ന്യൂയോര്‍ക്ക്: കുത്തകകളുടെ ചൂഷണത്തിനെതിരെ അമേരിക്കയിലെ വാള്‍സ്ട്രീറ്റ് പ്രക്ഷോഭകര്‍ സൂക്കോട്ടീ പാര്‍ക്കില്‍ തമ്പടിച്ചത് നിയമവിരുദ്ധമാണെന്ന് ഒരു ന്യൂയോര്‍ക്ക് കോടതി ചൂണ്ടിക്കാട്ടി. കഴിഞ്ഞ ദിവസം രാത്രിയായതോടെ പ്രകടനക്കാര്‍ തിരികെ പാര്‍ക്കിലെത്തിയെങ്കിലും അവരെ ടെന്റുകള്‍ ഉണ്ടാക്കുന്നതിനോ ജനറേറ്റര്‍ പ്രവര്‍ത്തിപ്പിക്കുന്നതിനോ അധികാരികള്‍ അനുവദിച്ചില്ല. പോലീസ് 200 പേരെ അറസ്റ്റു ചെയ്തു. പല മാധ്യമപ്രവര്‍ത്തകരേയും അവര്‍ തടഞ്ഞുവെച്ചു. അറസ്റ്റുകള്‍ പൊതുജനാരോഗ്യവും സുരക്ഷയും മുന്‍നിര്‍ത്തിയാണ് ന്യൂയോര്‍ക്ക് മേയര്‍ മൈക്കല്‍ ബ്ലൂം ബര്‍ഗ് പറഞ്ഞു. സൂക്കോട്ടി പാര്‍ക്കില്‍ നൂറു കണക്കിന് പ്രകടനക്കാര്‍ നിലയുറപ്പിച്ചിരുന്നു. കോടതിയുടെ ഉത്തരവ് സന്ധ്യയോടെ ആണ് ഉണ്ടായത്. ഗ്രീന്‍വിച്ച് സമയം 22.30 ഓടെ പാര്‍ക്കിലേക്ക് ഒറ്റവരിയായി ആളുകള്‍ക്ക് പ്രവേശനം അനുവദിച്ച പുതിയ പദ്ധതികള്‍ ആലോചിച്ചുകൊണ്ട് അവര്‍ കഴിഞ്ഞുകൂടിയതായി മാധ്യമ പ്രവര്‍ത്തകര്‍ അറിയിക്കുന്നു. ഗിത്താറുകളും രചനകളും പാര്‍ക്കില്‍ സംഗീതം സൃഷ്ടിച്ചു.
കുറെയേറെ പ്രകടനക്കാര്‍ ഉറങ്ങാനുള്ള ബാഗുകള്‍ ഉപയോഗിക്കാന്‍ സാധ്യമല്ലാത്തതിനാല്‍ പുതപ്പുകള്‍ ധരിച്ചുകൊണ്ട് പാര്‍ക്കിലെ കല്‍ബെഞ്ചുകളിലിരുന്നു. ചിലര്‍ സമീപത്തുള്ള പള്ളികളിലും മറ്റു ചിലര്‍ പരിചയക്കാരുടെ വീടുകളിലും രാത്രി കഴിച്ചുകൂട്ടി. പോലീസുകാര്‍ ജാഗ്രതയോടെ നിലയുറപ്പിച്ചു. പുതിയ സുരക്ഷ ഗാര്‍ഡുകളേയും മൈതാനത്തു വിന്യസിച്ചിരുന്നു. കര്‍ഫ്യൂ നിലവിലില്ലെന്നും എന്നാല്‍ പാര്‍ക്കില്‍ ഉറങ്ങാന്‍ പ്രകടനക്കാരെ അനുവദിക്കുകയില്ലെന്നും പോലീസ് വ്യക്തമാക്കി. ഭാണ്ഡങ്ങളും വലിയ ബാഗുകളുമുള്ള പ്രകടനക്കാരെ പാര്‍ക്കിലേക്ക് കടത്തിവിടുന്നുണ്ടായിരുന്നില്ല. എന്തൊക്കെ നിയമങ്ങള്‍ വന്നാലും തങ്ങള്‍ക്ക് എതിര്‍ക്കാന്‍ സ്വാതന്ത്ര്യമുണ്ട്. ഇത് തങ്ങളുടെ നഗരമാണ്. രണ്ടുമാസമായി തങ്ങള്‍ ഇവിടെത്തന്നെയാണ്. ഇവിടെ എന്തു സംഭവിക്കുന്നുവെന്നറിയാന്‍ ലോകം മുഴുവന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ഒരു പ്രകടനക്കാരി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഇതേസമയം ന്യൂയോര്‍ക്ക് സുപ്രീംകോടതിയില്‍ പ്രകടനക്കാര്‍ക്ക് തെരുവില്‍ തങ്ങാന്‍ അനുവാദം നല്‍കണമെന്ന ഹര്‍ജി അമേരിക്കന്‍ നിയമപ്രകാരം അനുവദനീയമല്ലെന്നു കാട്ടി ജസ്റ്റിസ് മൈക്കല്‍ സ്റ്റാള്‍മാന്‍ നിരസിച്ചു. പ്രകടനം തുടരുന്നതിന് അനുവാദമുണ്ടെങ്കിലും ടെന്റുകളും ജനറേറ്ററുകളോ മറ്റോ ഉപയോഗിക്കുന്നതിനെ കോടതി വിലക്കി. പ്രകടനത്തില്‍ പങ്കെടുക്കുന്നവരെപ്പോലെ തന്നെ പങ്കെടുക്കാത്തവര്‍ക്കും അവകാശങ്ങളുണ്ടെന്ന് ന്യൂയോര്‍ക്ക് മേയര്‍ ചൂണ്ടിക്കാട്ടി.
ഇത്തരം പ്രക്ഷോഭങ്ങള്‍ക്കെതിരെ എന്തു നടപടി സ്വീകരിക്കണമെന്ന് അതാതു പ്രാദേശിക ഭരണകൂടങ്ങളാണ് തീരുമാനിക്കേണ്ടതെന്നാണ് വൈറ്റ് ഹൗസ് കരുതുന്നുവെന്ന് വക്താവ് ജേയ് കാര്‍ണി വാര്‍ത്താ ലേഖകരെ അറിയിച്ചു.
കഴിഞ്ഞ ദിവസങ്ങളില്‍ ഇത്തരം പ്രക്ഷോഭങ്ങള്‍ മറ്റു നഗരങ്ങളിലും അരങ്ങേറിയിരുന്നു. പോര്‍ട്ട്ലാന്‍ഡ് ഒറിഗോണ്‍, ബര്‍ലിംഗ്ടണ്‍, വെര്‍മൗണ്ട്, ഡെന്‍വര്‍, കൊളറാഡോ, സാള്‍ട്ട് ലേക് സിറ്റി, മിസ്സൗറി എന്നീ നഗരങ്ങളിലും കുത്തകകള്‍ക്കെതിരെ ജനകീയ പ്രക്ഷോഭങ്ങള്‍ നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: