എണ്ണക്കമ്പനികള്‍ അനുസ്യൂതം പെട്രോള്‍ വില വര്‍ധിപ്പിക്കുന്നതിനെതിരെ ജനരോഷം കത്തിനില്‍ക്കെ പെട്രോള്‍ വില 1.85 രൂപയായി കുറച്ചിരിക്കുകയാണ്. ആഗോള വിപണിയില്‍ അസംസ്കൃത എണ്ണയുടെ വില കുറഞ്ഞതും ഡോളര്‍-രൂപ വിനിമയമൂല്യം കുറഞ്ഞതുമാണ് എണ്ണക്കമ്പനികള്‍ കാരണങ്ങളായി നിരത്തുന്നത്. പക്ഷേ ഇത് കേന്ദ്രസര്‍ക്കാരിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങിയായിരിക്കണമെന്നാണ് വിലയിരുത്തപ്പെടുന്നത്. 2009ല്‍ പെട്രോള്‍ വില നിര്‍ണയാധികാരം എണ്ണക്കമ്പനികള്‍ക്ക് കേന്ദ്രം കൈമാറിയശേഷം 33 മാസത്തിനിടയില്‍ 13 തവണയാണ് പെട്രോള്‍ വില ഉയര്‍ന്നത്. ഇത് രാജ്യവ്യാപകമായി കടുത്ത ജനരോഷം ക്ഷണിച്ചുവരുത്തിയിരുന്നു. ജനവികാരം അറിയുന്ന തൃണമൂല്‍ കോണ്‍ഗ്രസ് പോലുള്ള സഖ്യകക്ഷികള്‍ സഖ്യത്തില്‍നിന്ന് പിന്മാറുമെന്ന ഭീഷണിപോലും ഉയര്‍ത്തിയിരുന്നു. പക്ഷേ തികഞ്ഞ നിസ്സംഗതയോടെ മന്‍മോഹന്‍സിംഗ് പ്രതികരിച്ചത് ഡീസല്‍-പാചകവാതക വിലയും കൂടുമെന്നും ഇതിന്റെ നിയന്ത്രണവും എണ്ണക്കമ്പനികള്‍ക്ക് കൈമാറുമെന്നുമായിരുന്നല്ലോ. ഇപ്പോള്‍ ഈ മനംമാറ്റത്തിന് കാരണമായി പറയുന്നത് ആഗോള വിപണിയില്‍ അസംസ്കൃത എണ്ണയുടെ വില കുറഞ്ഞതും ഡോളര്‍-രൂപ വിനിമയനിരക്ക് വര്‍ധിച്ചതുമാണ്.
ഇത് വെറും നാട്യം മാത്രമാണ്. കാരണം അന്താരാഷ്ട്ര ഓയില്‍ വിപണിയില്‍ ക്രൂഡ് ഓയില്‍ വില താഴ്ന്നുനിന്നപ്പോഴാണ് ഇവിടെ പെട്രോള്‍ വില കൂട്ടിയത്. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ്ഓയില്‍ വില ഇപ്പോഴും 112.44 ഡോളറാണ്. ഡോളര്‍ വിനിമയനിരക്ക് ബുധനാഴ്ചയും 50.45 രൂപ തന്നെയാണ്. ഈ വിലയിളവിന്റെ പ്രധാന കാരണം യുപിഎയുടെ തെരഞ്ഞെടുപ്പ് തന്ത്രമായിട്ടാണ് ഇപ്പോള്‍ വിലയിരുത്തപ്പെടുന്നത്. ആറ് സംസ്ഥാനങ്ങളില്‍, യുപി ഉള്‍പ്പെടെ തെരഞ്ഞെടുപ്പ് നേരിടുകയാണെന്ന വസ്തുതയും പെട്രോള്‍വില വര്‍ധന ലോക്സഭയുടെ ശീതകാല സമ്മേളനത്തെയും പ്രക്ഷുബ്ധമാക്കുമെന്നതിനാലുമാണ് കേന്ദ്രം ഓയില്‍ കമ്പനികളോട് പെട്രോള്‍ വില കുറയ്ക്കാന്‍ നിര്‍ദേശിച്ചതെന്ന് വ്യക്തം. പെട്രോള്‍ വില ഏറ്റവും അവസാനം കുറച്ചതും 2009 ല്‍ യുപിഎ സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് നേരിടാന്‍ പോകുന്ന വേളയിലാണല്ലോ. അതിന്റെ ഗുണഭോക്താവും മന്‍മോഹന്‍സിംഗ് തന്നെയായിരുന്നു. ഇപ്പോള്‍ യുപിയില്‍ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് മായാവതി പല തന്ത്രങ്ങളും മെനയുന്നുണ്ട്. ഒടുവില്‍ യുപിയെ നാലായി വിഭജിക്കാനുള്ള നീക്കവും ബ്രാഹ്മണ വോട്ട് ബാങ്ക് പ്രീണനവും തുടങ്ങിക്കഴിഞ്ഞു. യുപിയില്‍ കോണ്‍ഗ്രസ് പ്രചാരണത്തിന് ചുക്കാന്‍ പിടിക്കുന്നത് രാഹുല്‍ ഗാന്ധിയാണ്.
രാഹുല്‍ഗാന്ധിയെ കേന്ദ്രത്തില്‍ സിംഹാസത്തില്‍ വാഴിക്കുന്നതിനുള്ള പ്രധാന ആയുധം യുപിയിലെ കോണ്‍ഗ്രസ് വിജയമാണ്. കാരണം കോണ്‍ഗ്രസിന് യുപി കൈവിട്ടിട്ട് വര്‍ഷങ്ങളായല്ലോ. യുപിയടക്കം മറ്റ് ആറ് സംസ്ഥാനങ്ങളിലും പെട്രോള്‍ വിലയിളവ് നേട്ടം കൊയ്യുമെന്നാണ് മന്മോഹന്-പ്രണബ് കണക്കുകൂട്ടല്‍. അല്ലെങ്കില്‍ നാണ്യപ്പെരുപ്പം 9.73 ശതമാനമായി ഉയര്‍ന്നപ്പോഴും എണ്ണക്കമ്പനികളുടെ നഷ്ടം കുത്തനെ കയറുന്നുവെന്നും വിപണി സ്വന്തം കാലില്‍ നില്‍ക്കണമെന്നും മറ്റുമുള്ള സാരോപദേശങ്ങളാണല്ലോ മന്‍മോഹന്‍സിംഗ് നിരത്തിയിരുന്നത്. കേന്ദ്രം പറഞ്ഞാല്‍ വില കുറയ്ക്കാമെന്ന് ഓയില്‍ കമ്പനികള്‍ പ്രഖ്യാപിച്ചപ്പോള്പ്പോലും അങ്ങനെ പറയാന്‍ തയ്യാറാകാത്ത മന്മോഹന്സിംഗാണ് ഈ തെരഞ്ഞെടുപ്പ് പശ്ചാത്തലത്തില്‍ പെട്രോള്‍ വില കുറയ്ക്കാന്‍ സന്നദ്ധനായത്. അതുകൊണ്ട് തന്നെയാണ് പ്രതിപക്ഷമായ ബിജെപി പെട്രോള്‍ വിലയിളവ് അഞ്ച് രൂപയാക്കണമെന്ന ആവശ്യം ഉയര്‍ത്തിയിരിക്കുന്നത്. ഇപ്പോള്‍ ഉയരുന്ന ആശങ്ക ഈ വിലയിളവ് യുപി തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ പിന്‍വലിക്കപ്പെടുമോ എന്നാണ്. കാരണം അന്താരാഷ്ട്ര എണ്ണ വിപണിയോ ഡോളര്‍ വിനിമയ നിരക്കോ ഉയരുകയും താഴുകയും ചെയ്യുന്നത് രാഹുല്‍ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ പശ്ചാത്തലത്തിലല്ലല്ലോ.
തുടരുന്ന അവഗണന
വൃശ്ചിക പുലരിയില്‍ അയ്യപ്പദര്‍ശനത്തിനായി തീര്‍ത്ഥാടക പ്രവാഹം തുടങ്ങിയെങ്കിലും ശബരിമലയില്‍ തീര്‍ത്ഥാടകര്‍ക്ക് വേണ്ടിയുള്ള ക്രമീകരണങ്ങള്‍ ഇനിയും പൂര്‍ത്തിയായിട്ടില്ല. ഈ തീര്‍ത്ഥാടനക്കാലം മുതല്‍ ശബരിമലയില്‍ ദര്‍ശനസമയം രണ്ട് മണിക്കൂറായി വര്‍ധിപ്പിച്ചത് ദര്ശനത്തിരക്ക് കുറയ്ക്കാന്‍ പ്രയോജനപ്പെടുമെന്നാണ് പ്രതീക്ഷ. അതുപോലെ ഓണ്‍ലൈന്‍ രജിസ്ട്രേഷനും അയ്യപ്പന്മാരുടെ ക്യൂവിന് നിയന്ത്രണം വരുത്തുമെന്ന് കരുതപ്പെടുന്നു. ബെയ്ലി പാലം പൂര്‍ത്തീകരണവും നടപ്പന്തല്‍ നിര്‍മാണവും ദര്‍ശനം കഴിഞ്ഞ് മടങ്ങുന്ന തീര്‍ത്ഥാടകര്‍ക്ക് സൗകര്യപ്രദമാകും. പക്ഷേ തീര്‍ത്ഥാടകര്‍ക്കുവേണ്ടി ശബരിമലയിലേക്ക് പോകാനുള്ള ബസ്സുകളുടെ എണ്ണത്തില്‍ വര്‍ധന 30 ബസ്സുകള്‍ മാത്രമാണത്രെ. കഴിഞ്ഞ തീര്‍ത്ഥാടനകാലത്ത് 300 ബസ്സുകളാണ് അധികമായി നിയോഗിക്കപ്പെട്ടത്. ദുഷ്ക്കരമായ യാത്രയില്‍ സര്‍വീസ് ബ്രേക്ക്ഡൗണ്‍ 15 ശതമാനമായതിനാല്‍ മൂന്ന് വര്‍ഷത്തിലേറെ പഴക്കമുള്ള ബസ്സുകള്‍ ശബരിമല പാതയില്‍ വിന്യസിക്കാറില്ല. കെഎസ്ആര്‍ടിസി പറയുന്നത് 500 ബസ്സുകള്‍ക്ക് ഓര്‍ഡര്‍ നല്‍കിയിട്ടുണ്ടെന്നും 500 ചെയ്സുകള്‍ ലഭ്യമായിക്കഴിഞ്ഞുവെന്നുമാണ്. ഇവയുടെ ബോഡി നിര്‍മാണം കഴിഞ്ഞാല്‍ ഇവ ശബരിമല തീര്‍ത്ഥാടകര്‍ക്കുവേണ്ടി ഓടുമെന്ന് പറയുമ്പോഴും ശബരിമല തീര്‍ത്ഥാടനം തുടങ്ങിയിരിക്കെ ഈ 500 ബോഡികള്‍ നിശ്ചിത സമയത്ത് തീരുമോ എന്ന സംശയം നിലനില്ക്കുന്നു.
കഴിഞ്ഞ തീര്‍ത്ഥാടനകാലത്ത് അപ്പം, അരവണ വിതരണം പ്രശ്നസങ്കീര്‍ണമായിരുന്നു. ബെയ്ലി പാലം പൂര്‍ത്തിയായതും വഴിപാട് പ്രസാദങ്ങള്‍ വാങ്ങുന്നതിന് പാതയോരത്ത് ആറ് കൗണ്ടറുകള്‍ ഒരുക്കിയിരിക്കുന്നതും ഭക്തര്‍ക്ക് സൗകര്യപ്രദമാകുമെന്ന് പ്രതീക്ഷിക്കാം. ശബരിമല സീസണ് മുമ്പായി കെഎസ്ആര്‍ടിസിയിലെ പണിമുടക്ക് പിന്‍വലിച്ചതും ആശ്വാസകരമായി. ശബരിമലയിലെ ശുചിത്വം തൃപ്തികരമാണോ എന്ന് നിരീക്ഷിക്കാന്‍ ഹൈക്കോടതി പത്തനംതിട്ട കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ശബരിമലയിലെ ശുചീകരണപ്രവര്‍ത്തനത്തിന് വിശുദ്ധി സേനയുടെ കീഴില്‍ 800 പേരാണ് എത്തിയിരിക്കുന്നത്. പുല്ലുമേട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഉപ്പുപാറ-പുല്ലുമേട് പാതയില്‍ വാഹനഗതാഗതം അനുവദിക്കുന്നില്ല. സന്നിധാനത്തെ സുരക്ഷാ സംവിധാനങ്ങളും ശക്തമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: