അന്നാ ഹസാരെയുടെ അഴിമതി വിരുദ്ധ പ്രസ്ഥാനം തങ്ങള്‍ക്കുണ്ടാക്കുന്ന ദ്രോഹത്തെക്കുറിച്ച് യുപിഎ-2 സര്‍ക്കാരോ കോണ്‍ഗ്രസോ വേണ്ടവണ്ണം മനസ്സിലാക്കിയിട്ടോ, അതിന്റെ പ്രത്യാഘാതങ്ങള്‍ വിലയിരുത്താനോ മെനക്കെട്ടിട്ടില്ല. പൊതുസമൂഹം വിനിമയം ചെയ്തുകൊണ്ടിരിക്കുന്ന അടിയന്തര സന്ദേശം തങ്ങള്‍ കണ്ടില്ല, കേട്ടില്ല എന്ന മട്ടിലിരിക്കുകയാണ് സര്‍ക്കാര്‍. അതിന്റേതായ മറ്റൊരു സാങ്കല്‍പ്പിക ലോകത്തില്‍ വിഹരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. ഈ കുറ്റകരമായ സ്വപ്നാടനത്തിന് പ്രേരകം അഹങ്കാരമാകാം, അജ്ഞതയാകാം; അല്ലെങ്കില്‍, രണ്ടിന്റേയും ഒരു സങ്കലനമാകാം. ഗ്രാമഗ്രാമാന്തരങ്ങളിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറയാനാഗ്രഹിക്കുന്ന കാര്യം “കോണ്‍ഗ്രസ് പാര്‍ട്ടി ആം ആദ്മി എന്നു വിവക്ഷിക്കുന്ന സാധാരണക്കാരായ ഭാരതീയര്‍ അഴിമതിക്കഥകള്‍ അറിഞ്ഞ് രോഷാകുലരാണ്” യുപിഎയിലെ ആരും മൈന്‍ഡു ചെയ്യുന്നില്ല.
ഹസാരെ പ്രസ്ഥാനത്തിന്റെ വിവക്ഷിതാര്ത്ഥങ്ങളെ ടിവി ന്യൂസ് ചാനലുകളില്‍ പ്രസ്താവനകള്‍ നടത്തുന്ന നേതാക്കളൊക്കെ കാണാതെ പോകുന്നു. സോണിയാ മാഡത്തിന്റെ പ്രീതി സമ്പാദിക്കാനും അടുപ്പം പുലര്‍ത്താനും അവര്‍ ഹൈക്കമാന്‍ഡിനെ വഴിതെറ്റിക്കുകയാണ്. ഇത് അന്നാ സംഘത്തെ മാത്രമല്ല പൊതുജനത്തിനെയും അലോസരപ്പെടുത്തുന്നു. ഇവിടെ ഒരു അടിയൊഴുക്കുണ്ട്. ആം ആദ്മിയുടെ ഹൃദയമിടിപ്പ് നേതാക്കള്‍ അറിയുന്നുണ്ടോ അതോ അവരെ വോട്ടിട്ടു അധികാരത്തിലേറ്റിയവര്ക്കെന്ത് സംഭവിക്കുന്നുവെന്ന കാര്യത്തില്‍ അവര്‍ക്ക് താല്പ്പര്യമൊന്നുമില്ലേ എന്നു പൊതുജനത്തിന് അറിഞ്ഞാല്‍ കൊള്ളാമെന്നുണ്ട്.
നൂറു കോടിയിലധികം വരുന്ന ഇന്ത്യന്‍ ജനതയുടെ വിചാരവികാരങ്ങള്‍ പ്രകടിപ്പിക്കുക മാത്രമാണ് ഹസാരെ ആകപ്പാടെ ചെയ്യുന്നത്. ഭരിക്കുന്ന മുന്നണിയുടെ ശത്രു അഴിമതിയും കൈക്കൂലിയുമാണ്, അന്നാ സംഘമല്ല. അഴിമതിക്കെതിരെയുള്ള ബഹുജനപ്രസ്ഥാനത്തെ സംബോധന ചെയ്യുന്ന ഒരു മാധ്യമം മാത്രമാണ് അന്നാ ടീം. സമകാലിക സംഭവങ്ങളുടെ ഗൗരവം സര്‍ക്കാരിന് കാണാന്‍ കഴിയുന്നില്ല എന്നത് പരിഹാസ്യമാണ്. ഇന്ന് ഹസാരെ പ്രസ്ഥാനം പ്രചണ്ഡമായ സംവേഗശക്തി ആര്ജ്ജിച്ചുകൊണ്ടിരിക്കയാണെന്ന് മനസ്സിലാക്കാനുള്ള സംവേദനക്ഷമത ഒരു നിരക്ഷരനു/നിരക്ഷരയ്ക്കു പോലുമുണ്ട്. ഹസാരെ സംഘാംഗങ്ങളെ ടാര്‍ഗറ്റു ചെയ്യുന്നത് ഒരൊറ്റ സന്ദേശം. അവരെ സര്‍ക്കാര്‍ ആവശ്യമില്ലാത്ത വേട്ടയാടുകയാണ്-മാത്രമാണ് നല്‍കുന്നത്.
സംഭവവികാസങ്ങളുടെ വികാര പ്രക്ഷുബ്ധതയെക്കുറിച്ചുള്ള ബോധമില്ലായ്മ പാര്‍ട്ടിയെ ഒരു തെരഞ്ഞെടുപ്പ് കൈമോശം വരുന്നതിലേക്കാണ് നയിക്കുന്നത്. സര്‍ക്കാര്‍ പ്രദര്‍ശിപ്പിക്കുന്ന ദൗത്യം ജനങ്ങളെ നിരാശരാക്കുന്നു. ഇന്നത്തെ യുവതീയുവാക്കള്‍ അത്തരം ജന്മിത്വ ഭാവത്തെ വകവെയ്ക്കുന്ന തരക്കാരല്ല. ഇന്ന് ഭാരതയുവത ക്ഷുഭിതമാണ്. അവര്‍ അക്ഷമരും ഇന്‍സ്റ്റന്റ് പരിഹാരങ്ങള്‍ പ്രതീക്ഷിക്കുന്നവരുമായിരിക്കുന്നു.
കോണ്‍ഗ്രസ് ദൗത്യത്തിന്റെ കരണക്കുറ്റിക്കു കിട്ടിയ അടിയാണ് ഹിസാര്‍ തെരഞ്ഞെടുപ്പ് ഫലം. സാധാരണ പ്രവര്‍ത്തകരുമായുള്ള ബന്ധം മുറിഞ്ഞുപോയ കോണ്‍ഗ്രസ് നേതൃത്വത്തിന് കൊടുക്കേണ്ടി വന്ന വലിയ വിലയാണത്.
തങ്ങള്‍ക്ക് വന്നിരിക്കുന്ന നഷ്ടങ്ങള്‍ക്ക് കോണ്‍ഗ്രസ് അന്നായെ പഴി പറയുന്നു. എങ്കില്‍ പിന്നെ, അവര്‍ തിരുത്തല്‍ നടപടികള്‍ എടുക്കാത്തതെന്തേ? അഞ്ച് ഉപതെരഞ്ഞെടുപ്പുകളിലഞ്ചിലും തോറ്റമ്പിയത് ഹൈക്കമാന്‍ഡിന് പ്രശ്നമില്ലെങ്കിലും ബൂത്ത് തല കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മനോവീര്യത്തെ അത് ഊതിയണച്ചിരിക്കുന്നു. ആറുമാസത്തിനുമുമ്പ്, പഞ്ചാബിലെ കോണ്‍ഗ്രസുകാരോട് അടുത്ത തെരഞ്ഞെടുപ്പ് ജയിച്ച് അധികാരത്തിലേറുമോ എന്ന് ആരാഞ്ഞിരുന്നെങ്കില്‍, ‘തീര്‍ച്ചയായും’ എന്ന ആത്മവിശ്വാസം തുളുമ്പുന്ന ഉത്തരം ലഭിച്ചേനെ. ഇന്നു സംഗതിമാറി മറിഞ്ഞിരിക്കുന്നു. പണപ്പെരുപ്പം, അവശ്യസാധനങ്ങളുടെ വില വാണംപോലെ കുതിക്കുന്നത്, യുപിഎ-2 ന്റെ പ്രകടനരാഹിത്യം, അഴിമതി ഭീകരത എന്നീ പേയ് പിശാചുക്കള്‍ കോണ്‍ഗ്രസിന്റെ രക്തമൂറ്റിക്കുടിച്ച് തുള്ളിയോടുന്നു.
അന്നാ സംഘാംഗങ്ങളുടെ നേരെ കോണ്‍ഗ്രസ് നേതൃമ്മന്യന്മാര്‍ അങ്കും ചുങ്കുമില്ലാതെ എയ്തു വിടുന്ന നിരുത്തരവാദ പരാമര്‍ശങ്ങള്‍ പാര്‍ട്ടിയെ കൂടുതല്‍ ഹലാക്കിലാക്കുന്നു. സാധാരണ ജനങ്ങള്‍ ക്ഷുഭിതരാണ്. ജനപക്ഷത്തുനിന്ന്, ജനങ്ങളുടെ ക്ഷോഭത്തിന് മൂര്‍ത്തരൂപം നല്കുന്ന വ്യക്തികളെ ആദരവോടെ കാണണമെന്ന് ജനങ്ങള്‍ക്ക് താല്‍പ്പര്യമുണ്ട്. അന്നാ സംഘാംഗങ്ങളെ വേട്ടയാടുന്നത് കോണ്‍ഗ്രസിന് ഗുണമുണ്ടാക്കാന്‍ പോകുന്നില്ല. രണ്ടു കാലിലും മന്തുള്ളവര്‍ ഒരു കാലില്‍ മന്തുള്ളവനെ ‘മന്താ’ എന്നു വിളിക്കുന്നത് പോലാണത്. നമ്മുടെ രാഷ്ട്രജീവിതത്തിനെ അഴിമതിയുടെ മന്ത് ബാധിച്ചിരിക്കുന്ന എന്ന സത്യത്തില്‍നിന്ന് ആരും ഒളിച്ചോടണ്ട. സര്‍ക്കാര്‍ ഈ പ്രശ്നത്തെ അഭിമുഖീകരിക്ക തന്നെ വേണം.
ദേവി ചെറിയാന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: