കൊച്ചി: കോടതിയലക്ഷ്യക്കേസില്‍ എം.വി. ജയരാജനെ ശിക്ഷിച്ച നടപടിയില്‍ പ്രതിഷേധിച്ച് സിപിഎം ഹൈക്കോടതിക്ക് മുന്നില്‍ നടത്തിയ പ്രതിഷേധസമരത്തില്നിന്നും സംസ്ഥാന സെക്രട്ടറി പിണറായി വിജയനും പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദനും വിട്ടുനിന്നു. സിപിഎം സംസ്ഥാന തലത്തില്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ സമരമായിരുന്നു ഇന്നലെ നടന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും പ്രവര്‍ത്തകര്‍ പങ്കെടുത്തു. സിപിഎം കേന്ദ്രകമ്മറ്റിക്കുശേഷം പിണറായി വിജയന് ഇന്നലെ കൊച്ചിയില്‍ എത്തിയിട്ടും സമരത്തില്‍ പങ്കെടുക്കാന്‍ തയ്യാറായില്ല. കോടതിയുടെ പ്രവര്‍ത്തനം തടസപ്പെടുത്തുന്ന തരത്തിലും ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം തടയുന്ന സമരം നടത്തരുതെന്ന് നേരത്തെ കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ പിണറായിക്ക് നോട്ടീസ് അയച്ചിരുന്നു.
റോഡ് ഉപരോധിച്ചതിന്റെ പേരില്‍ കോടിയേരി ബാലകൃഷ്ണന്, വൈക്കം വിശ്വന്, തോമസ് ഐസക്ക്, എം.വി. ഗോവിന്ദന് എന്നിവരടക്കം കണ്ടാലറിയാവുന്ന അയ്യായിരം പേരുടെ പേരില്‍ സെന്‍ട്രല്‍ പോലീസ് കേസെടുത്തിട്ടുണ്ട്.
സിപിഎമ്മിന്റെ ഉപരോധസമരം ഹൈക്കോടതിയുടെ പ്രവര്‍ത്തനത്തെ ബാധിച്ചില്ല. പടിഞ്ഞാറ് വശത്തെ റോഡ് മാത്രമാണ് ഉപരോധിച്ചത്. ജഡ്ജിമാരും അഭിഭാഷകരും കിഴക്ക് വശത്തെ റോഡിലൂടെ കോടതിയില്‍ പ്രവേശിച്ചു. രാവിലെ 8.15 ഓടെ ഉപരോധസമരം ആരംഭിച്ചു. കോടിയേരി ബാലകൃഷ്ണന്, തോമസ് ഐസക്ക്, പി.കെ. ശ്രീമതി, വൈക്കം വിശ്വന്, എസ്. ശര്‍മ്മ, എം.വി. ഗോവിന്ദന് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഉപരോധം. ഉദ്ഘാടനമോ മുദ്രാവാക്യം വിളികളോ ഇല്ലാതെ ജഡ്ജിമാര്‍ക്കെതിരെയുള്ള മുദ്രാവാക്യങ്ങള്‍ എഴുതിയ പ്ലക്കാര്‍ഡുകള്‍ പിടിച്ച് പ്രവര്‍ത്തകര്‍ കൂട്ടത്തോടെ കോടതിക്ക് മുന്നിലേക്ക് നീങ്ങി. ഇവരെ പഴയ കോടതിയുടെ മുന്നില്‍വെച്ച് പോലീസ് ബാരിക്കേഡുകള്‍ തീര്‍ത്ത് തടഞ്ഞു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്നു. ഉച്ചകഴിഞ്ഞാണ് സമരം അവസാനിപ്പിച്ചത്.
കോടതിയുടെ പ്രവര്‍ത്തനം തടസപ്പെടുത്തുന്ന തരത്തിലുള്ള സമരപരിപാടിക്കാണ് പാര്‍ട്ടി ആദ്യം രൂപംനല്‍കിയതെങ്കിലും പോലീസിന്റെ കര്‍ശന നിലപാടിനെത്തുടര്‍ന്ന് അവസാനം സമരരീതിയില്‍ മാറ്റം വരുത്തുകയായിരുന്നുവത്രെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: