അമേരിക്കയില്‍ ഒരു ആശ്രമം വേണ്ടേയെന്ന് 87-ല്‍ അമ്മയോട് ചില ഭക്തര്‍ ചോദിച്ചപ്പോള്‍, “അന്വേഷിക്ക്, മക്കള്‍ കണ്ടെത്തിക്കൊള്ളും.” എന്നായിരുന്നു അമ്മയുടെ മറുപടി. കുറെയേറെ സ്ഥലം നോക്കി. എന്നാല്‍ പോയ ഭക്തര്‍ക്ക് ഒന്നും അനുയോജ്യമായി തോന്നിയില്ല. അമ്മയുടെ ആദ്യത്തെ അമേരിക്കന്‍ യാത്രയുടെ ആദ്യത്തെ അമേരിക്കന്‍ യാത്രയുടെ പ്രധാന സംഘാടകയായ കുസുമം എന്ന ഭക്ത, പില്ലാലത്തു പറഞ്ഞുകേട്ടിട്ടുണ്ട്. “ആശ്രമത്തിന് വേണ്ടി കുറെയേറെ സ്ഥലം നോക്കി. ഒന്നും മനസ്സിനിണങ്ങിയില്ല. അവസാനം ഇപ്പോഴുള്ള ആശ്രമസ്ഥലത്ത് കാലെടുത്തു വച്ചപ്പോള്‍ തന്നെ അമ്മ മനസ്സിലിരുന്നു മന്ത്രിക്കുന്നതായി തോന്നി, ‘മക്കളേ ഇതു തന്നെ നമ്മുടെ ആശ്രമം’ ഇത് എന്റെ മാത്രം അനുഭവമായിരുന്നില്ല. കൂടെയുണ്ടായിരുന്നവര്‍ക്കും ഇതേ അനുഭവം തന്നെയായിരുന്നു.”
അറുന്നൂറ് ഏക്കറോളം പരന്നുകിടക്കുന്ന ആശ്രമം. ‘അമ്മ’ എന്ന മന്ത്രത്തിന്റെ നിശബ്ദസാന്നിദ്ധ്യം ഇവിടെ സദാ പ്രസരിച്ചു നിലക്കുന്നു. പ്രസകൃതിയുടെ കനിവും ആവോളം ഉണ്ട്. മഞ്ഞില്‍ കുളിച്ചു പ്രാര്‍ത്ഥനയോടെ നില്ക്കുന്ന പുലര്ച്ചകള് നമ്മെ മോഹിപ്പിക്കും. അധികം ഉയരമില്ലാത്ത മലകള്‍, കൊച്ചുകൊച്ചു കുന്നുകള്‍, കാടുകള്‍, കുളങ്ങള്‍, പെയ്കകള് ഈ വക ആഭരണങ്ങള്‍ കൊണ്ട് സമ്പന്നമായ ഭൂപ്രകൃതി. ആരുടെയും മനസ്സ് അറിയാതെ മൗനമാവും.
ഇടയ്ക്കിടെ അന്തരീക്ഷത്തില്‍ കേള്‍ക്കുന്ന കാട്ടുപറവകളുടെ സംഗീതം ‘ഞങ്ങള്‍ക്കും പാടാനറിയാം’ എന്ന് ഓര്‍മ്മിപ്പിക്കുന്നതായി തോന്നും. സാധരണ പതുങ്ങിയ പ്രകൃതമാണ് മാനുകള്‍ക്ക്, എന്നാല്‍ ഇവിടെ, ആശ്രമത്തിന്റെ മുറ്റത്തുവന്ന് കുരുന്നിലകളും പച്ചിലപ്പടര്‍പ്പുകളും ഒരു ദാക്ഷിണ്യവുമില്ലാതെ ഇവ കടിച്ചുപറിച്ചു തിന്നും. നമ്മെ അവിചാരിതമായി കണ്ടാല്‍ ‘അമ്മയുടേത് ഞങ്ങള്‍ക്കും അവകാശപ്പെട്ടത്’ എന്ന ഗര്‍വ്വോടെ തലയുയര്ത്തിനില്ക്കും. ഗോകുലത്തിലെന്നപോലെ, സദാ ചുരന്നു നില്ക്കുന്ന അകിടുമായി നാലുപാടും മേഞ്ഞുനടക്കുന്ന ഗോക്കളുണ്ട് ഇതിനിടയില്‍. അമ്മയുടെ മുറിയുടെ ഭാഗത്തുവരുമ്പോള് പയ്യെപ്പയ്യെ അവിടേക്ക് ചരിഞ്ഞൊരു നോട്ടമുണ്ട് ഇവറ്റകള്‍ക്ക്. കാപട്യമില്ലാത്ത ആ കണ്ണുകള്‍ ‘കള്ളക്കണ്ണന് അമ്മയുടെ വേഷം കെട്ടിവന്നാലും ഞങ്ങളെ കബളിപ്പിക്കാനാവില്ല’ എന്ന് നിശബ്ദമായി പറയുന്നതായി തോന്നും.
അനവദ്യസ്മരണകള് ഉറങ്ങാന്‍ അനുവദിക്കുന്നില്ലെന്ന് അറിഞ്ഞപ്പോള്‍, കുളിച്ചീറനോടെ നില്ക്കുന്ന പവിത്രമായ ആ അന്തരീക്ഷത്തിലേക്ക് ഇറങ്ങിനടന്നു. ഇവിടെ വരുമ്പോഴൊക്കെ ഈ പ്രഭാതസവാരി എനിക്കൊരു ശീലമാണ്. നടന്നു കയറിച്ചെന്നെത്തിയത് ഉള്ളതില്‍ ഉയരം കൂടിയ കുന്നിന്റെ മേലെയാണ്. വിശാലമായ ആ കുന്നിന്റെ മുകളില്‍ നിന്ന് നേരെ കിഴക്കോട്ട് നോക്കിയാല്‍ അങ്ങുദൂരെ അമ്മയുടെ മുറികാണാം. അവ്യക്തമാണെങ്കിലും അല്പം തുറന്നുകിടന്ന ജനല്‍പ്പാളിയിലൂടെ അരണ്ടവെളിച്ചം മഞ്ഞിന്റെ മറ കീറി മുറിച്ചു പുറത്തേക്ക് എത്തിനോക്കാന്‍ ശ്രമിക്കുന്നു. പെട്ടെന്ന് മൂളിപ്പാട്ട് പാടി വന്ന കിഴക്കന്‍ കാറ്റിന് അമ്മയുടെ ദിവ്യഗന്ധമുണ്ടായിരുന്നു. മുറിയുടെ പിന്നാമ്പുറത്ത് പടര്‍ന്നു കയറിയ വള്ളിച്ചെടിയിലിരുന്ന ഒരു കുഞ്ഞുക്കുരുവി കാറ്റിനോട് കിന്നാരം പറഞ്ഞുവന്നു. മെല്ലെ എന്റെ തോളിലിരുന്ന് എന്തോ ചിലച്ചുപറന്നുപോയി. ‘അമ്മ രാത്രിയില്‍ ഉറങ്ങിയിട്ടേയില്ല..’ എന്ന് ഓര്മപ്പെടുത്തുകയാവുമോ?
അല്ലെങ്കിലും അമ്മയുടെ നിഘണ്ടുവിലില്ലാത്ത രണ്ടു പദങ്ങളാണല്ലോ വിശ്രമവും നിദ്രയും. ലോകം ഉറങ്ങുന്ന രാത്രിയില്‍ ഉണര്‍ന്നിരിക്കുന്നവരാണ് സംയമികളായ യതികളെന്ന ഗീതാവചനം ഓര്‍ത്തുപോയി.
പകലും രാത്രിയും ദര്‍ശനം, ഇതിനിടയിലുള്ള ചെറിയ ഇടവേളകളിലും അമ്മ തിരക്കിലാണ്. ഒന്നുകില്‍, മക്കളുടെ ഹൃദയം തുറന്നുച്ച കത്തുകള്‍ വായിക്കുകയാവും. ചുമതലയുള്ളവര്‍ക്ക് വേണ്ട നിര്‍ദ്ദേശം നല്കുകയാവും. അതുമല്ലെങ്കില്‍ ശിഷ്യഗണങ്ങള്‍ക്ക് ആത്മീയോപദേശങ്ങള്‍ കൊടുക്കുകയാവും. ഇങ്ങനെ ലോകത്തിന് വേണ്ടി ഉഴിഞ്ഞുവച്ചിരിക്കുന്നു അമ്മയുടെ ജീവിതം. അല്ലെങ്കില്‍ എണ്ണമറ്റ മക്കളുടെ നെഞ്ചിലെ നീറ്റലും അവരുടെ തീവ്രമായ പ്രാര്‍ത്ഥനകളും കനിവിന്റെ പൂര്ണ്ണകുംഭമായ ആ വിശ്വമനസ്സില്‍ തൊടുക്കുമ്പോള്‍ അമ്മയ്ക്ക് വിശ്രമിക്കാനാവുമോ? ഉറങ്ങാനാവുമോ?
പ്രതികരിക്കാൻ ഇവിടെ എഴുതുക: