ ഇന്ത്യന്‍ സമൂഹത്തിലാണ് ഈ രഹസ്യം സൂക്ഷിപ്പ് എന്നതെന്ന് വിചിത്രം തന്നെ.
എങ്കിലും കോണ്‍ഗ്രസിലെ നിര്ണായകമാറ്റത്തിനുള്ള മുന്നൊരുക്കങ്ങളെ ഏറ്റവും നന്നായി വിശദീകരിക്കുന്നത് സോണിയയുടെ ആരോഗ്യാവസ്ഥ തന്നെയാണ്. രാഹുല്‍ഗാന്ധിയെ കോണ്‍ഗ്രസിന്റെ ഭരമേല്‍പ്പിക്കുന്നതിന് ഇത്ര മോശമല്ലാത്ത ഒരു സമയം സോണിയക്കു തെരഞ്ഞെടുക്കാമായിരുന്നു. ഇപ്പോള്‍, രാഹുലിന്റെ ‘ഡിസ്കവറി ഓഫ് ഇന്ത്യ’ അറുമ്പാതമില്ലാതെ നീണ്ടുനീണ്ടുപോകുകയാണ്-മുന്‍കൂട്ടി തിരക്കഥ തയ്യാറാക്കി അരങ്ങേറുന്ന ചില കുടിലുകളിലുറക്കം വരെയെ രാഹുലിന്റെ ‘ഇന്ത്യയെ കണ്ടെത്തല്‍’ എത്തിയിട്ടുള്ളൂ. പുള്ളിക്കാരനു വയസ് 41 കഴിഞ്ഞുമിരിക്കുന്നു.
കോണ്‍ഗ്രസിനെ തുടലിട്ടു നിയന്ത്രിക്കുക എന്ന കുലത്തൊഴിലില്‍ വൈദഗ്ദ്ധ്യം നേടാന്‍ നീണ്ട ഏഴു വര്‍ഷത്തെ രാഷ്ട്രീയ ജീവിതം രാഹുലിനെ പ്രാപ്തനാക്കിക്കഴിഞ്ഞു എന്നു വിചാരിക്കുവാനും തെളിവൊന്നുമില്ലാതെയാണിരിക്കുന്നത്. “രാഹുലന് മഹാത്മാ ആയി ജനിച്ചു; അയാള്‍ മാഹാത്മ്യം കൈവരിച്ചു കഴിഞ്ഞു. ധിഷണയുടെ ദോഷാനുദര്‍ശനം, ഇച്ഛാശക്തിയുടെ ശുഭാപ്തി വിശ്വാസം (ുലശ്ശൊ ീള വേല കിലേഹഹലരേ, ീുശോശൊ ീള വേല ംശഹഹ) എന്ന ഇറ്റാലിയന്‍ മാര്‍ക്സിസ്റ്റ് അന്റോണിയോ ഗ്രാംഷിയുടെ ഗൂഢാര്‍ത്ഥ വാക്യത്തിന്റെ സംക്ഷേപരൂപവത്കരണമായാണ് കോണ്‍ഗ്രസുകാര്‍ രാഹുല്‍ഗാന്ധിയെ കൊണ്ടാടുന്നത്. തന്റെ കൈയിലില്ലെന്ന് ഡോ.മന്മോഹന്സിംഹന് സമ്മതിച്ച ‘മാന്ത്രികവടി’ രാഹുലിന് കരഗതമെന്നതിലാണ് കോണ്ഗ്രസുകാര്ക്കാശ്രയം. വരുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് രാഹുല്‍ ഗാന്ധിയുടെ രാഷ്ട്രീയ മികവിനെ അസന്ദിഗ്ദ്ധമായി വെളിപ്പെടുത്തുമെന്നത്രേ കോണ്‍ഗ്രസുകാരുടെ പ്രതീക്ഷ. എന്നാല്‍, കോണ്‍ഗ്രസിന് ഒട്ടും ശുഭവിശ്വാസമേകുന്നതല്ല യുപിയില്നിന്നെത്തുന്ന റിപ്പോര്‍ട്ടുകള്‍. കോണ്‍ഗ്രസിനോട് പാരമ്പര്യമായിത്തന്നെ വെറുപ്പും വിദ്വേഷവും കൊണ്ടുനടക്കുന്നവരാണ് സംസ്ഥാനത്തെ മധ്യജാതികളും പിന്നോക്കജാതികളും. അന്നാഹസാരെയുടെ പ്രസ്ഥാനം നഗരവോട്ടര്മാരിലും മേല്‍ജാതികളിലും കോണ്‍ഗ്രസിനുണ്ടായിരുന്ന സ്വാധീനത്തിന് കേടു വരുത്തിയിരിക്കുന്നു.
യുപിയിലെ കോണ്‍ഗ്രസ് പ്രകടനം ദയനീയമായാല്‍, ദിഗ്വിജയസിംഗ് അതിന്റെ പൂര്‍ണ ഉത്തരവാദിത്തം ഏറ്റെടുത്ത് ബലി കഴിക്കേണ്ട ആട്ടിന്കുട്ടിയാകാന് മുന്നോട്ടു വന്നേക്കാം. കോണ്‍ഗ്രസ് ആക്ടിവിസ്റ്റുകള്‍-2007ല്‍ സല്മാന് ഖുര്‍ഷിദ് പ്രസ്താവിച്ച പോലെ പാര്‍ട്ടി രാഹുലിന്റെ പ്രതീക്ഷക്ക് ഒത്തുയര്‍ന്നില്ല എന്നു പരിതപിച്ചേക്കാം. രാഹുലിന്റെ ചടുലവും കാര്യക്ഷമവുമായ നേതൃത്വത്തിനോടു ഓടിയെത്താന്‍ പ്രവര്‍ത്തകര്‍ക്കായില്ല എന്നു സമാധാനം പറഞ്ഞേക്കാം. ഇങ്ങനെയൊക്കെയുള്ള വായടപ്പിക്കല്‍ വിശദീകരണങ്ങള്‍ എത്ര നല്കിയാലും രാഹുലിന്റെ നേതൃപാടവത്തെക്കുറിച്ചും ഫലദാനശേഷിയെക്കുറിച്ചും പ്രവര്‍ത്തക മനസ്സുകളില്‍ ന്യായമായ സംശയങ്ങളുണരുകയും കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള അയാളുടെ ആരോഹണം അവതാളത്തിലാകയും ചെയ്യും. ഇതൊഴിവാക്കാനാണ് അയാളെ ഇപ്പോള്‍ തന്നെ പ്രസിഡന്റ് സ്ഥാനത്തേക്കു ചവിട്ടിക്കയറ്റുന്നത്. കാരണം, ഇന്ന് രാഹുലിന് പാര്‍ട്ടിക്കുള്ളില്‍ വെല്ലുവിളികളില്ല, പ്രസിഡന്റ് സ്ഥാനത്തേക്കുള്ള നിയമനം വൈകിക്കുന്നത് പ്രശ്നങ്ങള്‍ക്കിടയാക്കും.
ഒട്ടും അസൂയാവഹമല്ലാത്ത സ്ഥിതിയാണ് ഇന്നും കോണ്‍ഗ്രസിന്റേത്. ഐക്യപുരോഗമന മുന്നണി ഇന്നു രൂപഭേദം വന്ന് അനൈക്യമുന്നണിയായി പരിണമിച്ചിരിക്കുന്നു. ദുരൂഹതപേറുന്ന പ്രധാനമന്ത്രിയുടെ ആപ്പീസിന് നേരെ ഘടകകക്ഷികള്‍ക്ക് അവരുടേതായ സങ്കടങ്ങള്‍ ഏറെ പറയാനുണ്ട്. വഴക്കാളിയായ മമതാ ബാനര്‍ജിയാണ് ഏറ്റവുമൊടുവില്‍ രംഗത്ത്. താന്‍പോരിമയുടെ സൗന്ദര്യപ്പിണക്കങ്ങളല്ല ഇവയൊന്നും. വ്യക്തമായ ഭരണപരാജയം, ഗുരുതരമാകുന്ന സാമ്പത്തിക സ്ഥിതി, അന്താരാഷ്ട്രതലത്തില്‍ സംഭവിക്കുന്ന വിശ്വാസത്തകര്‍ച്ച, സര്‍ക്കാര്‍ തകരുകയാണെന്ന പ്രതീതി ഇവയുടെയൊക്കെ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ കുലുങ്ങിക്കൊണ്ടിരിക്കുന്നത്.
പക്ഷേ, ഭരണപക്ഷമോ പ്രതിപക്ഷമോ ഉടനെ ഒരു ഇലക്ഷന് ആഗ്രഹിക്കുന്നില്ല. ഏറ്റവും മോശമായ ഘട്ടം കഴിഞ്ഞുവെന്നു കോണ്‍ഗ്രസ് കരുതുന്നു. പ്രതിപക്ഷത്ത് ബിജെപിക്ക് സ്വന്തം ഗൃഹം നേരെയാക്കാന്‍ കുറച്ചു സമയവും വേണം. മഹാത്മാഗാന്ധിയുടെ അനശ്വരവചനം കടമെടുത്തു പറഞ്ഞാല്‍, രാഹുല്‍ ഒരു തകരുന്ന ബാങ്കിന്റെ വണ്ടിച്ചെക്കാണ്.
സ്വപന് ദാസ് ഗുപ്ത
പ്രതികരിക്കാൻ ഇവിടെ എഴുതുക: