അങ്കാറ: കിഴക്കന്‍ തുര്‍ക്കിയില്‍ വീണ്ടും ഭൂചലനം അനുഭവപ്പെട്ടു. റിക്‌ടര്‍ സ്കെയിലില്‍ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം വാന്‍ പ്രവിശ്യയിലാണ് അനുഭവപ്പെട്ടത്. രണ്ടു തവണ പ്രകമ്പനം ഉണ്ടായെന്നു ദൃക്സാക്ഷികള്‍ പറഞ്ഞു. എന്നാല്‍ ആളപായമോ നാശനഷ്‌ടമോ ഉണ്ടായതായി റിപ്പോര്‍ട്ടില്ല.
പ്രാദേശിക സമയം ചൊവ്വാഴ്ച പുലര്‍ച്ചെ 12.08 ഓടെയാണ് ഭൂകമ്പമുണ്ടായതെന്ന് അധികൃതര്‍ പറഞ്ഞു. മൊല്ലകാസിം ഗ്രാമമാണ് പ്രഭവകേന്ദ്രം. രക്ഷാപ്രവര്‍ത്തകരോടു മേഖലയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഗവര്‍ണര്‍ മുനീര്‍ കരലോഗ് ലു നിര്‍ദേശിച്ചു. കിഴക്കന്‍ തുര്‍ക്കിയിലെ വാന്‍ പ്രവിശ്യയില്‍ കഴിഞ്ഞ മാസം 23 ന് 7.2 തീവ്രതയിലുണ്ടായ ഉഗ്രഭൂചലനത്തില്‍ 605 പേര്‍ മരിച്ചു.
തുടര്‍ന്ന് കഴിഞ്ഞയാഴ്ച 5.7 തീവ്രതയില്‍ അനുഭവപ്പെട്ട ഭൂചലനത്തില്‍ 40 പേരും മരിച്ചു. രണ്ടായിരത്തോളം കെട്ടിടങ്ങളാണ് ഈ ഭൂചലനങ്ങളില്‍ തകര്‍ന്നത്. ഈ ദുരന്തങ്ങളുടെ ആഘാതത്തില്‍ നിന്നും തിരികെ വരുന്നതിനിടയിലാണ് വീണ്ടും ഭൂചലനമുണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: