ഇന്ത്യാ ഉപഭൂഖണ്ഡത്തിന്റെ തെക്ക് പടിഞ്ഞാറ് ഭാഗത്ത് ഉദ്ദേശം 500 കി.മീ. കടല്‍ തീരമുള്ള ഒരു സംസ്ഥാനമാണല്ലോ കേരളം. കേരളാതീരം ധാതു സമ്പത്തിനാല്‍ അനുഗൃഹീതവുമാണ്. ഒരു നാടിന്റെ അഭിവൃദ്ധിയ്ക്കും സമ്പത്തിനും ധാതുനിക്ഷേപം നിര്‍ണായക പങ്കുവഹിക്കുന്നുണ്ട്. മോണോസൈറ്റ്, ഇല്‍മനൈറ്റ്, സിര്‍ക്കണ്‍, ഗാര്‍നെറ്റ്, സില്ലിമനൈറ്റ് തുടങ്ങിയ അപൂര്‍വയിനം ധാതുക്കള്‍ കേരള കടല്‍ തീരത്തെ നിക്ഷേപങ്ങളില്‍ ചിലതുമാത്രം. ഈ നിക്ഷേപങ്ങള്‍ ലോക ധാതുനിക്ഷേപങ്ങളില്‍ അപൂര്വമായവയായി വിലയിരുത്തപ്പെടുന്നു. കൊല്ലം ജില്ലയില്‍ നീണ്ടകര മുതല്‍ കായംകുളംവരെയുള്ള 22 കി.മീ. നീളത്തിലുള്ള തീരപ്രദേശം ധാതുമണല്‍ നിക്ഷേപത്തില്‍ പേരുകേട്ടവയാണ്. ചവറയിലെ ഇന്ത്യന്‍ റെയര്‍ എര്‍ത്ത്സ് ലിമിറ്റഡ്, കേരള മിനറല്‍സ് ആന്റ് മെറ്റല്‍സ് ലിമിറ്റഡ് എന്നീ കമ്പനികളാണ് പ്രധാനമായും ധാതുമണല്‍ ഖാനനം നടത്തുന്നതും അത് സംസ്ക്കരിക്കുന്നതും. ഇവ യഥാക്രമം ഇന്ത്യാ ഗവണ്മെന്റും കേരള ഗവണ്മെന്റുമാണ് നടത്തിവരുന്നത്. ഇവ കൂടാതെ സ്വകാര്യ കമ്പനികളും ധാതുമണല്‍ സംസ്ക്കരണവുമായി രംഗത്തുണ്ട്.
കേരളത്തില്‍ ബേപ്പൂര്‍, പൊന്നാനി, വര്‍ക്കല, കായിക്കര, കോവളം, വിഴിഞ്ഞം, ചവറ എന്നിവിടങ്ങളിലും ധാതുമണല്‍ നിക്ഷേപം കണ്ടെത്തിയിട്ടുണ്ട്. കേരളത്തിന്റെ കടല്‍തീര ലോഹമണല്‍ ഖാനനം പലപ്പോഴും കടല്തീരജീവജാലങ്ങളുടെ നിലനില്‍പ്പിനേയും പ്രസ്തുത പ്രദേശത്തിന്റെ സ്ഥിരതയേയും ദൃഢതയേയും പ്രതികൂലമായി ബാധിക്കുന്നുണ്ട്. ചില സ്ഥലങ്ങളില്‍ കടലാക്രമണത്തില്‍നിന്നും കരയെ സംരക്ഷിച്ചു പോരുന്ന കടല്‍ത്തീര തിട്ടയെ ദുര്‍ബലപ്പെടുത്തുകയും ശോഷിപ്പിക്കുകയും ചെയ്യുന്നുണ്ട്. വളരെ കരുതലോടെ മാത്രം ഉപയോഗിച്ചനുഭവിക്കേണ്ടതായ ധാതു നിക്ഷേപങ്ങള്‍ ധൂര്‍ത്തടിച്ചതിന്റെ പരിണത ഫലങ്ങള്‍ നാം അനുഭവിച്ചു വരുകയാണ്. കടല്‍തീര ധാതുമണല്‍ ഖാനനം പരിസ്ഥിതി സൗഹൃദമായാല്‍ മാത്രമേ ധാതു ദൗര്‍ലഭ്യം പരിഹരിക്കുന്നതിനും പരിസ്ഥിതിയ്ക്ക് ഉണ്ടാകുന്ന കോട്ടം ഒരു പരിധിവരെയെങ്കിലും ലഘൂകരിക്കുന്നതിനും കഴിയുകയുള്ളൂ.
കേന്ദ്ര ആണവോര്‍ജ്ജവകുപ്പിന്റെ കീഴിലുള്ള ചവറയിലെ ഇന്ത്യന്‍ റെയര്‍ എര്‍ത്ത്സ് കമ്പനി പൂട്ടാനുള്ള അറിയിപ്പുമായി ആണവോര്‍ജ്ജ വകുപ്പ് ജോയിന്റ് സെക്രട്ടറി വെങ്കിട്ടരാമണ്ണ കേരള മുഖ്യമന്ത്രിയെ കഴിഞ്ഞ ദിവസം സന്ദര്‍ശിച്ച വാര്‍ത്ത കേരളം ഞെട്ടലോടെയാണ് കേട്ടത്. കാരണം ധാതുമണല്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന സ്വകാര്യ കമ്പനികള്‍ കോടികളുടെ ലാഭമുണ്ടാക്കുന്നു. അവര്‍ക്കുള്ള കരിമണല്‍ ലഭ്യതയില്‍ യാതൊരു ദൗര്ലഭ്യവുമില്ലതാനും. കരിമണല്‍ നീണ്ടകരയിലും മറ്റും കട്ടുവാരുന്നതായും മണല്‍ക്കടത്തിന് ചെറുകപ്പലുകള്‍ ഈ തീരപ്രദേശങ്ങളില്‍ അടുക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഈ സാഹചര്യത്തില്‍ ഒരു സര്‍ക്കാര്‍ സ്ഥാപനം കരിമണല്‍ ലഭ്യതയില്ലെന്ന കാരണത്താല്‍ അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്നതായ വാര്‍ത്ത കരിമണല്‍ ലോബിയുടെ ഫാക്ടറി തകര്‍ക്കാനായുള്ള നീക്കത്തിന്റെ ഭാഗമാണോ എന്ന് ചിന്തിക്കുന്നതില്‍ ആരെയും തെറ്റു പറയാനാകില്ല. കരിമണല്‍ സംസ്ക്കരിക്കുന്ന കേരളത്തിലെയും തമിഴ്നാട്ടിലെ തൂത്തുക്കുടിയിലെയും സ്വകാര്യ കമ്പനികളുടെ കടന്നുകയറ്റമാണ് ഐആര്‍ഇയ്ക്ക് ഭീഷണിയായതെന്ന് പരക്കെ സംസാരമുണ്ട്. തൂത്തുക്കുടിയിലെ ധാതുമണല്‍ ഖാനനമേഖല മൊത്തമായും സ്വകാര്യവല്‍ക്കരിക്കപ്പെട്ടു കഴിഞ്ഞു. കേരളതീരവും സ്വകാര്യ കുത്തകകള്‍ പിടിമുറുക്കുന്നതിന്റെ തെളിവായിട്ടാണ് ഐആര്‍ഇയുടെ അടച്ചുപൂട്ടല്‍ വാര്‍ത്തയെന്ന് വിലയിരുത്തപ്പെടുന്നുണ്ട്. കേരളത്തില്‍ വേരുകളുള്ള വന്‍ വിദേശ-ഇന്ത്യന്‍ വ്യവസായ ശൃംഖലയുടെ ഉടമസ്ഥനും തമിഴ്നാട്ടിലെ ഖാനനരംഗത്തെ പ്രമുഖര്‍ക്കും ഐആര്‍ഇയില്‍ കണ്ണുള്ളതായി വാര്‍ത്തയുണ്ട്.
കരിമണല്‍ ലഭ്യതയില്ലെന്ന പ്രചാരം നടക്കുന്നതോടൊപ്പം ജനങ്ങളറിയാതെ തങ്ങളുടെ സ്ഥലം ഏറ്റെടുത്ത വാര്‍ത്തയും തീരമേഖലയില്‍ രൂക്ഷമായ മലിനീകരണം നടത്തുന്നതും ജനങ്ങളില്‍നിന്ന് നിസ്സഹകരണവും എതിര്‍പ്പും ക്ഷണിച്ചുവരുത്തി. ഇത് ചില ഉദ്യോഗസ്ഥലോബികളുടെ ബോധപൂര്‍വമായ ഇടപെടലാണെന്ന് പരക്കെ സംസാരമുണ്ട്. സ്വകാര്യ കമ്പനികള്‍ക്ക് ഒത്താശ ചെയ്തുകൊടുക്കുവാനും സര്‍ക്കാര്‍-പൊതുമേഖലാ സംരംഭങ്ങള്‍ സ്വകാര്യവല്‍ക്കരിക്കാനുമുള്ള നിഗൂഢനീക്കങ്ങളുടെ ഭാഗവുമായി ഇതിനെ കാണുന്നവരും വിരളമല്ല. ഐആര്‍ഇയുടെ നിലനില്‍പ്പിന് ഭീഷണി ആയത് ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതയും അഴിമതിയുമാണെന്നാണ് തൊഴിലാളി യൂണിയനുകള്‍ ആരോപിക്കുന്നത്. കമ്പനി അടച്ചുപൂട്ടുന്നതിന് കാരണമായി പറയുന്ന ധാതുമണല്‍ ലഭ്യതക്കുറവും അസംസ്കൃത വസ്തുക്കള്‍ ശേഖരിക്കുന്നതിന് പ്രദേശവാസികളില്‍നിന്ന് രൂക്ഷമായ എതിര്‍പ്പും കൃത്രിമമാണെന്ന് വിശ്വസിക്കുന്നവരുമുണ്ട്. എന്നാല്‍ കമ്പനി അടച്ചുപൂട്ടുന്നതിനോട് കേരള മുഖ്യമന്ത്രി വിയോജിപ്പ് പ്രകടിപ്പിച്ചത് വിവേകപൂര്‍ണമായി.
കേരളത്തില്‍ ലഭ്യമായ കരിമണലില്‍നിന്നും മോണോസൈറ്റ് സംയുക്തവും ഇല്‍മനൈറ്റ് ഘടകവും വേര്‍തിരിച്ചെടുത്ത് വിദേശത്തേയ്ക്ക് കയറ്റി അയയ്ക്കുന്ന പതിവാണ് നാം സ്വീകരിച്ചിരുന്നത്. കേരളത്തിലെ ധാതുമണലിലെ ഇല്‍മനൈറ്റില്‍ അറുപതുശതമാനത്തിലധികം ടൈറ്റാനിയം ഡയോക്സൈഡ് ഉള്ളതാണ് ലോകവിപണിയില്‍ കേരള ഇല്‍മനൈറ്റിന് ആവശ്യക്കാര്‍ വര്‍ധിച്ചതിന് കാരണം. ഇല്‍മനൈറ്റില്‍നിന്ന് ടൈറ്റാനിയം ഡയോക്സൈഡ് വേര്‍തിരിക്കുവാന്‍ തുടങ്ങിയത് പിന്നീടാണ്. ഇന്ന് ഇല്‍മനൈറ്റില്‍നിന്നും സിന്തറ്റിക് റൂട്ടെയില്‍ ഉണ്ടാക്കുന്നതില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളേക്കാള്‍ കേമന്മാര് സ്വകാര്യ കമ്പനികളാണ്. കേരളത്തിലും തമിഴ്നാട്ടിലും ഇത്തരം കമ്പനികള്‍ കൂണുപോലെ മുളച്ചുപൊങ്ങി. ഇവര്‍ക്കിതുവരെയും കരിമണല്‍ ലഭ്യതയില്‍ കുറവു വന്നിട്ടുമില്ല. ഈ അടുത്തകാലത്തായി ചവറയിലെ കെഎംഎംഎല്‍ സിന്തറ്റിക് റൂട്ടെയിലില്‍നിന്നും വിദേശ സാങ്കേതിക വിദ്യ ഉപയോഗിച്ച് (റഷ്യന്‍ സാങ്കേതിക വിദ്യയാണെന്ന് പറയപ്പെടുന്നു)ടൈറ്റാനിയം ഉല്പ്പാദിപ്പിക്കുവാന് തുടങ്ങി. ഇതിനുശേഷമാണ് സര്‍ക്കാര്‍ കമ്പനികള്‍ കൂടുതല്‍ പ്രശ്നങ്ങള്‍ നേരിടുവാന്‍ തുടങ്ങിയത്. സിന്തറ്റിക് റൂട്ടെയിലില്‍നിന്നും ടൈറ്റാനിയം വേര്‍തിരിച്ചെടുക്കുന്നതിന് ലോകത്തില്‍ രണ്ടോ മൂന്നോ രാജ്യങ്ങള്‍ക്കേ സാധിച്ചിട്ടുള്ളൂവത്രെ. അതുകൊണ്ടുതന്നെ സിന്തറ്റിക് റൂട്ടെയില്‍ കയറ്റി അയച്ചിരുന്ന രാജ്യങ്ങള്‍ക്ക് സര്‍ക്കാര്‍ കമ്പനികളോട് അതൃപ്തി ഉണ്ടായിരുന്നിരിക്കാം. കൂടാതെ സിന്തറ്റിക് റൂട്ടെയില്‍ ഉല്‍പ്പാദിപ്പിക്കുന്ന സ്വകാര്യ കമ്പനികളുടെ കുത്തക തകരുമോയെന്ന ഭയവും ഒരുപക്ഷെ സര്‍ക്കാര്‍ കമ്പനികളെ തകര്‍ക്കുവാനുള്ള പരാക്രമത്തില്‍ എത്തുന്നതിന് കാരണമായേക്കാം.
ടൈറ്റാനിയത്തെ ഈ നൂറ്റാണ്ടിന്റെ ലോഹമായിട്ടാണ് വിലയിരുത്തപ്പെടുന്നത്. ബലം, ദൃഢത, ഭാരക്കുറവ് എന്നീ മൂന്ന് ഗുണങ്ങളും ടൈറ്റാനിയത്തിനുണ്ട്. മനുഷ്യശരീരത്തിന് വളരെ പ്രിയപ്പെട്ട ലോഹമായി ടൈറ്റാനിയത്തെ കരുതുന്നു. അസ്ഥിസംബന്ധമായും സന്ധിരോഗങ്ങള്‍ക്കും പരിഹാരമായി ടൈറ്റാനിയത്തിന്റെ ലോഹദണ്ഡുകളാണ് മനുഷ്യശരീരത്തില്‍ ഉറപ്പിക്കുന്നത്. മനുഷ്യശരീരം ഈ ലോഹത്തോട് പ്രതികൂലമായി പ്രതികരിക്കാത്തതിനാല്‍ ടൈറ്റാനിയം ഉപകരണങ്ങള്‍ക്ക് ലോകവിപണിയില്‍ വന്‍മാര്‍ക്കറ്റാണ്. ഇന്ത്യയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനം ടൈറ്റാനിയം ഉല്പ്പാദനത്തിലേയ്ക്ക് കടക്കുന്നത് തീര്‍ച്ചയായും അസൂയ ഉളവാക്കുന്ന ഒരു വസ്തുതയാണ്. അതിനാല്‍ത്തന്നെ എതിര്‍പ്പുകള്‍ പ്രതീക്ഷിക്കാവുന്നതാണ്. സര്‍ക്കാര്‍ സ്ഥാപനങ്ങളുടേയും പൊതുമേഖലാ സ്ഥാപനങ്ങളുടേയും തകര്‍ച്ച ഇല്ലാതാക്കുവാന്‍ ഗവേഷണ സ്ഥാപനങ്ങള്‍ ഈ സ്ഥാപനങ്ങള്‍ക്ക് വേണ്ടത്ര ശാസ്ത്രീയ പിന്തുണ നല്കുവാന് സ്ഥാപിക്കുകയുമാണ് വേണ്ടത്. കെഎംഎംഎല്‍, ഐആര്‍ഇ എന്നീ സ്ഥാപനങ്ങളുടെ ഉല്‍പ്പന്നങ്ങളിലുള്ള മൂല്യവര്ധിതശേഷി വര്‍ധിപ്പിക്കുകയും വൈവിധ്യവല്‍ക്കരണം നടത്തുകയും അത്യന്താപേക്ഷിതമാണ്. ഇല്‍മനൈറ്റില്‍നിന്നും ടൈറ്റാനിയം ഉണ്ടാക്കുന്നതുപോലെ കരിമണലില്‍നിന്ന് മറ്റ് സാമ്പത്തിക പ്രാധാന്യമുള്ള റെയര്‍ എര്‍ത്ത് സംയുക്തങ്ങള്‍ വേര്‍തിരിച്ചെടുക്കുകയും ലോകവിപണി കണ്ടെത്തുകയും വേണം.
സ്വര്‍ണ്ണത്തിന് പോലും പകരക്കാരനാകാന്‍ കെല്‍പ്പുള്ള സിര്‍ക്കോണിയം കരിമണലില്‍നിന്നും ഉല്‍പ്പാദിപ്പിക്കാനാകും. നമ്മുടെ വ്യവസായങ്ങള്‍ക്ക് സമൂലമായ മാറ്റം വരുത്താനുണ്ട്. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ധാതുമണല്‍ ഗവേഷണത്തിനായി കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ കേരള മിനറല്‍ റിസര്‍ച്ച് സെന്റര്‍ (കെഎംആര്‍സി) എന്ന സ്ഥാപനം സ്ഥാപിക്കുവാന്‍ നടപടി സ്വീകരിച്ചതാണ്. എന്നാല്‍ അന്നത്തെ ധനമന്ത്രാലയം അതിന് വേണ്ടതായ പിന്തുണ നല്‍കാത്തതിന്റെ പേരില്‍ നടക്കാതെ പോയതാണ്. കെഎസ്സിഎസ് ടിഇ അതിനായി വീണ്ടും പരിശ്രമിക്കണം. ധാതുമണല്‍ ലഭ്യതയുള്ള കേരളതീരത്തിന്റെ ഗുണം രാജ്യത്തിന് ലഭിക്കണമെങ്കില്‍ ഗവേഷണം കൂടിയേ തീരൂ. ഇന്ന് നമ്മുടെ സ്വകാര്യ കമ്പനികള്‍ ചെയ്യുന്ന ധാതുമണലില്നിന്നുമുള്ള സിന്തറ്റിക് റൂട്ടെയില്‍ ഉല്‍പ്പാദനം പരിസ്ഥിതി മലിനീകരണം നടത്തുന്നവയാണ്. ഇതിനെ മറികടക്കുവാന്‍ ടൈറ്റാനിയം ഉല്‍പ്പാദനവും ടൈറ്റാനിയത്തിന്റെ മൂല്യവര്‍ധിത ഉല്‍പ്പാദനവും നടക്കണം. നാട്ടില്‍ മലിനീകരണം നടത്തി ഉല്‍പ്പന്നങ്ങള്‍ കയറ്റി അയച്ച് വിദേശരാജ്യങ്ങള്‍ മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളാക്കി ഭാരതത്തിന് തന്നെ തിരികെ വില്‍ക്കുന്ന നിലവിലുള്ള സമ്പ്രദായത്തില്‍നിന്നും നാം മാറണം. ഗവേഷണ ഫലങ്ങള്‍ വ്യവസായശാലകള്‍ക്ക് ലഭ്യമാകണം. പൊന്മുട്ടയിടുന്ന കേരളതീരം കരിമണല്‍ ഖാനനം മൂലം നശിപ്പിക്കാതെ ശാസ്ത്രീയ രീതികള്‍ അവലംബിച്ച് നമ്മുടെ ധാതുമണലിന് ശരിയായ വില നേടിയെടുക്കുവാന്‍ സര്‍ക്കാര്‍ ശ്രമിക്കണം. കൃത്രിമ കരിമണല്‍ ക്ഷാമം സൃഷ്ടിച്ച് സര്‍ക്കാര്‍ സ്ഥാപനങ്ങളെ അടച്ചുപൂട്ടിക്കുവാനുള്ള സ്വകാര്യ മേഖലയുടെ നീക്കത്തെ സര്‍ക്കാര്‍ അതിജീവിക്കണം.
ഡോ.സി.എം.ജോയി
പ്രതികരിക്കാൻ ഇവിടെ എഴുതുക: